Sermon Outlines
Create Account
1-800-123-4999

അല്മായശുശ്രൂഷ

Monday, 01 October 2018 04:59
Rate this item
(2 votes)

ഒക്‌ടോബര്‍ 7
അല്‍മായരുടെ ഞായര്‍ (Laity Sunday)


അല്മായശുശ്രൂഷ
Ministry of the Laity

 


പഴയനിയമം   1 ശമു. 25:14-28
സങ്കീര്‍ത്തനം    23
ലേഖനം           1 തെസ്സ. 4:1-12
സുവിശേഷം    ലൂക്കൊ. 10:25-37


ധ്യാനവചനം: യേശു അവനോടു: നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു (ലൂക്കൊ. 10:37).


വിവിധരീതികളില്‍ ക്രിസ്തുസഭയിലെ ഓരോ അംഗങ്ങള്‍ക്കും ദൈവികശുശ്രൂഷയില്‍ പങ്കാളികളാകാം. അല്മായ ശുശ്രൂഷ ദൈവസഭയില്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം സഭയുടെ പ്രധാന ശുശ്രൂഷകള്‍ പലതും നിര്‍വ്വഹിക്കുന്നത് അല്മായരാണ്. കാരണം എല്ലാവരും ദൈവസഭയുടെ ശുശ്രൂഷയില്‍ പങ്കാളികളായിരിക്കേണ്ടതാണ് (1കൊരി.12). മുന്തിരിത്തോട്ടത്തിലേക്കു എല്ലാക്കാലത്തും എല്ലാവരും വിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (മത്താ. 20:1-7). ദൈവവിളി ഇല്ല എന്നുപറഞ്ഞു ആര്‍ക്കും മാറിനില്‍ക്കാന്‍ കഴിയില്ല. പ്രസംഗംകൊണ്ടു മാത്രമല്ല ദൈനംദിന ജീവിതത്തിലെ ഓരോ പ്രവൃത്തികൊണ്ടും ക്രിസ്തുവിനെ സാക്ഷിക്കാന്‍ കഴിയുന്നത് അല്മായ ശുശ്രൂഷയില്‍ പ്രധാന പങ്കുവഹിക്കുന്നു.


1. സമാധാനമുണ്ടാക്കുന്ന ശുശ്രൂഷ (1ശമു.25:14-28)
നാബാലിന്റെയും അബീഗയിലിന്റെയും ഒരു സംഭവമാണ് ഈ വേദഭാഗത്തില്‍ കാണുന്നത്. മാവോനില്‍ പാര്‍ത്തിരുന്ന ഒരു ധനികനാണു നാബാല്‍. നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു അറിഞ്ഞു ദാവീദ് പത്തു ബാല്യക്കാരെ കര്‍മ്മേലില്‍ നാബാലിന്റെ അടുക്കല്‍ അയച്ചു. അവര്‍ ചെന്നു സമാധാനമറിയിക്കുകയും നാബാലിനോടു സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ നാബാല്‍ ദാവീദിനെ നിന്ദിച്ചു. ഒന്നും കൊടുക്കാതെ ബാല്യക്കാരെ തിരിച്ചയച്ചു. ഭൃത്യന്മാരില്‍ ഒരുവന്‍ ഈ കാര്യം നാബാലിന്റെ ഭാര്യയായ അബീഗയിലിനെ അറിയിച്ചു. ഉടന്‍തന്നെ അബീഗയില്‍ വേണ്ടത്ര ഭക്ഷണപദാര്‍ത്ഥങ്ങളുമായി ഭൃത്യന്മാരെ അയച്ചു. ദാവീദിന്റെ കോപം ശമിപ്പിക്കുന്നതിനു അബീഗയിലും പിന്നാലെ ബദ്ധപ്പെട്ടു ചെന്നു. ദാവീദിന്റെ മുമ്പില്‍ സാഷ്ടാംഗം വീണും അവള്‍ ക്ഷമ യാചിച്ചു. കോപം ശമിച്ച ദാവീദ് തന്നെ കാണുന്നതിനു അബീഗയിലിനെ അയച്ച ദൈവത്തിനു സ്‌തോത്രം ചെയ്തു. ഇങ്ങനെ വലിയ രക്തച്ചൊരിച്ചില്‍ ഒഴിവായി. ഒരു സ്ത്രീയുടെ അവസരോചിതമായ ബുദ്ധിയുള്ള ഇടപെടല്‍കൊണ്ട് ഒരുദേശം മുഴുവനും സമാധാനത്തില്‍ എത്തുന്നു. അബീഗയിലിനെ പോലെ സമാധാനം ഉണ്ടാക്കുന്നത് ഒരു ദൈവശുശ്രൂഷ തന്നെയാണ്. ക്രിസ്തുവും പഠിപ്പിക്കുന്നതും അങ്ങനെതന്നെയാണ് ''സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍'' (മത്താ. 5:9). സഭകളിലും സമൂഹത്തിലും സമാധാനം ഉണ്ടാക്കുന്ന ശുശ്രൂഷ ഏതു അല്മായര്‍ക്കും ചെയ്യാന്‍ സാധിക്കുന്നതാണ്.


2. പ്രവൃത്തിയിലൂടെയുള്ള ശുശ്രൂഷ (1 തെസ്സ.4:1-12)
ജീവിതത്തിന്റെ നല്ല സ്വഭാവങ്ങളിലൂടെ ക്രിസ്തുവിനെ സാക്ഷിക്കാന്‍ സാധിക്കുന്നതും ഒരു ശുശ്രൂഷയാണ്. സ്വന്തം കൈകൊണ്ടു വേല ചെയ്യുവാന്‍ അഭിമാനം തോന്നണമെന്നു പൗലൊസ് പറയുന്നു (1തെസ്സ.4:12). അന്യോന്യം സ്‌നേഹിക്കണം, പുറത്തുള്ളവരോടു മര്യാദയായി നടക്കണം, കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കണം, വിശുദ്ധിക്കായി വിളിക്കപ്പെട്ടതുകൊണ്ടു വിശുദ്ധിയോടെ നടക്കണം. കാരണം നമ്മെക്കുറിച്ചുള്ള ദൈവഇഷ്ടം നമ്മുടെ ശുദ്ധീകരണമാണ് (1തെസ്സ.4:3, എബ്രാ.12:14). നാം ക്രിസ്തുവിന്റെ പത്രങ്ങള്‍ ആയിരിക്കുന്നു (2കൊരി.3:3). ക്രിസ്തുവിനെ അറിയാത്ത ഒരാള്‍ ക്രിസ്തുവിനെ അറിയേണ്ടതു ക്രിസ്തുവിന്റെ പത്രം വായിച്ചാണ്. ക്രിസ്തുവിന്റെ പത്രം നമ്മുടെ ജീവിതമാണ് (മത്താ.5:16).


3. ശ്രേഷ്ഠമായ അല്മായ ശുശ്രൂഷ - നല്ല അയല്‍ക്കാരനാവുക (ലൂക്കൊ.10:25-37)
പുരോഹിതനും ലേവ്യനും ചെയ്യാത്തതാണ് ശമര്യാക്കാരന്‍ ചെയ്തത്. ന്യായശാസ്ത്രിയുടെ ചോദ്യം ഇതായിരുന്നു: ആരാണ് എന്റെ അയല്‍ക്കാരന്‍. ക്രിസ്തു നല്‍കുന്ന മറുപടി വളരെ വ്യക്തമാണ്. വഴിയരികില്‍ അര്‍ദ്ധപ്രാണനായി, നഗ്നനായി, മുറിവേറ്റവനായി കിടക്കുന്ന ഒരു അപരിചിതന്‍. ഭൂമിശാസ്ത്രപരമായ അയല്‍ക്കാരനല്ല ക്രിസ്തു പറഞ്ഞ അയല്‍ക്കാരന്‍. ക്രിസ്തുവിന്റെ അയല്‍ക്കാരന്‍ മനസ്സിലെ അയല്‍ക്കാരനാണ്. അയല്‍ക്കാരനായിരിക്കാനുള്ള യോഗ്യത ഇതൊക്കെയാണ്. അവന്റെ പേരോ മറ്റു വസ്തുതകളോ ഇവിടെ വ്യക്തമല്ല. താന്‍ ചെയ്യാത്ത കുറ്റത്തിനു ഇരയാക്കപ്പെട്ടവനാണ്. ചതിക്കപ്പെട്ടവന്‍. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടവന്‍. ഈ അയല്‍ക്കാരനെ രക്ഷ ചെയ്യാനായി മുന്നിലേക്കു വരുന്ന ഒരു ആത്മീയതയാണു നമുക്കുണ്ടാകേണ്ടത്. ആവശ്യത്തിലിരിക്കുന്നവനോടു കരുണ കാണിക്കാനായി ക്രിസ്തു ഇവിടെ ആഹ്വാനം ചെയ്യുന്നു (ലൂക്കൊ.10:37). ഇവിടെ നമുക്കുള്ള മാതൃക ക്രിസ്തു തന്നെയാണ്. കഴുതപ്പുറത്തു വന്ന നല്ല ശമര്യാക്കാരന്‍. ലോകത്തിന്റെ എല്ലാ മുറിവുകളും കെട്ടുന്നവന്‍. സ്‌നേഹത്തിന്റെയും കരുണയുടെയും പര്യായം. അല്മായശുശ്രൂഷയുടെയും പര്യായം.


പ്രാര്‍ത്ഥന : കൃപാലുവായ ദൈവമേ, അങ്ങയുടെ സാന്നിധ്യത്തിന്റെയും ശക്തിയുടെയും ചാലകങ്ങളായിരിക്കാന്‍ അങ്ങ് ജനങ്ങളെ വിളിക്കുന്നു. അങ്ങയുടെ സൃഷ്ടിയോടു എന്നേക്കും മനസ്സലിവുള്ളവനായിരിക്കേണമേ. പീഡിപ്പിക്കപ്പെടുന്നവരെ കാണാനുള്ള കണ്ണും കഷ്ടപ്പെടുന്നവരുടെ ഞരക്കം കേള്‍ക്കാനുള്ള കാതുകളും ഞങ്ങള്‍ക്കു തരേണമേ. ഏതാവശ്യത്തിലിരിക്കുന്നവരോടും പ്രതികരിക്കാനും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം ഘോഷിക്കാനുമുള്ള ഹൃദയം ഞങ്ങള്‍ക്കു തരേണമേ. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.

Menu