അന്യഥാ കഴിവുള്ളവരോടുകൂടെ നില്‍ക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന ദൈവസ്‌നേഹം ബൈബിളില്‍ ദൃശ്യമാണ്. അവിടുന്ന് അകൃത്യങ്ങള്‍ മോചിക്കുന്നു സകലരോഗങ്ങളും സൗഖ്യമാക്കുന്നു (സങ്കീ.103:3) എന്ന വചനം ആശ്വാസജനകമാണ്. മാനസികവും ശാരീരികവുമായി തളര്‍ന്നുപോകുന്നതും വെല്ലുവിളിക്കപ്പെടുന്നതും ഏതെങ്കിലും കര്‍മ്മഫലമാണെന്നും ശാപമാണെന്നും ചിന്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ക്രിസ്തുവിന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. കുരുടനും മുടന്തനും ചെകിടനും കുഷ്ഠരോഗിയും അന്നു സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ടവരാണ്. അതായത് അശുദ്ധരാണ്. എന്നാല്‍ ആരെയും അശുദ്ധരെന്നു പറയരുതെന്നാണു പുതിയനിയമം പഠിപ്പിക്കുന്നത് (അ.പ്ര.10:28). ഇത്തരം രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ ജീവിക്കാന്‍ അര്‍ഹതയുള്ളവരായിരുന്നില്ല. പൂര്‍ണ്ണമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ജീവിതത്തില്‍ ഒതുക്കപ്പെടുകയും ചെയ്ത ഇപ്രകാരമുള്ളവരെ പൂര്‍ണ്ണരാക്കി ഒരു സമഗ്രവ്യക്തിത്വത്തിന്റെ ഉടമയാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ് ക്രിസ്തു ചെയ്തത്. യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങളും രോഗശാന്തികളും ജനത്തെ തന്നിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ ചെയ്തതല്ല. പ്രത്യുത ജനത്തിന്റെ വിടുതലിനായി, അഥവാ വിമോചനത്തിനായി ചെയ്തതാണ്. യേശു വരുത്തിയ സൗഖ്യം വെറും ശാരീരികം മാത്രമായിരുന്നില്ല. അതു സാമൂഹികവും ആത്മീയവും കൂടെയായിരുന്നു. അതുകൊണ്ട് ഇന്നും മാനസികവും ശാരീരികവുമായി വെല്ലുവിളിക്കപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം സഭയിലെ ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതാണ്.
1. അന്യഥാ കഴിവുള്ളവരോടു കൂടെയിരിക്കുന്ന ദൈവം (പുറ.4:10-17)
ബലഹീനനായ മോശെയെ ദൈവം ബലപ്പെടുത്തി. ഞാന്‍ നിന്നോടു കൂടെയുണ്ടെന്നു ധൈര്യപ്പെടുത്തി. വിക്കനും തടിച്ച നാവുള്ളവനും വാക്‌സാമര്‍ത്ഥ്യമില്ലാത്തവനുമാണ് താനെന്നു മോശെ പറഞ്ഞെങ്കിലും ദൈവം അദ്ദേഹത്തെ വലിയ ശുശ്രൂഷയ്ക്കായി വിളിച്ചു. ഊമനെയും ചെകിടനെയും കുരുടനെയും ഉണ്ടാക്കിയത് ഞാനാണ് എന്ന് ദൈവം മോശെക്കു ബോധ്യപ്പെടുത്തി (4:11). അദ്ദേഹത്തിന്റെ ബലഹീനതയെ ദൈവം ഉപയോഗിച്ചു. സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവേശനമില്ലാതെ കഴിയുന്ന വെല്ലുവിളിക്കപ്പെട്ട ഓരോ വ്യക്തിയോടും സമൂഹത്തോടും ദൈവത്തിനുള്ള ഐക്യദാര്‍ഢ്യം വളരെ പ്രാധാന്യമേറിയതാണ്. ദാവീദ് മുടന്തനായ മെഫീബോശെത്ത് എന്ന ശൗലിന്റെ മകനായ യോനാഥാന്റെ മകനു തന്റെ കൊട്ടാരത്തില്‍ വസിച്ചു രാജാവിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുകൊള്ളാന്‍ നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ കഥ വെളിപ്പെടുത്തുന്നതു ദാവീദിന്റെ മേലുള്ള ദൈവികസ്വഭാവമാണ്. പലകാരണങ്ങളാല്‍ വെല്ലുവിളിക്കപ്പെട്ടുപോയ മനുഷ്യരെ ദൈവത്തിന്റെ മേശയില്‍ അടുപ്പിക്കുന്ന ഒരു ദൈവികസ്വഭാവം വേദപുസ്തകത്തില്‍ മുഴുവന്‍ ദര്‍ശിക്കാവുന്നതാണ് (2ശമു. 9:1-13, സങ്കീ. 38). ശാരീരിക മാനസിക രോഗങ്ങളുള്ളവരെ സൗഖ്യമാക്കുന്ന ദൈവത്തെ പഴയനിയമത്തില്‍ ധാരാളം സ്ഥലങ്ങളില്‍ കാണാന്‍ സാധിക്കും (2ദിന.7:14, പുറ.15:26, യിരെ.33:6, സങ്കീ.103:3, 107:20, യെശ.53:3-5).
2. ബലഹീനനെ ശക്തീകരിക്കുന്നു (അ.പ്ര.3:1-10)
സുന്ദരം എന്ന ദൈവാലയഗോപുരത്തിനു മുന്നില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന നാല്പതിലധികം വയസ്സുള്ളയാളെ പത്രൊസും യോഹന്നാനും ചേര്‍ന്നു യേശുക്രിസ്തുവിന്റെ നാമത്തില്‍ ശക്തീകരിക്കുന്നു. തുള്ളിച്ചാടി അദ്ദേഹം ആലയത്തിനുള്ളില്‍ ആരാധനയ്ക്കായി പ്രവേശിക്കുന്നു. ബലഹീനനെ ശക്തീകരിക്കാനുള്ള ഒരു ആഹ്വാനം ദൈവസഭയ്ക്കുണ്ട്. തളര്‍ന്ന കൈയും കുഴഞ്ഞ മുഴങ്കാലും നാം നിവര്‍ത്തണം. മുടന്തുള്ളതു ഉളുക്കി പോകാതെ ഭേദമാകേണ്ടതിനു കാലിനു പാതകള്‍ നിരപ്പാക്കണം (എബ്രാ.12:12,13, ഗലാ.6:1).
3. യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങള്‍ : അന്യഥാ കഴിവുള്ളവരോടുള്ള ഐക്യദാര്‍ഢ്യം (മത്താ.17:14-21)
യേശുക്രിസ്തു ചെയ്ത രോഗശാന്തിയും വീര്യപ്രവര്‍ത്തികളും വെറും ശാരീരികസുഖത്തിനു മാത്രമായിരുന്നില്ല. സ്വന്തം കുഞ്ഞിനെ ഓര്‍ത്തു തകര്‍ന്ന ഹൃദയത്തോടെ യേശുവിന്റെ ശിഷ്യന്മാരുടെ അടുക്കലും ഒടുവില്‍ യേശുവിന്റെ അടുക്കലും സമീപിക്കുന്ന ഒരു പിതാവിനെയാണു മത്തായി 17:14-21 -ല്‍ കാണുന്നത്. ശിഷ്യന്മാര്‍ക്കു തന്റെ മകനെ സൗഖ്യമാക്കാന്‍ കഴിഞ്ഞില്ല. യേശു അവനെ സൗഖ്യമാക്കി. അതിനുശേഷം ആ സൗഖ്യത്തിന്റെ രഹസ്യവും ക്രിസ്തു വെളിപ്പെടുത്തി. വിശ്വാസം ഉണ്ടെങ്കില്‍ ഏതു മലയും മാറിപ്പോകും (മത്താ.14:20). യേശുക്രിസ്തുവിന്റെ ശുശ്രൂഷയില്‍ ധാരാളം അടയാളങ്ങളും അത്ഭുതങ്ങളും മനുഷ്യര്‍ക്കുവേണ്ടി അവിടുന്നു ചെയ്തു. ശാരീരികമായും മാനസികമായും വെല്ലുവിളിക്കപ്പെട്ട ഈ ബലഹീനമനുഷ്യനെ ബലപ്പെടുത്തി നടത്തിയതുപോലെ എത്രയോ അടയാളങ്ങള്‍ തന്റെ പരസ്യശുശ്രൂഷാകാലത്തു ചെയ്തിട്ടുള്ളതായി നമുക്ക് അറിയാം. എന്നാല്‍ യേശു ചെയ്ത അടയാളങ്ങള്‍ ഒന്നുംതന്നെ മനുഷ്യരെ യേശുവിലേക്ക് ആകര്‍ഷിക്കാന്‍ ആയിരുന്നില്ല പ്രത്യുത ജനത്തിന്റെ വിടുതലിനുവേണ്ടിയായിരുന്നു. അതുകൊണ്ടാണു പലസ്ഥലങ്ങളിലും ഈ അത്ഭുതങ്ങള്‍ ആരോടും പറയരുതെന്നു ക്രിസ്തു പറഞ്ഞത് (മര്‍ക്കൊ.1:44,45). കുഷ്ഠരോഗിയെ സൗഖ്യമാക്കിയിട്ട് ഇതാരോടും പറയരുതെന്ന് അമര്‍ച്ചയായി കല്പിച്ചുവെന്നു രേഖപ്പെടുത്തുന്നു. എന്നാല്‍ അവനെത്തന്നെ പുരോഹിതനു കാണിച്ചു തന്റെ ശുദ്ധീകരണത്തിനുവേണ്ടി മോശെ കല്പിച്ചത് അവര്‍ക്കു സാക്ഷ്യത്തിനായി അര്‍പ്പിക്ക എന്നു പറഞ്ഞ് അവനെ വിട്ടയച്ചു. അവിടെയും അവന്റെ നന്മയായിരുന്നു ക്രിസ്തുവിന്റെ ലക്ഷ്യം. അവനെ ക്രിസ്തുവിന്റെ പരസ്യത്തിനുവേണ്ടി ഉപയോഗിക്കുകയല്ല.
പ്രാര്‍ത്ഥന : മരണത്തിലും ഞങ്ങളുടെ ജീവനെക്കാണുന്ന ശാക്തീകരിക്കുന്ന ദൈവമേ, ഞങ്ങളുടെ ബലഹീനതകളിലും പരിമിതികളിലും അവിടുത്തെ ക്രൂശിന്റെ ശക്തികൊണ്ടു ഉറച്ചുനില്‍ക്കാനുള്ള ബലവും ഞങ്ങളുടെ ബലഹീനതകളില്‍ അവിടുത്തെ കൃപ ഞങ്ങള്‍ക്കു മതി എന്ന് ഉറപ്പോടെ വിശ്വസിക്കാനുള്ള ദൃഢതയും ഞങ്ങള്‍ക്കു തരേണമേ. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.