പല കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന മനുഷ്യസമൂഹവുമായുള്ള കൂട്ടായ്മയായിരിക്കണം ഇന്നത്തെ യൂക്കറിസ്റ്റിന്റെ പ്രധാനലക്ഷ്യം. അവശതയിലും കഷ്ടതയിലുമായിരിക്കുന്നവരെ ഓര്‍ക്കാനും അവരുമായി ഏകീകരിക്കാനും അവരെ സഹായിച്ചു കൈപിടിച്ചുയര്‍ത്താനും സഭയ്ക്കുള്ള ദൗത്യം വിസ്മരിച്ചുകൂടാ. ദൈവം നല്‍കിയ കൃപയെ പ്രഖ്യാപിക്കലാണ് യൂക്കറിസ്റ്റ്. അതുപോലെതന്നെ ആ കൃപയെ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ട്. യേശുക്രിസ്തുവിനെ കാണിച്ചുകൊടുത്ത രാത്രിയില്‍ അവിടുന്നു ശിഷ്യന്മാരുമായി പെസഹ കഴിക്കാന്‍ തീരുമാനിച്ചു. കര്‍ത്താവിന്റെ അത്താഴത്തിനും യൂക്കറിസ്റ്റ് എന്ന പേര് ഉപയോഗിച്ചുവരുന്നു. യൂക്കാറിസ്റ്ററിന്‍ (eucharisterin) എന്ന ഗ്രീക്കു പദത്തില്‍ നിന്നാണു യൂക്കറിസ്റ്റ് ഉണ്ടായത്. Eu = well / good, charis = gift / grace എന്നും ഒരു വ്യാഖ്യാനമുണ്ട്. പെസഹകുഞ്ഞാടിനെ അറുക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ ആയപ്പോള്‍ യേശു പത്രൊസിനേയും യോഹന്നാനേയും അയച്ചു പെസഹ കഴിക്കാന്‍ സ്ഥലം ഒരുക്കാന്‍ ആവശ്യപ്പെട്ടു. വിരിച്ചൊരുക്കിയ ഒരു വന്‍മാളികയില്‍ അന്നു പെസഹ ഒരുക്കപ്പെട്ടു. അന്നു അപ്പൊസ്തലന്മാരുമായി യേശു കഴിച്ച ഭക്ഷണമാണ് പിന്നത്തേതില്‍ സഭയുടെ ഒരു സാക്രമന്തായി രൂപപ്പെട്ടത്. യഹൂദന്മാരുടെ 3 വാര്‍ഷിക ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതു പെസഹയാണ്. എബ്രായര്‍ 'പേസാഹ്' എന്നും ഗ്രീക്കില്‍ 'പാസ്ഖാ' എന്നും പറയുന്നു. ഈ വാക്കിന് 'കടന്നുപോകല്‍' എന്നാണര്‍ത്ഥം. പെസഹപ്പെരുന്നാളെന്നും, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളെന്നും ഇതിനെ വിളിക്കുന്നു, എങ്കിലും ഇവ രണ്ടാണ്. പെസഹയാഗത്തെയും ആ യാഗത്തെ തുടര്‍ന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനേയും തമ്മില്‍ വിവേചിക്കുന്നതിനു രണ്ടാമത്തേതിനെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ എന്നു വിളിക്കുന്നു (ലേവ്യാ. 23:5, പുറ. 12:21, 48, 2ദിന.30:15). പെസഹാഭോജനം എന്ന അര്‍ത്ഥവും പെസഹയ്ക്കുണ്ട് (മത്താ. 26:18,19, മര്‍ക്കൊ. 14:16, ലൂക്കൊ. 22:8,13). നീസാന്‍മാസം 14-ാം തീയതി (ഏപ്രില്‍) വൈകുന്നേരമാണ് പെസഹാഭോജനം. അതിനെത്തുടര്‍ന്നുള്ള 7 ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണ് (ലേവ്യാ. 23:5,6). എന്നാല്‍ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തെയും അതിലൂടെ മനുഷ്യവര്‍ഗ്ഗത്തിനു ലഭിച്ച വീണ്ടെടുപ്പിനെയും പെസഹ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ പെസഹക്കുഞ്ഞാടു യേശുവാണെന്നാണ് പൗലൊസ് വ്യാഖ്യാനിച്ചത് (1കൊരി. 5:7). അതുകൊണ്ടാണ് യഹൂദന്മാരായിരുന്ന ശിഷ്യരോട് യഹൂദാചാരമായ പെസഹ ഇനി ആചരിക്കുമ്പോള്‍ എന്നെ ഓര്‍ക്കണം എന്നു പറഞ്ഞത്. ''എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍'' (ലൂക്കൊ. 22:19). കാരണം, കഴിഞ്ഞ അനേകവര്‍ഷങ്ങളായി ആചരിക്കുന്ന പെസഹയുടെ പൂര്‍ത്തീകരണം ക്രിസ്തുവാണെന്നാണു മനസ്സിലാകുന്നത്. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1:29). യഹൂദന്മാരല്ലാതെ ആരും ഇതു ആചരിക്കാനും പാടില്ല (പുറ.12:42-49). ഇനി പെസഹ കഴിക്കുന്നവര്‍ തന്റെ ഓര്‍മ്മയ്ക്കായി ചെയ്യാന്‍ യേശു പറഞ്ഞതു യഹൂദരോടു താന്‍ ദൈവം ഒരുക്കിയ പരമയാഗമാണെന്നുള്ള സന്ദേശം കൂടെയായിരുന്നു. സുവിശേഷകന്മാരില്‍ ലൂക്കൊസ് മാത്രമേ ഈ വാചകം എഴുതിയിട്ടുള്ളു. വിജാതിയര്‍ പെസഹ ആചരിക്കാന്‍ പാടില്ലാത്തതുകൊണ്ടും വിജാതിയര്‍ക്കു ഇത് അപ്രധാനമായതുകൊണ്ടുമായിരിക്കാം മറ്റു സുവിശേഷകര്‍ ഇതു രേഖപ്പെടുത്താത്തത് എന്നും പണ്ഡിതാഭിപ്രായമുണ്ട്. എ.ഡി. 300 നു ശേഷമാണു വിജാതിയരുടെ ക്രൈസ്തവസഭയില്‍ ഇതൊരു കൂദാശയായി മാറിയതെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. അപ്പൊസ്തലപ്രവൃത്തികളില്‍ 'അപ്പം നുറുക്കി' എന്നത് ലൂക്കൊസ് 24-ല്‍ കാണുന്ന അപ്പം നുറുക്കല്‍ മാത്രമാണെന്നും അത് ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന സമൂഹഭക്ഷണരീതിയാണെന്നും മനസ്സിലാകുന്നുണ്ട് (ലൂക്കൊ. 24:30, അ.പ്ര. 2:42,46). 1കൊരി. 11:17-34-ലെ പരാമര്‍ശവും ഒരു സമൂഹഭക്ഷണമാണെന്നു മനസ്സിലാക്കാം. ''...ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ കൂടുമ്പോള്‍ അന്യോന്യം കാത്തിരിപ്പിന്‍...'' (1കൊരി.11:33,34), ''...ഭക്ഷണം കഴിക്കയില്‍ ഓരോരുത്തന്‍... (1കൊരി. 11:21) തുടങ്ങിയ പരാമര്‍ശങ്ങള്‍ ഇതു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പൂര്‍വ്വസഭയിലുണ്ടായ കൂദാശകള്‍ സഭയുടെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട് എന്നതു നിസ്തര്‍ക്കമാണ്. അതുകൊണ്ടാണു ഭയഭക്തിയോടും അനുതാപത്തോടും സ്വയശോധനയോടും നാം അപ്പവും മുന്തിരിച്ചാറും അനുഭവിക്കുന്നത്. ഇന്നു ക്രൈസ്തവസഭ തിരുവത്താഴശുശ്രൂഷ നിര്‍വ്വഹിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ നടക്കുന്നുണ്ട്.
1. കഷ്ടപ്പെട്ട യിസ്രായേലിന്റെ വിടുതലിന്റെ ആഘോഷം (പുറ. 12:1-7)
കഠിനമായി കഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ വിമോചനത്തിന്റെ ആഘോഷമായിരുന്നു പെസഹയുടെ ആരംഭം. അത് 430 വര്‍ഷം അടിമത്തത്തിന്റെ കഷ്ടപ്പാടിലായിരുന്ന ഒരു മനുഷ്യസമൂഹത്തിന്റെ വിടുതലിന്റെ കൂട്ടായ്മയാണ്. മിസ്രയീമിനെ പീഡിപ്പിച്ച പത്താമത്തെ ബാധയില്‍ (കടിഞ്ഞൂല്‍ സംഹാരം) നിന്നും യിസ്രായേല്യര്‍ സംരക്ഷിക്കപ്പെട്ടതിന്റെയും മിസ്രയീമ്യ ദാസ്യത്തില്‍നിന്നും വിടുവിക്കപ്പെട്ടതിന്റെയും സ്മരണയായിട്ടാണ് (പുറ. 12:1-28) പെസഹ ആചരിക്കുന്നത്. മിസ്രയീമില്‍നിന്നുള്ള വിടുതലിനെത്തുടര്‍ന്നു യഹോവ യിസ്രായേല്‍ ജനത്തെ തന്റെ ജനമായി സ്വീകരിച്ചു. ഇങ്ങനെ ഒരു പുതിയ ജീവിതത്തിന്റെ കൂട്ടായ്മയിലേക്കുള്ള പ്രവേശനത്തിനു പെസഹ അടിസ്ഥാനമിട്ടു (ഹോശേ. 2:15, പുറ. 6:6,7).
2. കഷ്ടപ്പെടാന്‍ പോകുന്ന സമൂഹത്തിന്റെ കൂട്ടായ്മ (മര്‍ക്കൊ. 14:17-25)
യേശുവിന്റെ ക്രൂശീകരണത്തിനു മുമ്പ് അവിടുന്നു ശിഷ്യന്മാരുമായി പെസഹ കഴിക്കാന്‍ തീരുമാനിച്ചു. സാധാരണ യഹൂദന്മാരുടെയിടയില്‍ അവരവരുടെ കുടുംബനാഥന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് പെസഹാചരണം നടക്കുന്നത്. എന്നാല്‍ അന്ന് യേശു അവരുമായി പെസഹ കഴിക്കാന്‍ തീരുമാനിച്ചു. തന്റെ നാമത്തിനായി കഷ്ടമനുഭവിക്കാന്‍ പോകുന്ന ഒരു സമൂഹത്തിന്റെ കൂട്ടായ്മാരംഭമായിരുന്നു അത്. എപ്പോഴെല്ലാം യെഹൂദന്മാര്‍ പെസഹാ ആചരിക്കുന്നുവോ അപ്പോഴെല്ലാം യേശുവിനെ ഓര്‍ക്കാന്‍ അവിടുന്ന് ആഹ്വാനം നല്‍കി. യേശുക്രിസ്തുവാണു നുറുക്കപ്പെട്ട അപ്പം. ഇതു നിങ്ങള്‍ക്കുവേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം. അനേകര്‍ക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന എന്റെ രക്തം എന്നാണു ക്രിസ്തു പെസഹാദിനത്തില്‍ പ്രഖ്യാപിച്ചത് (മത്താ. 26:26,27). നമ്മുടെ പെസഹാക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ. (1കൊരി. 5:7). പെസഹാകുഞ്ഞാടിന്റെ അസ്ഥികളില്‍ ഒന്നും ഒടിക്കരുതെന്നും കല്പനയുണ്ട് (പുറ.12;46, സംഖ്യാ. 9:12). ഈ തിരുവെഴുത്തു ക്രിസ്തുവിന്റെ മരണത്തില്‍ നിറവേറി എന്നു യോഹന്നാന്‍ രേഖപ്പെടുത്തുന്നു. പടയാളികള്‍ വന്നു യേശുവിനോടൊപ്പം ക്രൂശിച്ചിരുന്ന രണ്ടുപേരുടെയും കാല്‍ ഒടിച്ചു. എന്നാല്‍ യേശു മരിച്ചുപോയി എന്നു കണ്ടിട്ടു അവന്റെ കാല്‍ ഒടിച്ചില്ല (യോഹ.19:32-37). പെസഹാദിനത്തിലാണു ക്രിസ്തു കര്‍ത്തൃമേശ ഏര്‍പ്പെടുത്തിയത് (1കൊരി.11:23). പെസഹ ഒടുവിലായി ആചരിച്ചതും കര്‍ത്താവിന്റെ അത്താഴം ആദ്യമായി കഴിച്ചതും ആ രാത്രിയിലായിരുന്നു. പെസഹ പിന്നിലോട്ടു കടിഞ്ഞൂല്‍സംഹാരം നടന്ന രാത്രിയെയും മുന്നിലോട്ടു ക്രിസ്തുവിന്റെ ക്രൂശിനെയും ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ക്രിസ്തുവിന്റെ ക്രൂശീകരണത്തിനു ശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കര്‍ത്തൃമേശ പിന്നിലോട്ടു ക്രൂശിനെയും മുന്നിലോട്ടു ക്രിസ്തുവിന്റെ പുനരാഗമനത്തെയും ദര്‍ശിക്കുന്നു. അതിനാല്‍ ക്രിസ്തുവിന്റെ പുനരാഗമനത്തിനു ശേഷം കര്‍ത്തൃമേശ ആചരിക്കേണ്ടതില്ല എന്നു പറയാം. അതുകൊണ്ടാണ് ''അവന്‍ വരുവോളം നാം ഇതിനെ ആചരിക്കുന്നു'' എന്നു പറയുന്നത്. പെസഹയോടൊപ്പം പുളിപ്പില്ലായ്മ ആരംഭിക്കുന്നു. അതായത് ഒരാള്‍ ക്രിസ്തുവിലാകുന്നതു മുതല്‍ വിശുദ്ധജീവിതം ആരംഭിക്കുകയാണെന്ന് അര്‍ത്ഥമാക്കാം (പുറ. 12:15, 13:7, 1കൊരി. 5:6-8, 2കൊരി. 7:1).
3. കഷ്ടപ്പെടുന്ന സമൂഹത്തിന്റെ പ്രത്യാശ (1 കൊരി. 11:23-34)
''അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു'' (1കൊരി.11:26) ഇതാണ് യൂക്കറിസ്റ്റിനെക്കുറിച്ചു പൗലൊസ് തരുന്ന സന്ദേശം. ഓരോ കര്‍ത്താവിന്റെ മേശയുടെ കൂട്ടായ്മകളും കര്‍ത്താവിന്റെ വരവിനെ ഓര്‍മ്മിപ്പിക്കുന്നു. കര്‍ത്താവിന്റെ വരവിലാണ് നമ്മുടെ കഷ്ടതകള്‍ മാറുന്നത് - അവന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടച്ചുകളയും ഇനി മരണമുണ്ടാകയില്ല. ദുഃഖവും മുറവിളിയും കഷ്ടതയും ഇനിയുണ്ടാകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി (വെളി. 21:4,5). കര്‍ത്താവിന്റെ വരവിനെ ഓര്‍ത്തുകൊണ്ടു നാം ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോള്‍ കഷ്ടപ്പെടുന്ന സമൂഹത്തിനാണു വലിയ പ്രത്യാശ ലഭിക്കുന്നത്. അതുകൊണ്ടാണു നാം നമ്മെത്തന്നെ ശോധനചെയ്യണമെന്നു ഓര്‍പ്പിക്കുന്നത് (1കൊരി. 11:28,29).