ക്രിസ്തുവിനോടുകൂടെ മരിച്ചു അടക്കപ്പെട്ടു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ അടയാളവും അനുഷ്ഠാനവുമായ കൂദാശയാണ് സ്‌നാനം. വിശുദ്ധ സ്‌നാനശുശ്രൂഷയിലൂടെ ദൈവത്തിന്റെ മക്കളായിത്തീരുകയും നാം ക്രിസ്തുസഭയില്‍ ചേര്‍ക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ബപ്റ്റിസ്‌മോസ് എന്ന ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. യഹൂദന്മാരുടെയിടയില്‍ ആചാരമായ ശുദ്ധീകരണം അഥവാ കഴുകല്‍ നിലനിന്നിരുന്നു. പുരോഹിതന്മാര്‍ മാത്രമല്ല വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയും ശുദ്ധീകരണത്തിനു വിധേയമാക്കിയിരുന്നു (പുറ. 19:10-14, ലേവ്യ.8:6, മര്‍ക്കൊ.7:3,4, എബ്രാ.9:10) ഇവിടെയെല്ലാം 'ബപ്റ്റിസോ' എന്ന ക്രിയാധാതു ഉപയോഗിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ ആഗമനം അറിയിച്ചുകൊണ്ടു ക്രിസ്തുവിനു പാതയൊരുക്കാനായി അനുതാപപ്രസംഗം നടത്തിയ യോഹന്നാനാല്‍ നടത്തപ്പെട്ട സ്‌നാനം യഹൂദ്യമായിരുന്നു. മാനസാന്തരപ്പെട്ട് ഒരു ധാര്‍മ്മികജീവിതം നയിക്കാന്‍ തീരുമാനിച്ചവര്‍ അന്നു യോഹന്നാനാല്‍ സ്‌നാനമേറ്റു. എന്നാല്‍ ക്രിസ്തു സ്‌നാനമേറ്റതു പാപപരിഹാരത്തിനായിരുന്നില്ല, പ്രത്യുത താന്‍ പൂര്‍ണ്ണമനുഷ്യനാണെന്നു വെളിപ്പെടുത്താനായിരുന്നു. അതുകൊണ്ടാണ് ''ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം'' (മത്താ.3:15) എന്നു ക്രിസ്തു പറഞ്ഞത്. അനുഷ്ഠാനപരമായ നീതിയാണ് ഇവിടെ വിവക്ഷിതം. മിശിഹായുടെ ദൗത്യത്തിലേക്കു പരസ്യമായി പ്രവേശിക്കുന്നതിന്റെ അടയാളമായിട്ടാണു ക്രിസ്തു സ്‌നാനം സ്വീകരിച്ചത്.
1. പെട്ടകത്തിലൂടെയുള്ള രക്ഷ (ഉല്പ. 7:11-24)
നോഹയുടെ പെട്ടകം ന്യായവിധിയുടെ ജലപ്രളയത്തിലൂടെ കടന്നുപോയ സ്‌നാനത്തിന്റെ സദൃശമായി പത്രൊസ് ചൂണ്ടിക്കാണിക്കുന്നു. ആ പെട്ടകത്തില്‍ അല്പജനം എന്നുവച്ചാല്‍ എട്ടുപേര്‍ വെള്ളത്തില്‍കൂടെ രക്ഷപ്രാപിച്ചു. അതു സ്‌നാനത്തിനു ഒരു മുന്‍കുറി (1പത്രൊ. 3:19-21). സ്‌നാനം ജഡത്തിന്റെ അഴുക്കു കളയുന്ന സാധാരണ കുളിയല്ല. ദൈവത്തോടുള്ള നല്ല മനഃസാക്ഷിക്കുള്ള അപേക്ഷയായിട്ടാണു യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ നമ്മെ രക്ഷിക്കുന്നത്. അതുപോലെ യിസ്രായേല്‍ജനം ചെങ്കടലിലൂടെ കടന്നു മോശെയോടു ചേര്‍ന്നതു സമുദ്രത്തിലുള്ള സ്‌നാനം എന്നു വി.പൗലൊസും ചിന്തിക്കുന്നു (പുറ.14:15-31, 1കൊരി.10:1,2). ജലപ്രളയം ഭൂമിയെ ശുദ്ധീകരിക്കാന്‍വേണ്ടിയായിരുന്നു. ചെങ്കടലിലൂടെയുള്ള പ്രയാണം യിസ്രായേലിനു ഫറവോനില്‍നിന്നും ശാശ്വതമായ വിമോചനവും നല്‍കി. ഇതുപോലെ സ്‌നാനവും ഒരു പുതിയ ബന്ധത്തിലേക്കും ക്രിസ്തുവിന്റെ ശരീരമായ സഭയിലേക്കും ഒരു വ്യക്തിയെ ചേര്‍ക്കുന്നതിന്റെ അടയാളമായിരിക്കുന്നു.
2. ക്രിസ്തുവിനെപ്പോലെ സ്വയം ത്യജിക്കാന്‍ ആഹ്വാനം (യോഹ.12:20-26)
സ്‌നാനം ഒരു അനുഷ്ഠാനമാണെങ്കിലും അത് അടയാളമാക്കുന്നത് ക്രിസ്തുവിനോടു ഏകീഭവിക്കുന്നതായാണ്. സ്‌നാനം സ്വീകരിക്കുന്ന വ്യക്തിയുടെമേല്‍ യേശുവിന്റെ നാമം പ്രസ്താവിക്കപ്പെടുന്നു. സ്‌നാനാര്‍ത്ഥി യേശുവിന്റെ നാമത്തെ അംഗീകരിക്കുന്നു (അ.പ്ര. 22:16, റോമ. 10:9,10). ക്രിസ്തുവിനോടുള്ള ഏകീഭാവത്തിന്റെ ആദ്യപടിയാണ് പാപം കഴുകിക്കളയല്‍ (എബ്രാ. 10:22, 1കൊരി. 6:11, അ.പ്ര. 22:16). ഒരു വിശ്വാസിയുടെ പഴയആളത്തം മരിച്ചു പുതിയആളത്തം സ്വീകരിച്ചു പുതിയസൃഷ്ടിയായിമാറി എന്നു വെളിപ്പെടുത്തുകയാണ് സ്‌നാനത്തിലൂടെ നടക്കുന്നത്. അതായത് ക്രിസ്തുവിന്റെ മരണത്തില്‍ പങ്കാളിയാവുകയും ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും ക്രിസ്തുവിനോടുകൂടെ ഉയിര്‍ക്കപ്പെടുകയും ചെയ്തു ക്രിസ്തുവിനോടു ചേരുകയും ക്രിസ്തുവിനെ ധരിക്കുകയും ചെയ്യുന്നതിനെ സ്‌നാനം ചൂണ്ടിക്കാണിക്കുന്നു (റോമ. 6:3-5, കൊലൊ. 2:12, ഗലാ. 3:27). ഗോതമ്പുമണിയായി നിലത്തുവീണു ചാകാനും അങ്ങനെ വളരെ ഫലം കൊടുക്കാനും ക്രിസ്തു ആഹ്വാനം ചെയ്യുന്നുണ്ട്. ഇഹലോകത്തില്‍ തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതിനെ കളയുന്നു, ജീവനെ പകക്കുന്നവന്‍ അതിനെ നിത്യജീവനായി സൂക്ഷിക്കും (യോഹ.12:25) എന്നാണ് ഈ പശ്ചാത്തലത്തില്‍ ക്രിസ്തു പഠിപ്പിച്ചത്. ക്രൂശ് എടുത്തുകൊണ്ടു തന്നെ അനുഗമിക്കാനും ഒരു ക്ഷണം ഇവിടെ ഉണ്ട്. ക്രിസ്തുവിനോടുള്ള ഏകീഭാവം സഭയോടുള്ള ഏകീഭാവമാണ്. കാരണം ക്രിസ്തുവിന്റെ ശരീരമാണ് സഭ. ശരീരത്തോടു ചേരാതെ തലയോടു ചേരുക സാധ്യമല്ല (1കൊരി. 12:12,13, അ.പ്ര. 2:41).
3. ക്രിസ്തുവിനോടുകൂടെ മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുക (റോമ. 6:9-14)
ക്രിസ്തുവിനോടുകൂടെ മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുന്നതിന്റെ അടയാളമായും സ്‌നാനത്തെ കാണാം. മാത്രമല്ല സ്‌നാനത്താല്‍ ക്രിസ്തുവിനോടുകൂടെ കുഴിച്ചിടപ്പെടുകയും തന്നോടു ജീവിച്ചെഴുന്നേറ്റു പിതാവിന്റെ മഹിമയാല്‍ ക്രിസ്തുവിന്റെ പുതുക്കത്തില്‍ നടക്കുകയും ചെയ്യണം. സ്‌നാനത്തിലൂടെ ഒരാള്‍ ക്രിസ്തുവിനോടു ചേരുന്നു (ഗലാ.3:27), സഭയോടു ചേരുന്നു - ക്രൈസ്തവസമൂഹത്തോടു ചേരുന്നു (അ.പ്ര.2:41, 1കൊരി.12:12,13), ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളില്‍ പങ്കാളികളാകുന്നു (റോമ.6:3-5, കൊലൊ.2:12), പരിശുദ്ധാത്മാവ് എന്ന ദാനം പ്രാപിക്കുന്നു (അ.പ്ര.2:38), ദൈവത്തോടു നല്ല മനസ്സാക്ഷിക്കായിട്ടുള്ള അപേക്ഷ അര്‍പ്പിക്കുന്നു (1പത്രൊ.3:21, തീത്തൊ.3:6,7). അതുകൊണ്ടാണ് ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയസൃഷ്ടി എന്നു പറയുന്നത്. ദൈവം ഒരുക്കിയ പാപമോചനത്തിന്റെ വഴിയായ യേശുക്രിസ്തുവിലൂടെ ലംഘനം ക്ഷമിച്ചും പാപം മറെച്ചും (സങ്കീ. 32) കിട്ടിയ അടയാളമായിട്ടാണ് നാം സ്‌നാനം സ്വീകരിക്കുന്നത്. അങ്ങനെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയിലൂടെ പുതുജനനത്തിലേക്ക് ഒരു വ്യക്തി പ്രവേശിക്കുന്നു (യോഹ. 3:3,5). ഈ കൂദാശയിലൂടെ സഭയുടെ അംഗത്വത്തിലേക്ക് പ്രവേശിക്കുന്നവര്‍ ഈ വസ്തുതകളും അറിഞ്ഞിരിക്കേണ്ടതാണ്.
1. ക്രിസ്തുവിനോടു ചേരുന്നു (ഗലാ. 3:27)
2. സഭയോടു ചേരുന്നു - ക്രൈസ്തവസമൂഹത്തോട് ചേരുന്നു (അ.പ്ര. 2:41, 1കൊരി.12:12,13)
3. ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളില്‍ പങ്കാളികളാകുന്നു (റോമ. 6:3-5, കൊലൊ. 2:12)
4. പരിശുദ്ധാത്മാവ് എന്ന ദാനം പ്രാപിക്കുന്നു (അ.പ്ര. 2:38)
5. ദൈവത്തോട് നല്ല മനസ്സാക്ഷിക്കായിട്ടുള്ള അപേക്ഷ അര്‍പ്പിക്കുന്നു (1പത്രൊ. 3:21, തീത്തൊ. 3:6,7)
പ്രാര്‍ത്ഥന : കൃപയുള്ള ദൈവമേ, ഞങ്ങളോടുള്ള അങ്ങയുടെ കൃപയേയും മനസ്സലിവിനെയും ഞങ്ങള്‍ ഉണരുന്നു. പാപത്തില്‍ മരിച്ചു ജീവന്റെ പുതുക്കത്തില്‍ ഉയിര്‍പ്പിക്കുന്ന ക്രിസ്തുവിനോടു ചേര്‍ക്കുന്ന സ്‌നാനമെന്ന സാക്രമന്തിനായി ഞങ്ങള്‍ അങ്ങേയ്ക്കു സ്‌തോത്രം ചെയ്യുന്നു. ഈ അറിവില്‍ വളരാന്‍ ഞങ്ങളെ പ്രകാശിപ്പിക്കേണമേ. അങ്ങനെ, അനുരഞ്ജനത്തിന്റെയും ബന്ധത്തിന്റെയും ക്രിസ്തുവിലുള്ള പുതിയ സാധ്യതകളില്‍ പങ്കാളികളായിത്തീരാന്‍ സഹായിക്കുന്ന കൃപയെ സാക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ഇടയാകുമല്ലോ. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.