സണ്ടേസ്‌കൂള്‍ പ്രസ്ഥാനം
റോബര്‍ട്ട് റെയ്ക്‌സിന്റെ (Robert Raikes, 1736 1811) പിതാവ് പ്രസിദ്ധമായ ഗ്ലൗസെസ്റ്റര്‍ ജേണല്‍ (Gloucester Journal) ന്റെ എഡിറ്ററായിരുന്നു. സ്വന്തമായി പ്രിന്റിംഗ് പ്രസും അദ്ദേഹത്തിനുണ്ടായിരുന്നു. 1757-ല്‍ തന്റെ പിതാവ് ആകസ്മികമായി മരിച്ചു. മാസികയുടെ പ്രസിദ്ധീകരണവും പ്രസ്സും റോബര്‍ട്ട് റെയ്ക്‌സിന്റെ ഉത്തരവാദിത്വത്തിലായി. ആയിടയ്ക്കാണു ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ തെരുവില്‍ അലഞ്ഞു തിരിയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പൊട്ടിപ്പുറപ്പെട്ട വ്യാവസായികവിപ്ലവം അനേക കുട്ടികളെ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ബാലവേല വര്‍ദ്ധിച്ച ഒരു കാലമായിരുന്നു ഇത്. ദിവസവും പന്ത്രണ്ടുമണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്ന ഈ കുട്ടികള്‍ക്കു ഞായറാഴ്ചകളില്‍ അവധിയായിരുന്നു. അന്നു തെരുവിലിറങ്ങി എല്ലാ അക്രമങ്ങളും ഈ കുട്ടികള്‍ കാണിക്കുമായിരുന്നു. വ്യത്യസ്തമായ സാമൂഹിക പ്രശ്‌നങ്ങള്‍ ഇവരില്‍ ഉടലെടുത്തു. അങ്ങനെയാണു റോബര്‍ട്ട് റെയ്ക്‌സ് ഇവരെക്കുറിച്ച് തന്റെ പത്രത്തില്‍ എഴുതാന്‍ തുടങ്ങിയത്. ഈയിടയ്ക്ക് റവ. തോമസ് സ്റ്റോക്ക് എന്ന ഇംഗ്ലീഷ് ആംഗ്ലിക്കന്‍ പുരോഹിതന്‍ ഈ കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലും ആത്മീയകാര്യങ്ങള്‍ ചെയ്യാനായി റോബര്‍ട്ട് റെയ്ക്‌സിനെ പ്രോത്സാഹിപ്പിച്ചു. നിരക്ഷരരായ ഈ കുട്ടികള്‍ക്കു അക്ഷരം പഠിപ്പിക്കുകയായിരുന്നു റെയ്ക്‌സിന്റെ ആദ്യത്തെ ലക്ഷ്യം. അങ്ങനെ 1781-ല്‍ ഇംഗ്ലണ്ടിലെ മെറിഡിത്ത് (Mrs. Meredith) എന്ന സ്ത്രീയുടെ ഭവനത്തില്‍ വച്ച് ഒരു ക്ലാസ്സ് ആരംഭിച്ചു. ആദ്യമൊക്കെ കുട്ടികളുടെ പ്രതികരണം വളരെ തണുത്തതായിരുന്നു. എന്നാല്‍ പെട്ടെന്നു ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായി. 1785 ആയപ്പോള്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലായി രണ്ടുലക്ഷത്തി അമ്പതിനായിരം കുട്ടികള്‍ ഈ ക്ലാസ്സില്‍ ഉത്സാഹത്തോടെ പങ്കെടുക്കാന്‍ തുടങ്ങി. 1831 ആയപ്പോള്‍ 1.2 ദശലക്ഷം കുട്ടികളാണ് ഇതില്‍ ചേര്‍ന്നത്. ഇങ്ങനെ ഞായറാഴ്ചകളില്‍ ആരംഭിച്ച ഈ പ്രസ്ഥാനമാണ് ഇന്നു ലോകം മുഴുവനും വ്യാപിച്ച സണ്ടേസ്‌കൂള്‍ പ്രസ്ഥാനം. ലോകത്തിലെ ആദ്യത്തെ പൊതുവിദ്യാഭ്യാസപദ്ധതി ഇങ്ങനെയാണുണ്ടായത്. സമൂഹത്തില്‍ ഉയര്‍ന്ന തലത്തിലുള്ളവര്‍ക്കു മാത്രമേ വിദ്യാഭ്യാസത്തിനു അവകാശവും അവസരവും ഉണ്ടായിരുന്നുള്ളു. എന്നാല്‍ സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിലൂടെ എല്ലാ വിഭാഗങ്ങളിലെ കുട്ടികളും അക്ഷരം പഠിച്ചു. റോബര്‍ട്ട് റെയ്ക്‌സ് സണ്ടേസ്‌കൂളിലൂടെ ഉദ്ദേശിച്ചതു മൂന്നു കാര്യങ്ങളായിരുന്നു.
1. അടിസ്ഥാന വിദ്യാഭ്യാസം നല്‍കുക (Basic formal education)
2. ധാര്‍മ്മികമൂല്യം പഠിപ്പിക്കുക (Teaching moral values)
3. സുവിശേഷീകരണം (Evangelism and church growth)
റോബര്‍ട്ട്‌സ് റെയ്ക്‌സിന്റെ മകന്‍ റവ. റോബര്‍ട്ട് നേപ്പിയര്‍ റെയ്ക്‌സ് (Rev. Robert Napier Raikes) ഒരു ആംഗ്ലിക്കന്‍ സഭാപട്ടക്കാരനായി. അദ്ദേഹത്തിന്റെ മകന്‍ റോബര്‍ട്ട് നേപ്പിയര്‍ റെയ്ക്‌സ് (ജൂനിയര്‍) ഇന്ത്യന്‍ പട്ടാളത്തിന്റെ ജനറലായി ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുഞ്ഞുങ്ങള്‍ക്കു ദൈവവചനം വളരെ പ്രാധാന്യം നല്‍കുന്നു. അവരോടുള്ള സമീപനത്തെയും അവര്‍ക്കു നല്‍കേണ്ട ശിക്ഷണത്തെയും കുറിച്ചു ധാരാളം പരാമര്‍ശങ്ങള്‍ പുതിയനിയമത്തിലും പഴയനിയമത്തിലും ഉണ്ട്. ക്രിസ്തുവിലൂടെ കുഞ്ഞുങ്ങളെ ദൈവരാജ്യത്തിന് അവകാശികളാക്കിത്തീര്‍ക്കാനും അവരെ വിശ്വാസത്തില്‍ പരിപോഷിപ്പിക്കാനും ഈ പ്രസ്ഥാനം ഇടയാക്കുന്നു. കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ അവരെ തടുക്കരുതെന്നു ക്രിസ്തു പറഞ്ഞ വചനം ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. മുതിര്‍ന്നവരുടെ ജീവിതശൈലികളോ മാതൃകയില്ലാത്ത സ്വഭാവങ്ങളോ കുഞ്ഞുങ്ങളെ ദൈവത്തില്‍ നിന്നകറ്റാന്‍ ഇടയാക്കരുത്. ദൈവത്തിന്റെ ശുശ്രൂഷയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ക്രൈസ്തവസഭയിലെ സണ്ടേസ്‌കൂള്‍.
1. ഒരു എബ്രായ സ്ത്രീയുടെ മാതൃക (പുറ. 2:1-10)
ആണ്‍കുട്ടികളെയെല്ലാം കൊന്നുകളയാന്‍ ഫറവോന്‍ കല്പനയിട്ടപ്പോള്‍ അതില്‍നിന്നു വ്യത്യസ്തമായി ചിന്തിക്കാന്‍ ഒരു എബ്രായ സ്ത്രീ തയ്യാറാവുന്നു. അങ്ങനെയാണ് മോശെ ജന്മമെടുക്കുന്നത്. ലോകം കണ്ട ആദ്യത്തെ വിമോചനസമരത്തിനു നേതൃത്വം നല്‍കിയ ശക്തമായ ആത്മീയനേതാവായിരുന്നു മോശെ. എന്താണു പരിണതഫലം എന്നു ചിന്തിക്കാതെ ബുദ്ധിയോടെയുള്ള ഒരു അമ്മയുടെ സമീപനമാണ് ഈ വേദഭാഗത്തില്‍ കാണുന്നത്. അങ്ങനെ മോശെ ഫറവോന്റെ കൊട്ടാരത്തില്‍ വളരാന്‍ ഇടയായി. കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചു വ്യത്യസ്തമായി കരുതാനും ചിന്തിക്കാനും അതിനനുസരിച്ചു വളര്‍ത്താനും തയ്യാറാകാന്‍ നമുക്കു ശ്രമിക്കാം.
2. കുഞ്ഞുങ്ങളുടെ സമഗ്രവളര്‍ച്ച (3 യോഹ. 1-15)
ഗായോസിനു അപ്പൊസ്തലനായ യോഹന്നാന്‍ എഴുതുന്ന ലേഖനത്തില്‍ തുടങ്ങുന്നതു ഒരു നല്ല അഭിവാദ്യത്തോടെയാണ്: ''പ്രിയനെ നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (3യോഹ.2). തന്റെ ആത്മീയമകനായ ഗായൊസ് ആത്മീയമായി സത്യത്തില്‍ നടക്കുന്നു എന്നു കേട്ടപ്പോള്‍ യോഹന്നാനു സന്തോഷമുണ്ടായി. എന്നാല്‍ ആത്മീയമായി സുഖമായിരിക്കുന്നതുപോലെ തന്നെ അദ്ദേഹം സമഗ്രമായ ഒരു അനുഗ്രഹം ആശംസിക്കുന്നു. എഫെസോസിനു അടുത്തുള്ള ഒരു പട്ടണത്തില്‍ ജീവിച്ചിരുന്ന മാന്യനും സമ്പന്നനുമായിരുന്ന ആളായിരുന്നു ഗായൊസ്. അവിടുന്നു ചില സഹോദരന്മാരെ യോഗ്യമാംവണ്ണം യാത്രയാക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടാണു യോഹന്നാന്‍ ഈ ലേഖനമെഴുതിയത്. കൊരിന്തില്‍ വച്ചു പൗലൊസാണ് ഗായൊസിനെ സ്‌നാനപ്പെടുത്തിയത് (1കൊരി.1:15). ഗായൊസിന്റെ ഭവനത്തിലാണു വിശ്വാസികള്‍ കൂടിവന്നിരുന്നത്. എല്ലാവര്‍ക്കും അതിഥി സത്ക്കാരം ചെയ്യുന്നതില്‍ അദ്ദേഹം മുന്‍നിരയിലായിരുന്നു (റോമ.16:23). ഗായൊസ് ഇപ്പോള്‍ എല്ലാതരത്തിലും സുഖമായിരിക്കാന്‍ യോഹന്നാന്‍ ആശംസിക്കുന്നു. ഒരു സമഗ്രവളര്‍ച്ചയാണു കുഞ്ഞുങ്ങള്‍ക്കു ലഭിക്കേണ്ടത്. യേശുക്രിസ്തുവിനെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ് : ''യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു'' (ലൂക്കൊ.2:52). അതായതു ശാരീരികമായും മാനസികമായും ബൗദ്ധികമായും സാമൂഹികമായും ആത്മീയമായും വളര്‍ന്നു. ഇതാണു സമഗ്രമായ വളര്‍ച്ച.
3. ക്രിസ്തുവില്‍ വളര്‍ത്തുക (ലൂക്കൊ.18:15-17)
പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ അവരെ തടുക്കരുത് എന്നു ക്രിസ്തു ആഹ്വാനം ചെയ്തു (ലൂക്കൊ.18:16, മര്‍ക്കൊ.10:14, മത്താ.18:2,3). ക്രിസ്തുവിലേക്കു കുഞ്ഞുങ്ങള്‍ വരാന്‍ മുതിര്‍ന്നവര്‍ തടസ്സമാകരുത്. മുതിര്‍ന്നവരുടെ ജീവിതശൈലികളും മാതൃകയില്ലാത്ത സ്വഭാവങ്ങളും കുഞ്ഞുങ്ങളെ ദൈവത്തില്‍നിന്ന് അകറ്റാന്‍ പാടില്ല. ക്രിസ്തുകേന്ദ്രിത ജീവിതമുള്ള കുഞ്ഞുങ്ങളായി വളരാന്‍ പ്രോത്സാഹനം നല്‍കേണ്ടതു മാതാപിതാക്കളും സഭയുമാണ്.
പ്രാര്‍ത്ഥന : ശിശുക്കളെ എന്റെ അടുക്കല്‍ വരാന്‍ വിടുവിന്‍ അവരെ തടുക്കരുത് ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നരുളിച്ചെയ്ത മനസ്സലിവുള്ള ദൈവമേ, അങ്ങയെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കു അങ്ങ് നല്‍കുന്ന അവാച്യമായ ആനന്ദത്തിലേക്കു വരാന്‍ സഭയിലുള്ള കുഞ്ഞുങ്ങളോടു കരുണ കാണിക്കണമേ. കുഞ്ഞുങ്ങള്‍ സ്‌നേഹത്തിലും ദീനദയാലുത്വത്തിലും സത്യസന്ധതയിലും താഴ്മയിലും ഉറ്റുപരിശ്രമിച്ചു അനുകരിക്കത്തക്കവിധത്തിലുള്ള മാതൃകയുള്ളവരെ തയ്യാറാക്കാന്‍ സഭയെ സഹായിക്കേണമേ. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.