അശരണരോടും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരോടും ഏകീകരിക്കുന്ന ക്രിസ്തീയസ്വഭാവമാണ് ദൈവസഭക്കുണ്ടാകേണ്ടത്. സമൂഹത്തില്‍ വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടുപോയവരുടെ പ്രതിനിധികളാണ് പുതിയനിയമത്തില്‍ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ തന്റെ പരസ്യശുശ്രൂഷയില്‍ രോഗശാന്തി അനുഭവിച്ചത്. കുരുടനും ചെകിടനും മുടന്തനും കുഷ്ഠരോഗിയും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവേശിക്കാന്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരാണ്. എന്നാല്‍ യേശു അവരെ സൗഖ്യമാക്കുക മാത്രമല്ല സമൂഹത്തിന്റെ മുഖ്യധാരയില്‍ അവരെ കൊണ്ടുവരികയും ചെയ്യും. യേശുക്രിസ്തു നല്‍കുന്ന സൗഖ്യം എവിടെയെല്ലാം കാണുന്നുവോ അവിടെയെല്ലാം ഈ ശുശ്രൂഷയും കാണാന്‍ സാധിക്കും.
1. പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരോടുള്ള ഐക്യദാര്‍ഢ്യം ദൈവികസ്വഭാവം (എസ്ഥേ. 4:1-17)
യെഹൂദന്മാരെ ഉന്മൂലനാശം ചെയ്യാനുള്ള ഹാമാന്റെയും രാജാവിന്റെയും തീരുമാനം മൊര്‍ദ്ദെഖായി അറിഞ്ഞപ്പോള്‍ അദ്ദേഹം വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര്‍ വാരിയിട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവില്‍ചെന്നു കയ്‌പോടെ അത്യുച്ചത്തില്‍ നിലവിളിച്ചു. രാജാവിന്റെ പടിവാതിലില്‍ രട്ടുടുത്തുംകൊണ്ടു ആര്‍ക്കും കടന്നുകൂടായിരുന്നുവെങ്കിലും അദ്ദേഹം അങ്ങനെ ചെയ്തു. രാജ്യത്തിന്റെ ഓരോ സംസ്ഥാനത്തും യഹൂദന്മാരുടെയിടയില്‍ മഹാദുഃഖവും ഉപവാസവും കരച്ചിലും ഉണ്ടായി. പലരും രട്ടുടുത്തു വെണ്ണീറില്‍ കിടന്നു. മൊര്‍ദ്ദെഖായിയുടെ രട്ടു നീക്കി അദ്ദേഹത്തെ ഉടുപ്പിക്കേണ്ടതിനു എസ്ഥേര്‍ വസ്ത്രം കൊടുത്തയച്ചെങ്കിലും അദ്ദേഹം അതു നിഷേധിച്ചു. എസ്ഥേറിനോടു ഹഥാക്ക് വഴി മൊര്‍ദ്ദെഖായി ശക്തമായ ഒരു സന്ദേശം അയയ്ക്കുന്നു : നീ ഈ രാജധാനിയില്‍ ഇരിക്കയാല്‍ എല്ലാ യഹൂദന്മാരിലുംവച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു വിചാരിക്കേണ്ട. നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ യഹൂദന്മാര്‍ക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും. എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും. ഇങ്ങനെയുള്ളോരു കാലത്തിനായിട്ടല്ലോ നീ രാജസ്ഥാനത്തിനു വന്നിരിക്കുന്നത് ആര്‍ക്കറിയാം? തുടര്‍ന്നു യഹൂദന്മാര്‍ ഉപവസിക്കുകയും എസ്ഥേറിനു രാജാവിന്റെ അടുക്കല്‍ പോകാന്‍ അനുവാദം ലഭിക്കുകയും ചെയ്തു. അങ്ങനെ യഹൂദന്മാര്‍ക്കു വരാമായിരുന്ന വലിയനാശത്തില്‍നിന്നു വിടുവിക്കപ്പെടുന്നു. ഇന്നും അശരണരായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായി കഴിയുന്ന ജനത്തോടു ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ക്കുവേണ്ടി സംവാദിക്കാനും ഉപവസിക്കാനും ഈ സന്ദേശം ഓര്‍മ്മിപ്പിക്കുന്നു.
2. പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരോടുള്ള ഐക്യദാര്‍ഢ്യം സഭയുടെ പ്രേഷിതദൗത്യം (അ.പ്ര. 15:12-21)
യഹൂദന്മാരല്ലാത്ത വിജാതികള്‍ ക്രിസ്തീയവിശ്വാസത്തിലേക്കു വന്നപ്പോള്‍ അന്നത്തെ ചില യാഥാസ്ഥിതികരായ യഹൂദക്രിസ്ത്യാനികള്‍ വിജാതിയര്‍ക്കെതിരെ നിലപാടെടുത്തു. അവരും പരിച്ഛേദനയേറ്റു യഹൂദാചാരം അനുഷ്ഠിക്കണമെന്നായിരുന്നു ഈ പ്രമാണികളുടെ നിലപാട് (അ.പ്ര. 15:1). എന്നാല്‍ അതിനെതിരെ പൗലൊസും ബര്‍ന്നബാസും പത്രൊസും ശക്തമായി വാദിച്ചു (അ.പ്ര. 15:2-11). യെരൂശലേമിലെ ഈ ചര്‍ച്ച സഭയുടെ പ്രേഷിതദൗത്യത്തിനുള്ള ഒരു പുതിയവാതായനം തുറക്കുകയായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമുണ്ടായി. ആ തീരുമാനം അന്നു നിലനിന്നിരുന്ന എല്ലാ സഭകളിലും അറിയിക്കാന്‍ ചിലരെ തിരഞ്ഞെടുത്ത് ബര്‍ന്നബാസിനോടും പൗലൊസിനോടും അന്ത്യോക്ക്യയിലേക്ക് അയച്ചു. ഇതിനായി അവര്‍ തിരഞ്ഞെടുത്തത് ബര്‍ശബാസ് എന്ന യൂദയെയും ശീലാസിനെയുമായിരുന്നു. വിജാതീയരും യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ ക്രിസ്തുശിഷ്യരായിത്തീരുന്നു എന്നതാണ് പുതിയതീരുമാനം. യേശുക്രിസ്തുവിന്റെ സുവിശേഷം പാര്‍ശ്വവത്ക്കരിപ്പെട്ടവരോട് ഏകീകരിക്കുന്നതാണ്. അതു സഭയുടെ പ്രേഷിതദൗത്യത്തിന്റെ ഭാഗവുമാണ്.
3. പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരോടുള്ള ഐക്യദാര്‍ഢ്യം യേശുക്രിസ്തുവിന്റെ ശുശ്രൂഷ (മര്‍ക്കൊ. 1:40-45)
യഹൂദാ പശ്ചാത്തലത്തില്‍ അന്നു മതപരമായും സാമൂഹികമായും കുഷ്ഠരോഗി പൂര്‍ണ്ണമായും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരാണ്. എന്നാല്‍ യേശു അവനെ തൊട്ടു സൗഖ്യമാക്കുന്നു. ദരിദ്രന്മാരോടു സുവിശേഷം അറിയിക്കാന്‍ പിതാവ് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു (ലൂക്കൊ. 4:18) എന്നായിരുന്നു തന്റെ പ്രഖ്യാപിതനയം. വരാനുള്ളവന്‍ നീയാണോ എന്ന് അന്വേഷിക്കാന്‍ യോഹന്നാന്‍ സ്‌നാപകന്‍ സംശയത്തോടെ ഗുരുവിന്റെ അടുക്കല്‍ തന്റെ ശിഷ്യന്മാരെ അയയ്ക്കുമ്പോള്‍ ഗുരു പറഞ്ഞതിങ്ങനെയാണ്: ''നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പോയി യോഹന്നാനോട് അറിയിക്കുവിന്‍. കുരുടര്‍ കാണുന്നു, മുടന്തര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു... ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു''(മത്താ.11:4,5). ഇത്തരം രോഗികളെ സൗഖ്യമാക്കിയത് അവരെ രോഗത്തില്‍നിന്നും സൗഖ്യമാക്കാന്‍ മാത്രമല്ലായിരുന്നു. അതിലുപരി - ഇത്തരം രോഗികളെ സമൂഹം അറപ്പുള്ളവരായി കണ്ടിരുന്നു, അടിച്ചമര്‍ത്തപ്പെട്ടവരായി. തൊട്ടുകൂടാത്തവരും, ശപിക്കപ്പെട്ടവരുമായി. കുരുടനായി പിറക്കാന്‍ അവന്റെ പൂര്‍വ്വ പിതാക്കളുടെ പാപം കാരണമായി. ഇവര്‍ക്കാണ് കര്‍ത്താവ് സൗഖ്യം പ്രഖ്യാപിച്ചത്. അവര്‍ക്കു ശാരീരികസൗഖ്യം മാത്രമല്ല, സാമൂഹിക സൗഖ്യവും നല്‍കുകയാണിവിടെ. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരികയാണ്. സൗഖ്യംപ്രാപിച്ച കുഷ്ഠരോഗി പോയി തന്നെത്തന്നെ പുരോഹിതനെ കാണിച്ചു - സൗഖ്യത്തെ പ്രഖ്യാപിച്ചു സമൂഹത്തിലേക്കു കയറ്റപ്പെടണം. അവനും ദൈവസൃഷ്ടിയാണ്. സമനാണ്. പാളയത്തിനു പുറത്ത് പാര്‍ക്കേണ്ടവനല്ല. അതുവരെ ഉണ്ടായിരുന്ന 'വിധി'യുടെ നിയമങ്ങളെ കര്‍ത്താവ് പിഴുതെറിയുകയാണ്.