Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

രാഷ്ട്രനിര്‍മ്മാണത്തിലെ പങ്കാളിത്തം

Thursday, 23 January 2014 11:29
Rate this item
(0 votes)

ജനുവരി 26
റിപ്പബ്ലിക് ദിനം
രാഷ്ട്രനിര്‍മ്മാണത്തിലെ പങ്കാളിത്തം


നെഹ.2:11-18    സങ്കീ. 101
1പത്രൊ. 2:13-17    ലൂക്കൊ. 3:7-14
ധ്യാനവചനം: മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്ക്കുവിന്‍ (ലൂക്കൊ-3:8).
ഈ ലോകത്തിലെ സകലരാജ്യങ്ങളെയും നിര്‍മ്മിച്ച ദൈവം സര്‍വ്വരും സ്വാതന്ത്ര്യത്തോടും പരസ്പര ബഹുമാനത്തോടും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനു നമുക്കും ഓരോ ഉത്തരവാദിത്തങ്ങള്‍ നല്‍കി നടത്തിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ഇഷ്ടപ്രകാരം നാം അപ്രകാരം പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മിലൂടെ നീതിയുടെയും, ന്യായത്തിന്റെയും, സത്യത്തിന്റെയും, ധര്‍മ്മത്തിന്റെയും, കരുണയുടെയും, പരസ്പരം കരുതലിന്റേയും പങ്കുവക്കലിന്റെയും രാജ്യം രൂപാന്തരപ്പെടും. അതാണ് ദൈവരാജ്യ അനുഭവം. നമ്മുടെ രാജ്യം റിപ്പബ്‌ളിക്കായത് 1950 ല്‍ ആണല്ലോ. സ്വാതന്ത്ര്യത്തിനും, ഒരു സ്വതന്ത്രറിപ്പബ്‌ളിക്കാക്കേണ്ടതിനും ചെലവാക്കപ്പെട്ട കഷ്ടപ്പാടും, ത്യാഗവും, ഒഴുക്കിയ വിയര്‍പ്പും രക്തവും കുറവൊന്നുമല്ല. സ്വാതന്ത്ര്യത്തിന്റെ നന്മ നാം ഇന്നു അനുഭവിക്കുമ്പോള്‍ അതിനു കാരണക്കാരായ സാമൂഹ്യനേതാക്കന്മാരേയും, സ്വാതന്ത്ര്യസമരസേനാനികളെയും, രാജ്യശില്പികളെയും നമുക്കു കൃതാര്‍ത്ഥതയോടെ ഓര്‍ക്കാം. അനേക ക്രൈസ്തവനേതാക്കന്മാരും, മിഷണറിമാരും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ യത്‌നിച്ചതും സ്മരണീയമാണ്. മെഥഡിസ്റ്റ് മിഷണറി ഡോ. ഇ. സ്റ്റാന്‍ലി ജോണ്‍സ്, എന്‍.എം.എസ് ജനറല്‍ സെക്രട്ടറി കെ.റ്റി.പോള്‍, ആദ്യ ഇന്ത്യന്‍ ബിഷപ്പ് വി.എസ്സ്. അസറിയ തുടങ്ങി അനേക ദേശീയ-വിദേശീയ ക്രൈസ്തവനേതാക്കന്മാരും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതം ഒരു സ്വതന്ത്രറിപ്പബ്‌ളിക്കായിട്ടും നാം ഇന്ന് അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ച് നമുക്കു അവബോധമുണ്ട്. ജനാധിപത്യം ഒരു ആപത്കാലത്തിലേക്കു നീങ്ങികൊണ്ടിരിക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍, അഴിമതി, രാഷ്ട്രീയകലാപങ്ങള്‍, വര്‍ഗ്ഗീയവാദം, ആത്മഹത്യകള്‍, അസന്മാര്‍ഗ്ഗികത, കുടുംബശിഥിലീകരണം, മനുഷ്യാവകാശലംഘനം ഇങ്ങനെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. ഇവിടെ ക്രൈസ്തവ സഭയ്ക്കു ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അനേക മേഖലകളാണുള്ളത്. 

രാഷ്ട്രനിര്‍മ്മാണം (National Building) എന്നത് സാമൂഹ്യശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ ഇന്ന് ഒരു പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയമാണ്. രാഷ്ട്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെടേണ്ടത് ഓരോ പൗരനുമാണ്. രാജ്യശില്പികളായിത്തീരാന്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ ആവശ്യകതയും, രാജ്യനിയമങ്ങള്‍ അനുസരിക്കുന്നതിന്റെ അനിവാര്യതയും, രൂപാന്തരപ്പെട്ട വ്യക്തിസ്വഭാവത്തിന്റെ പ്രാധാന്യവും ഈ സന്ദേശത്തില്‍ ചര്‍ച്ച ചെയ്യുന്നു. 
1.    രാജ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക നെഹ.2:11-18
എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടുന്ന മാര്‍ഗ്ഗമാണ് ദൈവത്തിലുള്ള ആശ്രയവും പ്രാര്‍ത്ഥനയും. നെഹമ്യാവ് യരുശലേമിന്റെ തകര്‍ച്ചയെക്കുറിച്ച് കേട്ടപ്പോള്‍ ദൈവത്തോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയില്‍ നിന്നാണ് മതില്‍ പണിയാനുള്ള ആര്‍ജ്ജവവും, പദ്ധതിയും ആ ജനം ഉള്‍ക്കൊള്ളുന്നത് (നെഹ-1:1-11). ഓരോ പൗരനും ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെ രാജ്യനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നു. നെഹമ്യാവും, എസ്രയും, സെഖര്യാവും, ഹഗ്ഗായിയുമൊക്കെ രാജ്യശില്പികളായിരുന്നു. നെഹമ്യാവിന്റെ മതില്‍ പണി പ്രസിദ്ധമാണല്ലോ. എന്തെല്ലാം വെല്ലുവിളികള്‍ അദ്ദേഹം പ്രാര്‍ത്ഥനാപൂര്‍വ്വം, ധൈര്യത്തോടും, പുതിയ തന്ത്രങ്ങളോടും തരണം ചെയ്തു. ഒരു രാജ്യം മുഴുവന്‍ നന്നാക്കാന്‍ നമുക്കു കഴിയില്ലായിരിക്കും എന്നാല്‍ നമുക്കു കഴിയുന്നത് നമുക്കു ചെയ്യാമോ. നമ്മുടെ കുടുംബ പ്രാര്‍ത്ഥനകളിലും, കൂട്ടായ്മകളിലും, സഭയിലും നമ്മുടെ രാജ്യത്തേയും, ഭരണാധികാരികളേയും ജനത്തേയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം (1തി-2:1-5, സങ്കീ-122:6). നെഹമ്യാവ് തന്റെ പണിയെക്കുറിച്ച് ഇപ്രകാരമാണ് സാക്ഷിക്കുന്നത്; ''എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് കല്പിച്ച വാക്കുകളും ഞാന്‍ അറിയിച്ചപ്പോള്‍ അവര്‍; നാം എഴുന്നേറ്റ് പണിയുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ആ നല്ല പ്രവൃത്തിയ്ക്കായി അനേ്യാന്യം ധൈര്യപ്പെടുത്തി'' (നെഹ-2:18). നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയാന്‍ നാമും ഉണരുവാന്‍ ഇടയാകും. അതു അനുഷ്ഠിക്കുവാന്‍ നമുക്കു ദൈവം ശക്തി പകരുന്നതായി അനുഭവപ്പെടുകയും ചെയ്യും.

2.    നിയമങ്ങള്‍  അനുസരിക്കണം 1പത്രൊ. 2:13-17
ജനത്തിന്റെ ക്ഷേമത്തിനും, അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും രാജ്യനിയമങ്ങള്‍ പാലിക്കപ്പെടണമെന്നത് അത്യന്താപേക്ഷിതമാണ്. ആത്മീയത നിയമാതീതമാകുന്നില്ല. യേശു അതാണ് പഠിപ്പിച്ചത്: കൈസര്‍ക്കുള്ളത് കൈസര്‍ക്കു കൊടുക്കുക (മര്‍-12:13-17). അപ്പൊസ്തലന്മാര്‍ സഭയുടെ ആധ്യാത്മിക വിഷയങ്ങള്‍ മാത്രമല്ല സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും പഠിപ്പിക്കുകയുണ്ടായി. അതാണ് 1പത്രൊ-2:13-17 ല്‍ കാണുന്നത്. മാനുഷിക നിയമത്തിന് കീഴടങ്ങാനും ശ്രേഷ്ഠ അധികാരത്തിനെ അനുസരിക്കുവാനും വി.പത്രൊസ് ആഹ്വാനം നല്‍കുന്നു. ദൈവത്തെ ഭയപ്പെടണം രാജാവിനെ ബഹുമാനിക്കണം (1പത്രൊ-2:17). രാഷ്ട്രശില്പികളായിരിക്കുമ്പോള്‍ ഓരോ പൗരനും രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി ഉണ്ടാക്കപ്പെട്ടിരിക്കുന്ന നിയമങ്ങളെയും വ്യവസ്ഥിതികളെയും അനുസരിക്കണമെന്നത് പ്രാധാന്യമുള്ളതാണ്.  ''ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ'' (റോ-13:1) എന്നാണ് വി.പൗലൊസും പഠിപ്പിച്ചത്. അധികാരത്തോടു മറുക്കുന്നവന്‍ ദൈവവ്യവസ്ഥയോടു മറുക്കുന്നു (13:2). ദൈവികസന്തോഷവും, ഐശ്വര്യവും നിറഞ്ഞ ഒരു രാജ്യമായി നമ്മുടെ രാജ്യവും നിലനില്‍ക്കാന്‍ ഇടയാകട്ടെ. അതിനായി നമുക്കും യത്‌നിക്കാം.
3.    രാഷ്ട്രശില്പികളായിത്തീരാന്‍ സ്വഭാവരൂപാന്തരം ആവശ്യം ലൂക്കൊ. 3:7-14
'മാനസാന്തരപ്പെടുക' എന്നത് വി.വേദപുസ്തകത്തിലെ ഒരു പ്രധാന വിഷയമാണ്. കാലാകാലങ്ങളില്‍ പഴയനിയമപ്രവാചകന്മാര്‍ മുതല്‍ ഇതു പ്രസംഗിക്കപ്പെട്ടപ്പോള്‍ വ്യത്യസ്ത നിര്‍വ്വചനങ്ങള്‍ ഇതിനുണ്ടായിട്ടുണ്ട്. യോഹന്നാന്‍ സ്‌നാപകന്‍ തന്റെ ശുശ്രൂഷ മാനസാന്തരപ്രസംഗത്തോടെ ആരംഭിച്ചു. മാനസാന്തരത്തിന് ''യഹോവയിലേയ്ക്ക് തിരിയുക'' എന്ന അര്‍ത്ഥത്തിലുപരി വേറെ അര്‍ത്ഥതലങ്ങള്‍ ചിന്തിച്ചിട്ടില്ലാത്ത മതഭക്തന്മാരായ കേള്‍വിക്കാര്‍ ഇതുകേട്ടപ്പോള്‍ യോഹന്നാനോട് ചോദിച്ചു; ''ഞങ്ങള്‍ എന്തുചെയ്യണം?'' ഇവിടെയാണ് സ്വഭാവരൂപാന്തരമാണ് മാനസാന്തരമെന്നത് യോഹന്നാന്‍ അവരെ പഠിപ്പിക്കുന്നത്. മൂന്നു തരം മനുഷ്യരാണ് യോഹന്നാന്റെ അടുക്കല്‍ സംശയം ഉന്നയിക്കുന്നത്. ഒന്നാമത്, പുരുഷാരം. 'പ്രതേ്യക നേതൃത്വമില്ലാത്ത ഒരു കൂട്ടം' (an unorganized group without headship) എന്നാണ് പുരുഷാരം എന്ന വാക്കിന് അര്‍ത്ഥം. വേറൊരുവിധത്തില്‍ പറഞ്ഞാല്‍ സമൂഹത്തിലെ സാധാരണക്കാരായ ജനം. അവരുടെ ദൈനംദിന ജീവിതത്തിലെ പങ്കുവയ്ക്കലാണ് മാനസാന്തരം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് - രണ്ട് വസ്ത്രം ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെതന്നെ ചെയ്യണം (ലൂക്കൊ-2:11). രണ്ടാമത്, ചുങ്കക്കാരാണ്. രാജ്യത്തിന്റെ അന്നത്തെ പ്രധാനപ്പെട്ട വരുമാനമാണ് ചുങ്കം. ചുങ്കക്കാരുടെ മാനസാന്തരം ഇങ്ങനെയാണ്: ''നിങ്ങളോട് കല്പിച്ചിട്ടുള്ളതില്‍ അധികം ഒന്നും പിരിക്കരുത്'' (ലൂക്കൊ-3:13). സാമ്പത്തിക വിഷയങ്ങളിലെ സ്വഭാവരൂപാന്തരം പ്രധാനപ്പെട്ടതാണ്. മൂന്നാമത്, പട്ടാളക്കാരാണ്. ''ആരെയും ബലാല്ക്കാരം ചെയ്യരുത്, ചതിയായി ഒന്നും വാങ്ങരുത്, നിങ്ങളുടെ ശമ്പളം മതിയെന്നു വയ്ക്കുവിന്‍'' (ലൂക്കൊ-3:14). അഴിമതിയും അക്രമവും ഒഴിവാക്കണം - ഇതാണ് അധികാരികള്‍ക്ക് ഉണ്ടാകേണ്ട മാനസാന്തരം. ഇങ്ങനെ സമൂഹത്തില്‍ വിവിധ മേഖലകളിലുള്ളവര്‍ക്ക് സ്വഭാവരൂപാന്തരമുണ്ടാകണം. അതാണ് മാനസാന്തരം. ചുരുക്കത്തില്‍ വളരെ പ്രായോഗികമായ ഉപദേശങ്ങളാണ് ഇവിടെ യോഹന്നാന്‍ സ്‌നാപകന്‍ നല്‍കുന്നത്. തനിക്കുശേഷം വന്ന യേശുവും ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് പ്രസംഗിച്ചു തുടങ്ങുന്നത്. ദൈനംദിന ജീവിതത്തിലെ സ്വഭാവരൂപാന്തരം രാഷ്ട്രനിര്‍മ്മാണത്തിന് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. 

സ്‌നേഹത്തിലൂടെയെല്ലാം കാണുവാന്‍
സ്‌നേഹത്തില്‍ തന്നെ എല്ലാം ചെയ്യുവാന്‍
എന്നില്‍ നിന്‍ സ്വഭാവം പകരണമേ - ദിവ്യ
തേജസ്സാലെന്നെ നിറയ്‌ക്കേണമേ
പ്രാര്‍ത്ഥന : സര്‍വ്വശക്തനായ ദൈവമേ, ഞങ്ങളോടുകൂടെ ഈ ദേശത്ത് വസിക്കുകയും സദാസമയത്തും ഞങ്ങളുടെ മേല്‍ ദൃഷ്ടിപതിപ്പിച്ചിരിക്കുകയും ചെയ്യുന്നവനായുള്ളോവേ, ഞങ്ങള്‍ എഴുന്നേറ്റ് ഞങ്ങളുടെ രാഷ്ട്രങ്ങളെ പണിയുന്നതിനുള്ള വാഞ്ചയും ഞങ്ങളുടെ സ്വാതന്ത്ര്യത്തെ കാര്യക്ഷമതയോടുകൂടെ ഉപയോഗിക്കുന്നതിനുള്ള വിവേകത്തെയും ഞങ്ങള്‍ക്കു നല്‍കേണമേ എന്നപേക്ഷിക്കുന്നു. ദൈവഭയമുള്ളവരായിരിക്കുന്നതിനും, അധികാരങ്ങളെ ആദരിക്കുന്നതിനും, എല്ലാവരെയും ബഹുമാനിക്കുന്നതിനും, ഞങ്ങളുടെ വിഭവങ്ങളെ പങ്കിടുന്നതിനും, ഉള്ളതില്‍ സംതൃപ്തരായിരിക്കുന്നതിനുമുള്ള ഉത്സാഹത്തെ ഞങ്ങള്‍ക്ക് തരേണമേ. അങ്ങനെ ഞങ്ങളുടെ രാഷ്ട്രം സത്യവും നീതിയും വിജയിക്കുന്ന ഒരു പുതിയ ക്രമം കാണാനിടയാകുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തു വഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍
ഫലിതം
•    ലെനിന്റെ പ്രസംഗം ജനങ്ങളെ ആവേശം കൊള്ളിച്ചു. ''നിങ്ങളില്‍ രണ്ടു വ്യവസായശാലയുള്ളവര്‍ ഒന്നു രാഷ്ട്രത്തിന് നല്‍കുമോ? ''ഞങ്ങള്‍ തയ്യാര്‍'' ജനം പറഞ്ഞു. ''നിങ്ങളില്‍ രണ്ടു വയലുകളുള്ളവര്‍ ഒന്ന് രാഷ്ട്രത്തിന് കൊടുക്കുമോ?'' ''ഞങ്ങള്‍ തയ്യാര്‍'' ജനത്തിന്റെ ആവേശം കൂടി. ''നിങ്ങളില്‍ രണ്ടു കാളകളുള്ളവര്‍ ഒന്നിനെ രാഷ്ട്രത്തിന് സംഭാവന നല്‍കുമോ?'' -- ജനങ്ങള്‍ മറുപടി  പറയാതെ എഴുന്നേറ്റ് പോയി. കാരണം അവര്‍ക്ക് രണ്ടു കാളകളുണ്ടായിരുന്നു.
•    മത്തായിയും അന്തോണിയും ഷാപ്പിലിരുന്ന് വിശാലമായി കള്ളു കുടിച്ചു. ഷര്‍ട്ടു അഴിച്ചുവച്ചായിരുന്നു കുടി. കുടി കഴിഞ്ഞപ്പോള്‍ അടിയായി. അന്തോണിയെ വെല്ലുവിളിച്ചു കൊണ്ട് മത്തായി പുറത്തിറങ്ങി നടന്നു. ഷര്‍ട്ടിട്ടപ്പോള്‍ തലതിരിഞ്ഞും പോയി. വഴിയേ ഒരു തോട്ടില്‍ വീണ മത്തായി എഴുന്നേല്‍ക്കാനാവാതെ ഉരുണ്ടു മറിഞ്ഞു. പിന്നാലെ വന്ന അന്തോണി അതു കണ്ടു.''അയ്യോ എന്റെ മത്തായി നിനക്കെന്തുപറ്റി?'' മത്തായിയെ പിടിച്ചു കയറ്റിനോക്കുമ്പോള്‍, അയ്യോ കഷ്ടം മത്തായിയുടെ തല തിരിഞ്ഞു പോയിരിക്കുന്നു! പിന്നെ താമസിച്ചില്ല; അന്തോണി ആ തല പിരിച്ച് ബട്ടന്‍സുളള വശത്തേക്ക് തിരിച്ചു വച്ചു.

Menu