Sermon Outlines
Create Account
1-800-123-4999

ദാരിദ്ര്യത്തോടുള്ള ക്രൈസ്തവപ്രതികരണം

Tuesday, 18 September 2018 04:13
Rate this item
(10 votes)

സെപ്റ്റംബര്‍ 23
ദാരിദ്ര്യത്തോടുള്ള ക്രൈസ്തവപ്രതികരണം
Christian Response to Poverty


പഴയനിയമം   ആമോ. 8:4-7
സങ്കീര്‍ത്തനം    145
ലേഖനം           യാക്കോ. 2:1-7
സുവിശേഷം    ലൂക്കൊ. 16:19-31


ധ്യാനവചനം: വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവിര്‍ത്തുന്നു (സങ്കീ. 145:14).


കര്‍മ്മഫലമാണു ദാരിദ്ര്യത്തിനു കാരണമെന്നു കര്‍മ്മസിദ്ധാന്തവും ആഗ്രഹമാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണമെന്നും അതുകൊണ്ടു ദാരിദ്ര്യത്തില്‍ ജീവിക്കുന്നതില്‍നിന്നും മാറാന്‍ ആഗ്രഹിക്കരുതെന്നു മറ്റൊരു പുരാതന മതവും പറയുമ്പോള്‍ ദാരിദ്ര്യത്തോടും ദരിദ്രന്മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണു ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ മുേന്നറുന്നത്. ദരിദ്രനെ കൈതാങ്ങി, അവന്റെ ആ അവസ്ഥയില്‍നിന്നും ഉയര്‍ത്തണമെന്ന് ആദ്യമായി പഠിപ്പിച്ചതു ക്രിസ്തുവാണ്. സ്വര്‍ഗ്ഗമഹത്വംവിട്ടു ദരിദ്രനോടു സമനായി ഒരു ദരിദ്രനായി യേശു ഈ ഭൂമിയിലേക്കു വന്നു (2 കൊരി. 8:9). ദരിദ്രന്മാരോടു സുവിശേഷം അറിയിക്കാന്‍ പിതാവ് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു (ലൂക്കൊ. 4:18) എന്നായിരുന്നു തന്റെ പ്രഖ്യാപിതനയം. വരുവാനുള്ളവന്‍ നീയാണോ'എന്ന് അന്വേഷിക്കാന്‍ യോഹന്നാന്‍ സ്‌നാപകന്‍ സംശയത്തോടെ ഗുരുവിന്റെ അടുക്കല്‍ തന്റെ ശിഷ്യന്മാരെ അയക്കുമ്പോള്‍ ഗുരു പറഞ്ഞതിങ്ങനെയാണ്: ''നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പോയി യോഹന്നാനോട് അറിയിക്കുവിന്‍. കുരുടര്‍ കാണുന്നു, മുടന്തര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു... ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു''(മത്താ.11:4,5). ഇത്തരം രോഗികളെ സൗഖ്യമാക്കിയത് അവരെ രോഗത്തില്‍നിന്നും സൗഖ്യമാക്കാന്‍ മാത്രമല്ലായിരുന്നു. അതിലുപരി - ഇത്തരം രോഗികളെ സമൂഹം അറപ്പുള്ളവരായി കണ്ടിരുന്നു, അടിച്ചമര്‍ത്തപ്പെട്ടവരായി. തൊട്ടുകൂടാത്തവരും, ശപിക്കപ്പെട്ടവരുമായി. കുരുടനായി പിറക്കാന്‍ അവന്റെ പൂര്‍വ്വപിതാക്കളുടെ പാപകാരണമായി. ഇവര്‍ക്കാണ് കര്‍ത്താവ് സൗഖ്യം പ്രഖ്യാപിച്ചത്. അവര്‍ക്ക് ശാരീരികസൗഖ്യം മാത്രമല്ല, സാമൂഹികസൗഖ്യവും നല്‍കുകയാണിവിടെ. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരുകയാണ്. സൗഖ്യം പ്രാപിച്ച കുഷ്ഠരോഗി പോയി തന്നെത്തന്നെ പുരോഹിതനെ കാണിച്ച്-സൗഖ്യത്തെ പ്രഖ്യാപിച്ചു സമൂഹത്തിലേക്കു കയറ്റപ്പെടണം. അവനും ദൈവസൃഷ്ടിയാണ്. സമനാണ്. പാളയത്തിനു പുറത്തു പാര്‍ക്കേണ്ടവനല്ല. അതുവരെ ഉണ്ടായിരുന്ന 'വിധി'യുടെ നിയമങ്ങളെ കര്‍ത്താവ് പിഴുതെറിയുകയാണ്. ആരാണ് ദരിദ്രന്‍? വേദപുസ്തകത്തില്‍, പഴയനിയമത്തിലും പുതിയ നിയമത്തിലുമായി ദരിദ്രരെക്കുറിച്ച് അനേകം പരാമര്‍ശങ്ങളുണ്ട്. പഴയനിയമത്തില്‍ (എബ്രായ ഭാഷ) മുന്നൂറിലധികം (300) പ്രാവശ്യം ഈ വാക്ക് പ്രതിപാദിച്ചിരിക്കുന്നു. പല പദങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ana, dalal, aba, haser, sakan, rush, yarash, muk, haleka എന്നീ ഒന്‍പതു പ്രധാന പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പദങ്ങള്‍ക്കെല്ലാം വ്യത്യസ്ത അര്‍ത്ഥങ്ങള്‍ ഉണ്ടെങ്കിലും പൊതുവെ മര്‍ദ്ദിതന്‍, ബലഹീനന്‍, നിസ്സഹായന്‍, ഭിക്ഷക്കാരന്‍, അടിമ, ഇര, അപഹരിക്കപ്പെട്ടവന്‍, ദരിദ്രന്‍ എന്നീ അര്‍ത്ഥങ്ങളിലാണു കാണുന്നത്. പഴയനിയമത്തില്‍ ദൈവം എപ്പോഴും ഇക്കൂട്ടര്‍ക്കുവേണ്ടി കരുതലുള്ളവനായും കരുണയുള്ളവനായും പ്രവര്‍ത്തിച്ചതായി കാണുന്നു. ഇവരെ സംരക്ഷിക്കുകയും വിടുവിക്കുകയും ചെയ്യാന്‍ ദൈവം മറ്റുള്ളവരോട് ആഹ്വാനം നല്‍കുന്നു.


1. ദാരിദ്ര്യത്തോടുള്ള പ്രതികരണം പഴയനിയമത്തില്‍ (ആമോ. 8:4-7)
ദരിദ്രന്മാര്‍ക്കെതിരെ ഉണ്ടായ അടിച്ചമര്‍ത്തലും ചൂഷണവും ശക്തമായി പ്രതികരിക്കുന്ന ഒരു പ്രവാചകനാണ് ആമോസ്. എളിയവനുവേണ്ടി ശബ്ദിക്കുന്ന ഒരു പ്രവചനമായിട്ടാണ് ആമോസിന്റെ പുസ്തകത്തെ നാം കാണുന്നത്. പഴയനിയമത്തില്‍ ദരിദ്രനോടു ഐക്യദാര്‍ഢ്യം കാണിക്കുന്ന ദൈവശബ്ദം പല സ്ഥലങ്ങളിലും പ്രകടമാണ്.


പഞ്ചപുസ്തകത്തിലെ ന്യായപ്രമാണ നിയമങ്ങളും ശബ്ബത്ത്, യോബേല്‍ സംവത്സരം തുടങ്ങിയ ആചാരങ്ങളും കാണുമ്പോള്‍ ദൈവം ദരിദ്രനെ എത്രമാത്രം കരുതിയിരിക്കുന്നു എന്നതു വ്യക്തമാണ്. അവകാശവും വസ്തുവകയും ഇല്ലാത്ത കൃഷിക്കാരനും ഭവനരഹിതനായ പൗരനും തൊഴില്‍രഹിതനായ സഹോദരനും അടിമയും വിശക്കുന്നവനും മര്‍ദ്ദിതനും കൂലിക്കാരനും ദൈവമുമ്പില്‍ വിലയേറിയവരായി കാണുന്നു. ഇവരെ കരുതേണ്ടത് മറ്റുള്ളവരുടെ ഉത്തരവാദിത്വമായി ദൈവം പ്രഖ്യാപിച്ചിരിക്കുന്നു. (ലേവ്യ. 25:25, 29, 35, 39, പുറ. 21:2-6, ആവര്‍. 15:12-18, ലേവ്യ. 19:13, ആവര്‍. 24:14, പുറ. 21:20, 22:21-24, 23:9, 19:33, ആവര്‍. 15:1-15, പുറ. 23:11, ആവര്‍. 10:18, 5:12-15).


ദരിദ്രനോടു കൃപ കാട്ടുന്നവന്‍ യഹോവയ്ക്കു വായ്പ കൊടുക്കുന്നു (സദൃ. 19:17). ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു. (സദൃ. 17:5, 14:31). നീതിമാന്‍ അഗതികളുടെ കാര്യം അറിയുന്നു (സദൃ. 29:7) എന്ന് ജ്ഞാനസാഹിത്യത്തില്‍ പറയുമ്പോള്‍, പ്രവാചക പുസ്തകങ്ങളിലൂടെ ദരിദ്രര്‍ക്കുവേണ്ടി ദൈവം ശക്തമായി സംസാരിക്കുന്നതു ശ്രദ്ധേയമാണ്. ആമോസും ഹോശേയയും മീഖയും യെശയ്യാവും ദരിദ്രര്‍ക്കുവേണ്ടി കരുതുന്ന ദൈവത്തെ ചിത്രീകരിക്കുന്നു. യെശയ്യാവിന്റെ പുസ്തകത്തില്‍ മാത്രം (1-39 അദ്ധ്യായങ്ങള്‍) 24 പ്രാവശ്യം മുന്‍ സൂചിപ്പിച്ച എല്ലാ പദങ്ങളും (anaw, ani, dal, ebyon) രേഖപ്പെടുത്തിയിട്ടുണ്ട്. ആമോസില്‍ 13 പ്രാവശ്യം ഈ പദപ്രയോഗങ്ങള്‍ കാണാം. ''എളിയവരെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍'' എന്നു തുടങ്ങുന്ന മനോഹരമായ സങ്കീര്‍ത്തനത്തിലൂടെ നല്‍കുന്ന സന്ദേശവും ഇതു തന്നെയാണ് (സങ്കീ. 128:1).


നിലം കൊയ്യുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തുകൊയ്യരുതെന്നും മുന്തിരിത്തോട്ടത്തിലും നിലത്തിലും കാലാ (നിലത്തു ചിതറിക്കിടക്കുന്നത്) പെറുക്കരുതെന്നും അതെല്ലാം ദേശത്തിലെ ദരിദ്രനുവേണ്ടി വിട്ടേക്കണം എന്നുമാണ് പഴയനിയമത്തിലൂടെ ദൈവം പറഞ്ഞത് (ലേവ്യ. 19:9, 10; 23:22). ''എനിക്ക് ഇഷ്ടമുള്ള ഉപവാസം'' എന്നു ദൈവം പറയുന്നതിനെ യെശയ്യാവ് വ്യക്തമാക്കുന്നുണ്ട്. ''വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും നഗ്നനെക്കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതുമാണ് എനിക്കു ഇഷ്ടമുള്ള ഉപവാസം'' (യെശ 58:6,7).


ദശാംശത്തെക്കുറിച്ചുള്ള ഉപദേശത്തിലും ഇതു വ്യക്തമാണ്. ദശാംശം കൊണ്ടുവന്ന് അനാഥനും വിധവക്കും പരദേശിക്കും ലേവ്യനും വേണ്ടി വീതിക്കണമെന്നാണു പ്രമാണം. ഈ നാലു കൂട്ടരും കാണിക്കുന്നത് എളിയവനെയാണ്. അങ്ങനെ ചെയ്താല്‍ ''ദരിദ്രന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടാകുകയില്ല'' (ആവ. 15:4) എന്നാണ് ദൈവം കല്പിച്ചത് (ആവ. 14:28,29). കാലക്രമേണ ആലയത്തിലേക്കു ധാരാളം ധാന്യവും എണ്ണയും വീഞ്ഞും എത്താന്‍ തുടങ്ങി. ദരിദ്രനു വീതിച്ചുകൊടുത്തിട്ടു മിച്ചം വന്നപ്പോള്‍ ഭണ്ഡാരം (store) ഉണ്ടാക്കി അതിനെ സൂക്ഷിക്കാന്‍ ഹിസ്‌കീയാവ് രാജാവാണ് പ്ലാനിംഗ് ഉണ്ടാക്കിയത്. വിശ്വസ്തന്മാരെ ആ ജോലി ഏല്പിച്ചു. ദരിദ്രന്മാര്‍ക്കു കാലാകാലം അതു വീതിച്ചു കൊടുക്കണം. ആലയത്തിലെ ഈ ഭണ്ഡാരത്തില്‍ ഒരിക്കലും ആഹാരം കുറവുവന്നില്ല (2 ദിന. 31:6-12). ദശാംശം മുഴുവന്‍ ദേവാലയത്തിലേക്കു കൊണ്ടുവരാന്‍ പറഞ്ഞത് അതിനുവേണ്ടിയാണ്. ആലയത്തില്‍ ആഹാരം ഉണ്ടാകാന്‍ (മലാ. 3:10). ആഹാരം ആര്‍ക്കാണ്? ആഹാരം ആഹാരമില്ലാത്തവനാണ്. ആലയങ്ങളില്‍ ദശാംശം കൊണ്ടുവന്ന് അത് ആഹാരമായി, ആഹാരമില്ലാത്തവനു വീതിച്ചു കൊടുക്കണം. ആലയങ്ങള്‍ എല്ലാം ദരിദ്രനു ആഹാരം നല്‍കുന്ന ആശ്രമങ്ങള്‍ ആയി മാറണം.


2. ദാരിദ്ര്യത്തോടുള്ള പ്രതികരണം പുതിയനിയമത്തില്‍ (യാക്കോ.2:1-7)
ധനവാന്മാരാല്‍ ദരിദ്രര്‍ പീഡിപ്പിക്കപ്പെടുന്നു. എന്നാല്‍ ദരിദ്രരാണു വിശ്വാസത്തില്‍ സമ്പന്നര്‍ (യാക്കോ.2:5,6). ദരിദ്രനു ന്യായം നടത്തി കൊടുക്കണം. പുതിയ നിയമത്തില്‍ 34 പ്രാവശ്യം ദരിദ്രന്‍ എന്ന അര്‍ത്ഥത്തിലെ പദങ്ങള്‍ ഉണ്ട്. ഇതില്‍ 31 പ്രാവശ്യം ptochos എന്നും ഒരുപ്രാവശ്യം penes എന്നും ഒരുപ്രാവശ്യം peni-chros മറ്റൊരു പ്രാവശ്യം ptocheuo എന്നും പ്രയോഗങ്ങള്‍ ഉണ്ട്. ഇതില്‍ കൂടുതലും അര്‍ത്ഥമാക്കുന്നതു സമൂഹത്തിലെ താഴ്ത്തപ്പെട്ടവര്‍, വിശക്കുന്നവര്‍, ഭിക്ഷക്കാര്‍, രാഷ്ട്രീയമായി അശക്തര്‍, മറ്റുള്ളവരെ ആശ്രയിച്ചു മാത്രം ജീവിക്കേണ്ടി വരുന്നവര്‍, സാമ്പത്തികമായി താണവര്‍, വികലാംഗര്‍, കുരുടര്‍, കുഷ്ഠരോഗികള്‍, മുടന്തര്‍ എന്നിവരെയാണ്. (മത്താ. 25:24-36, 41-43, മര്‍ക്കൊ. 10:21, 12: 41-44, 14:3-9, ലൂക്കൊ. 16:20-22, 19:8, യാക്കോ. 2:3-6, മത്താ. 11:4,5, ലൂക്കൊ. 7:22, 14:13-22, വെളി. 3:17). പുതിയനിയമത്തില്‍ ആദ്യം എഴുതപ്പെട്ട പുസ്തകം എന്നു കരുതപ്പെടുന്ന യാക്കോബിന്റെ ലേഖനത്തില്‍ യാക്കോബ് പറയുന്നത് അനാഥരേയും വിധവമാരേയും അവരുടെ സങ്കടങ്ങളില്‍ ചെന്നു കാണുന്നതാണ് പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ഭക്തി (യാക്കോ.1:27) എന്നാണ്. ഇതുതന്നെയാണു ഗുരുവും (മത്താ. 25:35,36) പറയുന്നത്. എളിയവനു ചെയ്യുന്നതെല്ലാം കര്‍ത്താവിനു ചെയ്യുന്നുവെന്ന്.


3. ദാരിദ്ര്യത്തോടുള്ള പ്രതികരണം : യേശുക്രിസ്തുവിന്റെ ഉപദേശത്തില്‍ (ലൂക്കൊ.16:19-31)
ക്രിസ്തു പറഞ്ഞ ലാസറിന്റെയും ധനവാന്റെയും കഥ പ്രസിദ്ധമാണ്. ദരിദ്രനായ ലാസറിനു ലഭിക്കുന്ന പറുദീസ ദരിദ്രസമൂഹത്തിനുള്ള പ്രത്യാശയും വിമോചനസന്ദേശവുമാണ്. മത്താ. 5:3-ല്‍ പറയുന്നതായ ''ആത്മാവില്‍ ദരിദ്രര്‍'' എന്ന ചിന്തയും അക്കാലത്തു നിലനിന്നിരുന്നതായി മനസ്സിലാക്കണം. ദൈവത്തില്‍ മാത്രം ആശ്രയം വയ്ക്കുന്നവര്‍, താഴ്മയുള്ളവര്‍, നീതിക്കുവേണ്ടി ദാഹിക്കുന്നവര്‍ എന്നൊക്കെ ഇതിന് അര്‍ത്ഥം ഉണ്ട് (യെശ. 57:15, 66:2, സദൃ. 16:19). എന്നുവച്ചു ലൂക്കൊസ് പറയുന്നതായ ''ദരിദ്രന്മാരും'' മത്തായി പറയുന്ന ''ആത്മാവില്‍ ദരിദ്രന്മാരും'' ഒന്നല്ല. ലൂക്കൊസ് പറയുന്നതു സാമ്പത്തികമായി താണവര്‍ എന്ന അര്‍ത്ഥത്തില്‍ തന്നെയാണ്. അതായതു പുതിയനിയമത്തില്‍ 'ദരിദ്രന്‍' എന്ന പദം ഇതു രണ്ടും അര്‍ത്ഥമാക്കുന്നുണ്ടെന്നു മനസ്സിലാക്കണം. താഴ്മയുള്ളവന്‍, ദൈവത്തിലുള്ള വിശ്വാസത്തില്‍ മാത്രം ജീവിക്കുന്നവന്‍ എന്നു മാത്രമല്ല; സാമ്പത്തികമായി ദരിദ്രനും സാമൂഹികമായി താഴ്ത്തപ്പെട്ടവനും ഇതില്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്നു.


ഒന്നാംനൂറ്റാണ്ടിലെ സഭയില്‍ ബുദ്ധിമുട്ടുള്ളവന്‍ ആരും ഉണ്ടായിരുന്നില്ല (അ.പ്ര. 4:34). ദരിദ്രര്‍ ഇല്ലാത്ത സഭ! ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തു. സ്വന്തം സഹോദരങ്ങളായി. ഒരു പിതാവിന്റെ മക്കളായി. ഒന്നാം നൂറ്റാണ്ടിലെ സഭയില്‍ സമ്പന്നന്മാരും ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. ദരിദ്രനാണ് 'വിശ്വാസത്തില്‍ സമ്പന്നന്‍' എന്നാണ് യാക്കോബ് പറയുന്നത് (യാക്കോ. 2:5). അതായതു പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനം പെന്തക്കോസ്തു നാളുമുതല്‍ ഉണ്ടായ കാലത്തു ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം ശക്തമായി നടന്നിരുന്നു. അങ്ങനെയാണു ദാരിദ്ര്യരഹിതസമൂഹം (സഭ) ഉടലെടുത്തത്. ക്രമേണ ഈ അവസ്ഥ മാറി. അതു യാക്കോബിന്റെ ലേഖനത്തില്‍നിന്നു മനസ്സിലാക്കുന്നു.


പൗലൊസ് അപ്പൊസ്തലനോടു, സീനിയര്‍ അപ്പൊസ്തലന്മാരായ പത്രൊസിനും യാക്കോബിനും യോഹന്നാനും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. പൗലൊസിനു വിജാതിയരുടെ ഇടയില്‍ ശുശ്രൂഷയും, പത്രൊസിനും കൂട്ടര്‍ക്കും യഹൂദന്മാരുടെ ഇടയിലെ ശുശ്രൂഷയുമാണെന്ന് അവര്‍ തമ്മില്‍ സമ്മതിച്ചു പിരിയുമ്പോള്‍ സീനിയര്‍ അപ്പൊസ്തലന്മാര്‍ ഒരേയൊരു കാര്യം മാത്രം പൗലൊസിനെ ഓര്‍പ്പിച്ചു. ''ദരിദ്രരെ ഉപേക്ഷിക്കരുത്-അവരെ ഓര്‍ത്തുകൊള്ളേണം'' (ഗലാ. 2:9). അന്നത്തെ കാലത്തു വളരെ പ്രധാനപ്പെട്ടതും അവര്‍ പ്രമാണിച്ചു വന്നതുമായ ഒരു ഉപദേശമായിരുന്നു ഇതെന്ന് ഈ വചനത്തില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. കര്‍ത്താവിന്റെ അത്താഴത്തെക്കുറിച്ചുള്ള ഉപദേശത്തില്‍ പൗലൊസ് നല്‍കുന്ന ഊന്നല്‍ ദരിദ്രസഹോദരനു നല്‍കേണ്ട പരിഗണനയാണ്. എന്നാല്‍ ഇതു പലപ്പോഴും വിസ്മരിക്കപ്പെടുന്നു (1 കൊരി. 11:17-22,33,34). ഒരു സദ്യ കൊടുക്കുമ്പോള്‍ അതു ദരിദ്രനു നല്‍കാന്‍ ഗുരു പഠിപ്പിച്ചത് എന്തു ശക്തിയേറിയതാണ് (ലൂക്കൊ. 14:12-14). പൂര്‍ണ്ണനാകാന്‍ ആഗ്രഹിച്ചുവന്ന യുവാവിനോട് എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കാന്‍ ഗുരു ആവശ്യപ്പെടുന്നത് വളരെ ശക്തിയേറിയ ഉപദേശമായി കാണുന്നു. ''എല്ലാവര്‍ക്കും സമത്വം വരണമെന്ന'' (2 കൊരി. 8:3, 14) പൗലൊസിന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്. ഇന്ത്യ ഒരു ദരിദ്രരാജ്യമായി നാം മനസ്സിലാക്കുന്നു. ഇന്ത്യയിലെ 40% ജനം ഒരു ദിവസം പത്തുരൂപ വരുമാനമില്ലാത്തവരാണ്. ''ദരിദ്രര്‍, ദരിദ്രരായിരിക്കാന്‍ കാരണം അവര്‍ ദരിദ്രരായതുകൊണ്ടാണ്'' എന്നാണ് ശര്‍മ്മ എന്ന ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍ പറയുന്നത്. ദരിദ്രരില്‍ 70-80% പേര്‍ ദളിതരും ആദിവാസി സമൂഹങ്ങളുമാണ്. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ടു ജീവിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങള്‍ നമ്മുടെ ഭാരതത്തിലുണ്ട്. അതേസമയം ഒരുനേരംപോലും ഭക്ഷണമില്ലാതെ പട്ടിണി മരണം നടക്കുന്ന അനേകം സംഭവങ്ങള്‍ വടക്കേ ഇന്ത്യയില്‍ ദൃശ്യമാണ്. ഐ.റ്റി മേഖലകളില്‍ ജോലി നോക്കുന്നവര്‍ ഇന്ത്യയില്‍ മാസംതോറും ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്നു. മാസം മുന്നൂറു രൂപ വരുമാനമുള്ള ദരിദ്രനും, ലക്ഷം രൂപ വരുമാനമുള്ളവരും അരിയും പച്ചക്കറിയും വാങ്ങാന്‍ വരുന്നത് ഒരേ മാര്‍ക്കറ്റിലാണ്. ഇവിടെയാണ് ദരിദ്രന്റെ ജീവിതം ദുസ്സഹമായിത്തീരുന്നത്. ഇവിടെ അവര്‍ക്ക് എന്താണു പ്രതീക്ഷ? എന്താണു പ്രത്യാശ? അവനുവേണ്ടി നില്‍ക്കുന്നതു സുവിശേഷം മാത്രമാണ്. യേശുഗുരുവിന്റെ ഉപദേശങ്ങള്‍ മാത്രം! ഇവിടെ ആധുനിക മിഷണറി പ്രവര്‍ത്തനങ്ങളും സഭകളും വിശ്വാസികളും കണ്ണു തുറക്കണം. ദരിദ്രനെ ഓര്‍ക്കണം! (ഗലാ. 2:9) അവനോടൊപ്പം നില്‍ക്കാന്‍. ഓരോ പ്രാദേശികസഭയും ആ പ്രദേശത്തെ ദാരിദ്ര്യമുക്തമാക്കാന്‍ ശ്രമിച്ചാല്‍ മാത്രം മതി. മെഥഡിസ്റ്റ് സഭയുടെ സ്ഥാപകനായ ജോണ്‍ വെസ്ലിയും രക്ഷാസൈന്യസ്ഥാപകരായ വില്യംബൂത്തും കാതറിന്‍ ബൂത്തും ഫ്രീ മെഥഡിസ്റ്റ് സഭയുടെ സ്ഥാപകനായ ആര്‍.റ്റി.റോബര്‍ട്‌സും ചര്‍ച്ച് ഓഫ് നസറയിനും ലാറ്റിന്‍ അമേരിക്കയിലെ പെന്തക്കോസ്തിസവുമൊക്കെ ആരംഭിച്ച കാലഘട്ടങ്ങളിലെ ദര്‍ശനം ''ദരിദ്രന്മാരോടുള്ള സുവിശേഷ''മായിരുന്നു. പാടത്തും ഖനിയിലും അടിമവേലസ്ഥലങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചു. റോഡുവക്കില്‍ പ്രസംഗിച്ചു. വലിയ ഉണര്‍വ്വിന്റെ കാറ്റടിച്ചു - ദരിദ്രരുടെ ഇടയില്‍. അവരാണല്ലോ വിശ്വാസത്തില്‍ സമ്പന്നര്‍ (യാക്കോ. 2:5). ഭാരതത്തിലെ ദരിദ്രസമൂഹത്തിന്റെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സുവിശേഷവേലക്കാര്‍ വളരെ വിരളമാണ്. സഭകളും മിഷണറിസമൂഹങ്ങളും ഈ ദൗത്യത്തിലേക്കു മടങ്ങിവരണം. ഒരു കാലത്തു ദരിദ്രസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി സേവനം മാത്രം ലക്ഷ്യമാക്കി പണിത സ്‌കൂളുകളും ആശുപത്രികളുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. മുമ്പു നടന്ന മിഷണറി സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും ഇപ്പോഴുള്ളതുപോലെയായിരുന്നില്ല. സേവനതല്പരരായ ത്യാഗവീരന്മാരായ മിഷണറിമാര്‍ നമുക്കുണ്ടായിരുന്നു. സാധുസ്ത്രീകള്‍ക്കു മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ റിംഗിള്‍ റ്റോബും (തിരുവിതാംകൂറിലെ ആദ്യത്തെ പ്രോട്ടസ്റ്റന്റ് മിഷണറി, എല്‍.എം.എസ്സ്) കേരളത്തിലെ അടിമത്തം നിര്‍ത്തലാക്കാന്‍ പോരാടിയ മിഷണറിമാരും (സി.എം.എസ്സ്), സതി, ശിശുവിവാഹം, ശിശുഹത്യ തുടങ്ങിയ സാമൂഹിക അനാചാരങ്ങളെ തുടച്ചുനീക്കാന്‍ പ്രവര്‍ത്തിച്ച വില്യം ക്വേറിയും (ബാപ്റ്റിസ്റ്റ് മിഷണറി), മറ്റനേക കത്തോലിക്കാ മിഷണറിമാരും ഇതിനുദാഹരണങ്ങളാണ്.


പ്രാര്‍ത്ഥന : സമ്പുഷ്ടമായ കൃപകൊണ്ടും നന്മകൊണ്ടും സൃഷ്ടിയെ നവീകരിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന പരിപാലകനായ ദൈവമേ, ഞങ്ങളുടെ ചുറ്റുപാടുമുള്ള ലോകത്തിന്റെ ആവശ്യങ്ങളെക്കാണാന്‍ ഞങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും തുറക്കുകയും സ്‌നേഹവും കരുതലുംകൊണ്ടു എല്ലാവര്‍ക്കുംവേണ്ടി ക്രൂശില്‍ തന്നെത്താന്‍ ശൂന്യനാക്കിക്കൊണ്ടു എല്ലാവര്‍ക്കായും നല്‍കപ്പെട്ടതുപോലെ മറ്റുള്ളവര്‍ക്കായി പകരപ്പെടാന്‍ ഞങ്ങളുടെ ജീവിതങ്ങളെ പോഷിപ്പിക്കുകയും ചെയ്യേണമെന്ന് ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.

Menu