വചനം: പൈതല്‍ വളര്‍ന്നു ജ്ഞാനം നിറഞ്ഞു, ആത്മാവില്‍ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേല്‍ ഉണ്ടായിരുന്നു (ലൂ-2:40).
മോശെയുടെ ന്യായപ്രമാണപ്രകാരം ആദ്യജാതനായ ആണ്‍കുട്ടി കര്‍ത്താവിനു വിശുദ്ധമായി സമര്‍പ്പിക്കപ്പെടണം. ആദ്യജാതന്‍ പിതാവിന്റെ ശക്തിയുടെ ആദ്യഫലമാണ് അഥവാ ബലത്തിന്റെ ആരംഭമാണ് (ഉല്‌പ-49:3, ആവര്‍-21:17). ആദ്യജാതന്‍ കടിഞ്ഞൂലാണ്. കടി+ചൂല്‍= ആദ്യത്തെ ഗര്‍ഭം (പെഥര്‍ റെഹെം-എബ്രായപദം). മിസ്രയീമിനെതിരെ ദൈവം അയച്ച പത്താമത്തെ ബാധയാണ് കടിഞ്ഞൂല്‍ സംഹാരം. ഈ സംഹാരത്തില്‍ യിസ്രായേല്യ കടിഞ്ഞൂലുകളെ ദൈവം രക്ഷിച്ചു. അതിന്റെ സ്‌മരണയ്‌ക്കായി യിസ്രായേലിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലായ ആണൊക്കെയും യഹോവയ്‌ക്ക് വിശുദ്ധീകരിക്കപ്പെട്ടു (പുറ-13:13,15, 22:29, 34:20,19, സംഖ്യ-3:12,13,41,42,46, 8:17,18, 18:15, ലൂക്കൊ-22:23). ആദ്യജാതന്‍ എല്ലാ സന്തതിയ്‌ക്കും പകരമാണ്. ഉടമ്പടി ബന്ധത്തില്‍ ദൈവത്തിന്റെ ആദ്യജാതനായ യിസ്രായേല്യര്‍ വീണ്ടെക്കപ്പെട്ട സഭയുടെ ദേശീയ പ്രതിനിധികളും പുരോഹിതരാജ്യവുമാകുന്നു (പുറ-4:22,23, 19:6). ഒരുമാസം പ്രായമാകുമ്പോള്‍ ആദ്യജാതനെ ദൈവത്തിന് സമര്‍പ്പിക്കണം (സംഖ്യ-18:16). അമ്മയുടെ പ്രസവം കഴിഞ്ഞ് ശുദ്ധീകരണകാലം തികയുമ്പോള്‍ ന്യായപ്രമാണത്തിന്റെ ആചാരപ്രകാരം പ്രതേ്യകമായ യാഗത്തോടെ അര്‍പ്പിക്കേണ്ട ഒരു ചടങ്ങാണിത്. അങ്ങനെയാണ് യേശുവിന്റെ മാതാപിതാക്കള്‍ യേശുവിനേയും ദൈവത്തിനായി സമര്‍പ്പിക്കാന്‍ കൊണ്ടുപോയത്. യിസ്രായേലിന്റെ ആശ്വാസത്തിനു വേണ്ടി കാത്തിരുന്ന വൃദ്ധനും, നീതിമാനുമായ സന്യാസവര്യനായ ശിമ്യോന്‍ യേശുകുഞ്ഞിനെ കരങ്ങളിലെടുത്ത് ദൈവത്തെ പുകഴ്‌ത്തി, അപ്പോള്‍ പ്രവാചികയായ ഹന്നായും അതിനോടൊപ്പം കൂടി. യേശു ദൈവപുത്രനായിരുന്നുവെങ്കിലും, തന്റെ മാതാപിതാക്കള്‍ തങ്ങള്‍ക്കു ലഭിച്ച ഏറ്റവും വലിയ ദൈവത്തിന്റെ സമ്മാനമായ യേശുവിനെ ദൈവത്തിന് സമര്‍പ്പിച്ചു. അങ്ങനെ സമര്‍പ്പിക്കപ്പെട്ടവനായി യേശു വളര്‍ന്നുവന്നു. ``ദൈവത്തിന്റേയും മനുഷ്യരുടെയും കൃപയില്‍ വളര്‍ന്നുവന്നു'' എന്ന് ലൂക്കൊസ് സാക്ഷ്യപ്പെടുത്തുന്നു (ലൂ-2:52). നമ്മേയും അതിനായി സമര്‍പ്പിക്കാം. ദൈവസന്നിധിയില്‍ സമര്‍പ്പിക്കപ്പെട്ട ചില അനുഭവങ്ങളെ ധ്യാനിക്കാം.
1. ശമുവേലിനെ സമര്‍പ്പിക്കുന്നു
ഏറിയകാലം കുഞ്ഞുങ്ങളില്ലാതിരുന്ന ഹന്നയുടെ പ്രാര്‍ത്ഥനയില്‍ ലഭിക്കുന്ന പൈതലാണ് ശമുവേല്‍. അവള്‍ ശമുവേലിനെ ദൈവത്തിനു തന്നെ മടക്കികൊടുക്കുന്നു. (1ശമു-1:19-28). നമ്മെയും, നമുക്കുള്ളതിനേയും, ധനത്തേയും, കുഞ്ഞുങ്ങളേയും ദൈവകരങ്ങളില്‍ സമര്‍പ്പിക്കുവാന്‍ ഈഭാഗം നമ്മെ ഓര്‍മിപ്പിക്കുന്നു. യേശുവിനെ കര്‍ത്താവായി അംഗീകരിക്കണമെന്ന ചിന്തയില്‍ ഇത് സ്‌മരിക്കപ്പെടുന്നു (റോ-10:9,10). കര്‍തൃത്വം അഥവാ ഉടമസ്ഥത ദൈവത്തെ ഏല്‌പിക്കണമെന്നതാണ് അര്‍ത്ഥമാക്കുന്നത്. സംപൂര്‍ണ്ണ സമര്‍പ്പണം ദൈവം മനുഷ്യനില്‍ നിന്നും ഇഷ്‌ടപ്പെടുന്നു.
2. സമ്പൂര്‍ണ്ണസമര്‍പ്പണം : ആരാധന
ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിക്കുന്നതാണ് ബുദ്ധിയുള്ള ആരാധന (റോ-12:1,2). ദൈവത്തിന് ഇഷ്‌ടപ്രകാരമുള്ള പ്രവൃത്തികള്‍ നാം ചെയ്യുമ്പോള്‍ നാം ദൈവകരങ്ങളില്‍ സമര്‍പ്പിക്കപ്പെടുകയാണ്. ``നിങ്ങളുടെ അവയവങ്ങളെ അധര്‍മ്മത്തിനും അശുദ്ധിക്കുമായി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്കു അടിമകളാക്കി സമര്‍പ്പിപ്പിന്‍'' (റോ-6:19) എന്നാണ് പൗലൊസ് പഠിപ്പിക്കുന്നത്. ദൈവഹിതം ചെയ്യുവാനായി നമ്മെ അര്‍പ്പിക്കുന്നതാണ് ഒരുതരത്തിലെ ബുദ്ധിയുള്ള ആരാധന. വെറും സ്‌തുതികളും, സ്‌തോത്രങ്ങളുമായ അധരഅര്‍പ്പണമല്ല ആരാധന. നമ്മുടെ ``ശരീരങ്ങളെ അര്‍പ്പിക്കുക'' എന്നത്, പ്രവര്‍ത്തിക്കുക എന്നതു തന്നെയാണ് അര്‍ത്ഥമാക്കുന്നത്.
3. അര്‍പ്പണത്തിന്റെ അനുഗ്രഹം
ദൈവസന്നിധിയില്‍ അര്‍പ്പിക്കപ്പെട്ട യേശുവിനെക്കുറിച്ച് ലൂക്കൊസ് പറയുന്നതിപ്രകാരമാണ്: ``പൈതല്‍ വളര്‍ന്നു, ജ്ഞാനം നിറഞ്ഞു, ആത്മാവില്‍ ബലപ്പെട്ടു ദൈവകൃപയും അവന്മേല്‍ ഉണ്ടായിരുന്നു'' (ലൂ-2:40). ഒരു സമഗ്രമായ വളര്‍ച്ച അഥവാ വികസനം ഇവിടെ ദൃശ്യമാണ്. ശാരീരികമായി വളര്‍ന്നു, മാനസികമായി വളര്‍ന്നു, ആത്മീകമായി വളര്‍ന്നു. ലൂ-2:52 ല്‍ പറയുന്നു: ``ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയില്‍ മുതിര്‍ന്നുവന്നു''. അതായത് സാമൂഹികമായി വളര്‍ന്നു - A holistic growth or development - physical, mental, spiritual and social. ദൈവത്തിലുള്ള ആശ്രയത്തെക്കുറിച്ചുപറയുന്ന ഒരു സങ്കീര്‍ത്തനമാണ് സങ്കീ-118. ``മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ ദൈവത്തില്‍ ആശ്രയിക്കുന്നതു നല്ലതു; പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ ദൈവത്തില്‍ ആശ്രയിക്കുന്നതു നല്ലതു എന്നു (സങ്കീ-118:8,9) പറയുന്ന സങ്കീര്‍ത്തനത്തിന്റെ തുടര്‍ച്ചയില്‍ പറയുന്നത് അനുഗൃഹീത വാഗ്‌ദത്തം തന്നെയാണ്. ``ഇതു യഹോവയാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്‌ടിയില്‍ ആശ്ചര്യം ആയിരിക്കുന്നു'' (118:23). ദൈവകരങ്ങളില്‍ നാം സമര്‍പ്പിക്കുമ്പോള്‍ നമ്മെ നടത്തുന്നത് അവിടുന്നാണെന്നറിയാനും ഓരോ ദിവസവും ``ഇതു യഹോവ ഉണ്ടാക്കിയ ദിവസം, ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക'' (സങ്കീ-118:24) എന്നു അനുഭവിക്കാനും സാധിക്കും. യേശുവിന്റെ ജീവിതവും ഒരു സമഗ്രവളര്‍ച്ചയും, വികസനവും ആയിരുന്നതുപോലെ നമുക്കും അത്തരത്തില്‍ വളര്‍ച്ചയും അനുഗ്രഹവും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
സര്‍വ്വവും യേശുനാഥനായ് സമര്‍പ്പിക്കുന്നു സ്‌നേഹമോടെ ഞാന്‍
എന്റെ സമ്പത്തും എന്റെ വിദ്യയും നീ എനിക്കു തന്നതൊക്കെയും
എന്റെ ആയുസ്സും എന്റെ ഭാവിയും നീ എനിക്കു തന്നതൊക്കെയും
എന്റെ ബുദ്ധിയും എന്റെ ശക്തിയും നീ എനിക്കു തന്നതൊക്കെയും
പ്രാര്‍ത്ഥന: കാരുണ്യവാനായ ദൈവമേ, അങ്ങയുടെ സാന്നിദ്ധ്യത്തിലേയ്‌ക്ക് പ്രവേശിക്കുന്നതിനും, നന്ദിയര്‍പ്പണം ചെയ്യുന്നതിനും ഞങ്ങള്‍ക്ക് ഒരു വാതില്‍ തുറന്നു തന്നവനായുള്ളോവേ, സകലസൃഷ്‌ടിയുടെയും വീണ്ടെടുപ്പുകാരനായി, അവതരിക്കപ്പെട്ട അവിടുത്തെ പുത്രന്‍ ഒരു പൈതലായി ആലയത്തില്‍ സമര്‍പ്പിക്കപ്പെടുകയും ശിമേ്യാനും ഹന്നായും സന്തോഷ നിര്‍വൃതിയില്‍ അവനെ സ്വീകരിക്കുകയും ചെയ്‌തതുപോലെ ഞങ്ങള്‍ ഞങ്ങളെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ കൈക്കൊള്ളുമാറാകേണമേ എന്ന് ഞങ്ങളങ്ങയോടപേക്ഷിക്കുന്നു. അങ്ങനെ ഞങ്ങളുടെ ശരീരങ്ങള്‍ ജീവനുള്ള യാഗമായി, ആത്മീയ ആരാധനയായി, വിശുദ്ധവും ദൈവപ്രസാദവുമുള്ളതായി എന്നേയ്‌ക്കും അവിടുത്തെ സന്നിധിയില്‍ വസിക്കുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്‌തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍
ഫലിതം
� ഒരു കെട്ടിടത്തിന് തീ പിടിച്ചു. ഫയര്‍എഞ്ചിന്‍ തീനാളങ്ങളെ അവഗണിച്ചതിലോടിക്കയറി. അതില്‍നിന്ന് സേവകര്‍ ചാടിയിറങ്ങി തീയണച്ചുതുടങ്ങി. ഈ അസാധാരണ ധൈര്യം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് നാട്ടുകാര്‍. ആ ധൈര്യത്തിന്റെ പേരില്‍ മേയര്‍ ഒരായിരം രൂപ അവര്‍ക്ക് സമ്മാനിക്കുകയും ചെയ്‌തു. പത്രക്കാര്‍ അവരെ സമീപിച്ചഭിനന്ദിച്ചു ചോദിച്ചു. ``ആട്ടെ, ഈ തുകകൊണ്ടെന്ത ചെയ്യാനാണ് പ്ലാന്‍'' ഓഫീസര്‍ പറഞ്ഞു: ``ഞാനീ ലൊടുക്ക് വണ്ടിക്ക് ഒരു ബ്രേക്ക് പിടിപ്പിക്കും...''
� കുട്ടിയ്‌ക്ക് രണ്ട് 5 രൂപ തുട്ട് കൊടുത്തു. ഒരെണ്ണം കാണിയ്‌ക്ക ഇടാനും, ഒരെണ്ണം മിഠായി വാങ്ങാനും. 2 നാണയതുട്ടു വച്ച് കളിച്ച് കളിച്ച് പോയ കുട്ടിയുടെ ഒരു നാണയ തുട്ട് താഴെ വീണു ഉരുണ്ട് ഡ്രയിനേജിലേക്കു പോയപ്പോള്‍ കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു: ``കര്‍ത്താവേ നിന്റെ പൈസ ഇതാ പോകുന്നു വേണമെങ്കില്‍ പിടിച്ചോളണേ''.