പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതു സമൂഹത്തിന്റെ ആവശ്യമാണ്. എന്നാല്‍ പലകാരണങ്ങളാല്‍ അവരുടെ അവകാശങ്ങളും സംരക്ഷണവും വെല്ലുവിളിക്കെപ്പടുന്നു. ഈ സാഹചര്യത്തില്‍ ക്രൈസ്തവസഭയ്ക്കു ഈ വിഷയത്തോടുള്ള പ്രതികരണമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ദൈവം തന്റെ പുത്രനിലൂടെ ക്ഷീണിതരേയും തള്ളപ്പെട്ടവരെയും കരുതുകയും ശക്തീകരിക്കുകയും ചെയ്തതായി തിരുവചനത്തില്‍ ദര്‍ശിക്കാന്‍ സാധിക്കും. വിവേചനരഹിതമായ സ്‌നേഹമാണ് യേശുക്രിസ്തുവിലൂടെ മനുഷ്യര്‍ക്കു വെളിപ്പെട്ടത്. അതില്‍ ആണും പെണ്ണും എന്ന വ്യത്യാസമില്ല (ഗലാ.3:28). സമൂഹത്തില്‍ പെണ്‍കുഞ്ഞുങ്ങളെ ആദരിക്കാനും അംഗീകരിക്കാനുമുള്ള ഒരു മനോഭാവമാണ് ഇന്നത്തെ ധ്യാനത്തിലൂടെ ഉണ്ടാകേണ്ടത്. അവരുടെ താലന്തുകളും സമൂഹത്തിന്റെ നന്മയ്ക്കും കുടുംബത്തിന്റെ അനുഗ്രഹത്തിനും കാരണമാകും. എന്നാല്‍ പെണ്‍കുട്ടികള്‍ക്കുള്ള വെല്ലുവിളികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണാവസ്ഥ മുതല്‍ ശവക്കല്ലറ വരെ അവരുടെ ജീവിതം വെല്ലുവിളിക്കപ്പെടുന്നു. ഭ്രൂണഹത്യ (foeticide), ശിശുഹത്യ (infanticide), പെണ്‍വാണിഭം(women traficking), ബലാത്‌സംഗം (rape), സ്ത്രീധനം (dowry), ഗാര്‍ഹികപീഡനം (domestic violence) ഇങ്ങനെ പലതരത്തില്‍ അവരുടെ ജീവിതം വെല്ലുവിളിക്കപ്പെടുന്നു. റാംഅഹൂജ എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ ഇതിനെ മൂന്നായി തിരിച്ചിരിക്കുന്നു. 1. കുറ്റകൃത്യമായ അക്രമങ്ങള്‍ (criminal violence), 2. ഗാര്‍ഹിക അക്രമങ്ങള്‍ (domestic violence), 3. സാമൂഹിക അക്രമങ്ങള്‍ (social violence)
ഓരോ വര്‍ഷവും ഈ അക്രമങ്ങള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പഠനത്തില്‍ ഇന്ത്യയില്‍ 2006-ല്‍ 1,64,765 കേസുകള്‍ ഉണ്ടായിരുന്നെങ്കില്‍ 2010 -ല്‍ അത് 2,13,585 ആയി ഉയരാനിടയായി. കഴിഞ്ഞ രണ്ടുവര്‍ഷം കേരളത്തില്‍ 23,853 കേസുകളാണു പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതില്‍ 6870 കേസുകള്‍ ബലാത്സംഗകേസുകളായിരുന്നു. വീടുകളിലും ജോലിസ്ഥലങ്ങളിലും പെണ്‍കുട്ടികള്‍ക്കു സുരക്ഷിതത്വം നഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഇന്നത്തെ മാധ്യമങ്ങളുടെ വളര്‍ച്ചയും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ എന്നിവയുടെ കുതിച്ചുകയറ്റവും പെണ്‍കുട്ടികളുടെ ധാര്‍മ്മികസുരക്ഷിതത്വത്തിനു വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്നു. ഇവിടെയാണു പെണ്‍കുട്ടികളോടുള്ള കരുതലിനെക്കുറിച്ചു വേദപുസ്തകാടിസ്ഥാനത്തില്‍ നാം ധ്യാനിക്കേണ്ടത്.
1. നീതിമാനായ ഇയ്യോബ് : പെണ്‍കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടുന്നു (ഇയ്യോ. 42:10-17)
വളരെ പീഡകളിലൂടെ കടന്നുപോയ ഇയ്യോബിന്റെ ചരിത്രം പ്രസിദ്ധമാണ്. ഒടുവില്‍ ദൈവം ഇയ്യോബിനെ ഇരട്ടിയായി അനുഗ്രഹിച്ചു. നഷ്ടമായതെല്ലാം മടക്കിക്കൊടുത്തു (ഇയ്യോ.42:10). അപ്പോള്‍ തന്റെ പുത്രിമാര്‍ക്കും പുത്രന്മാര്‍ക്കു കൊടുത്തതുപോലുള്ള അവകാശം കൊടുത്തു എന്നു എഴുതിയാണ് ആ ഭാഗം അവസാനിക്കുന്നത് (ഇയ്യോ. 42:15). പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ഇവിടെ നിഷേധിക്കപ്പെടുന്നില്ല. കുടുംബത്തില്‍ ലഭിക്കേണ്ട ഒരു കരുതലാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്.
2. ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടി വിടുവിക്കപ്പെട്ടു (അ.പ്ര.16:16-18)
ആരാലോ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടു വെളിച്ചപ്പാടു പറഞ്ഞുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടി ഇവിടെ വിടുവിക്കപ്പെടുന്നു. അവളെക്കൊണ്ടു മുതലെടുത്തിരുന്നവര്‍ അനേകരാണ്. ആ റാക്കറ്റില്‍നിന്നു അപ്പൊസ്തലന്മാര്‍ അവളെ വിമോചിപ്പിച്ചു. ഇന്നും ദൈവസഭയുടെ 'ഡയക്കോനിയ' ശുശ്രൂഷയില്‍ ഇത്തരം പ്രവൃത്തിയിലൂടെയുള്ള സുവിശേഷം ആവശ്യമാണ്. ബലഹീനപ്പെട്ടവരുടെ ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്താനും അവരെ വിമോചിപ്പിച്ചു സാധാരണ മനുഷ്യജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനും സഭ ശ്രദ്ധിക്കണം.
3. ഒരു മാതാവിന്റെ അഭ്യര്‍ത്ഥന : പെണ്‍കുട്ടി വിടുവിക്കപ്പെടുന്നു (മത്താ. 15:21-28)
രോഗബാധിതയായ മകള്‍ക്കുവേണ്ടി അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഒരു കനാന്യസ്ത്രീ യേശുവിന്റെ അടുക്കല്‍ വരുന്നത്. അവളുടെ നിരന്തരമായ നിര്‍ബന്ധം നിമിത്തം യേശു ആ മകളെ വിടുവിച്ചു. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കു കൊണ്ടെത്തിക്കണം. ബലഹീനമായി പോവുകയും മരിച്ചുപോവുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ഓര്‍ത്തു ഭാരപ്പെടുകയും ക്രിസ്തുവിന്റെ അടുക്കല്‍ വരികയും ചെയ്യുന്ന രക്ഷാകര്‍ത്താക്കളെ സുവിശേഷങ്ങളിലും അപ്പൊസ്തലപ്രവൃത്തികളിലും രേഖപ്പെടുത്തിയിട്ടുണ്ട് (മര്‍ക്കൊ.5:21-24, 35-43; അ.പ്ര.9:36-43). കുടുംബത്തിലാണു പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ആദ്യമായി ഉറപ്പാക്കേണ്ടത്. അതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതു മാതാപിതാക്കളും. അവരുടെ വിദ്യാഭ്യാസം, അവരുടെ സുഹൃദ്ബന്ധങ്ങള്‍, അവരുടെ ആവശ്യങ്ങള്‍ ഇതിലെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ എത്തണം. വി.പൗലൊസ് നല്‍കുന്ന ഉപദേശം ഇപ്രകാരമാണ്: നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുക (എഫെ.6:4). ഭാരതസംസ്‌കാരമനുസരിച്ചു പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞു മറ്റൊരു കുടുംബത്തിലേക്ക് അയക്കപ്പെടുന്നു. എന്നാല്‍ സ്വന്തം വീട്ടില്‍ അവള്‍ അന്യയാണെന്നും ഇതുവരെ കണ്ടിട്ടില്ലാത്തതും പരിചയമില്ലാത്തതുമായ ഒരു വീട്ടിലേക്ക് അയക്കപ്പെടുമെന്നുമുള്ള ബോധത്താല്‍ ചെറുപ്പത്തിലേ തന്നെ പെണ്‍കുട്ടികള്‍ മാനസികമായി വേട്ടയാടപ്പെടുന്നുണ്ട്. പുതിയ വീട്ടില്‍ എത്തുമ്പോഴും അവിടെയും അവള്‍ ''വന്നു കയറിയവളായി'' കരുതപ്പെട്ട് അന്യയാകുന്നു. ഇവിടെ 'ഒരിടം' (space) പെണ്‍കുട്ടികള്‍ക്കാവശ്യമാണ്. അതു സ്വന്തകുടുംബത്തില്‍നിന്നുതന്നെ ആരംഭിക്കേണ്ടതാണ്. കാരണം, ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹം അവള്‍ക്കും അവകാശപ്പെട്ടതാണ്. ബാലയുടെ കൈക്കുപിടിച്ച് എഴുന്നേല്പിച്ചതുപോലെ, അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതുപോലെ ഇന്നും പല കാരണങ്ങളാല്‍ തളര്‍ന്നുപോകുന്ന, ചൂഷണം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളെ കര്‍ത്താവ് അവിടുത്തെ ആഴമേറിയ സ്‌നേഹത്താല്‍ കൈക്കുപിടിച്ച് എഴുന്നേല്പിച്ചു പുതുജീവന്‍ നല്‍കുന്നു. മാത്രമല്ല, പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉത്തരവാദപ്പെട്ട നമ്മോട് അവളുടെ തുടര്‍ന്നുള്ള ജീവിതം സുരക്ഷിതമാക്കാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. യേശുക്രിസ്തുവിന്റെ സുവിശേഷം സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും സംരക്ഷണത്തിന്റെയും സുവിശേഷമാണ്. ഏത് അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിനും സുവിശേഷം വിമോചനത്തെ പ്രഖ്യാപിക്കുന്നു. സുവിശേഷത്തിന്റെ അമൂല്യമായ ഈ സ്വഭാവം ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ്.
പ്രാര്‍ത്ഥന : സ്രഷ്ടാവായ ദൈവമേ, പുരുഷന്മാരും സ്ത്രീകളുമായ ഞങ്ങളെ അവിടുന്ന് അങ്ങയുടെ സാദൃശ്യപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. ഞങ്ങളുടെ ഭവനങ്ങളിലും സഭകളിലും സമൂഹത്തിലുമുള്ള പെണ്‍കുട്ടികള്‍ക്കായി ഞങ്ങള്‍ അങ്ങേക്കു സ്‌തോത്രം ചെയ്യുന്നു. ബാലവേലയ്ക്കും ലൈംഗികചൂഷണത്തിനും പീഡനത്തിനും ഇരയാകുന്ന പെണ്‍കുട്ടികള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഭ്രൂണഹത്യയ്ക്കും ശിശുഹത്യയ്ക്കും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള മറ്റു തിന്മകള്‍ക്കുമെതിരെ പോരാടാന്‍ ഞങ്ങള്‍ക്കു ധൈര്യം നല്‍കേണമേ. പെണ്‍കുട്ടികളെ ഞങ്ങളുടെ സാഹചര്യങ്ങളില്‍ ബഹുമാനിക്കാനും ആദരിക്കാനും സംരക്ഷിക്കാനും അതുവഴി അവര്‍ക്കു നല്ല ഭാവി ഉറപ്പാക്കാനും ഞങ്ങളെ സഹായിക്കേണമേ. ഏകദൈവമായ അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനംകൂടാതെ ജീവിച്ചുവാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.