ലാറ്റിന്‍ പദമായ സാക്രമന്റം (sacramentum) എന്ന പദത്തില്‍ നിന്നാണു സാക്രമന്ത് എന്ന വാക്കുണ്ടായത്. മുന്‍കാലങ്ങളില്‍ രണ്ട് അര്‍ത്ഥങ്ങളില്‍ ഇതുപയോഗിച്ചിരുന്നു. റോമന്‍രാജ്യങ്ങളില്‍ രണ്ടുകക്ഷികള്‍ ഒരു വ്യവഹാരത്തിന് ഇടപെടുമ്പോള്‍ റോമന്‍ക്ഷേത്രത്തില്‍ ഒരു നിശ്ചിതതുക കെട്ടിവയ്ക്കണമായിരുന്നു. അതില്‍ ജയിച്ച കക്ഷിക്കു പണം മടക്കി ലഭിക്കും. എന്നാല്‍ തോറ്റ ആളിന്റെ പണം ക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ക്കുള്ളതാണ്. ഈ പണത്തിനെ സാക്രമന്ത് എന്നു വിളിച്ചിരുന്നു. അതുപോലെ, റോമന്‍ പട്ടാളത്തില്‍ മേലധികാരിയോടുള്ള അനുസരണത്തിന്റെ അടയാളമായി പട്ടാളക്കാരന്‍ എടുക്കുന്ന പ്രതിജ്ഞയ്ക്കും ഈ വാക്കാണ് ഉപയോഗിച്ചിരുന്നത്. വേദപുസ്തകത്തില്‍ ഈ വാക്ക് ദൃശ്യമല്ല. ക്രിസ്തുമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യുന്നതിനെ തെര്‍ത്തുല്യന്‍ എന്ന സഭാപിതാവ് സാക്രമന്ത് എന്നു വിളിച്ചു. ജീവനുള്ള ദൈവത്തിന്റെ സൈന്യത്തിലേക്ക് ഒരു പുതിയ വ്യക്തി പ്രവേശിച്ചു എന്ന അര്‍ത്ഥത്തില്‍. എ.ഡി. 112-ല്‍ ജീവിച്ചിരുന്ന പ്ലിനി എഴുതിയ ഒരു കത്തിലാണ് ക്രിസ്തീയതയുമായി ബന്ധപ്പെട്ട് ഈ വാക്ക് ആദ്യമായി കാണുന്നത് : 'ബിഥുന്യയിലെ ക്രിസ്ത്യാനികള്‍ യാതൊരുവിധത്തിലെ കുറ്റകൃത്യങ്ങളും ചെയ്യാതെ അവരെത്തന്നെ സാക്രമന്താക്കിയിരിക്കുന്നു'. എന്നാല്‍ ഇതൊരു ക്രൈസ്തവ അര്‍ത്ഥത്തോടുകൂടെയാണോ എഴുതിയത് എന്നു വ്യക്തമല്ല. പഴയ ലാറ്റിന്‍ ബൈബിളിലും വള്‍ഗേറ്റിലും യവനപദമായ mysterion (മര്‍മ്മം) എന്ന സ്ഥലത്തു സാക്രമന്റം എന്ന ലാറ്റിന്‍ പദം ഉപയോഗിച്ചിരിക്കുന്നു (എഫെ. 5:32, 1തിമൊ. 3:16, വെളി. 1:20, 17:7). ക്രിസ്തീയകൂദാശകളായ സ്‌നാനത്തിനെയും തിരുവത്താഴത്തിനെയും പൂര്‍വ്വകാലസഭകള്‍ 'മര്‍മ്മങ്ങള്‍' (mysteries) എന്നാണു പറയുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭകളില്‍ ഇന്നും ഈ കൂദാശകളെ മര്‍മ്മങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. Mystery എന്ന വാക്കിനു hidden truth, രഹസ്യമായ സത്യം, നിഗൂഢ സത്യം എന്നൊക്കെ അര്‍ത്ഥങ്ങളുണ്ട്. കൂടുതല്‍ ആചാരങ്ങള്‍ മതത്തിന്റെ കെട്ടുറപ്പിനു കൂടുതല്‍ സഹായകമാകും എന്നു ധരിച്ചിട്ടാകാം ഇതിനൊക്കെ ഒരു മാര്‍മ്മികത നല്‍കിയതെന്നു കരുതുന്നവരുണ്ട്.
മതപരമായ ചടങ്ങുകള്‍ക്കു മാത്രമല്ല വേദോപദേശങ്ങള്‍ക്കും ഈ പദം ഏറിയ കാലം ഉപയോഗിച്ചിരുന്നു. ആദികാല സഭയുടെ ചരിത്രത്തില്‍ വ്യക്തമായ തെളിവുകള്‍ ഈ വിഷയത്തില്‍ ഇല്ലാത്തതുകൊണ്ടുതന്നെ എത്ര കൂദാശകളാണുള്ളതെന്നു രേഖകളില്ല. ഇതില്‍ സ്‌നാനവും തിരുവത്താഴവും പ്രാധാന്യമര്‍ഹിക്കുന്നുവെന്നുമാത്രം. പന്ത്രണ്ടാംനൂറ്റാണ്ടിലെ വിശുദ്ധ സെന്റ് വിക്ടറിലെ ഹൂഗോ 30 കൂദാശകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സെന്റ് അഗസ്റ്റിന്റെ കൂദാശകളെക്കുറിച്ചുള്ള നിര്‍വചനം ആയിരിക്കാം ഇതിനു കാരണമെന്നാണു മനസ്സിലാക്കുന്നത്. 'അദൃശ്യമായ കൃപയുടെ ദൃശ്യമായ ഭാവങ്ങള്‍' (visible forms of an invisible grace) എന്നാണ് സെന്റ് അഗസ്റ്റിന്‍ കൂദാശകള്‍ക്കു കൊടുത്ത നിര്‍വചനം. ദൈവകൃപയെ പ്രകടിപ്പിക്കാന്‍ പരിമിതമായ വഴികളില്ല. അതുകൊണ്ടു കൂദാശകള്‍ക്കു പരിമിതികളില്ല എന്നു വിവക്ഷിക്കപ്പെട്ടു. എന്നാല്‍ ബര്‍ഗാമോയിലെ ഗ്രിഗോറിയും പീറ്റര്‍ ലോമ്പാര്‍ഡും 7 കൂദാശകളായി ഇതിനെ പരിമിതപ്പെടുത്തി. സ്‌നാനം, സ്ഥിരീകരണം, തിരുവത്താഴം, പാപമോചനം, തൈലാഭിഷേകം, വിധികള്‍, വിവാഹം (baptism, confirmation, eucharist, penance, extreme unction, orders and matrimony) എന്നിവയാണ് ഈ 7 കൂദാശകള്‍. ഇവയാണ് തോമസ് അക്വിനാസും ഒടുവില്‍ ട്രന്റ് കൗണ്‍സിലും (Council of Trent, എ.ഡി. 1545) അംഗീകരിച്ച 7 കൂദാശകള്‍. അങ്ങനെ റോമന്‍ കത്തോലിക്കാ സഭ കാലക്രമേണ 7 കൂദാശകളെക്കുറിച്ചു പഠിപ്പിക്കാന്‍ തുടങ്ങി. ഇതിനു പ്രത്യേക പുതിയനിയമ ആധികാരികത ഇല്ലെങ്കിലും 7 എന്ന സംഖ്യ ഒരു വിശുദ്ധ സംഖ്യയായി തോന്നിയതുകൊണ്ടായിരിക്കാം 7 കൂദാശകള്‍ ഉള്‍പ്പെടുത്തിയതെന്നു പറയുന്നു. 'കൊര്‍ബ്ബാന്‍' എന്ന അരാമ്യ പദത്തില്‍നിന്നാണു കുര്‍ബ്ബാനയുടെ ഉല്പത്തി. കര്‍ത്താവിന്റെ അത്താഴത്തിനു സുറിയാനി സഭകള്‍ കുര്‍ബാന എന്ന പേരാണു നല്‍കിയിട്ടുള്ളത്. കൊര്‍ബ്ബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വഴിപാട് എന്നാണ്. കത്തോലിക്ക സഭ ഇതിനെ മാസ് എന്നു വിളിക്കുന്നു. പിരിച്ചുവിടുക എന്നര്‍ത്ഥമുള്ള 'മിത്തറെ' (Mittere) എന്ന ലത്തീന്‍ ധാതുവില്‍ നിന്നാണു മാസ് എന്ന പദത്തിന്റെ ഉത്ഭവം. കര്‍ത്താവിന്റെ ക്രൂശുമരണത്തെ സ്മരിച്ചുകൊണ്ടു ക്രൈസ്തവസഭ ആചരിച്ചുവരുന്ന ഒരു കൂദാശയാണു കര്‍ത്താവിന്റെ അത്താഴം. യേശുക്രിസ്തു തന്റെ അപ്പൊസ്തലന്മാരുമായി കഴിച്ച പെസഹ ഭോജനമാണ് ഒടുവില്‍ പരമ്പരാഗതമായി കര്‍ത്താവിന്റെ അത്താഴമായി സഭയില്‍ അംഗീകരിക്കപ്പെട്ടതെന്നു വിശ്വസിക്കുന്നു. ഈ അന്ത്യ അത്താഴത്തെക്കുറിച്ചുള്ള വിവരണം സമവീക്ഷണസുവിശേഷങ്ങളിലും കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാംലേഖനത്തിലും ഉണ്ട് (മത്താ.26:17-29, മര്‍ക്കൊ.14:17-25, ലൂക്കൊ.22:14-21, 1കൊരി.11:23-26). ഒരു അത്താഴത്തെക്കുറിച്ചുള്ള വിവരണം യോഹന്നാന്‍ നല്‍കുന്നുണ്ടെങ്കിലും (13:21-30) അതില്‍ കര്‍ത്തൃമേശയുടെ സ്ഥാപനത്തെക്കുറിച്ചു സൂചനയില്ല. ''എന്റെ ഓര്‍മ്മയ്ക്കായി ചെയ്‌വിന്‍'' എന്നു ക്രിസ്തു പറഞ്ഞതായി ലൂക്കൊസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു (ലൂക്കൊ.22:19). ആണ്ടുതോറും യഹൂദന്മാര്‍ ആചരിച്ചുവരുന്ന പെസഹാ പെരുന്നാളിനുവേണ്ടി ഇനി കൂടിവരുമ്പോള്‍ തന്റെ ഓര്‍മ്മയ്ക്കുവേണ്ടി ചെയ്യണമെന്നാണു ക്രിസ്തു വിഭാവനചെയ്തത്. കാരണം കഴിഞ്ഞ നാളുകളില്‍ ജനത്തിനുവേണ്ടി യാഗമായിത്തീര്‍ന്ന പെസഹാകുഞ്ഞാടു താന്‍തന്നെയെന്നു (1കൊരി.5:7) ക്രിസ്തു പറയുകയായിരുന്നു. ഇനി നടത്തുന്ന പെസഹാ ആചാരങ്ങളിലും യേശുവിനെയാണ് ഓര്‍ക്കേണ്ടത്. ഇതായിരുന്നു സന്ദേശം. യഹൂദനല്ലാതെ വേറെയാരും ഇത് ആഘോഷിക്കാനും പാടില്ല (പുറ.12:42-51). എന്നാല്‍ പുതിയനിയമസഭ ഇതൊരു കൂദാശയായി ആചരിച്ചുതുടങ്ങിയപ്പോള്‍ കര്‍ത്താവിന്റെ ക്രൂശ്മരണത്തെ ധ്യാനിക്കാനും അനുതാപത്തോടെ അവിടുത്തെ അടുക്കല്‍ വരാനും ഈ ശുശ്രൂഷ കാരണമായിത്തീര്‍ന്നു.
1. യേശുവിനെ സ്മരിക്കുന്ന കൂദാശ (1 കൊരി. 11:23-30)
കര്‍ത്താവിന്റെ ക്രൂശുമരണത്തെ സ്മരിച്ചുകൊണ്ടു ക്രൈസ്തവസഭ ആചരിച്ചുവരുന്ന ഒരു കൂദാശയാണ് കര്‍ത്താവിന്റെ അത്താഴം. യേശുക്രിസ്തു തന്റെ അപ്പൊസ്തലന്മാരുമായി കഴിച്ച പെസഹ ഭോജനമാണ് ഒടുവില്‍ പരമ്പരാഗതമായി കര്‍ത്താവിന്റെ അത്താഴമായി സഭയില്‍ അംഗീകരിക്കപ്പെട്ടതെന്നു വിശ്വസിക്കുന്നു. ഈ അന്ത്യഅത്താഴത്തെക്കുറിച്ചുള്ള വിവരണം സമവീക്ഷണസുവിശേഷങ്ങളിലും കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാംലേഖനത്തിലും ഉണ്ട് (മത്താ. 26:17-29, മര്‍ക്കൊ. 14:17-25, ലൂക്കൊ. 22:14-21, 1കൊരി.11:23-26). ഒരു അത്താഴത്തെക്കുറിച്ചുള്ള വിവരണം യോഹന്നാന്‍ നല്‍കുന്നുണ്ടെങ്കിലും (13:21-30) അതില്‍ കര്‍ത്തൃമേശയുടെ സ്ഥാപനത്തെക്കുറിച്ചു സൂചനയില്ല. ''എന്റെ ഓര്‍മ്മയ്ക്കായി ചെയ്‌വിന്‍'' എന്നു ക്രിസ്തു പറഞ്ഞതായി ലൂക്കൊസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു (ലൂക്കൊ. 22:19). ആണ്ടുതോറും യഹൂദന്മാര്‍ ആചരിച്ചുവരുന്ന പെസഹാ പെരുന്നാളിനുവേണ്ടി ഇനി കൂടിവരുമ്പോള്‍ തന്റെ ഓര്‍മ്മയ്ക്കുവേണ്ടി ചെയ്യണമെന്നാണ് ക്രിസ്തു വിഭാവനചെയ്തത്. കാരണം കഴിഞ്ഞ നാളുകളില്‍ ജനത്തിനുവേണ്ടി യാഗമായിത്തീര്‍ന്ന പെസഹാകുഞ്ഞാട് താന്‍തന്നെയെന്ന് (1കൊരി. 5:7) ക്രിസ്തു പറയുകയായിരുന്നു. അവരവരെ വിധിക്കാനായി ലഭിക്കുന്ന ഒരവസരം കൂടെയാണ് ഈ കൂദാശ. അങ്ങനെ ചെയ്താല്‍ നാം വിധിക്കപ്പെടുകയില്ല (1കൊരി.11:27-33). അങ്ങനെ നിരന്തരം ദൈവത്തിന്റെ സാന്നിധ്യബോധം ഉണര്‍ന്നുകൊണ്ടു ജീവിക്കാന്‍ ഇടയാകും (സങ്കീ.16:11). ഈ കൂദാശയില്‍ ക്രിസ്തുവിനെ ഓര്‍ക്കുന്നതുപോലെ മാനുഷികബന്ധങ്ങളിലുള്ള കൂട്ടായ്മയുടെ ഐക്യവും ദൃഢതയും വര്‍ദ്ധിക്കണം. ''അപ്പം ഒന്നാകകൊണ്ടു പലരായ നാം ഒരു ശരീരമാകുന്നു. നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികളാകുന്നുവല്ലോ'' (1കൊരി.10:17). അന്യോന്യമുള്ള കൂട്ടായ്മയ്ക്ക് ആദിമസഭ വളരെ പ്രാധാന്യം നല്‍കിയിരുന്നു. അപ്പം നുറുക്കലില്‍ ഒരു കൂട്ടായ്മ ഉണ്ട് (അ.പ്ര.2:42,46). ആ കൂട്ടായ്മയില്‍ ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും അവര്‍ അനുഭവിച്ചു (അ.പ്ര.2:46). കര്‍ത്താവിന്റെ അത്താഴം സഭയില്‍ കൂട്ടായ്മബന്ധം വളരാനും സ്‌നേഹം വര്‍ദ്ധിക്കാനും ഐകമത്യം നിലനില്‍ക്കാനും കാരണമാകുന്നു. ക്രിസ്തുവിന്റെ തിരുമേശയില്‍ നാം പങ്കാളികളാകുമ്പോള്‍ നമ്മുടെ ജീവിതം മറ്റ് അവസരങ്ങളില്‍ ഭൂതത്തിന്റെ അഥവാ തിന്മയുടെ മേശയ്ക്ക് അംഗങ്ങളായിത്തീരാന്‍ പാടില്ല. വി.പൗലൊസ് ഇതിനെ ശക്തമായി ഉപദേശിക്കുന്നുണ്ട് ''നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ ആണ്''. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മയുമാണ്. നിങ്ങള്‍ക്കു കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികളാകാന്‍ പേടിയില്ല (1കൊരി.10:16-21).
2. കൂട്ടായ്മയുടെ കൂദാശ (യോഹ.6:15-59)
ക്രിസ്തുവിനെ ഓര്‍ക്കുന്നതുപോലെ മാനുഷികബന്ധങ്ങളിലുള്ള കൂട്ടായ്മയുടെ ഐക്യവും ദൃഢതയും വര്‍ദ്ധിക്കണം. ''അപ്പം ഒന്നാകകൊണ്ടു പലരായ നാം ഒരു ശരീരമാകുന്നു. നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികളാകുന്നുവല്ലോ'' (1കൊരി.10:17). അന്യോന്യമുള്ള കൂട്ടായ്മയ്ക്ക് ആദിമസഭ വളരെ പ്രാധാന്യം നല്‍കിയിരുന്നു. അപ്പം നുറുക്കലില്‍ ഒരു കൂട്ടായ്മ ഉണ്ട് (അ.പ്ര.2:42,46). ആ കൂട്ടായ്മയില്‍ ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും അവര്‍ അനുഭവിച്ചു (അ.പ്ര.2:46). കര്‍ത്താവിന്റെ അത്താഴം സഭയില്‍ കൂട്ടായ്മബന്ധം വളരാനും സ്‌നേഹം വര്‍ദ്ധിക്കാനും ഐകമത്യം നിലനില്‍ക്കാനും കാരണമാകുന്നു. കര്‍ത്താവിന്റെ അത്താഴത്തില്‍ നിരന്തരം ശോധന ചെയ്യാനും ശുദ്ധീകരിക്കാനും സഭയ്ക്ക് അവസരം ലഭിക്കുന്നു. ഇത്തരുണത്തില്‍ അയോഗ്യത മാറ്റപ്പെടുകയും കുറവുകള്‍ ബോധ്യപ്പെടുകയും ചെയ്യുന്നു. പിന്നെയും വിശുദ്ധജീവിതത്തിനായി ദൈവകൃപ അന്വേഷിക്കുന്നു. അവിടത്തെ കൃപയില്ലാതെ നിര്‍മ്മലമായ ജീവിതം സാധ്യമല്ലല്ലോ. അങ്ങനെ സ്വയം വിധിക്കപ്പെട്ടു ശുദ്ധീകരിക്കപ്പെടാന്‍ ഉപദേശിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു സന്ദേശമാണു കര്‍ത്താവിന്റെ അത്താഴം നല്‍കുന്നത്. അവരവരെ വിധിക്കാനായി ലഭിക്കുന്ന ഒരവസരം. കല്പനയായാലും മര്‍മ്മമായാലും ആചാരമായാലും കൂദാശകള്‍ എപ്പോഴും സഭയുടെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും നിരന്തരപരിപോഷണത്തിനും ഹേതുവായിത്തീരുന്നുവെന്നതില്‍ സംശയമില്ല. യേശുക്രിസ്തുവാണു ജീവന്റെ അപ്പം. 'ഞാനാകുന്നു' എന്നു ക്രിസ്തു പറഞ്ഞ ഏഴു അവകാശവാദങ്ങളില്‍ (seven ‘I am sayings’ of Jesus) ഒന്നാണ് ഇത്. യേശുവിനെയും യേശുവിന്റെ ഉപദേശങ്ങളെയും അംഗീകരിക്കുക എന്നതാണ് 'എന്നെ തിന്നുക' എന്നതുകൊണ്ടു ക്രിസ്തു വിവക്ഷിക്കുന്നത്. കര്‍ത്താവിന്റെ മേശയിലും ഇതു പ്രസ്താവ്യമാണ്. കാരണം തിരുവത്താഴത്തില്‍ നാം ക്രിസ്തുവിന്റെ ക്രൂശുമരണത്തെയും പുനരുത്ഥാനത്തെയും ഓര്‍ക്കുന്നു. നാം നുറുക്കുന്ന അപ്പം കര്‍ത്താവിന്റെ ശരീരത്തിന്റെ കൂട്ടായ്മയായും നാം കുടിക്കുന്ന പാനപാത്രം യേശുക്രിസ്തു ചൊരിഞ്ഞ രക്തത്തിന്റെ അടയാളമായും ഓര്‍ക്കുന്നു. ഓരോ കൂട്ടായ്മയിലേയും അദൃശ്യനായ ആതിഥേയനായി ക്രിസ്തുവിനെ ധ്യാനിക്കുന്നു (1കൊരി.10:20,21). നാം ക്രിസ്തുവിലും ക്രിസ്തു നമ്മിലും വസിക്കുന്ന അനുഭവം സജീവവും ചൈതന്യവത്തുമായിത്തീരുന്നു (യോഹ.6:53-58). അതു പരസ്പരകൂട്ടായ്മയ്ക്കും ക്രിസ്തുശരീരത്തിന്റെ പങ്കാളിത്തത്തിനും കാരണമായിത്തീരുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവാണു ക്രൈസ്തവസഭയുടെ ഏറ്റവും വലിയ പ്രത്യാശ. യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണസമയം മുതല്‍ ക്രിസ്തുവിന്റെ വരവിനായി സഭ കാത്തിരിക്കുന്നു (അ.പ്ര.1:11). ആമേന്‍ കര്‍ത്താവായ യേശുവേ വേഗം വരേണമേ എന്ന സഭയുടെ പ്രാര്‍ത്ഥന ഇത്തരുണത്തില്‍ സ്മരിക്കപ്പെടണം (വെളി.22:20). ഈ കൂദാശ കര്‍ത്താവിന്റെ വരവോളം തന്റെ മരണത്തെ പ്രസ്താവിക്കുന്നു എന്നാണ് വി.പൗലൊസിന്റെ വാദം. കര്‍ത്താവിന്റെ വരവോളം തന്റെ മരണത്തെ സാക്ഷിക്കുന്നതിന്റെ അടയാളമാണു കര്‍ത്താവിന്റെ അത്താഴം.
3. നിത്യജീവനുള്ള കൂദാശ (യോഹ-6:15-19)
കര്‍ത്താവിന്റെ അത്താഴം എന്ന കൂദാശ ഉണ്ടാകാന്‍ പ്രധാനകാരണമായി കാണുന്ന വേദഭാഗത്തിന്റെ മറ്റൊരു വ്യാഖ്യാനവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ് (1കൊരി.11:17-34). കൊരിന്ത്യസഭയിലെ ജനം ഒരുമിച്ചു കൂടുന്ന കൂട്ടായ്മകളില്‍ ചിലര്‍ നല്ലവണ്ണം ഭക്ഷണം കഴിച്ചും ചിലര്‍ പട്ടിണിയിലും ഇരുന്നപ്പോള്‍ അതിനെതിരെ പൗലൊസ് നല്‍കിയ സമൂഹഭക്ഷണത്തിന്റെ (community meal) ഒരു ഉപദേശമാണ് ഇവിടെ വിവക്ഷിക്കുന്നതെന്നും ഒരു വ്യാഖ്യാനമുണ്ട്. ഈ വിശുദ്ധസംസര്‍ഗ്ഗത്തില്‍ കാണുന്നത് ഒരു ചെറിയവിഭാഗം ജനത്തിനു മാത്രം ഭക്ഷിക്കാവുന്ന വിശുദ്ധ കുര്‍ബാന അല്ലെന്നും ക്രിസ്തു വിഭാവന ചെയ്ത സമത്വം എന്ന ചിന്തയുടെ പ്രകടനമാണെന്നും കരുതാന്‍ കാരണം പൗലൊസ് നല്‍കുന്ന ഇവിടത്തെ സന്ദേശത്തിന്റെ ഉപസംഹാരമാണ്. ''അതുകൊണ്ട് സഹോദരീ സഹോദരന്മാരേ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ കൂടുമ്പോള്‍ അന്യോന്യം കാത്തിരിക്കുവിന്‍. വല്ലവനും വിശക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരുമിച്ചുകൂടുന്നതു ന്യായവിധിക്കു കാരണമാകാതിരിക്കേണ്ടതിനു അവന്‍ വീട്ടില്‍ വച്ചു ഭക്ഷണം കഴിക്കട്ടെ'' (1കൊരി. 13:33,34). ചിലര്‍ക്കു സുഭിക്ഷവും ചിലര്‍ക്കു ദുര്‍ഭിക്ഷവും അല്ല എല്ലാവര്‍ക്കും സമത്വം വരണമെന്ന (2കൊരി.8:13) തന്റെ ആശയമാണ് ഈ ഉപദേശത്തിനു കാരണം എന്നാണു ഈ വ്യാഖ്യാനികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്നാംനൂറ്റാണ്ടിലെ സഭയില്‍ കുറച്ചുകാലമെങ്കിലും ഈ സമത്വം നിലനിന്നിരുന്നതായി രേഖകളുമുണ്ട് (അ.പ്ര.2:32-35). അതുകൊണ്ട് ഈ കൂദാശക്ക് ആധ്യാത്മികം മാത്രമല്ല സാമൂഹികമായ ഒരു തലവും കൂടെയുണ്ടെന്നു കരുതണം. അതേസമയം, ക്രിസ്തീയ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം നിത്യജീവനാണ്. അതായതു ക്രിസ്തു വാഗ്ദത്തം ചെയ്ത സമൃദ്ധിയായ ജീവന്‍. കര്‍ത്താവിന്റെ മേശയില്‍ പങ്കാളികളാകുമ്പോള്‍ സഭ ഓര്‍ക്കേണ്ടതും അതാണ്: ''എന്റെ മാസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നവനു നിത്യജീവന്‍ ഉണ്ട്; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും'' (യോഹ.6:54). ഈ കൂദാശയില്‍ കര്‍ത്താവിന്റെ ക്രൂശ്മരണത്തെയും പുനരുത്ഥാനത്തെയും ഓര്‍ക്കുന്നു. നാം നുറുക്കുന്ന അപ്പം കര്‍ത്താവിന്റെ ശരീരത്തിന്റെ കൂട്ടായ്മയായും നാം കുടിക്കുന്ന പാനപാത്രം യേശുക്രിസ്തു ചൊരിഞ്ഞ രക്തത്തിന്റെ അടയാളമായും ഓര്‍ക്കുന്നു. ഓരോ കൂട്ടായ്മയിലേയും അദൃശ്യനായ ആതിഥേയനായി ക്രിസ്തുവിനെ ധ്യാനിക്കുന്നു (1കൊരി.10:20,21). നാം ക്രിസ്തുവിലും ക്രിസ്തു നമ്മിലും വസിക്കുന്ന അനുഭവം സജീവവും ചൈതന്യവത്തുമായിത്തീരുന്നു (യോഹ. 6:53-58). അതു പരസ്പരകൂട്ടായ്മയ്ക്കും ക്രിസ്തുശരീരത്തിന്റെ പങ്കാളിത്തത്തിനും കാരണമായിത്തീരുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവാണു ക്രൈസ്തവസഭയുടെ ഏറ്റവും വലിയ പ്രത്യാശ. യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണസമയം മുതല്‍ ക്രിസ്തുവിന്റെ വരവിനായി സഭ കാത്തിരിക്കുന്നു (അ.പ്ര.1:11). ആമേന്‍ കര്‍ത്താവായ യേശുവേ വേഗം വരേണമേ എന്ന സഭയുടെ പ്രാര്‍ത്ഥന ഇത്തരുണത്തില്‍ സ്മരിക്കപ്പെടണം (വെളി. 22:20). ഈ കൂദാശ കര്‍ത്താവിന്റെ വരവോളം തന്റെ മരണത്തെ പ്രസ്താവിക്കുന്നു എന്നാണ് വി.പൗലൊസിന്റെ വാദം.
പ്രാര്‍ത്ഥന : ഏറ്റവും കാരുണ്യവാനായ നിത്യദൈവമേ, സര്‍വ്വലോകത്തിന്റെ പാപത്തിന്റെ മോചനത്തിനായി തന്നെത്തന്നെ വഴിപാടായി അര്‍പ്പിച്ച ജീവന്റെ അപ്പവും അങ്ങയുടെ പുത്രനുമായ യേശുക്രിസ്തുവിലൂടെ ഞങ്ങള്‍ അങ്ങേക്കു സ്‌തോത്രവും സ്തുതിയും അര്‍പ്പിക്കുന്നു. അങ്ങയുടെ മേശയിലേക്കു ഞങ്ങള്‍ അടുക്കുമ്പോള്‍ ക്രൂശില്‍ വഴിപാടായി അര്‍പ്പിച്ച യാഗമരണത്തെ ഞങ്ങള്‍ ആഴമായ കൃതജ്ഞതാപൂര്‍വ്വം ഓര്‍ക്കുന്നു. ഞങ്ങളുടെ സമര്‍പ്പണത്തെ നവീകരിക്കാന്‍ ഞങ്ങള്‍ അങ്ങയോടു യാചിക്കുന്നു. അങ്ങേക്കു ജീവനുള്ള യാഗമായിത്തീരാന്‍ ഞങ്ങളെ പ്രചോദിതരാക്കേണമേ. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.