Sermon Outlines
Create Account
1-800-123-4999

ഹോശന്നാ: കര്‍ത്താവേ രക്ഷിക്കേണമേ

Monday, 08 April 2019 04:09
Rate this item
(1 Vote)

ഏപ്രില്‍ 14
ഹോശന്നാഞായര്‍
Palm Sunday


ഹോശന്നാ: കര്‍ത്താവേ രക്ഷിക്കേണമേ
Hosanna : Lord Save Us


പഴയനിയമം    സെഖ. 9:1-12
സങ്കീര്‍ത്തനം    118:19-29
ലേഖനം           1 തിമൊ. 4:6-16
സുവിശേഷം    ലൂക്കൊ. 19:29-40


ധ്യാനവചനം: അവന്‍ ഒലീവുമലയുടെ ഇറക്കത്തിനു അടുത്തപ്പോള്‍ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങള്‍ കണ്ട സകലവീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തില്‍ ദൈവത്തെ പുകഴ്ത്തി: കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവന്‍, സ്വര്‍ഗ്ഗത്തില്‍ സമാധാനവും അത്യുന്നതങ്ങളില്‍ മഹത്വവും എന്നു പറഞ്ഞു (ലൂക്കൊ. 19:37,38).


'കര്‍ത്താവേ രക്ഷിക്കേണമേ' എന്ന നിലവിളി എല്ലാക്കാലത്തുമുള്ള മനുഷ്യരുടെ രോദനമായിരുന്നു. അതിന്റെ ഉത്തരമായിട്ടായിരിക്കണം സര്‍വ്വശക്തനായ ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിനു നല്‍കിക്കൊണ്ടു അവിടുന്നു ലോകത്തെ സ്‌നേഹിച്ചത്. രക്ഷിക്കാന്‍വേണ്ടി ആരെല്ലാം അവിടുത്തോടു നിലവിളിക്കുന്നുവോ അവര്‍ക്കുത്തരം നല്‍കുന്നവനാണ് ദൈവം. യേശു വിശുദ്ധ നഗരമായ യരൂശലേമിലേക്കു ജൈത്രപ്രവേശനം ചെയ്യുമ്പോള്‍ ജനങ്ങള്‍ ''ഇപ്പോള്‍ രക്ഷിക്കേണമേ'' എന്നു വിളിച്ചുകൊണ്ടിരുന്നു. 'ഇപ്പോള്‍ രക്ഷിച്ചാലും' എന്നാണ് ഹോശന്നാ എന്ന വാക്കിന്റെ അര്‍ത്ഥം. അവര്‍ തങ്ങളുടെ വസ്ത്രങ്ങളും വൃക്ഷച്ചില്ലകളും വഴിയില്‍ വിരിച്ചു. മശിഹയാണ് അവരെ രക്ഷിക്കുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ യേശുവിനെ മശിഹയെന്നും രാജാവെന്നും പ്രഘോഷിക്കുകയായിരുന്നു. 'ഹോശാന' എന്നതിന് എബ്രായഭാഷയില്‍ ''ഹോഷീ ആഹ്‌നാ'' എന്ന ദീര്‍ഘവിധായകരൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. ''ഇപ്പോള്‍ രക്ഷിക്കേണമേ'' എന്നാണ് ഇതിന്റെ അര്‍ത്ഥം. 2ശമു.14:4, 2രാജാ.6:26-ല്‍ യിസ്രായേല്‍ രാജാക്കന്മാരായ ദാവീദിന്റെ അടുക്കലും, യെഹോരാമിന്റെ അടുക്കലും ബലഹീനരായ ചില സ്ത്രീകള്‍ രാജാക്കന്മാരില്‍നിന്നു സഹായവും സംരക്ഷണവും നേടുമ്പോള്‍ ഉപയോഗിക്കുന്ന വാക്കിനും ഇതുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹോശാനാ എന്നത് യേശുവിനോടുള്ള സ്തുതിയുടെ നിലവിളിയല്ല, പ്രത്യുത ബന്ധനത്തില്‍നിന്നും വിമോചനത്തിലേക്കു നയിക്കേണ്ടതിനു ദൈവത്തോടു നിലവിളിക്കുന്ന ജനത്തിന്റെ ഒരു വിലാപമാണ് - കാരണം അവര്‍ പ്രതീക്ഷിച്ചിരുന്ന മശിഹ വന്നിരിക്കുന്നു. സങ്കീ.118:25,26-ലെ ഉദ്ധരണിയാണിത്. യഹൂദന്മാര്‍ കൂടാരപ്പെരുന്നാളിനു ചൊല്ലുന്ന സങ്കീര്‍ത്തനമാണിത്. ഉത്സവത്തിന്റെ ഏഴുദിവസവും ദൈവാലയത്തിന്റെ പ്രാകാരത്തില്‍ ആളുകള്‍ കൂട്ടംകൂടി കയ്യിലിരിക്കുന്ന കുരുത്തോലകള്‍ യാഗപീഠത്തിന്റെ നേര്‍ക്കു കുതിച്ചുകൊണ്ടു ഹോശന്നാ വിളിക്കുമ്പോള്‍ കാഹളം ഊതും. ഇവിടെ പുരുഷാരം യേശുവിനു ചുറ്റുംകൂടി ഹോശന്നാ വിളിച്ചതില്‍ പല കാര്യങ്ങളും മനസ്സിലാക്കുന്നു (മത്താ.21:9,15, മര്‍ക്കൊ.11:9, യോഹ.12:13).

 

  1. തീര്‍ത്ഥാടകര്‍ ആലയത്തിലേക്കു വരുന്ന പ്രത്യേക പെരുന്നാളുകളുടെയും ഉത്സവങ്ങളുടെയും ദിനങ്ങളില്‍ അവരെ അഭിവാദനം ചെയ്യുന്ന രീതി ഇതായിരുന്നു ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍'' ഞങ്ങള്‍ യഹോവയുടെ ആലയത്തില്‍നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു (സങ്കീ. 118:26).
  2. ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍'' ഇതു മശിഹായെക്കുറിക്കുന്ന ഒരു പ്രയോഗമാണ്. അതായത്, യേശുവിനെ മശിഹയായി അവര്‍ ഏറ്റുപറയുന്നതാണ് വ്യക്തമാക്കുന്നത്. സ്‌നേഹത്തിന്റെ ഒരു രാജാവല്ല യഹൂദന്മാര്‍ക്ക് അന്ന് ആവശ്യമായിരുന്നത്. പ്രത്യുത, ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിച്ചു മോചനം നല്‍കുന്ന ജയവീരനായ ഒരു രാജാവിനെയായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്.
  3. പൗരസ്ത്യരാജ്യങ്ങളില്‍ കഴുതയെ ഒരു കുലീനമൃഗമായി കണ്ടിരുന്നു. 22 വര്‍ഷം യിസ്രായേലിനു ന്യായാധിപനായിരുന്ന ഗിലെയാദ്യനായ യായീറിനു കഴുതപ്പുറത്തുകയറി ഓടിക്കുന്ന മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു. മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കഴുതപ്പുറത്തു യാത്ര ചെയ്തു (2ശമു.16:1), ദാവീദിനും അബ്ശലോമിനുമൊക്കെ ഉപദേശം നല്‍കിയിരുന്ന സമര്‍ത്ഥനായിരുന്ന മന്ത്രിയായ (2ശമു.15:12, 16:23) അഹീഥോഫെല്‍ കഴുതപ്പുറത്ത് യാത്ര ചെയ്തതായി രേഖയുണ്ട് (2ശമു.17:23). ശൗലിന്റെ മകനായ മെഫീബോശെത്ത് രാജകുമാരന്‍ ദാവീദിന്റെ അടുക്കല്‍ കഴുതപ്പുറത്തു വരുന്നു (2ശമു.19:26). ഒരു രാജാവ് കുതിരപ്പുറത്തു വരുന്നതു യുദ്ധത്തിനും കഴുതപ്പുറത്തു വരുന്നതു സമാധാനത്തിനുമായിരുന്നു. യേശുക്രിസ്തു ഇവിടെ സമാധാനപ്രഭുവായിട്ടാണ് യരുശലേമിലേക്കു വരുന്നത്.


1. രക്ഷിക്കാനായി നിലവിളിക്കുന്നവര്‍ക്കുള്ള പ്രത്യാശ (സെഖ. 9:1-12)
'കര്‍ത്താവേ രക്ഷിക്കേണമേ' എന്ന മനുഷ്യരുടെ നിലവിളിക്കുള്ള മശഹീയ പ്രത്യാശയാണ് സെഖ. 9:1-12 -ല്‍ കാണുന്നത് : ഇതാ, നിന്റെ രാജാവു നിന്റെ അടുക്കല്‍ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിന്‍; ഞാന്‍ നിങ്ങള്‍ക്കു ഇരട്ടിയായി പകരം തരും എന്നു ഞാന്‍ ഇന്നുതന്നെ പ്രസ്താവിക്കുന്നു. നാലു സുവിശേഷകന്മാരും ഈ സംഭവം എഴുതുന്നതുകൊണ്ടുതന്നെ, ഇതു യേശുവിന്റെ ചരിത്രത്തിലെ ഒരു പ്രധാനസംഭവമായി മനസ്സിലാക്കുന്നു (മത്താ.21:1-17, മര്‍ക്കൊ.11:1-10, ലൂക്കൊ.19:29-46, യോഹ.12:12-19).


2. രക്ഷിക്കാനുള്ള ആലയശുദ്ധീകരണം (ലൂക്കൊ. 19:29-40)
രക്ഷിക്കുന്നത് യഹോവയാണ് (യെശ. 59:1). യേശു യെരൂശലേം ദൈവാലയത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇപ്പോള്‍ രക്ഷിക്കേണമേയെന്നു ജനം നിലവിളിച്ചു. യേശുവിന്റെ അന്നത്തെ ആലയശുദ്ധീകരണം രക്ഷയുടെ പ്രവര്‍ത്തനത്തിന്റെ ഒരു ബാഹ്യപ്രകടനമാണ്. മഹത്വത്തിന്റെ രാജാവു പ്രവേശിക്കുവാന്‍ പുരാതനവാതിലുകളുടെ തലകള്‍ ഉയര്‍ത്തപ്പെടണം. യഹോവയാണു മഹത്വത്തിന്റെ രാജാവ്. യേശു മശിഹയെന്നു ചിത്രീകരിക്കുന്ന ഒരു മഹത്വപ്രവേശനമാണ് ഇവിടെയും കാണുന്നത്. ദൈവത്തില്‍നിന്ന് അകന്നിരുന്ന മനുഷ്യനെ ക്രിസ്തുവിന്റെ ക്രൂശ് ദൈവത്തോടു ഒന്നാക്കിത്തീര്‍ത്തു. അങ്ങനെയാണ് ക്രിസ്തു നമ്മുടെ സമാധാനമായിത്തീര്‍ന്നത് (എഫെ. 2:13,14). വേര്‍പാടിന്റെ നടുച്ചുവരിനെ അവിടുന്ന് ഇടിച്ചുകളഞ്ഞു. ഇന്നു യേശുക്രിസ്തുവിലൂടെ മനുഷ്യനു ദൈവത്തിലേക്കു പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി. അങ്ങനെ ക്രിസ്തു ദൈവത്തോടുള്ള സമാധാനമായി മാറി (റോമ.5:1). മുന്‍ സൂചിപ്പിച്ചതുപോലെ 'ഹോശന്നാ' അഥവാ 'ഇപ്പോള്‍ രക്ഷിക്കേണമേ' എന്ന ജനത്തിന്റെ ആര്‍പ്പുവിളി ഇന്നും മനുഷ്യരില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നതായി കാണുന്നു. പാപത്തില്‍നിന്നും തിന്മയുടെ ശക്തികളില്‍നിന്നും രോഗ-ശാപങ്ങളില്‍നിന്നും ഒടുവില്‍ നിത്യമരണത്തില്‍നിന്നും രക്ഷിക്കുന്ന ദൈവത്തോടുള്ള ഒരു പ്രാര്‍ത്ഥനയാണിത്. ദൈവം ഒരുക്കിയ രക്ഷയുടെ വഴിയെ തിരിച്ചറിഞ്ഞവര്‍, ആ സത്യത്തില്‍ നടക്കേണ്ടതിന്റെ അടയാളങ്ങളായിരിക്കണം. ഇന്നു വഹിക്കുന്ന കുരുത്തോലയും വൃക്ഷച്ചില്ലകളും. രക്ഷയ്ക്കുവേണ്ടിയുള്ള ഈ വിളികേട്ടു രക്ഷ നല്‍കുന്ന ദൈവത്തിനു സ്‌തോത്രം ചെയ്യാം (അ.പ്ര. 4:12). കര്‍ത്താവില്‍ വിശ്വസിക്കുമ്പോള്‍ ലഭിക്കുന്ന ഈ രക്ഷയുടെ ശക്തി (അ.പ്ര.16:31, റോമ. 10:9, എഫെ. 2:8,9) ദൈനംദിനം നാം അനുഭവിച്ചുകൊണ്ടിരിക്കണം. കാരണം ഓരോ ദിവസവുമുള്ള നമ്മുടെ പ്രാര്‍ത്ഥനയാണിത് - ''ഹോശന്നാ'' ''ഇപ്പോള്‍ രക്ഷിക്കേണമേ''. സമാധാനത്തിന്റെ രാജാവേ എഴുന്നള്ളേണമേ.


3. ശരീരമെന്ന ആലയം (1തിമൊ. 4:6-16)
ആദ്യം ശുദ്ധീകരണം നടക്കേണ്ടതു നമ്മില്‍ തന്നെയാണ് - നമ്മുടെ ശരീരമെന്ന ആലയത്തില്‍. പുതിയനിയമത്തില്‍ മനുഷ്യരെയും ദൈവസഭയെയും ദൈവത്തിന്റെ ആലയമായി ചിത്രീകരിക്കുന്നു. മനുഷ്യന്‍ ദൈവം വസിക്കുന്ന ആലയമാണ്. അതുകൊണ്ടു സമാധാനത്തിന്റെ രാജാവായി (യെശ. 9:6, എബ്രാ. 7:2) യേശു നമ്മുടെ ജീവിതങ്ങളിലേക്കും പ്രവേശിക്കണം. ആലയത്തെ ശുദ്ധീകരിച്ചതുപോലെ തന്റെ ആലയമായ നമ്മുടെ ശരീരങ്ങളെ (1കൊരി.3:16, റോമ.12:1,2) അഥവാ നമ്മുടെ ജീവിതങ്ങളെ അവിടുന്ന് ശുദ്ധീകരിക്കണം. എല്ലാ തിന്മയുടെ ബന്ധനങ്ങളില്‍നിന്നും അന്ധകാരത്തിന്റെ ശക്തികളില്‍നിന്നും സ്വാര്‍ത്ഥസ്വഭാവങ്ങളില്‍നിന്നും ''ഇപ്പോള്‍ രക്ഷിക്കേണമേ'' - ഹോശന്നാ എന്നു പ്രാര്‍ത്ഥിക്കുന്ന - അതിന്നായി സമര്‍പ്പിക്കുന്ന ദിവസമായി ഇന്നു മാറണം. നമ്മുടെ കുടുംബത്തിന്റെ രാജാവായിത്തീരാന്‍ അവിടുന്നു കുടുംബങ്ങളിലേക്കു പ്രവേശിക്കട്ടെ. മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ. അതിനായി പണ്ടേയുള്ള വാതിലുകളെ തുറന്നു കൊടുക്കാം (സങ്കീ. 24:7-10).

Menu