പ്രാചീനഭാരതത്തില്‍ ഏറെ ശ്രദ്ധയോടുകൂടെ ഉപയോഗിച്ചുവന്ന പദങ്ങളാണ് ഗുരു, ആചാര്യന്‍, ഉപാദ്ധ്യായന്‍ എന്നിവ. വിദ്യാദാനവുമായി ബന്ധപ്പെട്ടവയാണു ഈ പദങ്ങളെങ്കിലും അവയ്ക്കു തമ്മില്‍ അര്‍ത്ഥത്തില്‍ ഭേദമുണ്ട്. ഉപാദ്ധ്യായനെക്കാള്‍ ശ്രേഷ്ഠനാണു ആചാര്യന്‍. ആചാര്യനെക്കാള്‍ ശ്രേഷ്ഠനാണ് ഗുരു. വേദങ്ങളില്‍ ആചാര്യ ശബ്ദം സുലഭമാണ്. അര്‍വാചീനമായ മുണ്ഡകോപനിഷത്തിലും ശ്വേതാശേ്വേതാപനിഷത്തിലും ഗുരു ശബ്ദം കാണാം. ഉപനിഷത്തിന്റെ കാലത്തു യജ്ഞത്തില്‍ നിന്നും (വേദങ്ങളുടെ കാലം) ജ്ഞാനത്തിലേക്കു മാറിയതോടുകൂടിയാണ് ഗുരു ശബ്ദത്തിനു പ്രാമുഖ്യം കൈവന്നത്. അദ്വൈയതാരകോപനിഷത്തില്‍ ഗുരുവിനെ ഇപ്രകാരം വ്യാഖ്യാനിക്കുന്നു.
''ഗുശബ്ദ സ്ത്വന്ധകാരഃ സ്യാദ്
രു ശബ്ദസ്തന്നിരോധകഃ
അന്ധകാര നിരോധിത്വാദ്
ഗുരുരിത്യഭിധീയതേ''
'ഗു' ശബ്ദത്തിന് അന്ധകാരമെന്നും, 'രു' എന്നതിനു രോധിക്കുന്നത് എന്നുമാണ് അര്‍ത്ഥം. അന്ധകാരത്തെ അകറ്റുന്നവനാണ് ഗുരു.
അദ്വൈയതാരകോപനിഷത്ത് തുടര്‍ന്നും പറയുന്നു.
''ഗുരുരേവ പരംബ്രഹ്മ
ഗുരുരേവ പരംഗതി
ഗുരുരേവ പരംവിദ്യ
ഗുരുരേവ പരായണം
ഗുരുരേവ പരാകാഷ്ഠാ
ഗുരുരേവ പരാധനം
യസ്മാത് തദുപദേഷ്ടാസൗ
തസ്മാദ് ഗുരുതരോ ഗുരു ഇതി''
ഗുരു തന്നെയാണു പരബ്രഹ്മം (ദൈവം). പരമമായ ഗതിയും പരമമായവിദ്യയും പരായണ യോഗ്യനും ഗുരു തന്നെയാണ്. ഗുരു-ശ്രേഷ്ഠരില്‍ ശ്രേഷ്ഠനാണ്. ഒരിക്കലെങ്കിലും അത് ഉച്ചരിക്കുന്നവര്‍ക്കു സംസാരമോചനം ലഭിക്കും. പാപങ്ങള്‍ മാറിപ്പോകും. പുരുഷാര്‍ത്ഥങ്ങളും കൈവരും. ഇങ്ങനെ അറിയുന്നവനാണ് ഉപനിഷദ് ജ്ഞാനി.
ബൈബിളില്‍ അമ്പതോളം പ്രാവശ്യം ഗുരു എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. പഴയനിയമത്തില്‍ മൂന്നു എബ്രായപദങ്ങളെയാണു ഗുരു എന്നു തര്‍ജ്ജമ ചെയ്തിട്ടുള്ളത്. 1ശമു.10:12 (അബ്= പിതാവ്), 1ദിന.25:8 (മേവീന്‍= പരിജ്ഞാനി), സങ്കീ.119:99 (മ്‌ലംദീം = അദ്ധ്യാപകന്മാര്‍). ഡിഡസ്‌ക്കലൊസ് എന്ന ഗ്രീക്കു പദമാണു പുതിയനിയമത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. ഡിഡസ്‌ക്കോ (പഠിപ്പിക്കുക) എന്ന ധാതുവില്‍ നിന്നാണു ഡിഡസ്‌ക്കലൊസ് എന്ന നാമത്തിന്റെ നിഷ്പത്തി. യേശുവിന്റെ സംബോധനയാണു സുവിശേഷങ്ങളില്‍ ഗുരു (മത്താ.8:19, 12:38, 19:16, 22:16,24,36, 22:24, മര്‍ക്കൊ.4:38, 9:17,38, 10:17,20,35, 12:14,19,32). ഗുരു എന്ന സംബോധന ഏറ്റവും അധികം കാണുന്നതു ലൂക്കൊസ് സുവിശേഷത്തിലാണ്. യോഹ.1:38 -ലെ റബ്ബിയുടെയും 20:16 -ലെ റബ്ബൂനിയുടെയും അര്‍ത്ഥം ഗുരു തന്നെയാണ്. യേശുതന്നെ സ്വയം ഞാന്‍ ഗുരുവും കര്‍ത്താവുമെന്നു പറഞ്ഞു (യോഹ.13:11). ഗുരുവിന്റെ ഭാവമാണു ഗൗരവം.
1. മാതാപിതാക്കള്‍ ആദ്യഗുരുക്കന്മാര്‍ (സദൃ. 4:1-19)
ശലോമോനെ ജ്ഞാനിയായി ബൈബിള്‍ ചിത്രീകരിക്കുന്നു. എന്നാല്‍ അദ്ദേഹം പറയുന്നതു തന്റെ മാതാപിതാക്കളാണു തനിക്കു ജ്ഞാനം ഉപദേശിച്ചുകൊടുത്തത് എന്നാണ് (സദൃ.4:3-19). മാതാപിതാക്കളുടെ ജ്ഞാനോപദേശം ശ്രദ്ധിക്കാനും അതില്‍ നിലനില്‍ക്കാനും ശലോമോന്‍ ബുദ്ധി ഉപദേശിക്കുന്നു. ഗുരുശിഷ്യബന്ധം ആരംഭിക്കേണ്ടതു കുടുംബങ്ങളിലാണ്. മാതാപിതാക്കളാണ് ആദ്യത്തെ ഗുരുക്കന്മാര്‍. കുഞ്ഞുങ്ങള്‍ രക്ഷാകര്‍ത്താക്കളില്‍നിന്നു പഠിച്ചുതുടങ്ങുന്നു. ഇതു മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ് (എഫെ.6:1-4).
2. സഭയിലെ ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ (അ.പ്ര.22:1-5)
പൗലൊസിന്റെ പ്രാഥമികവിദ്യാഭ്യാസം പട്ടണത്തില്‍ യഹൂദപള്ളിക്കൂടത്തില്‍ ആരംഭിച്ചു. ഗ്രീക്കുഭാഷയിലുള്ള പഴയനിയമം ഉപയോഗിച്ചു. ഗ്രീക്കുഭാഷയും പഠിച്ചിരുന്നു. 12 വയസ്സാകുമ്പോള്‍ യഹൂദമര്യാദപ്രകാരം ബാല്യകാല വിദ്യാഭ്യാസത്തിന്റെ അവസാനമായി 'ന്യായപ്രമാണപുത്രന്‍' (son of the law) എന്നു പ്രഖ്യാപിക്കപ്പെട്ട ചടങ്ങു നടത്തപ്പെട്ടു. ഗമാലിയേലിന്റെ കീഴില്‍ ഉന്നതവിദ്യാഭ്യാസം നേടി. ഗമാലിയേല്‍ ഒരു പഴയനിയമ പണ്ഡിതനും മതസഹിഷ്ണുതയുള്ള യഹൂദനുമായിരുന്നു. (അ.പ്ര.5:30-35). 12 വയസ്സിനു ശേഷം തന്റെ യരുശലേമിലെ സഹോദരിയുടെ വീട്ടില്‍ താമസിച്ചുകൊണ്ടു പഠനം നടത്തിയിരിക്കാം എന്നു വിശ്വസിക്കുന്നു (അ.പ്ര.22:3). ഗമാലിയേലിന്റെ കീഴില്‍ 4-5 വര്‍ഷം ഈ പരിശീലനം നീണ്ടുനിന്നിരുന്നു. ഈ പഠനം പിന്നെ, പഴയനിയമത്തിന്റെ ക്രിസ്തീയവ്യാഖ്യാതാവായി മാറാന്‍ കാരണമായി. തര്‍സൊസില്‍ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ സമയം ചെലവാക്കിയിരിക്കണം. പ്രധാന വിഷയം സ്റ്റോയിക്ക് തത്വവും യവനസാഹിത്യവുമായിരുന്നു (അ.പ്ര.17:28, 1കൊരി.15:33, തീത്തൊ.1:12). എന്നാല്‍ ഈ പഠനങ്ങളെക്കാള്‍ (ഹോമര്‍, പ്ലേറ്റോ) ന്യായപ്രമാണവും പ്രവാചകന്മാരും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാനവിഷയം. ഗമാലിയേലിനെപ്പോലെ ദൈവസഭയിലും ആത്മീകഗുരുക്കന്മാരുണ്ട് (എഫെ. 4:11).
3. യേശു സദ്ഗുരു (ലൂക്കൊ. 4:31-44)
യേശുവിന്റെ സുവിശേഷങ്ങളിലെ ഒരു പ്രധാന സംബോധനയാണ് ഗുരു. മത്താ. 8:19, 9:11, 10:24,25, 12:38, 17:24, 19:16, 22:16,24,36, 23:8, 26:18, മര്‍ക്കൊ. 4:38, 5:35, 9:17,38, 10:17,20,35, 12:14,19,32, 13:1, 14:14, ലൂക്കൊ. 3:12, 6:40, 7:40, 8:45,49, 9:33,38, 10:25, 11:45, 12:13, 18:18, 19:39, 20:21,28,39, 21:7, 22:11, യോഹ. 1:38, 8:4, 11:28, 13:13,14, 20:16 ഇങ്ങനെ അനേക വാക്യങ്ങളില്‍ യേശുവിനെ ഗുരുവായി അഭിസംബോധന ചെയ്യുന്നു. അവിടുന്നുതന്നെ ഞാന്‍ ഗുരുവും കര്‍ത്താവുമാണെന്നു സ്വയം പരിചയപ്പെടുത്തിയിട്ടുമുണ്ട് (യോഹ. 13:13,14). യേശുവിനെ കര്‍ത്താവായി സ്വീകരിച്ച വ്യക്തികള്‍ അവിടുത്തെ ഗുരുവായും സ്വീകരിച്ച് യേശുവിന്റെ ശിഷ്യരാകണമെന്നാണ് ഈ വാക്യത്തിലൂടെ യേശു ആഹ്വാനം നല്‍കുന്നത്. ''അഭ്യാസം തികയുമ്പോള്‍ ശിഷ്യന്‍ ഗുരുവിനെപ്പോലെയാകണം'' എന്നത് യേശു നല്‍കിയ ഉപദേശമാണ് (ലൂക്കൊ. 6:39,40). ''ഒരുത്തന്‍ അത്രേ നിങ്ങളുടെ ഗുരു...'' അതു ക്രിസ്തു തന്നെ എന്ന് അവിടുന്ന് പറഞ്ഞിരിക്കുന്നു (മത്താ. 23:8-10). യേശുവിനെ ഗുരുവായി അംഗീകരിക്കുമ്പോള്‍ യേശുവുമായുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുകയും അതു യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നു. ''എന്നെയും എന്റെ ഉപദേശത്തെയും'' (മര്‍ക്കൊ. 8:38) ''യേശു ചെയ്തും ഉപദേശിച്ചും'' (അ.പ്ര. 1:1) ഈ വാക്യങ്ങളില്‍ നിന്നെല്ലാം യേശുവും തന്റെ ഉപദേശങ്ങളും ഒരുപോലെ പ്രാധാന്യമുള്ളവയാണെന്നു കാണുന്നു. യേശുവിനെ സ്‌നേഹിക്കുന്നതു പ്രകടമാക്കേണ്ടതിനു അവിടുത്തെ ഉപദേശങ്ങളെ അനുസരിക്കുന്നതിലൂടെയാണെന്നു കഴിഞ്ഞ അധ്യായത്തില്‍ പഠിച്ചു. യേശുവിനെ ആരാധിക്കാനല്ല യേശുവിനെ അനുസരിക്കാനാണ് അവിടുന്ന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ക്രിസ്തീയ ആത്മീയത വെറും ആരാധനയുടെയും ഭക്തിയുടെയും ആത്മീയതയല്ല. പ്രത്യുത, അതു പ്രവൃത്തിയുടെ ആത്മീയതയാണ്.
പ്രാര്‍ത്ഥന : ഞങ്ങളുടെ ഗുരുവായ ദൈവമേ, അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിനെ ഞങ്ങളുടെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായി അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അങ്ങയെ ഞങ്ങള്‍ താഴ്മയോടെ ആശ്രയിക്കുകയും ഗുരുവായി അംഗീകരിക്കുകയും ചെയ്യുന്നു. അവിടുന്ന് ഞങ്ങളെ ഉപദേശിക്കുക മാത്രമല്ല അതനുസരിച്ചു ജീവിക്കുകയും ചെയ്തു കാണിച്ചുകൊണ്ട് അനുകരണീയമായൊരു ജീവിതം നയിച്ചു. അധികാരത്തോടുള്ള അങ്ങയുടെ പഠിപ്പിക്കലുകളില്‍ ഞങ്ങള്‍ ഞങ്ങളെ സമര്‍പ്പിക്കുന്നു. അവിടുത്തെ വചനം ഭൂതങ്ങളെ പുറത്താക്കാനുള്ള കല്പനയുടെ ശക്തിയെ കൊണ്ടുവന്നു. അങ്ങയുടെ ഉപദേശപ്രകാരം താഴ്മയോടെ നടക്കാന്‍ ഞങ്ങളെ സഹായിക്കേണമേ. അങ്ങയുടെ ഉപദേശങ്ങളില്‍ സമര്‍പ്പണത്തോടെ ജീവിക്കാന്‍ അവിടുത്തെ നിരന്തരമായ അനുഗ്രഹങ്ങളും നടത്തിപ്പും ഞങ്ങളപേക്ഷിക്കുന്നു. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.