Sermon Outlines
Create Account
1-800-123-4999

ദൈവത്തിന്റെ വിമോചനപ്രക്രിയയില്‍ പങ്കാളികളായ സ്ത്രീകള്‍

Tuesday, 04 September 2018 08:29
Rate this item
(3 votes)

സെപ്റ്റംബര്‍ 9
വനിതാദിനം (Women’s Sunday)
ദൈവത്തിന്റെ വിമോചനപ്രക്രിയയില്‍ പങ്കാളികളായ സ്ത്രീകള്‍
Women Partners in God’s Liberative Act


സങ്കീര്‍ത്തനം    148
ലേഖനം           റോമ. 16:1-16
സുവിശേഷം    മര്‍ക്കൊ. 15:37-41


ധ്യാനവചനം: നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ നിങ്ങള്‍ വിശുദ്ധന്മാര്‍ക്കു യോഗ്യമാംവണ്ണം കര്‍ത്താവിന്റെ നാമത്തില്‍ കൈക്കൊണ്ടു, അവള്‍ക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിനു ഞാന്‍ നിങ്ങളെ ഭരമേല്പിക്കുന്നു. അവളും പലര്‍ക്കും വിശേഷാല്‍ എനിക്കും സഹായം ചെയ്തിരിക്കുന്നു (റോമ. 16:1,2).


ദൈവത്തിന്റെ വിമോചനപ്രകിയയില്‍ വിവേചനമില്ലാതെ ദൈവം വനിതകളെയും ശാക്തീകരിച്ച് ഉപയോഗിച്ചു. കാരണം ക്രിസ്തുയേശുവില്‍ എല്ലാവരും ഒരുപോലെയാണ്. യഹൂദനും ഗ്രീക്കുകാരനും; പുരുഷനും സ്ത്രീയും; യജമാനനും അടിമയും (ഗലാ. 3:28) എല്ലാവരും. യേശുവിനോടൊപ്പം ഒരു വലിയ കൂട്ടം സ്ത്രീകള്‍ ശുശ്രൂഷചെയ്തതായി നാം കാണുന്നു (ലൂക്കൊ. 8:1-13). സൗഖ്യം പ്രാപിച്ച സ്ത്രീകള്‍, മഗ്ദലക്കാരത്തി മറിയ, ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്ന, ശൂശന്ന, അവരുടെ വസ്തുവകകള്‍ നല്‍കി ശുശ്രൂഷ ചെയ്യുന്ന പല സ്ത്രീകളും ആ ടീമില്‍ ഉണ്ടായിരുന്നതായി നാം മനസ്സിലാക്കുന്നു. അവരുടെ ഈ തരത്തിലെ ശുശ്രൂഷകള്‍ ഗുരു സ്വീകരിച്ചിരുന്നു. യേശുവിന്റെ ദൈവരാജ്യപ്രസംഗത്തിലും പ്രവര്‍ത്തനത്തിലും അങ്ങനെ സ്ത്രീകളും പ്രധാന പങ്കാളികളായിത്തീര്‍ന്നു. പുരുഷമേധാവിത്വത്തിന്റെ കാലത്തും ബൈബിളിലെ ആത്മീയതയില്‍ സ്ത്രീകള്‍ക്ക് ഒരു നല്ല സ്ഥാനം നല്‍കുന്നതായി കാണുന്നു. സാറ, റിബേക്കാ, റാഹേല്‍, ദബോറ, രൂത്ത്, എസ്ഥേര്‍ എന്നിവര്‍ പഴയനിയമത്തിലെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.


1. വിമോചനപ്രകിയയിലെ സ്ത്രീകള്‍ : ശിപ്രാ, പൂവാ (പുറ.1:15-22)
ദൈവം അനേകം സ്ത്രീകളെ തന്റെ വിമോചനപ്രക്രിയയില്‍ ഉപയോഗിച്ചതായി നാം കാണുന്നു. യിസ്രായേല്‍ ജനങ്ങളില്‍ ആണ്‍കുട്ടികളെ അവരുടെ ജനനത്തില്‍തന്നെ കൊന്നുകളയാന്‍ ഫറവോന്‍ ചില നഴ്‌സുമാരെ ഏര്‍പ്പാടു ചെയ്തതായി നാം കാണുന്നു (പുറ.1:15-22). എന്നാല്‍ ശിപ്രാ, പൂവാ എന്ന രണ്ടു നഴ്‌സുമാര്‍ രാജാവിന്റെ കല്പനയെക്കാള്‍ ദൈവത്തെ ഭയപ്പെട്ടു കുട്ടികളെ കൊല്ലാതെ രക്ഷപ്പെടുത്തി. അതുകൊണ്ടു ജനം വര്‍ദ്ധിച്ചു ഏറ്റവും ബലപ്പെട്ടു (1:20). കുറേ കുട്ടികളെ മാത്രമല്ല, ഒരു വിമോചകനെ തന്നെ സൂക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഒരു ചെറിയ വിമോചനപ്രസ്ഥാനത്തെ ഉണ്ടാക്കാനല്ല, ലോകചരിത്രത്തിലെതന്നെ എല്ലാ വിമോചനപ്രസ്ഥാനങ്ങള്‍ക്കും സ്ത്രീകള്‍ പങ്കാളികളായിത്തീരാന്‍ ഈ സംഭവം ഇടയാക്കി. യഹൂദന്മാരുടെ വരാനിരുന്ന അത്യാഹിതത്തില്‍നിന്നും അവരെ രക്ഷിക്കാന്‍ എസ്ഥേറിനെ ദൈവം ഉപയോഗിച്ചത് ഇവിടെ പ്രസ്താവ്യമാണ് (എസ്ഥേ.7:1-10).


2. വിമോചനപ്രകിയയില്‍ സ്ത്രീകള്‍ : പൗലൊസിനോടൊപ്പം (റോമ.16:1-16)
പൗലോസ് അപ്പൊസ്തലനും തന്റെ ശുശ്രൂഷയില്‍ പങ്കാളികളായ സ്ത്രീകളെ പ്രശംസിക്കുന്നുണ്ട് (റോമ. 16:1-16). പ്രിസ്‌ക അഥവാ പ്രിസ്‌കില്ല, യൂനിയാവ്, യൂലിയ, നെരെയൂസിന്റെ സഹോദരി മറിയ, പെര്‍സിസ്, റൂഫസിന്റെ അമ്മ, യുവോദ്യ, സുന്തുക (റോമ. 16:3,7,15; ഫിലി. 4:2,3) ഇങ്ങനെ അനേകര്‍. നിജപുത്രനായ തിമൊഥെയൊസിനെ ഉപദേശിക്കുമ്പോള്‍ തിമൊഥെയൊസിന്റെ അമ്മയിലും (യൂനീക്ക) വലിയമ്മയിലും (ലോവീസ്) ഉണ്ടായിരുന്ന വിശ്വാസത്തെ അനുകരണീയമായി പ്രശംസിക്കുന്നതു കാണാം. ദൈവവേലയ്ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍, സാമ്പത്തികമായി സഹായിക്കുന്നവര്‍, വചനം പ്രസംഗിക്കാന്‍ കൂടെനിന്നു മറ്റു സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നവര്‍, പ്രസംഗിക്കുന്നവര്‍, ദൈവവേലചെയ്യുന്ന ഭര്‍ത്താക്കന്മാരെ സഹായിക്കുന്നവര്‍ ഇങ്ങനെ ഏതെല്ലാം രീതിയില്‍ ആ വിമോചനപ്രക്രിയയില്‍ ഇന്നും സ്ത്രീകള്‍ പങ്കാളികളായിത്തീരുന്നു.


3. വിമോചനപ്രകിയയില്‍ സ്ത്രീകള്‍ : യേശുവിനോടൊപ്പം (മര്‍ക്കൊ.15:37:41)
യേശുക്രിസ്തുവിന്റെ ശുശ്രൂഷയില്‍ അനേകം സ്ത്രീകളും പങ്കാളികളായിരുന്നു (ലൂക്കൊ. 8:1-3). തന്റെ ക്രൂശുമരണത്തില്‍ സാക്ഷ്യം വഹിച്ചുകൊണ്ടു കൂടെനിന്ന പുരുഷന്മാര്‍ വളരെ ചുരുക്കം പേരാണ്. എന്നാല്‍ അനേകം സ്ത്രീകള്‍ അതിനു സാക്ഷ്യംവഹിച്ചതായി മര്‍ക്കൊസ് രേഖപ്പെടുത്തുന്നു (മര്‍ക്കൊ.15:40,41). യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയിലും അനേകം വനിതകള്‍ ദൈവരാജ്യത്തിന്റെ കെട്ടുപണിയ്ക്കായി ഉപയോഗിക്കപ്പെട്ടു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവു പ്രസംഗിക്കാന്‍ (പറയാന്‍) ആദ്യം അയച്ചതു സ്ത്രീകളെയാണ് (മത്താ. 28:5-7). ഒരു സ്ത്രീയിലൂടെയാണു പാപം ലോകത്തില്‍ വന്നതെന്നു കരുതപ്പെട്ടിരുന്നു. അതായതു ഹവ്വയിലൂടെ. എന്നാല്‍ സ്ത്രീയിലൂടെ തന്നെ അനുഗ്രഹവും അതായതു ദൈവത്തിന്റെ ആത്യന്തിക വെളിപ്പാടായ ക്രിസ്തുവും ലോകത്തിലേക്കു വന്നു. ആദ്യത്തെ പാപം മുഖാന്തരം സ്ത്രീക്കു ഗര്‍ഭധാരണം വിധിക്കപ്പെട്ടു. അതൊരു ശാപമായി രേഖപ്പെടുത്തിയിരിക്കുന്നു (ഉല്പ.3:16). എന്നാല്‍ മറ്റൊരു സ്ത്രീയുടെ ഗര്‍ഭത്തിലൂടെ ലോകം മുഴുവനും അനുഗ്രഹിക്കപ്പെട്ടു. പരിശുദ്ധാത്മാവിനാല്‍ മറിയ ഗര്‍ഭിണിയായപ്പോള്‍ അവര്‍ പാടിയത് അങ്ങനെയാണ്. ''...ദൈവം തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നു. ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു...'' (ലൂക്കൊ.1:48,49). അങ്ങനെ മറ്റൊരു മാറ്റം സൃഷ്ടിക്കപ്പെട്ടു. യഹൂദന്മാരും ശമര്യരും ഏറിയകാലം ശത്രുക്കളായിരുന്നു. ആ ഒരു സാഹചര്യത്തിലാണു ക്രിസ്തു ശമര്യയിലെത്തുന്നതും തുടര്‍ന്നു ശമര്യയിലുള്ള സ്ത്രീയോടു സംസാരിച്ചതും. അവളുടെ സാക്ഷ്യം പ്രസിദ്ധമാണല്ലോ. യോഹന്നാന്‍ അതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ''സ്ത്രീ പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യാക്കാരും യേശുവില്‍ വിശ്വസിച്ചു. അങ്ങനെ ശമര്യര്‍ അവന്റെ അടുക്കല്‍ വന്നു. തങ്ങളോടു കൂടെ പാര്‍ക്കണം എന്നു യേശുവിനോട് അപേക്ഷിച്ചു. യേശു രണ്ടുനാള്‍ അവിടെ പാര്‍ത്തു. ഏറ്റവും അധികം പേര്‍ യേശുവിന്റെ വചനം കേട്ടു വിശ്വസിച്ചു (യോഹ. 4:39-41).
പ്രാര്‍ത്ഥന : സര്‍വ്വശക്തനായ ദൈവമേ, എല്ലാത്തരം ബന്ധനങ്ങളുടെയും വിമോചകനേ, പാപത്തിന്റെയും അടിമത്തത്തിന്റെയും ബന്ധനത്തില്‍നിന്നു ജനങ്ങളെ വിമോചിപ്പിക്കുന്നതില്‍ പങ്കാളികളായിത്തീരാന്‍ സ്ത്രീകളെയും പുരുഷന്മാരെയും അങ്ങ് വിളിക്കുന്നതിനാല്‍ അങ്ങേക്കു സ്‌തോത്രം ചെയ്യുന്നു. എല്ലായിടത്തും സമാധാനവും അനുരഞ്ജനവും കൊണ്ടുവരാന്‍ അങ്ങയുടെ പങ്കാളികളായി എല്ലാ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചു സമര്‍പ്പിച്ചുകൊണ്ട് അങ്ങയാല്‍ ഉപയോഗിക്കപ്പെടാന്‍ അങ്ങയുടെ സഭയിലേക്കു അങ്ങ് തൃക്കണ്‍പാര്‍ത്തരുളണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.

Menu