Sermon Outlines
Create Account
1-800-123-4999

നിലവിളക്കുകളിലെ വെളിച്ചം

Monday, 05 November 2018 04:14
Rate this item
(0 votes)

നവംബര്‍ 11
ഐക്യഞായര്‍ (Unity Sunday)


നിലവിളക്കുകളിലെ വെളിച്ചം
Light on the Lamp Stands


പഴയനിയമം    സെഖ. 4:1-14
സങ്കീര്‍ത്തനം     27
ലേഖനം            1 കൊരി. 3:10-15
സുവിശേഷം     മത്താ. 5:14-16


ധ്യാനവചനം: നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല. വിളക്കു കത്തിച്ചു പറയിന്‍കീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു (മത്താ.5:14,15).


സഭ ലോകത്തിന്റെ വെളിച്ചമാണ്. അതുകൊണ്ടാണു ദൈവവചനത്തില്‍ സഭയെ നിലവിളക്കായി ചിത്രീകരിച്ചിരിക്കുന്നത് (വെളി.1:20). ലോകത്തിനു വെളിച്ചം കൊടുക്കാന്‍ ദൈവം നമ്മെ ആക്കിവച്ചിരിക്കുന്നു. ദൈവത്തെ വെളിച്ചവുമായി ബന്ധിപ്പിച്ചു അനേകവചനങ്ങളുണ്ട് (1യോഹ.1:5, യാക്കോ.1:17, 1തിമൊ.6:16, സങ്കീ.106:2) ദൈവത്തെ വെളിപ്പെടുത്തിയ യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചമാണ് (യോഹ.1:4, 8:12, 1:9, 12:35,36, സങ്കീ.27:1). വിശുദ്ധിയുടെയും നിര്‍മ്മലതയുടെയും പ്രതീകമാണു വെളിച്ചം (സദൃ.6:23, യെശ.5:20, റോമ.13:12). ആത്മീയമായ പ്രകാശത്തിനും വെളിച്ചം എന്നു പറയുന്നു (2കൊരി.4:6, എഫെ.5:14, 1പത്രൊ.2:9). ദൈവവചനത്തെ വെളിച്ചത്തോടു താരതമ്യപ്പെടുത്തിയിട്ടുണ്ട് (സങ്കീ.119:105). ദൈവജനം വെളിച്ചത്തിന്റെ മക്കളാണ് (ലൂക്കൊ.16:8, യോഹ.12:36, 1തെസ്സ.5:5). അന്ധകാരത്തിന്റെ ശക്തികളോടുള്ള പോരാട്ടത്തില്‍ വെളിച്ചത്തിന്റെ ആയുധവര്‍ഗ്ഗമാണു നാം ധരിക്കേണ്ടത് (റോമ.13:12, എഫെ.6:12, 1തെസ്സ.5:8). വിശ്വാസികള്‍ കര്‍ത്താവിനു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിന് ഉള്ളവരായി നടക്കണം. അവരുടെ വെളിച്ചം മറ്റുള്ളവരുടെ മുമ്പില്‍ ശോഭിക്കണം (മത്താ.5:16, 10:27, ലൂക്കൊ.8:16, 11:33, 12:3, അ.പ്ര.13:47).


1. സഭയായ നിലവിളക്ക് (സെഖ.4:1-14)
വെളിച്ചം പകര്‍ന്നുകൊണ്ടു നില്‍ക്കുന്ന ഏഴു വിളക്കുകളെ സെഖര്യാവു ദര്‍ശനം കാണുന്നു. ഇതിനു സാമ്യമായ മറ്റൊരു ദര്‍ശനത്തെക്കുറിച്ചു അപ്പൊസ്തലനായ യോഹന്നാനും പറയുന്നുണ്ട് (വെളി.1:13,20). അവിടെ നിലവിളക്കുകള്‍ക്ക് അര്‍ത്ഥവും നല്‍കുന്നു. നിലവിളക്കുകള്‍ സഭയെ കുറിക്കുന്നു. അതായതു ലോകത്തിനു വെളിച്ചം നല്‍കുന്ന വിളക്കുകളായിത്തീരേണ്ടതു ദൈവസഭയാണ് (ഫിലി.2:15). ലോകത്തില്‍ അഴിമതിയും അക്രമവും അനീതിയും അന്ധകാരത്തിന്റെ പ്രകടനങ്ങളായും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഒരു തിരിനാളമായി ഇരുട്ടില്‍ തപ്പിതടയുന്ന ജനത്തിനു പ്രത്യാശയായിത്തീരാന്‍ സഭയ്ക്കു കഴിയണം.


2. വെളിച്ചമെന്നതു പ്രവൃത്തിയാണ് (മത്താ. 5:14-16)
ഈ വേദഭാഗം പഠിക്കുമ്പോള്‍ ഭൂമിയുടെ ഉപ്പെന്നും ലോകത്തിന്റെ വെളിച്ചമെന്നും പറയുന്നതു നമ്മുടെ പ്രവൃത്തിയാണ്. ഫലത്തിലൂടെയാണു വൃക്ഷത്തെ തിരിച്ചറിയുന്നത്. നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നതും പ്രവൃത്തികളാണ്. മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തണമെന്നാണു ക്രിസ്തു പഠിപ്പിക്കുന്നത്. അതുതന്നെയാണു വെളിച്ചമെന്ന് ഇവിടെ വിവക്ഷിക്കുന്നത്.


3. നിലനില്‍ക്കുന്ന പ്രവൃത്തി ചെയ്യുക (1കൊരി.3:10-15)
നന്മയുടെയും സ്‌നേഹത്തിന്റെയും പ്രവൃത്തി നിലനില്‍ക്കും. സ്വാര്‍ത്ഥതയുടെയും തിന്മയുടെയും പ്രവൃത്തി നശിച്ചുപോകും. കാരണം അവരവരുടെ പ്രവൃത്തിയാണ് ഒടുവില്‍ വിലയിരുത്തപ്പെടുന്നത് (1കൊരി.3:13). നിലനില്‍ക്കുന്ന പ്രവൃത്തിക്കു മാത്രമേ പ്രതിഫലം ഉള്ളൂ.


പ്രാര്‍ത്ഥന : വെളിച്ചത്തിന്റെ ദൈവമേ, അന്ധകാരത്തെ നീക്കംചെയ്യുന്ന ലോകത്തിന്റെ വെളിച്ചമായ യേശുക്രിസ്തുവിനായി ഞങ്ങള്‍ അങ്ങേക്കു സ്‌തോത്രം ചെയ്യുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയ വൈവിധ്യങ്ങള്‍ക്കായി കര്‍ത്താവേ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഞങ്ങള്‍ ഏകയിടയനായ യേശുക്രിസ്തുവിനെ പിന്തുടരുന്ന ഒറ്റആട്ടിന്‍കൂട്ടമാണെന്നു ഉറപ്പോടെ വിശ്വസിക്കുന്നു. എല്ലാ വീക്ഷണങ്ങളിലുമുള്ള വ്യത്യസ്തതകളെ പ്രശംസിക്കുകയും ജയിക്കുകയും ചെയ്ത് ഐക്യപ്പെടാന്‍ ഞങ്ങള്‍ക്കു ശക്തി തരേണമേ. ഈ വ്യത്യസ്തതകള്‍ ഞങ്ങളുടെ കൂട്ടായ്മയെ കൂടുതല്‍ ഐക്യത്തില്‍ വര്‍ദ്ധിച്ചുവരാന്‍ ഇടയാക്കട്ടെ. ഒരു അന്ധകാരവും ഞങ്ങളില്‍ വാഴാതെ ഇരുട്ടിനെ പുറത്താക്കാനുള്ള ഉപകരണങ്ങളാകാന്‍ കഴിയേണ്ടതിനു നിലവിളക്കിന്റെ വെളിച്ചമായി ഞങ്ങളെ കാക്കേണമേ. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടുംകൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.

Menu