പരസ്പരം തുണയായിരിക്കുന്നതിനുവേണ്ടി ദൈവം ഏര്‍പ്പെടുത്തിയ വ്യവസ്ഥയാണു വിവാഹം. ഇതിനെ സ്ഥാപിച്ചതും മുന്‍കൈയെടുത്തതും നിര്‍ദ്ദേശിച്ചതും ദൈവവമാണ് (initiated, instituted, instructed). ഉല്പത്തി പുസ്തകത്തില്‍ ഒന്നാം ആദാമിന്റെ വിവാഹത്തോടുകൂടി ആരംഭിക്കുന്ന ഈ പ്രക്രിയ വെളിപ്പാടില്‍ ഒടുക്കത്തെ ആദാമിന്റെ വിവാഹത്തോടുകൂടെ സമാപിക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെയും (യിരെ.3, യെഹെ.16, ഹോശേ.1-3), ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെയും (എഫെ.5:22,23) പ്രതിബിംബമാണു വിവാഹം. വിവാഹം എല്ലാവര്‍ക്കും മാന്യമായിരിക്കണമെന്ന് അപ്പൊസ്തലന്‍ പഠിപ്പിച്ചു. ബഹുമാനത്തോടും വിശുദ്ധിയോടും കൂടെയാണ് ഈ ബന്ധത്തിലേക്കു പ്രവേശിക്കേണ്ടത്. പരസ്പരം ബഹുമാനിക്കുന്നതോടൊപ്പം ദൈവത്തോടുള്ള ബഹുമാനവും ഭയവും വളരെ പ്രധാനപ്പെട്ടവയാണ്. ഭാരതീയ മതവിശ്വാസപ്രകാരം ഒരു പുരുഷന്റെ ആയുസ്സില്‍ അവന്‍ നാല് ആശ്രമങ്ങളിലൂടെ കടന്നുപോകുന്നു. ഇതിനെ പുരുഷാശ്രമധര്‍മ്മം എന്നാണു വിളിക്കുന്നത്. ബ്രഹ്മചര്യാശ്രമം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥാശ്രമം, സന്യാസാശ്രമം. ആദ്യത്തെ 25 വയസ്സില്‍ ദൈവചിന്തയിലും വേദപഠനത്തിലും ശാസ്ത്രാന്വേഷണത്തിലും ഒരു ഗുരുവിന്റെ കീഴില്‍ ഗുരുകുലത്തില്‍ ആയിരിക്കുന്ന കാലഘട്ടമാണ് ബ്രഹ്മചര്യാശ്രമം. അടുത്ത 25 വര്‍ഷം കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചു സമൂഹത്തിനുവേണ്ടി നന്മ ചെയ്തുകൊണ്ടു സാമൂഹികചിന്തകളോടെ ജീവിക്കേണ്ട കാലഘട്ടമാണ്. ഇതാണു ഗൃഹസ്ഥാശ്രമം. ഗൃഹസ്ഥാശ്രമത്തിലേക്കു പ്രവേശിക്കുന്ന ചടങ്ങാണു വിവാഹം. ഗൃഹസ്ഥാശ്രമം പരസ്പരം ഗ്രഹിക്കുന്ന - തിരിച്ചറിയുന്ന കാലഘട്ടമാണ്. വിവാഹം എന്ന ചടങ്ങിലൂടെ ഗൃഹത്തിലേക്കു പ്രവേശിക്കുന്നു. ഗൃഹത്തിനു കുടുംബമെന്നും ഭവനമെന്നും ചിന്തിക്കാം. കുടുംബം എന്ന ആശയവുമായി അടുത്തുവരുന്ന എബ്രായ പദമാണ് ബെയ്ത്ത് (വീട്). കുടുംബം (സങ്കീ. 68:6) വീട് (1ദിന.13:14) ഭവനം (2ദിന.35:5-12) എന്നിങ്ങനെ ബെയ്ത്ത് എന്ന പദത്തെ മലയാളത്തില്‍ പല രീതികളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒരു വീട്ടില്‍ താമസിക്കുന്നവരെയും ഒരു വലിയ സമൂഹത്തെയും മുഴുവന്‍ യിസ്രായേലിനെയും ബെയ്ത്ത് എന്നു പറഞ്ഞിട്ടുണ്ട്. ഉദാഹരണം യിസ്രായേല്‍ ഗൃഹം (യെശ. 5:7). സമൂഹത്തിന്റെ അടിസ്ഥാനഘടകമാണു കുടുംബം. വേദപുസ്തകപ്രകാരം കുടുംബം ദൈവത്താല്‍ സ്ഥാപിതമാണ്. മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ട ദൈവം മനുഷ്യനെ കുടുംബത്തിലാക്കുകയും കുടുംബബന്ധത്തെയും വിവാഹ ഉടമ്പടിയേയും സ്ഥാപിക്കുകയും ചെയ്തു. വിവാഹബന്ധം സുസ്ഥിരമായി നിലനില്‍ക്കുന്നതിനുവേണ്ടി വിശുദ്ധ വേദപുസ്തകം ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
1. വിശ്വസ്തതയോടെ മാനിക്കുക (മലാ. 2:13-16)
വിവാഹബന്ധത്തെ മാന്യമായി കാണണം എന്നു പറയുമ്പോള്‍ അതിലുണ്ടാകേണ്ട പ്രധാനപ്പെട്ട ഒരു ഘടകം പരസ്പര വിശ്വസ്തതയാണ്. തന്റെ യൗവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുത്, (മലാ. 2:15b) നിങ്ങള്‍ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിനു നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്ളുവിന്‍ (മലാ. 2:16b). വിശ്വസ്തത ആത്മാവിന്റെ ഒരു ഫലമാണ് (ഗലാ. 5:22). പരസ്പരബന്ധങ്ങളില്‍ വിശ്വസ്തതയുള്ളവരായിരിക്കാന്‍ വേദപുസ്തകം പഠിപ്പിക്കുന്നു. ഗൃഹസ്ഥന്മാരില്‍ വിശ്വസ്തത പ്രാധാന്യമുള്ളതാണ് (1കൊരി.4:2, 2കൊരി.1:17,18). യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷാകാലത്തു താന്‍ പിതാവിനോടു വിശ്വസ്തനായിരുന്നുവെന്നും മോശെ തന്റെ ഗൃഹവിചാരകത്വത്തില്‍ വിശ്വസ്തനായിരുന്നുവെന്നും പറയുന്നു (എബ്രാ.3:1-5). ആധുനികകാലത്തു ഭാര്യാഭര്‍ത്തൃബന്ധത്തിലെ വിശ്വസ്തതയുടെ മൂല്യം വളരെ കുറഞ്ഞുപോകുന്നുണ്ട്. ഇതാണു പല തകര്‍ച്ചകളിലേക്കും നയിക്കുന്നത്.
2. സ്‌നേഹത്തോടെ മാനിക്കുക (1 കൊരി.13:1-14:1)
വിവാഹ ബന്ധത്തിലേക്കു പ്രവേശിക്കുമ്പോള്‍ സാധാരണ വായിക്കുന്ന വേദഭാഗമാണ് 1 കൊരിന്ത്യര്‍ 13. പ്രത്യേകിച്ചു ഭര്‍ത്താവിനോടു വി.പൗലൊസ് പറയുന്നത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. സഭയെ ക്രിസ്തു സ്‌നേഹിച്ചതുപോലെ ഭാര്യയെ സ്‌നേഹിക്കുക (എഫെ.5:25). ക്രിസ്തു മനുഷ്യനെ സ്‌നേഹിച്ചതു മനുഷ്യന്റെ നന്മ കണ്ടിട്ടല്ല. നാം പാപികളായിരിക്കുമ്പോള്‍ ക്രിസ്തു നമ്മെ സ്‌നേഹിച്ചു. പാപം പെരുകിയിടത്താണു കൃപ പെരുകിയത് അഥവാ സ്‌നേഹം പെരുകിയത് (റോമ.5:8,20). ദൈവത്തോട് എതിരായിരുന്നപ്പോഴും ദൈവത്തെ വെറുത്തപ്പോഴും ദൈവം മനുഷ്യനെ സ്‌നേഹിച്ചതുപോലെ വീഴ്ചകെളയും ബലഹീനതകെളയും പൊറുത്തു സ്‌നേഹിക്കാന്‍ ഈ വചനം ഓര്‍മ്മിപ്പിക്കുന്നു. വേദപുസ്തകത്തിന്റെ ഏറ്റവും പ്രധാന കല്പനയും സ്‌നേഹം തന്നെ. സ്‌നേഹത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നുവെന്നതാണു വസ്തുത (യോഹ.13:14,15, ഗലാ.5:14, മത്താ.22:39,40, 1യോഹ.3:11).
3. പിരിയാതെ മാനിക്കുക (മര്‍ക്കൊ.10:2-9)
ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത് എന്നതാണ് ക്രിസ്തുവിന്റെ നിലപാട് (മത്താ.5:31,32; 19:3-10, മര്‍ക്കൊ.10:2-12; ലൂക്കൊ.16:18) ഭാര്യയെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം ന്യായപ്രമാണം പുരുഷനു നല്‍കിയതു യഹൂദന്മാരുടെ ഹൃദയകാഠിന്യം കൊണ്ടാണ്. പരസംഗം കാരണമായല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു (മത്താ.19:9) അതുപോലെ അപ്രകാരം ചെയ്യുന്നവന്‍ അവളെക്കൊണ്ട് ഇതേകുറ്റം ചെയ്യാനും പ്രേരിപ്പിക്കുന്നു (മത്താ.5:32). ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം ചെയ്യുന്നവനും ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരുവനെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു (മര്‍ക്കൊ.10:12). ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഗ്രേക്കരുടെയും റോമാക്കാരുടെയും ഇടയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. യഹൂദന്മാരുടെ ഇടയില്‍ ഇല്ല. വിവാഹമോചനത്തെ സംബന്ധിക്കുന്ന ക്രിസ്തുവിന്റെ വാക്ക് ഉദ്ധരിക്കുന്ന രണ്ടു സ്ഥലങ്ങളിലും (മത്താ.5:32, 19:9) പരസംഗം ഹേതുവായി ഭാര്യയെ ഉപേക്ഷിക്കാമെന്നു കാണുന്നു. എന്നാല്‍ ഈ ഭാഗത്തിന്റെ സാധുതയെക്കുറിച്ചു പണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. കാരണം കര്‍ത്താവിന്റെ വാക്കുകള്‍ ആദ്യമായി ഉദ്ധരിക്കുന്ന പൗലൊസ് (മത്തായി സുവിശേഷത്തിന്റെ രചനയ്ക്കു മുമ്പാണ് കൊരിന്ത്യലേഖനം എഴുതിയത്) ഇപ്രകാരം പറഞ്ഞു: ''ഭാര്യ ഭര്‍ത്താവിനെ വേര്‍പിരിയരുത്. പിരിഞ്ഞു എന്നുവരികിലോ വിവാഹം കൂടാതെ പാര്‍ക്കണം അല്ലെങ്കില്‍ ഭര്‍ത്താവിനോടു നിരന്നുകൊള്ളണം. അതുപോലെ ഭര്‍ത്താവ് ഭാര്യയേയും ഉപേക്ഷിക്കരുത്'' (1കൊരി.7:11). ഭര്‍ത്താവും ഭാര്യയും വേര്‍പിരിഞ്ഞു താമസിച്ചാലും വിവാഹബന്ധം റദ്ദാക്കപ്പെടുന്നില്ല എന്ന ധ്വനി കര്‍ത്താവിന്റെ വാക്കിലുണ്ട് (ലൂക്കൊ.16:18). പരീശന്മാര്‍ 'ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ' എന്നു ക്രിസ്തുവിനോടു പരീക്ഷിച്ചു ചോദിച്ചു. പഴയനിയമം മുതല്‍ ദൈവം കുടുംബജീവിതത്തെപ്പറ്റി നല്‍കിയിരുന്ന കല്പനകളെ ക്രിസ്തു ഉദ്ധരിച്ചുകൊണ്ടു മറുപടി നല്‍കി ''ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്'' (മത്താ.19:6). ഉപേക്ഷണ പത്രം കൊടുത്തിട്ടു വേര്‍പിരിക്കാമോ എന്നായി അടുത്ത ചോദ്യം. എന്നാല്‍ ''ആദിയില്‍ അങ്ങനെ അല്ലായിരുന്നു'' എന്നായിരുന്നു ക്രിസ്തുവിന്റെ മറുപടി. അതായതു മോശെക്കു മുമ്പുള്ള കാലത്തേക്കു നോക്കാന്‍ ക്രിസ്തു ഇവിടെ പറയുകയാണ്. പുരുഷന്റെ ഹൃദയകാഠിന്യം നിമിത്തം ഭാര്യയെ ഉപേക്ഷിക്കാനുള്ള നിയമങ്ങളുണ്ടായി. എന്നാല്‍ ദൈവത്തിന്റെ നിയമത്തിലേക്കു വരാന്‍ ക്രിസ്തു ഇവിടെ ആഹ്വാനം നല്‍കുന്നു. അന്യോന്യം കീഴ്‌പ്പെടണമെന്നു വി.പൗലൊസ് ഉപദേശിച്ചു (എഫെ.5:21) - പ്രത്യേകിച്ചു ഭാര്യയോട്. കര്‍ത്താവിനെ എന്നപോലെ ഭര്‍ത്താവിനു കീഴടങ്ങുവിന്‍ എന്നാണു സന്ദേശം (എഫെ.5:22). ഈ കീഴടങ്ങല്‍ ഉണ്ടാകുന്നതു പരസ്പരാശ്രയബോധത്തിലാണ്. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയേയും ആശ്രയിക്കുന്ന മനോഭാവം ഉണ്ടാകണം. കാരണം മനുഷ്യന്‍ പരാശ്രയജീവിയാണല്ലോ. ഇവിടെയാണ് ഇരുവരും ഒന്നായിത്തീരും എന്ന ചിന്ത ശക്തമായിത്തീരുന്നത് (ഉല്പ.2:24, മര്‍ക്കൊ.10:8, എഫെ.5:31). അതുവരെയുണ്ടായിരുന്ന മാതാപിതാക്കളുമായുള്ള ബന്ധവും അവരവരുടെ കുടുംബപശ്ചാത്തലവും വിട്ടു മറ്റൊരു പുതിയ കുടുംബമായി തീരുമ്പോള്‍ ഉണ്ടാകുന്ന പരസ്പരാശ്രയം ദൃഢമാണ്. ഇവിടെ വ്യക്തികള്‍ സ്വാതന്ത്ര്യത്തിനല്ല പരസ്പരാശ്രയത്തിനാണു മുന്‍സ്ഥാനം നല്‍കേണ്ടത് (not independent but inter dependent) അപ്പോള്‍ പരസ്പരം കീഴടങ്ങുന്ന മനോഭാവം ഉണ്ടാകും (mutual submission).
പ്രാര്‍ത്ഥന : സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവായ ദൈവമേ, അങ്ങയുടെ ഉദ്ദേശ്യ നിര്‍വ്വഹണത്തിനായി അവിടുന്ന് വിവാഹത്തെ സ്ഥാപിക്കുകയും ഭൂമിയെ കുടുംബങ്ങള്‍കൊണ്ടു അനുഗ്രഹിക്കുകയും ചെയ്തു. യേശുക്രിസ്തുവിന്റെ ത്യാഗപരമായ സ്‌നേഹത്തെ പ്രതിഫലിപ്പിച്ചുകൊണ്ടു എല്ലാ ഭര്‍ത്താക്കന്മാരും ഭാര്യമാരും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുകയും ആനന്ദപൂര്‍ണ്ണമായ താഴ്മയില്‍ ജീവിച്ചുകൊണ്ടു അങ്ങയെ മാനിക്കുകയും ചെയ്യട്ടെ. സ്വന്തം അരുവിയില്‍നിന്നു മാത്രം കുടിച്ചുകൊണ്ടു ജീവിക്കാന്‍ ദൈവഭയം അവരെ പഠിപ്പിക്കേണമേ. അങ്ങനെ വിവാഹത്തിന്റെ പരിപാവനത സംരക്ഷിക്കപ്പെടുമല്ലോ. വിവാഹത്തിന്റെ അനുഗ്രഹസമ്പൂര്‍ണ്ണതയില്‍ എല്ലായ്‌പോഴും ആനന്ദിക്കേണ്ടതിന് അവരുടെ ജീവിതപാത്രങ്ങളെ ദൈവത്തിന്റെ അഗപെ സ്‌നേഹംകൊണ്ടു നിറക്കേണമേ. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.