അര്‍ത്ഥവത്തായ യുവത്വം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട കാലഘട്ടമാണ്. ദൈവകേന്ദ്രിതവും ക്രിസ്തുകേന്ദ്രിതവുമായ ജീവിതം നയിക്കുമ്പോഴാണ് അത് അര്‍ത്ഥസമ്പന്നമാകുന്നത്. യുവതലമുറ സമകാലിക ലോകത്തില്‍ പലതരത്തിലെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. വിവിധ പ്രലോഭനങ്ങളാണ് അവരുടെ ആത്മീയതയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത്. അണുകുടുംബവ്യവസ്ഥിതിയും സോഷ്യല്‍ മീഡിയയും വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും 'ഗ്ലോബല്‍ വില്ലേജ്' എന്ന ചിന്തയും ലോകത്തെ വളരെ ചെറുതാക്കുന്ന ഒരു കാലഘട്ടത്തില്‍ എത്തിച്ചിരിക്കുന്നു. ദൈവത്തെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാനുള്ള സമയം ലഭിക്കാത്ത വിധത്തിലുള്ള തൊഴിലുകളിലാണു നമ്മുടെ യുവാക്കള്‍ ഏര്‍പ്പെടേണ്ടിവരുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ച അവരുടെ ക്രിസ്തീയവിശ്വാസത്തെ പലപ്പോഴും ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരുണത്തില്‍ സമകാലിക യുവതലമുറയ്ക്ക് എങ്ങനെ ക്രൈസ്തവ ആത്മീയതയില്‍ വളരാന്‍ സാധിക്കുമെന്നത് ചര്‍ച്ച ചെയ്യപ്പെടണം.
1. അര്‍ത്ഥപൂര്‍ണ്ണമായ യുവത്വം : യോസേഫിന്റെ മാതൃക (ഉല്പ-39:1-23)
ഉല്പത്തി പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കഥാപാത്രമാണ് യോസേഫ്. ജീവിതത്തെക്കുറിച്ച് അനേക സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന യോസേഫിന് കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. ഒറ്റപ്പെടലും അടിമത്തവും ജയില്‍വാസവും തന്റെ ചെറുപ്രായത്തിനുള്ളില്‍ അനുഭവിച്ചു. അപ്പന്റെ ഇഷ്ടപുത്രനായിരുന്ന മകന്‍ ലൈംഗികാരോപണത്തില്‍ മുങ്ങിത്താണു. ചെയ്യാത്ത കുറ്റത്തിനു ശിക്ഷ ലഭിച്ചു. തന്റെ ജീവിതഗ്രാഫ് താഴോട്ടു പോയിക്കൊണ്ടിരുന്നു. നീണ്ട പതിമൂന്നുവര്‍ഷങ്ങള്‍ (ഉല്പ.37:2, 41:46). എന്നാല്‍ യോസേഫിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ദൈവഭയവും നിശ്ചയദാര്‍ഢ്യവും ദൈവാശ്രയവും വിശ്വസ്തതയും തന്റെ സ്വപ്നസാക്ഷാത്ക്കാരത്തില്‍ എത്തിക്കാന്‍ കാരണമായി. ഈജിപ്റ്റിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. യുവതലമുറയ്ക്ക് യോസേഫ് ഒരു മാതൃകയാണ്.
2. അര്‍ത്ഥപൂര്‍ണ്ണമായ യുവത്വം : യേശുവിന്റെ മാതൃക (എബ്രാ.12:1-13)
വിശ്വാസികളുടെ വലിയൊരു പട്ടികയാണ് എബ്രായര്‍ 12-ലുള്ളത്. എന്നാല്‍ വിശ്വാസനായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കാനാണ് അപ്പൊസ്തലന്‍ ആഹ്വാനം നല്‍കുന്നത്. യേശുവാണ് നമുക്കു മാതൃകയായിരിക്കേണ്ടത് (എബ്രാ.12:2, 3:1). പ്രലോഭനങ്ങളെ ജയിക്കാനും അര്‍ത്ഥവത്തായ ജീവിതം നയിക്കാനും ക്രിസ്തുവിന്റെ മാതൃക ഇടയാക്കും. അവിടുന്നു പാപമൊഴികെ സര്‍വ്വത്തിലും പരീക്ഷിക്കപ്പെട്ടു- നമുക്കു തുല്യമായി. അതുകൊണ്ടു പ്രലോഭിപ്പിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവിടുന്ന് കഴിവുള്ളവനാകുന്നു (എബ്രാ.2:18, 4:15). യേശുവിനെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ് - യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു (ലൂക്കൊ.2:52).
3. അര്‍ത്ഥപൂര്‍ണ്ണമായ യുവത്വത്തിനുള്ള വിളി (യോഹ. 1:43-51)
യോഹന്നാന്റെ ശിഷ്യനായ അന്ത്രെയൊസിനോടു യേശു പറഞ്ഞത് വന്നു കാണുക എന്നാണ് (യോഹ. 1:39). ഫിലിപ്പൊസിനെ കണ്ടിട്ടും യേശു പറഞ്ഞത് എന്നെ അനുഗമിക്ക എന്നായിരുന്നു. നസ്രത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു നഥനേയല്‍ ഫിലിപ്പൊസിനോടു ചോദിച്ചപ്പോഴും വന്നു കാണുക എന്നായിരുന്നു ഫിലിപ്പൊസിന്റെ മറുപടി (യോഹ. 1:46). 'എന്നെ അനുഗമിക്ക' എന്നു ക്രിസ്തു ആഹ്വാനം ചെയ്തു (യോഹ. 1:43, മര്‍ക്കൊ.1:17, ലൂക്കൊ.5:11). ധനവാനായ യുവാവ് യേശുവിന്റെ അടുക്കല്‍ വന്നു. നിത്യജീവനെ പ്രാപിക്കാന്‍ എന്തു നന്മ ചെയ്യണം എന്നാണു ചോദിച്ചത്. കല്പനകളെ പ്രമാണിക്ക എന്നു ഉത്തരം ലഭിച്ചു. അവയെ പ്രമാണിക്കുന്നു എന്നു യുവാവു മറുപടി പറഞ്ഞപ്പോള്‍, സല്‍ഗുണപൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ തനിക്കുള്ളതു വിറ്റു ദരിദ്രര്‍ക്കു കൊടുത്തിട്ടു യേശുവിനെ അനുഗമിക്കാന്‍ ക്രിസ്തു ആഹ്വാനം ചെയ്തു. യേശുക്രിസ്തുവിനെ മാതൃകയാക്കാന്‍ യുവതലമുറയ്ക്ക് ഒരു സന്ദേശം ഇവിടെ ലഭിക്കുന്നുണ്ട്. വിശ്വാസനായകനും അതിനെ പൂര്‍ത്തീകരിക്കുന്നവനുമായ ക്രിസ്തുവിനെയാണു നാം മാതൃകയാക്കേണ്ടത് (എബ്രാ.12:2).
പ്രാര്‍ത്ഥന : ജീവന്റെ ദൈവമേ, യുവജനങ്ങളെ സര്‍ഗ്ഗശക്തിയും ഊര്‍ജ്ജസ്വലതയുംകൊണ്ട് പോഷിപ്പിക്കുന്നതിനാല്‍ ഞങ്ങള്‍ അങ്ങേയ്ക്കു സ്‌തോത്രം ചെയ്യുന്നു. സര്‍വ്വലോകവും പുതുക്കം കാണത്തക്കവിധത്തില്‍ അങ്ങയുടെ പുത്രനായ യേശുക്രിസ്തു യുവാവായിരുന്നപ്പോള്‍ തന്നെ തന്റെ ജീവിതത്തെ അങ്ങയുടെ ഹിതത്തിനായി സമര്‍പ്പിച്ചതിനാല്‍ ഞങ്ങള്‍ അങ്ങേക്കു സ്‌തോത്രം ചെയ്യുന്നു. ഞങ്ങളുടെ കര്‍ത്താവും അങ്ങയുടെ പുത്രനുമായ യേശുക്രിസ്തുവിലൂടെ നീതിയും സമത്വവും സമാധാനവുമുള്ള ഒരു ലോകം സൃഷ്ടിക്കാനായി ഞങ്ങള്‍ക്കു ജ്ഞാനവും വിവേകവും ശക്തിയും ബലവും സ്വപ്നങ്ങളും ദര്‍ശനങ്ങളും നല്‍കണമെന്നു ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.