Sermon Outlines
Create Account
1-800-123-4999

ക്രൂശും ശിഷ്യത്വത്തിലേക്കുള്ള ഒരു പുതിയ മാതൃകയും

Monday, 01 April 2019 04:15
Rate this item
(2 votes)

ഏപ്രില്‍ 7
ഉയിര്‍പ്പിനുമുമ്പുള്ള രണ്ടാംഞായര്‍
(2nd Sunday before Easter)
നോമ്പില്‍ അഞ്ചാംഞായര്‍ (5th Sunday in Lent Season)


ക്രൂശും ശിഷ്യത്വത്തിലേക്കുള്ള ഒരു പുതിയ മാതൃകയും
Cross and a New Paradigm to Discipleship


പഴയനിയമം    ഉല്പ. 26:12-33
സങ്കീര്‍ത്തനം     92
ലേഖനം            2 കൊരി. 11:21-31
സുവിശേഷം     മര്‍ക്കൊ. 10:46-52


ധ്യാനവചനം: ആര്‍ ബലഹീനനായിട്ടു ഞാന്‍ ബലഹീനനാകാതെ ഇരിക്കുന്നു? ആര്‍ ഇടറിപ്പോയിട്ടു ഞാന്‍ അഴലാതിരിക്കുന്നു? (2കൊരി. 11:29).


തന്റെ ക്രിസ്തീയശിഷ്യത്വ ജീവിതത്തില്‍ താന്‍ അനുഭവിക്കേണ്ടിവന്ന ക്രൂശിന്റെ അനുഭവങ്ങളാണ് വി.പൗലൊസ് 11:21-31 -ല്‍ വിശദീകരിക്കുന്നത്. ശിഷ്യത്വത്തിലേക്കുള്ള ഒരു പുതിയ മാതൃകയാണ് ക്രൂശ് ധരിക്കുന്ന ജീവിതം. ക്രൂശ് ഏറ്റവും നിന്ദ്യമായിരുന്നെങ്കിലും ക്രൈസ്തവ വിശ്വാസികളുടെ ദൃഷ്ടിയില്‍ അത് അമൂല്യവും വിശുദ്ധവുമായിത്തീര്‍ന്നു (1കൊരി. 1:18). ക്രമേണ ക്രൂശ് ക്രിസ്ത്യാനികളുടെ അടയാളമായി. ക്രൂശ് അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും സ്‌നേഹത്തിന്റെയും അടയാളമായിത്തീര്‍ന്നു (2കൊരി.5:19, എഫെ.2:14-16). അതുകൊണ്ടാണ് ക്രൂശിലൂടെ ക്രിസ്തു മനുഷ്യന് ദൈവത്തോടുള്ള ബന്ധത്തെ പുനഃസ്ഥാപിക്കുന്നു എന്നു പറയുന്നത്. ക്രൂശിനെ കുറിക്കുന്ന സ്റ്റൗറൊസ് എന്ന ഗ്രീക്കുപദം 28 പ്രാവശ്യവും ക്രൂശിക്കുക എന്ന ക്രിയയുടെ ഗ്രീക്കുപദമായ സ്റ്റൗറോ 46 പ്രാവശ്യവും പുതിയനിയമത്തില്‍ കാണാം. ഈജിപ്തിലും (ഉല്പ. 40:19), കാര്‍ത്തേജിലും പാര്‍സ്യയിലും (എസ്ഥേ-7:10) അശൂരിലും ഗ്രീസിലും റോമിലും മരത്തിന്മേലും ക്രൂശിലും തൂക്കിക്കൊല്ലുന്ന സമ്പ്രദായം നിലനിന്നിരുന്നു. സോര്‍ കീഴടക്കിയതിനുശേഷം പട്ടണത്തെ പ്രതിരോധിച്ച 2000 പേരെ ക്രൂശിക്കുന്നതിനു അലക്‌സാണ്ടര്‍ ചക്രവര്‍ത്തി കല്പനകൊടുത്തതായി ചരിത്രത്തില്‍ തെളിവുണ്ട്. അടിമകളേയും അധമകുറ്റവാളികളെയും അല്ലാതെ റോമാപൗരന്മാരെ ക്രൂശിച്ചിരുന്നില്ല. ക്രൂശീകരണം നിര്‍ത്തലാക്കിയതു കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയായിരുന്നപ്പോഴാണ്. പഴയനിയമകാലത്തു വധിച്ചശേഷം മരത്തില്‍ തൂക്കുന്ന രീതിയുണ്ടായിരുന്നു (ആവ.21:22, സംഖ്യാ.25:4) മറ്റുള്ളവര്‍ക്കു താക്കീതായി ശവത്തെ മരത്തില്‍ തൂക്കുമായിരുന്നു (ആവ.21:22,23; യോശു.10:26, ഗലാ.3:13).
ക്രൂശിന്റെ മറ്റു ചില പ്രത്യേകതകളെ നമുക്കു നോക്കാം.

 

  1. ഐക്യത്തിന്റെ അടയാളം: ക്രൂശിലൂടെ ദൈവം പ്രപഞ്ചത്തെ സകലത്തേയും തന്നോടു നിരപ്പിച്ചു സമാധാനം ഉണ്ടാക്കി (കൊലൊ.1:20). ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തുമായിച്ചു ക്രൂശില്‍ തറച്ചു നടുവില്‍നിന്നു നീക്കിക്കളഞ്ഞു (കൊലൊ.2:14). 
  2. ജയത്തിന്റെ അടയാളം (കൊലൊ. 2:15)
  3. ദൈവജ്ഞാനത്തിന്റെ അടയാളം (1കൊരി. 1:18,23)
  4. ശാപം മാറ്റി അനുഗ്രഹം നല്‍കിയ അടയാളം (ആവര്‍. 21:23, ഗലാ.3:13)

 

ക്രൂശും ക്രിസ്തീയശിഷ്യത്വവും തമ്മില്‍ അടുത്തബന്ധമുണ്ട്. കാരണം ക്രൂശ് എടുത്തുകൊണ്ട് അനുഗമിക്കുന്നവനാണു യഥാര്‍ത്ഥ ശിഷ്യന്‍.


1. ക്രൂശിന്റെ ശിഷ്യത്വം ക്ഷമയെ നല്‍കുന്നു (ഉല്പ. 26:12-33)
ദൈവസ്‌നേഹത്തിന്റെ ആത്യന്തിക അടയാളമാണ് ക്രൂശില്‍ ദര്‍ശിക്കുന്നത്. അതു ക്ഷമയുടെ മൂര്‍ത്തിമദ്ഭാവമാണ്. ക്രൂശിന്റെ ശിഷ്യത്വം ക്ഷമിക്കാനുള്ള മനോഭാവം തരുന്നു. ഉല്പ. 26:12-33 -ല്‍ യിസഹാക്കിന്റെ ക്ഷമയുടെ സ്വഭാവമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബ്രഹാമിന്റെ കാലത്തു കുഴിച്ചിരുന്ന കിണറുകള്‍ ഫെലിസ്ത്യര്‍ മണ്ണിട്ടു മൂടിക്കളഞ്ഞിരുന്നു. ഈ കിണറുകളെ യിസഹാക്ക് പിന്നെയും കുഴിച്ചു. അബ്രഹാം ഇട്ടിരുന്ന പേര്‍ തന്നെ അവയ്ക്കിട്ടു. എന്നാല്‍ ഗെരാര്‍ ദേശത്തിലെ ഇടയന്മാര്‍ യിസഹാക്കിന്റെ ഇടയന്മാരോടു വഴക്കിട്ടു. യിസഹാക്ക് അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണര്‍ കുഴിച്ചു. അതിനെക്കുറിച്ചും അവര്‍ വഴക്കിട്ടു. അദ്ദേഹം പിന്നെയും അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണര്‍ കുഴിച്ചു. അവര്‍ മൂന്നാമതും വഴക്കിട്ടു. ആ സ്ഥലത്തിനു അദ്ദേഹം രെഹോബോത്ത് എന്നു പേരിട്ടു. യിസഹാക്കിന്റെ ദീര്‍ഘക്ഷമയാണു നാം ഇവിടെ കാണുന്നത്. ആ രാത്രിയില്‍ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി. നീ ഭയപ്പെടേണ്ടാ ഞാന്‍ നിന്നോടു കൂടെയുണ്ട്; എന്റെ ദാസനായ അബ്രാഹാം നിമിത്തം നിന്റെ സന്തതിയെ അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. ക്ഷമ അനുഗ്രഹത്തെ കൊണ്ടുവരുമെന്നുള്ളതിനൊരു ഉദാഹരണമാണിത്. ക്ഷമകൊണ്ടു പ്രാണനെ നേടുമെന്ന് ക്രിസ്തു പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ് (ലൂക്കൊ. 21:19).


2. ക്രൂശിന്റെ ശിഷ്യത്വം പ്രേഷിതദൗത്യത്തെ ശക്തമാക്കുന്നു (2 കൊരി. 11:21-31)
വി.പൗലൊസിന്റെ ജീവിതത്തിലുണ്ടായ ക്രൂശിന്റെ സഹനങ്ങള്‍ പലവിധമാണ്. ഈ കഷ്ടങ്ങളാണ് അദ്ദേഹത്തിന്റെ ശുശ്രൂഷയെ ദൃഢപ്പെടുത്തിയത്. ഒരു മനുഷ്യനു സഹിക്കാവുന്നതിലുമപ്പുറം - അസാധാരണ സംഗതികള്‍ (2കൊരി. 11:28) അദ്ദേഹം അനുഭവിച്ചു. എന്നാല്‍ ബലഹീനതകളില്‍ പ്രശംസിച്ചുകൊണ്ടു ആര്‍ ബലഹീനനായിട്ടു ഞാന്‍ ബലഹീനനാകാതിരിക്കുന്നു ആര്‍ ഇടറിപ്പോയിട്ടു ഞാന്‍ അഴലാതിരിക്കുന്നു എന്ന് അദ്ദേഹം കൊരിന്ത്യസഭയോടു ചോദിക്കുന്നു. ദിവസനേ സര്‍വ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും അദ്ദേഹം അനുഭവിക്കുന്നു (2കൊരി. 11:28). ഇങ്ങനെ ക്രൂശിന്റെ ശിഷ്യത്വം പ്രേഷിതദൗത്യത്തെ ശക്തീകരിക്കുന്നതായി കാണാം.


3. ക്രൂശിന്റെ ശിഷ്യത്വം ദൈനംദിന ജീവിതത്തില്‍ (മര്‍ക്കൊ. 10:46-52)
നാള്‍തോറും ക്രൂശെടുത്തു അനുഗമിച്ചു തന്റെ ശിഷ്യരാകാനാണ് യേശു ആഹ്വാനം ചെയ്തത് (മര്‍ക്കൊ. 8:34, ലൂക്കൊ. 14:26,27). ബര്‍ത്തിമായി സൗഖ്യം പ്രാപിച്ചപ്പോള്‍ അദ്ദേഹം യേശുവിനെ അനുഗമിക്കാന്‍ തീരുമാനിച്ചു (മര്‍ക്കൊ. 10:52). ദൈവം നല്‍കുന്ന എല്ലാ അനുഗ്രഹങ്ങളും നമുക്കു കൂടുതല്‍ കര്‍ത്താവിനെ അനുഗമിക്കാന്‍ കാരണമായിത്തീരണം. എന്നാല്‍ കര്‍ത്താവിനെ അനുഗമിക്കുന്നതും ശിഷ്യരായിത്തീരുന്നതും ക്രൂശു വഹിക്കലിലൂടെയാണ്. ഇങ്ങനെ ക്രൂശിന്റെ ശിഷ്യത്വം നമുക്കു ദീര്‍ഘക്ഷമയുടെ മനോഭാവവും പ്രേഷിതദൗത്യത്തിനുള്ള ശക്തിയും ദൈനംദിനം ജീവിക്കാനുള്ള ആത്മബലവും പ്രദാനം ചെയ്യുന്നു.

Menu