യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല ആണും പെണ്ണുമെന്നില്ല എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നത്രേ (ഗലാ. 3:28). ദൈവത്തിനു മുഖപക്ഷമില്ല (അ.പ്ര. 10:34). ദൈവം എല്ലാവരുടെയും ദൈവമാണ്. ദൈവത്തിലുള്ള വിശ്വാസം മനുഷ്യാതിരുകള്‍ക്ക് അതീതമാണ്. യഹൂദനും യവനനും എന്നു വ്യത്യാസമില്ലാതെ എല്ലാവരെയും അവിടുന്നു തന്നിലേക്കു ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു (റോമ. 10:12). ഇതാണ് ക്രൈസ്തവസഭയെ തുടര്‍ച്ചയായ പ്രേഷിതദൗത്യത്തിനു പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഓരോരുത്തര്‍ക്കു വിശ്വസിക്കാന്‍ കഴിയുന്നതും ദൈവത്തില്‍നിന്നു ലഭിക്കുന്ന കൃപയെന്നാണു തിരുവചനം പഠിപ്പിക്കുന്നത്. അതുകൊണ്ടു മറ്റുള്ളവരുടെ വിശ്വാസത്തെ വിധിക്കാനോ അളക്കാനോ നമുക്കു കഴിയില്ല. അതേസമയം മറ്റുള്ളവരിലുള്ള ദൈവികവിശ്വാസത്തെ തിരിച്ചറിയാനും പ്രശംസിക്കാനും നമുക്കു കഴിയണം.
1. കോരെശിന്റെ വിശ്വാസത്തെ തിരിച്ചറിയുക (യെശ. 44:28-45:8)
കാംബിസസ് ഒന്നാമന്റെ പുത്രനാണ് കോരെശ് രണ്ടാമന്‍. ബി.സി. 559-ല്‍ അന്‍ഷാനിലെ ചക്രവര്‍ത്തിയായി. വിശാലമായ പേര്‍ഷ്യാ സാമ്രാജ്യം ഇദ്ദേഹം സ്ഥാപിച്ചു. ബി.സി. 559-530 ആയിരുന്നു ഭരണകാലം. ഇദ്ദേഹം ഒരു സൗരാഷ്ട്രമത (പാര്‍സിമതം) വിശ്വാസിയായിരുന്നതായി അഭിപ്രായമുണ്ട്. വിജാതിയനായ ഈ ചക്രവര്‍ത്തി ബൈബിള്‍ പ്രവചനത്തിലും (യെശ. 41:25, 44:28, 45:1-13) ചരിത്രത്തിലും (2ദിന. 36:22, എസ്രാ. 1:1, ദാനി. 1:21, 10:1) പ്രമുഖസ്ഥാനം വഹിക്കുന്നു. മേദ്യ, ലുദിയ എന്നീ രാജ്യങ്ങളെ കീഴടക്കിയ കോരെശ് ബി.സി. 539-ല്‍ ബാബിലോണിയ പിടിച്ചടക്കി. തുടര്‍ന്നു യഹൂദ്യ രണ്ടു നൂറ്റാണ്ടോളം പാര്‍സി സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി തുടര്‍ന്നു. യഹൂദ പ്രവാസികളോട് ഇദ്ദേഹം കരുണ കാണിക്കുകയും സ്വന്തസ്ഥലത്തുപോയി ദേവാലയം പണിയാന്‍ അവര്‍ക്കു അനുവാദം നല്‍കുകയും ചെയ്തു. യെശയ്യാവ് കോരെശിനെ 'യഹോവയുടെ അഭിഷിക്തന്‍' അഥവാ മശിഹാ എന്നും 'യഹോവയുടെ ഇടയന്‍' എന്നും വിളിച്ചു (യെശ. 45:1, 44:28). യരൂശലേം ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു വിളംബരം മാത്രമല്ല, പണിക്കാവശ്യമായ സഹായം നല്‍കുകയും (എസ്രാ 3:7), ആലയംവക ഉപകരണങ്ങള്‍ മടക്കിക്കൊടുക്കുകയും ചെയ്തു (എസ്രാ 1:7,8). ദാനിയേലിന്റെ പുസ്തകത്തിലും കോരെശ് രാജാവിനെ ഒരു നല്ല ചക്രവര്‍ത്തിയായി ദര്‍ശിക്കുന്നു (ദാനി. 1:21, 6:28, 10:1). ദൈവത്തിന്റെ വഴികള്‍ അവര്‍ണ്ണനീയമാണ്. തന്റെ മഹത്വമേറിയ പുനഃസ്ഥാപനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രവര്‍ത്തനത്തിന് ദൈവം ഏതു മനുഷ്യനേയും ഉപയോഗിക്കുമെന്നുള്ളതിനൊരു തെളിവാണ് കോരെശ് രാജാവ്.
2. കനാന്യസ്ത്രീയുടെ വിശ്വാസത്തെ തിരിച്ചറിയുക (മത്താ. 15:21-28)
യേശുക്രിസ്തുവിന്റെ അടുക്കല്‍ തന്റെ മകളുടെ സൗഖ്യം പ്രതീക്ഷിച്ചുകൊണ്ടു വരുന്ന കനാന്യസ്ത്രീയുടെ സംഭവമാണ് മത്താ.15:21-28-ല്‍ കാണുന്നത്. അവളുടെ വിശ്വാസത്തെ ''നിന്റെ വിശ്വാസം വലിയതു'' എന്നു യേശു പ്രശംസിക്കുന്നതായി കാണുന്നു. ഹാമിന്റെ നാലാമത്തെ പുത്രനും നോഹയുടെ പൗത്രനുമാണ് കനാന്‍. നോഹ കനാനെ ശപിച്ചു (ഉല്പ. 9:18,22-27) കനാന്യരുടെ അതിര്‍ സീദോന്‍ തുടങ്ങി ഗെരാര്‍ വഴിയായി ഗസ്സാ വരെയും സോദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശ വരെയുമായിരുന്നു (ഉല്പ.10:19, 12:5, 13:12, സംഖ്യ.13:17-21, 34:1,2) യഹൂദന്മാര്‍ കനാന്യരെ പൊതുവെ വിജാതീയരായും ശപിക്കപ്പെട്ടവരായും കരുതിയിരുന്നു. ഫിനീഷ്യയില്‍ പ്രത്യേകിച്ചും സിറിയ പാലസ്തീനില്‍ പൊതുവെയും പാര്‍പ്പുറപ്പിച്ച 11 ജാതികള്‍ കനാന്റെ സന്തതികളായിരുന്നു (ഉല്പ.10:11-19). ഈ ദേശത്തില്‍വച്ചാണ് യേശുവിന്റെ അടുക്കല്‍ ഒരു സ്ത്രീ മകളുടെ സൗഖ്യത്തിനുവേണ്ടി എത്തിച്ചേരുന്നത്. മര്‍ക്കൊ.7:24-30-ല്‍ ഈ സ്ത്രീ ഒരു യവനസ്ത്രീയാണെന്നു രേഖപ്പെടുത്തുന്നു (ഗ്രീക്ക് വനിത). ഫിനിഷ്യര്‍ സ്വയം വിളിച്ചിരുന്നതു കനാന്യരെന്നാണ്. യേശുവിന്റെ ശുശ്രൂഷാകാലത്തു സോരും സീദോനും ഉള്‍പ്പെട്ട ഫിനിഷ്യ (ഫൊയിനീക്ക്യ) റോമന്‍ പ്രവിശ്യയായ സുറിയയുടെ ഭാഗമായിരുന്നു. അതുകൊണ്ട് ഇവിടത്തുകാരെ സുറോ-ഫൊയിനീക്യര്‍ എന്നു പറയുമായിരുന്നു. ഈ യവനസ്ത്രീയുടെയും ദൈവവിശ്വാസത്തെ ക്രിസ്തു സ്വീകരിച്ചു. മുന്‍വിധികളില്ലാതെ മറ്റു സമൂഹങ്ങളിലുള്ളവരിലും ദൈവവിശ്വാസത്തെ ദര്‍ശിക്കാന്‍ നമുക്കും സാധിക്കണം.
3. കൊര്‍ന്നല്യോസിന്റെ വിശ്വാസത്തെ തിരിച്ചറിയുക (അ.പ്ര. 10:24-33)
കൈസര്യയിലെ ഒരു റോമന്‍ ശതാധിപനായിരുന്നു കൊര്‍ന്നല്യൊസ്. ഭക്തിയും ദാനധര്‍മ്മവും പ്രാര്‍ത്ഥനയും കൈമുതലായ ഒരു യഹൂദമതാനുസാരിയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ ഈ ആത്മീയ അന്വേഷണത്തെ ദൈവം അംഗീകരിച്ചു. പത്രൊസിനെ വരുത്തി യേശുക്രിസ്തുവിന്റെ സുവിശേഷം കേള്‍ക്കാന്‍ ഒരു ദര്‍ശനത്തിലൂടെ ദൈവം അദ്ദേഹത്തിനു നിര്‍ദ്ദേശം നല്‍കി. പത്രൊസിന്റെ പ്രസംഗം നടക്കുമ്പോള്‍തന്നെ കൊര്‍ന്നല്യോസിന്റെ മേല്‍ പരിശുദ്ധാത്മാവു വന്നു. അങ്ങനെ ജനങ്ങളുടെ എതിര്‍പ്പില്ലാതെ അദ്ദേഹത്തെ പത്രൊസ് സ്‌നാനപ്പെടുത്തി. ദൈവകൃപയുടെ സുവിശേഷത്തില്‍ വിശ്വസിച്ച് ആദ്യമായി ദൈവസഭയിലേക്ക് ആകര്‍ഷിക്കപ്പെട്ട ഒരു വിജാതീയവ്യക്തിയെന്നനിലയില്‍ കൊര്‍ന്നല്യോസിന്റെ മാനസാന്തരം പ്രാധാന്യമര്‍ഹിക്കുന്നു. തുടര്‍ന്ന് ഇവിടെ വിജാതീയരുടെ ഒരു ക്രൈസ്തവസഭതന്നെ ഉടലെടുക്കാനിടയായി. അവരുടെയിടയില്‍ നടന്ന പ്രവര്‍ത്തനത്തെ പത്രൊസ് പിന്നെയും യെരൂശലേം സഭാകൗണ്‍സിലിലും വിശദീകരിക്കുന്നുണ്ട് (അ.പ്ര. 15:7-11).