പ്രേക്ഷിതദൗത്യത്തിനായുള്ള വിളി പുതിയനിയമത്തില്‍ വ്യക്തമാണ്. ആരെ ഞാനിനി അയക്കേണ്ടു ആര്‍ നമുക്കായി പോകും എന്നുള്ള ദൈവിക ആഹ്വാനം പഴയനിയമത്തിലും വായിക്കുന്നുണ്ട്. കൊയ്ത്തിനായി നിലം വിളഞ്ഞിരിക്കുന്നു എന്നാണു ക്രിസ്തു പറഞ്ഞത് (യോഹ. 4:35). സൂര്യന്റെ ഉദയം മുതല്‍ അസ്തമനം വരെ ദൈവം ഭൂമിയെ വിളിച്ചുകൊണ്ടിരിക്കുന്നു (സങ്കീ. 50:1,2). ദൗത്യം എന്ന ദൈവത്തിന്റെ വേദനയെ ദൈവം മനുഷ്യനോടു പങ്കുവയ്ക്കുന്നതാണ് ഈ ആഹ്വാനത്തില്‍ കാണുന്നത്.
1. ദൈവത്തിന്റെ വേദന പങ്കുവയ്ക്കുന്നു : യെശയ്യാവിനു ദൗത്യത്തിനായുള്ള വിളി (യെശ. 6:1-8)
ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്ന ദൈവത്തെ കണ്ട യെശയ്യാവിനു തന്നെക്കുറിച്ചും ജനത്തെക്കുറിച്ചും ദര്‍ശനം കിട്ടിയപ്പോള്‍ ദൈവികപദ്ധതിയും വെളിപ്പെട്ടു. കേട്ടിട്ടും തിരിച്ചറിയാതെയും കണ്ടിട്ടും ഗ്രഹിക്കാതെയും മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കാതെയുമിരിക്കുന്ന ജനത്തെ ദൈവാശ്രയത്തിലേക്കു കൊണ്ടുവരാനുള്ള ആഹ്വാനമാണു യെശയ്യാവിനു നല്‍കുന്നത്. ദൈവികപദ്ധതിക്കു മനുഷ്യന്റെ പങ്കാളിത്തം ആവശ്യമാണ്.
2. ദൈവത്തിന്റെ വേദന പങ്കുവയ്ക്കുന്നു : പൗലൊസിന് ദൗത്യത്തിനായുള്ള വിളി (അ.പ്ര. 9:10-18)
മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ വടക്കു കിഴക്കേ മൂലയില്‍ സ്ഥിതിചെയ്തിരുന്ന ഗ്രേക്കോറോമന്‍ പട്ടണമായ തര്‍സോസില്‍ ഒന്നാംനൂറ്റാണ്ടില്‍ ജനിച്ച ഒരു യഹൂദപണ്ഡിതനാണു വി.പൗലൊസ്. അനേകം സ്‌റ്റോയിക് തത്ത്വചിന്തകന്മാരുടെ ജന്മസ്ഥലവും ഒരു പ്രധാന വാണിജ്യകേന്ദ്രവുമായിരുന്നു തര്‍സോസ്. ഏകദേശം 30 വയസ്സു പ്രായമുണ്ടായിരുന്ന കാലത്തു ക്രൈസ്തവര്‍ക്കെതിരെ റോമാസാമ്രാജ്യം അഴിച്ചുവിട്ട പീഡനത്തിനു നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. ക്രിസ്തുമാര്‍ഗ്ഗത്തോടുള്ള അമിത വിദ്വേഷമായിരുന്നു അതിനു കാരണം. ഇങ്ങനെയുള്ള ഒരു യാത്രയില്‍ അന്നത്തെ മഹാപുരോഹിതനില്‍നിന്നും അധികാരപത്രവുമായി പോകുമ്പോഴാണു തന്റെ ജീവിതത്തിനു പരിവര്‍ത്തനം ഉണ്ടാക്കിയ സംഭവം നടക്കുന്നത്. ക്രിസ്തുദര്‍ശനം ലഭിച്ച ഇദ്ദേഹം എത്രമാത്രം ക്രിസ്തുമാര്‍ഗ്ഗത്തെ വിരോധിച്ചുവോ അത്രയും ശക്തിയോടെ ക്രിസ്തുസ്‌നേഹത്തെ പ്രസംഗിക്കാന്‍ തുടങ്ങി. അന്നത്തെ ഗ്രീക്ക് താത്വികരോടും ശാസ്ത്രജ്ഞന്മാരോടും യഹൂദപണ്ഡിതന്മാരോടും ക്രിസ്തുമാര്‍ഗ്ഗത്തെ തന്റെ അനുഭവത്തിലൂടെ പ്രസംഗിച്ചു. അനേകം ക്രൈസ്തവസഭകള്‍ സ്ഥാപിച്ചു. ഒടുവില്‍ അന്നത്തെ മതനേതാക്കന്മാരാല്‍ അറസ്റ്റു ചെയ്യപ്പെട്ട പൗലൊസിനെ എ.ഡി. 61-ല്‍ റോമിലേക്ക് അയച്ചു. നീറോകൈസറിന്റെ കാലത്തു (എ.ഡി. 64) പൊട്ടിപ്പുറപ്പെട്ട പീഡനത്തില്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെടുകയും എ.ഡി. 67-ല്‍ രക്തസാക്ഷിയാവുകയും ചെയ്തു. വി.പൗലൊസിന്റെ ദൈവശാസ്ത്രം ക്രൈസ്തവസഭയ്ക്കു നല്ലൊരു അടിസ്ഥാനം നല്‍കിയിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കു ഭീഷണിയായിരുന്ന പൗലൊസിനെ ദൈവികപദ്ധതിയനുസരിച്ചു രൂപാന്തരപ്പെടുത്തി ക്രിസ്തുദൗത്യത്തിനായി ഉപയോഗിക്കുന്നു. ''നീ പോവുക അവന്‍ എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാകുന്നു'' (അ.പ്ര. 9:15) എന്നാണ് അനന്യാസിനോടു ദൈവം നല്‍കിയ സന്ദേശം. ക്രിസ്ത്യാനികളെ പിടിച്ചുകെട്ടാനും വേണ്ടിവന്നാല്‍ കൊല്ലാനും മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടായിരുന്ന പൗലൊസ് പൂര്‍ണ്ണമായി രൂപാന്തരപ്പെട്ടു ക്രിസ്തുവിനെ പ്രസംഗിക്കുന്നവനായിത്തീര്‍ന്നതു ദൈവികപദ്ധതി അനുസരിച്ചാണ്. ഏതു വ്യക്തിയേയും തന്റെ ശുശ്രൂഷയ്ക്കായി ദൈവം ഉപയോഗിക്കും എന്നുള്ളതിനു തെളിവാണു പൗലൊസിന്റെ ജീവിതം.
3. ദൈവത്തിന്റെ വേദന പങ്കുവയ്ക്കുന്നു : ശിഷ്യന്മാര്‍ക്കു ദൗത്യത്തിനായുള്ള വിളി (ലൂക്കൊ.10:1-13)
എഴുപതു ശിഷ്യന്മാരെ കര്‍ത്താവു തന്റെ ദൗത്യത്തിനായി ഈരണ്ടായി അയച്ചു. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സൗഖ്യമാക്കാനും ഭൂതങ്ങളെ പുറത്താക്കാനും അവര്‍ക്കു അധികാരം നല്‍കി. അവരെ അയയ്ക്കുമ്പോള്‍ ക്രിസ്തു ഇപ്രകാരം പറഞ്ഞു : ''കൊയ്ത്തു വളരെ ഉണ്ട് വേലക്കാരോ ചുരുക്കം'' (ലൂക്കൊ.10:2). എഴുപതു പേര്‍ അടങ്ങുന്ന ഒരു സമൂഹമാണ് അയക്കപ്പെടുന്നത്. ദൈവികപദ്ധതി ഒരു സമൂഹത്തിനു നല്‍കപ്പെടുന്നതാണ് ഇവിടെ വിവക്ഷിക്കുന്നത്. മുന്‍പു കണ്ടതുപോലെ യെശയ്യാവിനും പൗലൊസിനും മാത്രമല്ല എല്ലാ ക്രിസ്തുശിഷ്യന്മാര്‍ക്കും ലഭിക്കുന്ന ദൈവപദ്ധതിയുടെ ദര്‍ശനമാണ് ലൂക്കൊ.10:1-15 - ല്‍ കാണുന്നത്. നീതിയും സമാധാനവും പരിശുദ്ധാത്മാവിന്റെ സന്തോഷവുമുള്ള ഒരു ദൈവരാജ്യവ്യവസ്ഥിതിയെക്കുറിച്ചു പ്രസംഗിക്കാനാണ് അപ്പൊസ്തലന്മാര്‍ അയക്കപ്പെടുന്നത്. അങ്ങനെ സമൂഹത്തില്‍ സമാധാനം ഉണ്ടാകണം. സമാധാനം ഉണ്ടാകുന്നതു നീതിയിലൂടെയാണ്. ആരോഗ്യകരമായ ബന്ധങ്ങളിലൂടെയാണു നീതി നടപ്പാകുന്നത്. തന്നിമിത്തം സമാധാനവും ഉടലെടുക്കും. ഈ സമാധാനം സമൂഹത്തെ സമഗ്രമായ വികസനത്തിലേക്കു നയിക്കും. അവിടെയാണു തിന്മകളുടെ ശക്തികള്‍ പുറത്താക്കപ്പെടുന്നത്. അങ്ങനെ എല്ലാവര്‍ക്കും പരിശുദ്ധാത്മാവിന്റെ ആനന്ദമുണ്ടാകും.
പ്രാര്‍ത്ഥന : ശക്തീകരിക്കുന്ന ദൈവമേ, ഞങ്ങള്‍ക്കായി ജീവന്‍ വച്ചുതന്ന യേശുക്രിസ്തുവിന്റെ സഹയാത്രികരായിരുന്ന് ഈ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുകയെന്ന അങ്ങയുടെ ദൗത്യത്തെ മുന്നിലേക്കു തുടരാനായി ഞങ്ങളെ വിളിച്ചതിനായി സ്‌തോത്രം ചെയ്യുന്നു. അങ്ങയുടെ അപ്പൊസ്തലന്മാരെയും ശിഷ്യന്മാരെയുംപോലെ, ജീവന്‍വരെ അര്‍പ്പിക്കുന്ന സമര്‍പ്പണത്തോടെ, ദൈവികപദ്ധതി അങ്ങയുടെ സൃഷ്ടിയോടു പങ്കുവയ്ക്കുന്ന ദൗത്യനിര്‍വ്വഹണത്തിനായി ഞങ്ങളെ സജ്ജരാക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൗത്യനിര്‍വ്വഹണത്തിലെ വെല്ലുവിളികളായ വേദനകളും കഷ്ടതകളും ദൈവരാജ്യസ്ഥാപനത്തിന്റെ പ്രത്യാശയോടെ അഭിമുഖീകരിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.