പാപത്തിന്റെ ശക്തിയില്‍നിന്നും അധികാരത്തില്‍നിന്നുമുള്ള വിടുതലും നിത്യജീവനിലേക്കുള്ള പ്രവേശനവുമാണ് പുതിയ നിയമത്തില്‍ രക്ഷകൊണ്ടുദ്ദേശിക്കുന്നത്. 'നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ' എന്നാണ് ശിശുവായ യേശുവിനെ കയ്യില്‍ വഹിച്ചുകൊണ്ടു ശിമ്യോന്‍ പറഞ്ഞത് (ലൂക്കൊ. 2:31). ക്രിസ്തുവിനെ രക്ഷാനായകന്‍ എന്നു വിളിക്കുന്നു (എബ്രാ. 2:10). യേശുക്രിസ്തുവിന്റെ ക്രൂശുമരണമാണു മനുഷ്യരക്ഷയ്ക്കു കാരണമായത്. അതുകൊണ്ടാണ് ക്രൂശിന്റെ വചനം രക്ഷിക്കപ്പെടുന്നവര്‍ക്കു ദൈവശക്തിയെന്നു വി.പൗലൊസ് പറഞ്ഞത് (1കൊരി. 1:18). സോഡ്‌സോ (രക്ഷിക്കുക, വിടുവിക്കുക), സോറ്റീര്‍ (രക്ഷകന്‍, രക്ഷിതാവു), സോറ്റീറിയ (രക്ഷ), സോറ്റീറിയൊസ്, സോറ്റീറിയൊന്‍ (വിശേഷണ രൂപങ്ങള്‍) എന്നിവയാണു രക്ഷയുമായി ബന്ധപ്പെട്ട പുതിയനിയമ ഗ്രീക്കു പ്രയോഗങ്ങള്‍. നാമവിശേഷണത്തിന്റെ നപുംസകരൂപമായ സോറ്റീറിയൊന്‍ നാമമായി രണ്ടു സ്ഥാനങ്ങളില്‍ ക്രിസ്തുവിനു പകരം പ്രയോഗിച്ചിട്ടുണ്ട് (ലൂക്കൊ. 2:31, 3:6). വ്യക്തിപരവും (അ.പ്ര. 27:34, ഫിലി. 1:19, എബ്രാ. 11:7) ദേശീയവും (ലൂക്കൊ. 1:69-71, അ.പ്ര. 7:25) ആയ വിമോചനം, രക്ഷാനായകനായ ക്രിസ്തു (ലൂക്കൊ. 2:31, യോഹ. 4:22) രക്ഷയുടെ വ്യത്യസ്തഘടകങ്ങള്‍ (ഫിലി. 2:12, 1പത്രൊ. 1:9, റോമ. 13:11, 1തെസ്സ. 5:8-10) പരിശുദ്ധാത്മാവിലൂടെ ദൈവം നല്‍കുന്ന സകലവിധ അനുഗ്രഹങ്ങള്‍ (2കൊരി. 6:2, എബ്രാ. 5:9, 1പത്രൊ. 1:9,10, യൂദാ. 3) എന്നീ അര്‍ത്ഥങ്ങളില്‍ സോറ്റീറിയ (രക്ഷ) പുതിയനിയമത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. 'സോഡ്‌സോ'യും അനുബന്ധപദങ്ങളും സെപ്റ്റ്വജിന്റില്‍ 483 തവണ പ്രയോഗിച്ചിട്ടുണ്ട്. യാഷാ (278 പ്രാവശ്യം) ഷാലോം (68 തവണ), റ്റ്‌സെലെം (55 പ്രാവശ്യം) എന്നീ എബ്രായ പദങ്ങളെയാണ് പ്രധാനമായും സോഡ്‌സോ കൊണ്ടു സെപ്റ്റ്വജിന്റില്‍ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, രക്ഷിക്കുക, വിടുവിക്കുക എന്നീ അര്‍ത്ഥങ്ങള്‍ ഇതിനുണ്ട്. രക്ഷ ദൈവത്തിന്റെ ദാനമാണ് (എഫെ. 2:5). അതു ദൈവകൃപയാലാണ് ലഭിക്കുന്നത് (എഫെ. 2:8). ദൈവം തന്റെ പുത്രനായ യേശുവിനെ മാനവവിമോചനത്തിനായി ക്രൂശു മരണത്തിന് ഏല്പിച്ച ദിവസമാണ് ക്രൈസ്തവര്‍ നല്ലവെള്ളിയാഴ്ചയായി ആചരിക്കുന്നത്. സ്‌നേഹത്തിന്റെയും ക്ഷമയുടെയും ആത്മത്യാഗത്തിന്റെയും വെളിപ്പെടലാണ് ക്രൂശില്‍ ദര്‍ശിക്കുന്നത്. ക്രൂശ് യഹൂദന്മാര്‍ക്ക് ഇടര്‍ച്ചയും ജ്ഞാനികളായ യവനന്മാര്‍ക്കു (ജാതികള്‍ക്കു) ഭോഷത്വവും ആയിരുന്നു. എന്നാല്‍ അതു ദൈവജ്ഞാനത്തിന്റെ അടയാളമായിത്തീര്‍ന്നു (1കൊരി. 1:18,23,24). അപമാനത്തിന്റെയും താഴ്ചയുടെയും ശാപത്തിന്റെയും പ്രതീകമായിരുന്നു ക്രൂശ് (ആവര്‍. 21:23, ഗലാ. 3:13). ക്രിസ്തു അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു (എബ്രാ. 12:2) ക്രൂശിലെ മരണത്തോളം കഷ്ടം അനുഭവിച്ചു (ഫിലി. 2:8). ക്രൈസ്തവര്‍ വിശ്വസിക്കുന്നതു യേശുക്രിസ്തുവിന്റെ മരണം ഒരു കൊലപാതകമായിരുന്നില്ല എന്നാണ്. മാത്രമല്ല അത് ഒരു രക്തസാക്ഷിത്വമോ ആത്മഹത്യയോ അപകടമരണമോ ഒരു സാധാരണമരണമോ ആയിരുന്നില്ല. പ്രത്യുത ദൈവം ഒരുക്കിയ തന്റെ പുത്രന്റെ യാഗമായിരുന്നു. യേശുവിന്റെ മരണത്തിലൂടെ മരണത്തിനു മരണം സംഭവിക്കുകയായിരുന്നു. പാപത്തിന്റെ ശമ്പളം മരണമാണ് (റോമ. 6:23). ഈ മരണത്തെയാണ് ക്രിസ്തു ക്രൂശില്‍ വഹിച്ചത്. മരണം ഒരു അന്ത്യമല്ല എന്നു തെളിയിക്കപ്പെട്ടു. മരണത്തെ തോല്പിച്ചു മരണത്തിനപ്പുറമായ ഒരു ജീവിതം അവിടുന്നു പ്രദാനം ചെയ്തു (റോമ. 5:12-21).
1. ബന്ധനങ്ങളില്‍നിന്നുള്ള രക്ഷ (പുറ. 14:15-22)
യിസ്രായേല്‍ജനം ചെങ്കടലിലൂടെ യാത്രചെയ്തു രക്ഷ നേടി. അവര്‍ക്കു ലഭിച്ച രക്ഷ ഒരുതരത്തിലെ സാമൂഹികവും രാഷ്ട്രീയവുമായിരുന്നു. എന്നാല്‍ അതേസമയം അത് ആത്മീകവുമാണ്. കാരണം ആരാധിക്കാനും യാഗംകഴിക്കാനും ദൈവത്തെ ശുശ്രൂഷിക്കാനുമായിരുന്നു അവര്‍ക്കു ലഭിച്ച മോചനം. ഈ മോചനത്തെ ഒരു ആത്മീകമോചനമായാണ് വി.പൗലൊസ് കാണുന്നത്. മോചനത്തിനുശേഷം അന്ന് അവര്‍ മോശെയെ അനുഗമിച്ചുവെങ്കില്‍ ഇന്ന് ആത്മരക്ഷയ്ക്കുശേഷം നാം യേശുവായ പാറയെ അനുഗമിക്കുന്നു (1കൊരി. 10:1-5).
2. പാപത്തില്‍നിന്നുള്ള രക്ഷ (എബ്രാ. 13:8-17)
യേശു സ്വന്തരക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരവാതിലിനു പുറത്തുവച്ചു കഷ്ടമനുഭവിച്ചു (എബ്രാ. 13:12). യേശുവിന്റെ മരണം ഒരു സാധാരണ മരണമായിരുന്നില്ല. അതൊരു കൊലപാതകമോ അപകടമരണമോ ആത്മഹത്യയോ ആയിരുന്നില്ല. യേശുവിന്റെ മരണം ഒരു രക്തസാക്ഷിത്വമരണവുമായിരുന്നില്ല. പ്രത്യുത സനാതനനായ ദൈവം ലോകസ്ഥാപനത്തിനുമുമ്പു മനുഷ്യരാശിയുടെ പാപമോചനത്തിനായി ഒരുക്കിയ പുത്രന്റെ മഹാബലിയായിരുന്നു. ആ യാഗത്തിലൂടെയാണ് മനുഷ്യനു പൂര്‍ണ്ണമായി രക്ഷ അനുഭവിക്കാന്‍ കഴിഞ്ഞത്.
3. സകലവും നിവൃത്തിയാക്കിയ രക്ഷ (യോഹ. 19:23-30)
ക്രൂശു നല്‍കിയ നിവൃത്തിയാക്കല്‍ രക്ഷയുടെ പൂര്‍ത്തീകരണത്തിന്റെ ദൈവികസ്വഭാവമാണ് വെളിപ്പെടുത്തുന്നത്. സകലവും നിവൃത്തിയാക്കിയ (യോഹ. 19:30) പ്രവൃത്തിയാണു ക്രൂശില്‍ ദര്‍ശിക്കുന്നത്. ന്യായപ്രമാണത്തിന്റെ നിവൃത്തി, പാപത്തിന്റെ നിവൃത്തി, തിന്മശക്തികളുടെ നിവൃത്തി, തിരുവെഴുത്തിന്റെ നിവൃത്തി ഇങ്ങനെ യേശു നിവൃത്തിയാക്കിയതു ബഹുമുഖമായ ശുശ്രൂഷയായിരുന്നു. അതുകൊണ്ടാണ് യേശുക്രിസ്തു ദൈവികവെളിപ്പാടുകളുടെ നിവര്‍ത്തീകരണമെന്നു വിശ്വസിക്കപ്പെടുന്നത്.