Sermon Outlines
Create Account
1-800-123-4999

സഭ : നവീകരിക്കപ്പെട്ടതും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും

Monday, 22 October 2018 04:15
Rate this item
(0 votes)

ഒക്‌ടോബര്‍ 28
നവീകരണഞായര്‍
Reformation Sunday


സഭ : നവീകരിക്കപ്പെട്ടതും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും
Church: Reformed and Reforming


പഴയനിയമം    ആവര്‍. 26:4-11
സങ്കീര്‍ത്തനം     109:21-31
ലേഖനം            അ.പ്ര. 2:43-47
സുവിശേഷം     മത്താ. 13:33-35


ധ്യാനവചനം: അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു. (മത്താ. 13:33).


1517 ഒക്‌ടോബര്‍ 31-ന് മാര്‍ട്ടിന്‍ലൂഥര്‍ വിറ്റന്‍ബര്‍ഗിലെ ആള്‍സെയിന്‍സ് പള്ളിയുടെ മുമ്പില്‍ 95 ഖണ്ഡനങ്ങള്‍ എഴുതി ഒട്ടിച്ചുകൊണ്ടാണ് പ്രൊട്ടസ്റ്റന്റ് നവീകരണം ആരംഭിക്കുന്നത്. ദുരാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പ്രതിഷേധിച്ചവരെ അന്നത്തെ ഔദ്യോഗിക മതമായ കത്തോലിക്കാമതം പ്രൊട്ടസ്റ്റന്റുകാര്‍ എന്നു വിളിച്ചു. പാപവിമോചനച്ചീട്ട് വിറ്റസഭയുടെ നടപടി തെറ്റാണെന്നു മാര്‍ട്ടിന്‍ലൂഥറും തന്നോടുകൂടെയുള്ളവരും ജനത്തെ പഠിപ്പിക്കാന്‍ ശ്രമിച്ചു. ആത്മരക്ഷ സഭയുടെ ആചാരങ്ങളിലൂടെ മാത്രമേ ലഭിക്കൂ എന്ന ഉപദേശം തെറ്റാണെന്നു പ്രൊട്ടസ്റ്റന്റുകാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അവരുടെ നിലപാടുകള്‍ക്കു സഭയില്‍നിന്നു ശക്തമായ എതിര്‍പ്പുകളുണ്ടായി. എന്നാല്‍ എതിര്‍പ്പുകള്‍ക്കു ദൈവശാസ്ത്ര അടിസ്ഥാനമില്ലാത്തതുകൊണ്ട് അവയ്ക്കു നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. പ്രൊട്ടസ്റ്റന്റ് നവീകരണം ഒരു അഗ്നിയായി ആളിക്കത്തി. യൂറോപ്പിലും തുടര്‍ന്ന് അമേരിക്കന്‍ ഐക്യനാടുകളിലും പിന്നെ ഏഷ്യയിലും അതു വ്യാപിച്ചു. തുടര്‍ന്നാണ് നവോത്ഥാനവും മിഷണറി മുന്നേറ്റവും ഉണ്ടായത്. അന്ന് പ്രൊട്ടസ്റ്റന്റു നവീകരണക്കാര്‍ അഞ്ച് സത്യങ്ങളെ ചൂണ്ടിക്കാണിച്ചു. അവയെ നവീകരണത്തിന്റെ അഞ്ച് സോളകള്‍ (5 Solas of Reformation) എന്നു പറയുന്നു. സോള ഗ്രേഷ്യാ - കൃപ മാത്രം, സോള ഫിഡെ - വിശ്വാസം മാത്രം, സോള സ്‌ക്രിപ്‌ച്ചൊറാ - തിരുവചനം മാത്രം, സോളസ് ക്രിസ്റ്റസ് - ക്രിസ്തുമാത്രം, സോളി ഡിയോ ഗ്ലോറിയ - മഹത്വം ദൈവത്തിനുമാത്രം ഇവയാണ് 5 സോളകള്‍.


ദൈവശാസ്ത്രപരമായി ഇവയെ ഓരോന്നും വിശദീകരിച്ചുകൊണ്ടു അനേകഗവേഷണങ്ങളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. തുടര്‍ന്നുണ്ടായ വിവിധസംഭവങ്ങള്‍ പ്രൊട്ടസ്റ്റന്റുകാരെ അനുകൂലമായും പ്രതികൂലമായും ബാധിച്ചു. എന്നാല്‍ സുശക്തവും സന്തുലിതവുമായ ദൈവശാസ്ത്രചിന്തകളെ എതിര്‍ക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ദൈവസഭ ശക്തമായി വളര്‍ന്നുകൊണ്ടിരുന്നു. മാര്‍ട്ടിന്‍ലൂഥറിന്റെ 95 ഖണ്ഡനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട 5 സോളകളും അന്നത്തെ സഭയുടെ 5 തൂണുകളായി പുരോഗമിച്ചു. എല്ലാറ്റിനും അടിസ്ഥാനം ദൈവത്തിന്റെ കൃപയാണെന്ന ചിന്ത മനുഷ്യഹൃദയങ്ങളില്‍ വളരെയധികം സ്വാധീനിക്കുകയുണ്ടായി. സൗജന്യമായി ലഭിക്കുന്ന ഈ കൃപയിലൂടെയാണ് മനുഷ്യന്‍ വീണ്ടും ജനനം പ്രാപിക്കുന്നത്. ഈ കൃപയിലാണ് ഓരോരുത്തരും സമര്‍പ്പിക്കേണ്ടത്. കൃപയിലുള്ള സമര്‍പ്പണത്തിലൂടെയാണ് ക്രിസ്തീയജീവിതം പണിയപ്പെടേണ്ടത്. 'ഞാന്‍ ആകുന്നതെല്ലാം കൃപയാല്‍ മാത്രമാകുന്നു' എന്ന പൗലൊസിന്റെ ചിന്തകള്‍ ഇതിനു ആക്കം കൂട്ടി. ദൈവകൃപയിലുള്ള വിശ്വാസത്താലാണ് ആത്മരക്ഷ പ്രാപിക്കുന്നത്. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും (ഹബ. 2:4, റോമ. 1:17, 3:21, ഗലാ. 3:11, എബ്രാ. 10:38). എല്ലാ അനുഗ്രഹങ്ങളുടെയും അടിസ്ഥാനം വിശ്വാസമാണ്. മതാചാരത്തിന്റെ പ്രവൃത്തികളാലല്ല വെറും വിശ്വാസത്താലാണ് നിതീകരിക്കപ്പെടുന്നതെന്ന ചിന്തയാണ് ലൂഥറിനെ നവീകരണത്തിലേക്കു നയിക്കാനിടയായത്. വിശ്വസിക്കേണ്ടത് എഴുതപ്പെട്ട തിരുവചനത്തിലാണെന്നു അദ്ദേഹം പ്രഖ്യാപിച്ചു. എഴുതപ്പെട്ട തിരുവചനത്തില്‍മാത്രം തിരുവചനത്തിന്റെ ആധികാരികത പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ അടിസ്ഥാനമാണ്. തിരുവചനത്തിലേക്കു സഭ മടങ്ങിവരണമെന്നത് നവീകരണത്തിന്റെ ഒരു പ്രധാന ഉപദേശവുമാണ്. ദുരുപദേശങ്ങളെവിട്ടു മതാചാരങ്ങളെ ഉപേക്ഷിച്ചു തിരുവചനത്തിന്റെ ആത്മാവിലേക്കു വരാന്‍ നവീകരണം ആഹ്വാനം ചെയ്യുന്നു. നവീകരണത്തില്‍ ക്രിസ്തുവിനു നല്‍കുന്ന സ്ഥാനവും വളരെ പ്രധാനപ്പെട്ടതാണ്. യേശുക്രിസ്തുവാണ് നമുക്കുവേണ്ടി മരിച്ചത്. യേശുക്രിസ്തുവാണ് നമ്മുടെ രക്ഷകന്‍. മനുഷ്യനല്ല. അതാണ് സോളസ് ക്രിസ്റ്റസ് നല്‍കുന്ന ആഹ്വാനം. 'ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഞങ്ങള്‍ പ്രസംഗിക്കുന്നു' - ഇതായിരുന്നു പ്രൊട്ടസ്റ്റന്റുകാരുടെ നിലപാട്. യേശുക്രിസ്തു ഉപദേശിച്ചതിലേക്കു വരാന്‍ യേശുവിനെ മാത്രം നോക്കാന്‍ പ്രൊട്ടസ്റ്റന്റ് നവീകരണം ആഹ്വാനം നല്‍കി. തന്മൂലം മഹത്വം ദൈവത്തിനു മാത്രമേ ലഭിക്കുന്നുള്ളു. പണിയപ്പെടേണ്ടതും ദൈവരാജ്യമാണ്. ദൈവരാജ്യം വരണം അതു ഐഹികമല്ല. അന്നത്തെ ക്രൈസ്തവമതസാമ്രാജ്യത്തിനുള്ള ഒരു വെല്ലുവിളിയുമായിരുന്നു. ദൈവഭരണം വരണമെന്നുള്ളത് അന്നത്തെ ഒരു പ്രധാന ചിന്തയുമായിരുന്നു. ഈ ആഹ്വാനത്തിനു പ്രതികരിച്ചു വലിയൊരു ജനമുന്നേറ്റമുണ്ടായി. അതാണ് പ്രൊട്ടസ്റ്റന്റു നവീകരണമായി മാറിയത്. 500 വര്‍ഷത്തിനുമുമ്പു നടന്ന നവീകരണത്തെക്കുറിച്ചു നാം അഭിമാനിക്കുമ്പോള്‍ തന്നെ വ്യത്യസ്ത കാരണങ്ങളാല്‍ ദര്‍ശനത്തില്‍നിന്നു അകന്നുപോകയും ആത്മീയമായി തണുത്തുപോകുകയും ചെയ്ത ഇന്നത്തെ നവീകരണസഭകള്‍ക്ക് ഒരു നവനവീകരണം ഉണ്ടാകണമെന്ന ആവശ്യം ആഗോളസഭ ഇന്നു ചര്‍ച്ച ചെയ്യുന്നു.


നവീകരിക്കപ്പെട്ടതും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സമൂഹമാണു ദൈവസഭ. തിരുവചനത്തിലൂടെയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെയും ദൈനംദിനം സഭ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എപ്പോഴൊക്കെ ആദ്ധ്യാത്മികതക്കു മൂല്യച്യുതി സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പ്രവാചകന്മാരിലൂടെയും രാജാക്കന്മാരിലൂടെയും പുരോഹിതന്മാരിലൂടെയും യിസ്രായേലിനെ നവീകരിച്ചുകൊണ്ടിരുന്നതായി രേഖകളുണ്ട്. ഹിസ്‌കിയാവും യോശീയാവും ഏലിയാവും ശമുവേലും ഇതിനുദാഹരണങ്ങളാണ്. സഭയെ നവീകരിക്കാനും ഉണര്‍ത്താനും ദൈവം പല മുഖാന്തിരങ്ങളെ ഉപയോഗിക്കുന്നു. 'ഉണരുക' എന്നുള്ളത് ആവര്‍ത്തിച്ചു പറയുന്ന ഒരു ഉപദേശവുമാണ്. നവീകരണത്തിനുള്ള ഒരു ഉപദേശമായി നമുക്കിതു ചിന്തിക്കാം. പാപത്തിനെതിരെ നീതിക്കു നിര്‍മ്മദരായി ഉണരണം (1കൊരി.15:34). സമയത്തെക്കുറിച്ച് ഉണരണം (റോമ.13:11). പിശാചിനെതിരായി അവന്റെ പ്രവര്‍ത്തികള്‍ക്കെതിരായി ഉണരണം (1പത്രൊ.5:8). ചാവാറായ ശേഷിപ്പുകള്‍ക്കായി ഉണരണം (വെളി.3:2,3). ദുരുപദേശങ്ങള്‍ക്കെതിരെ ഉണരണം (അ.പ്ര.20:30,31). കര്‍ത്താവിന്റെ വരവിനുവേണ്ടി ഉണരണം (മത്താ.24:42, 25:13, 26:38, 26:42). ഇങ്ങനെ നവീകരിക്കപ്പെട്ട സഭ ഉണര്‍ത്തപ്പെട്ട സഭയായിരിക്കും.


1. നവീകരണസഭ നല്‍കുന്ന സഭ (ആവര്‍.26:1-11)
ആദ്യഫലം ദൈവത്തിനു കൊടുക്കാനായി നല്‍കുന്ന ഈ വേദഭാഗത്തില്‍ അതിന്റെ ഉപസംഹാരം പ്രാധാന്യമര്‍ഹിക്കുന്നു: നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും നല്‍കിയിട്ടുള്ള എല്ലാ നന്മയിലും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കണം (ആവര്‍.26:11). ദൈവത്തിനു നല്‍കുമ്പോള്‍ ഉണ്ടാകുന്ന ഒരു ആത്മസംതൃപ്തിയാണ് ഇവിടെ ദൃശ്യമാകുന്നത്. നവീകരിക്കപ്പെട്ട സഭ നല്‍കുന്ന സഭയായിരിക്കും. നല്‍കുന്നതില്‍ സന്തോഷിക്കുന്ന സഭയായിരിക്കും. കാരണം വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്നാണു ക്രിസ്തു പഠിപ്പിച്ചത് (അ.പ്ര.20:35).


2. നവീകരണസഭ പരസ്പരം കരുതുന്ന സഭ (അ.പ്ര.2:243-47)
പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ആദ്യനൂറ്റാണ്ടിലെ സഭ പരസ്പരം കരുതുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന അംഗങ്ങളുടെ കൂട്ടമായിരുന്നു. അവര്‍ ഒരുമിച്ചിരുന്നു സകലവും പൊതുവക എന്ന് എണ്ണി. ജന്മഭൂമികളും വസ്തുക്കളും വിറ്റു. ഓരോരുത്തര്‍ക്കും ആവശ്യമുള്ളതുപോലെ എല്ലാവര്‍ക്കും പങ്കിട്ടു. ഹൃദയപരമാര്‍ത്ഥതയോടെ ദൈവാലയത്തില്‍ കൂടിവന്നു ഭക്ഷണം കഴിച്ചു കൂട്ടായ്മ ആചരിച്ചു. നവീകരിക്കപ്പെട്ട സഭ കരുതുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന സഭയായിരിക്കും.


3. നവീകരണസഭയുടെ ദൈവരാജ്യാനുഭവം (മത്താ.13:33-35)
മത്തായി 13-ല്‍ യേശു ദൈവരാജ്യത്തെക്കുറിച്ചു എട്ട് ഉപമ പറയുന്നു. ഒരു സ്ത്രീ മൂന്നു പറ മാവില്‍ കുറച്ചു പുളിച്ചമാവ് എടുത്തു വച്ചു. പുളിച്ച മാവ് എല്ലാം പുളിച്ചു തീര്‍ന്നു. സ്വയം പുളിക്കുകയും എല്ലാറ്റിനെയും പുളിപ്പിക്കുകയും ചെയ്യുന്ന അനുഭവമാണ് ഇവിടെ പ്രകടമാകുന്നത്. ഒരു വ്യക്തിയിലുള്ള നവീകരണാനുഭവം മറ്റുള്ളവരിലേക്കും പകരപ്പെടുന്നു. അങ്ങനെ സഭ മുഴുവനായി നവീകരിക്കപ്പെടുന്നു. നവീകരണാനുഭവമുള്ളവര്‍ ഭൂമിയുടെ ഉപ്പായും ലോകത്തിന്റെ വെളിച്ചമായും പുളിമാവായും സമൂഹത്തെ മുഴുവനും സ്വാധീനിക്കുന്നു. തണുത്തുപോയ ആത്മീയജീവിതത്തെ കത്തിക്കാനും നവീകരണസഭയുടെ പ്രാഥമിക ദര്‍ശനത്തിലേക്കും ലക്ഷ്യത്തിലേക്കും സഭ മടങ്ങിവരാനും ഇടയാകണം. തന്മൂലം ക്രിസ്തുവിന്റെ മണവാട്ടിയായ സഭ അവിടുത്തെ വരവിനുവേണ്ടി ഒരുക്കപ്പെടണം. സഭ കര്‍ത്താവിനുള്ളതാണ്. കുര്യാക്കോന്‍ (ഗ്രീക്ക്) എന്ന പദം വേദപുസ്തകത്തില്‍ സഭയെക്കുറിക്കുന്നതായി ആവര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. കര്‍ത്താവിനുള്ളത് (belonging to the Lord) എന്നാണ് കുര്യാക്കോന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. എക്ലീസിയ (ഗ്രീക്ക്) എന്ന പദവും ചില സ്ഥലങ്ങളില്‍ ഉപയോഗിച്ചു കാണുന്നു. എബ്രായഭാഷയില്‍ കഹാള്‍ എന്നാണ് ഇതിനെ തര്‍ജ്ജമ ചെയ്തിരിക്കുന്നത്. ഒരു പ്രത്യേക ഉദ്ദേശത്തിനായി വിളിച്ചുചേര്‍ക്കപ്പെട്ട കൂട്ടം എന്നാണ് ഇതിന് അര്‍ത്ഥം. ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി വിളിച്ചുചേര്‍ക്കപ്പെട്ട കര്‍ത്താവിന്റെ കൂട്ടം എന്ന് നമുക്കു സഭയെ പറയാം. അങ്ങനെയെങ്കില്‍ സഭ അതിന്റെ ലക്ഷ്യത്തിലേക്കു വരണമെന്നാണ് നവനവീകരണസന്ദേശത്തില്‍ അര്‍ത്ഥമാക്കുന്നത്.


പ്രാര്‍ത്ഥന : അങ്ങയുടെ സകലസൃഷ്ടിയോടും മനസ്സലിവുള്ള നീതിയുടെ ദൈവമേ, ഞങ്ങളുടെ പൂര്‍വ്വികര്‍ക്കു യഥാര്‍ത്ഥ ക്രിസ്തുസാക്ഷ്യത്തിലേക്കും ആത്മരക്ഷയിലേക്കുമുള്ള വഴിയെ പുനര്‍വിചിന്തനം ചെയ്യാന്‍ അവിടുന്നു കൊടുത്ത ജ്ഞാനത്തിനായി ഞങ്ങള്‍ അങ്ങേയ്ക്കു സ്‌തോത്രം ചെയ്യുന്നു. അങ്ങയുടെ രക്ഷണ്യകൃപയെക്കുറിച്ചുള്ള ഞങ്ങളുടെ ഹ്രസ്വദൃഷ്ടിയും തെറ്റിദ്ധാരണയും വെല്ലുവിളിക്കപ്പെടാനും ഞങ്ങള്‍ ഈ ലോകത്തില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നവീകരണവക്താക്കളായി രൂപാന്തരപ്പെടാനും സഹായിക്കണമെന്നു ഞങ്ങള്‍ അങ്ങയോടു യാചിക്കുന്നു. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.

Menu