മുതിര്‍ന്ന പൗരന്മാരുടെ ജ്ഞാനം യുവതലമുറയ്ക്കുള്ള ശക്തിയാണ്. കാരണം അവരുടെ ജ്ഞാനം അനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. ശലോമോനു ശേഷം വന്ന അദ്ദേഹത്തിന്റെ മകനായ രെഹബെയാം രാജാവിന്റെ വീഴ്ചയ്ക്കു പ്രധാനകാരണം ജ്ഞാനികളായ മുതിര്‍ന്നവരോട് ആലോചന ചോദിക്കാതെ യുവാക്കന്മാരുടെ ആലോചനപ്രകാരം ആസൂത്രണ പരിപാടികള്‍ നടപ്പിലാക്കിയതാണ് (1രാജാ. 12). ശലോമോന്റെ മന്ത്രിസഭയില്‍ ഒരുകൂട്ടം വൃദ്ധന്മാരായിരുന്നു ആലോചന നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ശലോമോന്‍ ജ്ഞാനിയായിത്തീര്‍ന്നു. നിന്റെ അപ്പന്റെയും അപ്പന്റെ സ്‌നേഹിതന്മാരുടെയും ഉപദേശം ഉപേക്ഷിക്കരുതെന്ന ശലോമോന്റെ പഠിപ്പിക്കലാണ് രെഹബെയാം ത്യജിച്ചുകളഞ്ഞത്. മുതിര്‍ന്നവരുടെ മുഖത്തിലെ ചുളിവുകള്‍ അവരുടെ ശ്രേഷ്ഠഭൂതകാല അനുഭവങ്ങളായും കൈകളിലെ പാടുകള്‍ കഠിനാദ്ധ്വാനത്തിന്റെ അടയാളങ്ങളായും വെളുത്തുപോയ മുടികള്‍ അറിവിന്റെ കിരീടമായും മങ്ങിയ കണ്ണുകള്‍ പുത്തന്‍തലമുറയുടെ വഴിവിളക്കുകളായും നാം തിരിച്ചറിയണം. വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ നന്നേ ശ്രമപ്പെടുന്ന പുതിയ തലമുറയുടെ തിരക്കുപിടിച്ച ജീവിതത്തില്‍ മുതിര്‍ന്നവര്‍ അവഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ മുതിര്‍ന്നവരേയും ദൈവം ഉപയോഗിക്കുന്നു. അതുകൊണ്ടാണു വാര്‍ദ്ധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കുമെന്നു തിരുവചനം പറയുന്നത്.
1. ദൈവഭക്തിയുടെ ജ്ഞാനം (ഉല്പ. 24:1-14)
വൃദ്ധനായ അബ്രഹാം തന്റെ മകനു ഭാര്യയെ അന്വേഷിക്കാനായി എലെയാസറിനെ അയക്കുന്നതാണ് ഉല്പത്തി 24. ചുറ്റും പാര്‍ക്കുന്ന കനാന്യരില്‍ നിന്നു തന്റെ മകനു ഭാര്യയെ എടുക്കരുതെന്നു സത്യദൈവത്തെ ആരാധിക്കുന്ന സമൂഹത്തില്‍നിന്നു മാത്രമേ തനിക്കു മരുമകളെ എടുക്കാവൂ എന്നും അദ്ദേഹം ദാസനെ ഉപദേശിച്ചു. ദൈവത്തോടുള്ള ഭക്തിയും വിശ്വാസവുമാണ് ഇവിടെ പ്രകടമാകുന്നത്. മുതിര്‍ന്നവരുടെ ജ്ഞാനം ദൈവഭക്തിയില്‍നിന്നുടലെടുത്ത ജ്ഞാനമാണ്. കാരണം അവര്‍ പലരും ദൈവത്തെ രുചിച്ചറിഞ്ഞവരാണ്. ഇന്നത്തെ തലമുറ ഇതു തിരിച്ചറിയുകയും മുതിര്‍ന്നവരോടുള്ള കരുതലും സ്‌നേഹവും വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടതാണ്.
2. വിശ്വസിക്കുന്ന ജ്ഞാനം (2തിമൊ. 1:3-14)
ആത്മീയപുത്രനായ തിമൊഥെയൊസിനു വി.പൗലൊസ് ലേഖനം എഴുതുന്നു. ദൈവത്തിലുള്ള വിശ്വാസം നിജപുത്രനില്‍ വര്‍ദ്ധിച്ചുവരാന്‍ പൗലൊസ് ഉപദേശം നല്‍കുന്നു. ആ നിര്‍വ്യാജവിശ്വാസത്തിനു തന്റെ വലിയമ്മയെയും അമ്മയേയും മാതൃകയാക്കാന്‍ പൗലൊസ് തിമൊഥെയൊസിനെ ഉപദേശിക്കുന്നു - ''ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു'' (2തിമൊ.1:5). പൂര്‍വ്വതലമുറയില്‍ മാതാപിതാക്കളിലുണ്ടായിരുന്ന ജ്ഞാനം ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ജ്ഞാനമാണ്. അതുകൊണ്ടാണ് അവരുടെ ജീവിതം ദൈവകേന്ദ്രിതമായിരുന്നത്. അവര്‍ക്കുണ്ടായിരുന്നതു ദൈവവിശ്വാസം മാത്രമായിരുന്നു. ഇത്തരത്തിലെ വിശ്വാസത്തില്‍ അധിഷ്ഠിതമായ ജ്ഞാനമാണു നാം പ്രാപിക്കേണ്ടത്.
3. നീതിയോടെ നടക്കുന്ന ജ്ഞാനം (ലൂക്കൊ.1:5-7)
വാര്‍ദ്ധക്യത്തിലെത്തിയ സെഖര്യാവിനെയും എലീശബെത്തിനെയും കുറിച്ചു ലൂക്കൊസ് ഇങ്ങനെ പറയുന്നു - ''ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകലകല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു'' (ലൂക്കൊ.1:6). നീതിയോടും സത്യത്തോടും നടക്കുന്ന ഒരു മുന്‍തലമുറ നമുക്കുണ്ടായിരുന്നു. വെറും ദൈവഭക്തിയും വിശ്വാസവും മാത്രമല്ല അവരുടെ ജ്ഞാനം പ്രവൃത്തികളില്‍ കാണിച്ചു. നീതിക്കുവേണ്ടി പോരാടാനും സത്യത്തിനുവേണ്ടി നില്‍ക്കാനും ആധുനിക തലമുറയെ ഓര്‍മ്മിപ്പിക്കുന്നതു നീതിയോടെ നടന്ന മുന്‍തലമുറക്കാരാണ്.
4. വാര്‍ദ്ധക്യത്തിലും ഫലം നല്‍കുക (സങ്കീ.92)
മുതിര്‍ന്നപൗരന്മാര്‍ക്കുള്ള ജ്ഞാനം കുഴിച്ചിടാനുള്ളതല്ല. അത് ഇന്നത്തെ തലമുറയ്ക്കു പകര്‍ന്നു നല്‍കണം. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം കായ്ക്കുന്നവര്‍ ആയിരിക്കണം. വാര്‍ദ്ധക്യത്തിലായിരിക്കുന്നവര്‍ നിരാശയോടും ഒറ്റപ്പെടലോടും കഴിയേണ്ടവരല്ല. വാര്‍ദ്ധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കാന്‍ വേദപുസ്തകം സന്ദേശം നല്‍കുന്നുണ്ട് (സങ്കീ. 92:14). നല്ലഫലം കായ്ക്കാനായി ക്രിസ്തു നല്‍കുന്ന ഉപദേശങ്ങളും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. ഏതെല്ലാം വിധത്തില്‍ ദൈവത്തിനായും സമൂഹത്തിനായും പ്രയോജനപ്പെടാമോ അതെല്ലാം പരമാവധി ഉപയോഗിക്കാന്‍ അവരും തയ്യാറാകണം.
പ്രാര്‍ത്ഥന : ഞങ്ങളുടെ പൂര്‍വ്വികരുടെ ദൈവമേ, അവര്‍ ഞങ്ങളുടെ ജീവിതത്തിന്റെയും സാക്ഷ്യത്തിന്റെയും മാതൃകയായിരിക്കുന്നതുകൊണ്ടു മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ അങ്ങ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. തങ്ങളുടെ ശുശ്രൂഷയിലും ജീവിതത്തിലും കുറ്റമറ്റ വഴിയില്‍ നടന്ന സെഖര്യാവിനേപ്പോലുള്ള സമര്‍പ്പിക്കപ്പെട്ട പുരോഹിതന്മാര്‍ക്കായി അങ്ങേക്കു സ്‌തോത്രം അര്‍പ്പിക്കുന്നു. അനുഗ്രഹത്തിന്റെ ഉറവിടമായി ഞങ്ങളുടെ കുടുംബങ്ങളില്‍ നല്‍കപ്പെട്ടതും അനേകര്‍ക്കു അനുഗ്രഹമായിത്തീര്‍ന്നതുമായ അങ്ങയുടെ ദാസന്മാരുടെ ജീവിതവഴികളിലൂടെ ഞങ്ങളെയും നയിക്കേണമേ. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരുടെ ജീവിതാനുഭവങ്ങളില്‍നിന്നു ജ്ഞാനം ഉള്‍ക്കൊള്ളാനും അങ്ങയുടെ നടത്തിപ്പ് ഞങ്ങള്‍ക്കും നല്‍കേണമേ. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.