Sermon Outlines
Create Account
1-800-123-4999

അടിച്ചമര്‍ത്തുന്ന ഘടനകളുടെ രൂപാന്തരം

Monday, 25 March 2019 04:03
Rate this item
(1 Vote)

മാര്‍ച്ച് 31
ഉയിര്‍പ്പിനുമുമ്പുള്ള മൂന്നാംഞായര്‍
3rd Sunday before Easter
നോമ്പില്‍ നാലാംഞായര്‍ (4th Sunday in Lent Season)


അടിച്ചമര്‍ത്തുന്ന ഘടനകളുടെ രൂപാന്തരം
Transforming the oppressive Structures


പഴയനിയമം    നഹൂം 1:1-15
സങ്കീര്‍ത്തനം     113
ലേഖനം            അ.പ്ര. 4:32-37
സുവിശേഷം     ലൂക്കൊ. 13:10-17


ധ്യാനവചനം: അവന്‍ എളിയവനെ പൊടിയില്‍നിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയില്‍നിന്നു ഉയര്‍ത്തുകയും ചെയ്തു. പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു (സങ്കീ. 113:7,8).


അടിച്ചമര്‍ത്തുന്ന എല്ലാ വ്യവസ്ഥിതികളെയും രൂപാന്തരപ്പെടുത്തുന്നവനാണ് ദൈവം. കാരണം ദൈവം വിമോചനത്തിന്റെ ദൈവമാണ് (2കൊരി. 3:17). ദൈവം നല്‍കുന്ന വിമോചനം ആത്മീയം മാത്രമല്ലെന്നും ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിമോചനം വേദപുസ്തകത്തില്‍ ദര്‍ശിക്കാവുന്നതുമാണെന്നു വിമോചനദൈവശാസ്ത്രം വിശ്വസിച്ചു. 1971-ല്‍ പെറൂവിയന്‍ പുരോഹിതനായ ഗസ്റ്റാവോ ഗറ്റീയെരസ് എഴുതിയ 'വിമോചന ദൈവശാസ്ത്രം' (The Theology of Liberation) ദൈവശാസ്ത്രമേഖലയെ വളരെ സ്വാധീനിച്ചു. അന്യായമായ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ അടിച്ചമര്‍ത്തലുകളില്‍നിന്നുള്ള മോചനം എന്ന ചിന്ത യേശുക്രിസ്തുവിന്റെ ഉപദേശങ്ങളില്‍ അടിസ്ഥാനപ്പെടുത്തി വാര്‍ത്തെടുത്തപ്പോഴുണ്ടായ ഈ പുതിയ ദൈവശാസ്ത്രമേഖല മറ്റു പല ദൈവശാസ്ത്രവാതിലുകളും തുറക്കാന്‍ ഇടയാക്കി. 1950-60 കളില്‍ ലാറ്റിന്‍ അമേരിക്കയിലെ കത്തോലിക്കാസഭയില്‍ രൂപംകൊണ്ട വിമോചനദൈവശാസ്ത്രം എന്ന ചിന്ത ഒടുവില്‍ അന്തര്‍ദേശീയവും അന്തര്‍സഭാപരവുമായിത്തീര്‍ന്നു. നമ്മുടെ കഷ്ടതകള്‍ കാണുകയും നിലവിളികള്‍ കേള്‍ക്കുകയും ചെയ്യുന്ന ദൈവം നമ്മുടെ അടിമത്തത്തിന്റെയും ബലഹീനതയുടെയും നുകങ്ങളില്‍നിന്നു നമ്മെ വിടുവിക്കും എന്നതാണു നമ്മുടെ പ്രതീക്ഷ. നീണ്ട 430 വര്‍ഷം മിസ്രയീം അടിമത്തത്തിലായിരുന്ന യിസ്രായേല്‍ജനം ദൈവത്തോടു വിമോചനത്തിനായി നിലവിളിച്ചു. ദൈവം ഒരു വിമോചകനെ അവര്‍ക്കായി അയച്ചു. പ്രകൃത്യതീതമായ അത്ഭുതങ്ങളിലൂടെയും ശക്തമായ മോശെയുടെ പ്രവചനശബ്ദത്തിലൂടെയും യിസ്രായേല്‍ജനം വിമോചിപ്പിക്കപ്പെട്ടു. ലോകചരിത്രത്തിലെ ആദ്യത്തെ വിമോചനസമരമായി പുറപ്പാടു പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളിലെ ചരിത്രം നിലനില്ക്കുന്നു. 'എന്റെ ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുപോരുക' എന്ന ദൈവശബ്ദം ഇന്നു സഭയോടുള്ള ഒരു സന്ദേശമായി നമുക്കു കാണാവുന്നതാണ്. അടിമവേല നിമിത്തമുള്ള ജനത്തിന്റെ നെടുവീര്‍പ്പും നിലവിളിയും ദൈവം കേള്‍ക്കുകയും അവരോടുള്ള തന്റെ നിയമത്തെ ഓര്‍ക്കുകയും ചെയ്തു (പുറ. 2:23-25, 3:10). മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട ദൈവം മോശെയെ ഏല്പിക്കുന്നത് ഒരു വിമോചനശുശ്രൂഷയാണ്.


1. മോചിക്കപ്പെട്ടത് മോചിക്കാന്‍ (നഹൂം 1:1-15)
യോനയുടെ പ്രസംഗം കേട്ട് നീനെവേ മാനസാന്തരപ്പെട്ടു. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നീനെവേ അഹങ്കാരത്തിന്റെയും ദുഷ്ടതയുടെയും സ്ഥലമായിത്തീര്‍ന്നു. അതുകൊണ്ട് അതിനെതിരെ നഹൂം പ്രവചിക്കുകയാണ്. ബി.സി. 663 നും 612 നും ഇടയ്ക്കു പ്രവചിച്ച പ്രവാചകനാണ് നഹൂം. നീനെവേയുടെ മര്‍ദ്ദകസ്വഭാവത്തിനു ന്യായവിധി വരും. ദൈവം നീതിമാനായ ന്യായാധിപനാണ്. നീനെവേ തനിക്കു ലഭിച്ച വിമോചനത്തെ ഓര്‍ത്തു മാനസാന്തരപ്പെട്ടില്ലെങ്കില്‍ സംഹാരകന്‍ അതിനെതിരെ വരുമെന്നു നഹൂം പ്രവചിക്കുകയാണ് (നഹൂം 3:1). യോനയുടെ കാലത്തു നീനെവേ അനുഭവിച്ച ദൈവികവിടുതല്‍ നീനെവേ പിന്നെയും ഓര്‍ത്തു മോചനത്തിനായി പ്രവര്‍ത്തിക്കേണ്ടതാണ്. ആരെയും അടിച്ചമര്‍ത്താനല്ല (നഹൂം 1:11-15).


2. മോചനം നല്‍കുന്ന രൂപാന്തരം (അ.പ്ര. 4:32-37)
ആദ്യനൂറ്റാണ്ടിലെ ക്രൈസ്തവജനത അടിച്ചമര്‍ത്തപ്പെട്ട സമൂഹമായിരുന്നു. അനേകപീഡനങ്ങളിലൂടെ ആ വിശ്വാസസമൂഹം യാത്രചെയ്തു. എന്നാല്‍ ക്രമേണ ആ സമൂഹത്തിനുതന്നെ രൂപാന്തരമുണ്ടായി. അവര്‍ ഒരുമനപ്പെട്ടു ഒരുമിച്ചുകൂടി ഒരു ശരീരവും മനസ്സും ഹൃദയവുമുള്ളവരായിത്തീര്‍ന്നു. തനിക്കുള്ളത് ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല. സകലവും അവര്‍ക്കു പൊതുവായിരുന്നു. സമത്വമുള്ള ഒരു സാമൂഹികവ്യവസ്ഥിതിയാണ് അന്നവിടെ സംജാതമായത്. ഈ അവസ്ഥ അധികകാലം നിലനിന്നില്ല എന്നുള്ളതു ശരിയാണ്. എന്നാല്‍ ബന്ധനവ്യവസ്ഥിതികള്‍ രൂപാന്തരപ്പെട്ടു വരുമ്പോള്‍ ഇങ്ങനെയുള്ള സമൂഹങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവരുന്നു എന്നതാണ് വസ്തുത. ഇവിടെ പ്രതിപാദിക്കപ്പെടുന്ന സമൂഹമാണ് ക്രൈസ്തവസഭയുടെ അടിസ്ഥാനരേഖയാകേണ്ടത്.


3. യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന മോചനം (ലൂക്കൊ. 13:10-17)
അടിച്ചമര്‍ത്തുന്ന ഘടനകളെ രൂപാന്തരപ്പെടുത്തുന്നതു യേശുക്രിസ്തുവിന്റെ സുവിശേഷമാണ്. ക്രിസ്തുവിന്റെ നസ്രത്തിലെ പ്രഖ്യാപിതനയം സുവ്യക്തമാണ് (ലൂക്കൊ. 4:18,19). ബദ്ധന്മാരെ വിടുവിക്കുക, പീഡിതന്മാരെ വിടുവിച്ച് അയയ്ക്കുക, കര്‍ത്താവിന്റെ പ്രസാദവര്‍ഷം പ്രസംഗിക്കുക ഇവിടെയെല്ലാം ധ്വനിക്കുന്നത് ഒരുതരത്തിലെ വിമോചനം തന്നെയാണ്. ഒരു ശബ്ബത്തില്‍ പതിനെട്ടു വര്‍ഷമായി രോഗാത്മാവു ബാധിച്ചിരുന്ന സ്ത്രീയെ സൗഖ്യമാക്കുന്ന ക്രിസ്തുവിന്റെ ശുശ്രൂഷ കാണാം. അവരിലുള്ള രോഗബന്ധനം ക്രിസ്തു അഴിച്ചു (ലൂക്കൊ. 13:14). എല്ലാ തിന്മകളുടെ ബന്ധനങ്ങളെയും അഴിക്കുന്ന ക്രിസ്തുസ്വഭാവമാണ് ഇവിടെ വെളിപ്പെടുന്നത്. പല കാരണങ്ങളാല്‍ നിവര്‍ന്നു നടക്കാന്‍ കഴിയാതെ കൂനരായിപ്പോകുന്ന സമൂഹത്തെ അവിടുന്ന് നിവര്‍ത്തുന്നു. അങ്ങനെ ജനമല്ലാതിരുന്നവര്‍ ജനമാകുന്നു. അസമത്വവും അടിച്ചമര്‍ത്തലും പാര്‍ശ്വവത്കരണവും മനുഷ്യരെ കൂനരാക്കുന്നു. തല നിവര്‍ത്തി നടക്കാന്‍ കഴിയാതെ പോകുന്ന മനുഷ്യസമൂഹത്തിന് ഇവിടെ വിമോചനത്തിന്റെ സന്ദേശം അത്യാവശ്യമാണ്.

Menu