മരിച്ചശരീരം ജീവന്‍ പ്രാപിച്ചുവെന്ന അനന്തമായ രൂപാന്തരത്തെ ആഘോഷിക്കലാണ് ഈസ്റ്റര്‍. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ ഈ രൂപാന്തരമാണു കാണുന്നത്. യേശു ഉയിര്‍ത്തെഴുന്നേറ്റു എന്നതായിരുന്നു അപ്പൊസ്തലന്മാരുടെ പ്രസംഗത്തിന്റെ ഒരു പ്രധാനഭാഗം. ഇങ്ങനെ യേശു രൂപാന്തരപ്പെട്ടതുകൊണ്ടു നാമും രൂപാന്തരപ്പെടും എന്നതാണ് അപ്പൊസ്തലന്മാര്‍ നല്‍കിയ ഉറപ്പ് (1കൊരി. 15:52). ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിപ്പിക്കപ്പെടും. ആദ്യഫലം ക്രിസ്തു പിന്നെ ക്രിസ്തുവിനുള്ളവര്‍ ഇതായിരുന്നു പൗലൊസ് കൊരിന്ത്യസഭയ്ക്കു നല്‍കിയ സന്ദേശം (1കൊരി. 15:22,23). കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പാണ് ക്രിസ്തീയ ജീവിതത്തിന്റെ പ്രത്യാശയുടെയും വിജയത്തിന്റെയും ഏറ്റവും വലിയ സന്ദേശം നല്‍കുന്നത്. എല്ലാ അപ്പൊസ്തലന്മാരും യേശുവിന്റെ ഉയിര്‍പ്പിനെ രേഖപ്പെടുത്തുന്നു (മത്താ. 28, മര്‍ക്കൊ.16, ലൂക്കൊ. 24, യോഹ. 20,21, 1കൊരി. 15). മരിച്ചവരുടെ ഉയിര്‍പ്പ് പഴയനിയമം മുതല്‍ പല സന്ദര്‍ഭങ്ങളിലായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏലീയാവ്, എലീശാ തുടങ്ങിയ പ്രവാചകന്മാരിലൂടെ മരിച്ചവര്‍ ഉയിര്‍ത്തതായി പഴയനിയമ സംഭവങ്ങളുണ്ട് (1രാജാ. 17:17-23, 2രാജാ. 4:26-37). ഞാന്‍ മരിക്കയില്ല ജീവനോടെ ഇരുന്ന് യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കുമെന്ന് ദാവീദ് പ്രത്യാശയുടെ സങ്കീര്‍ത്തനം പാടുന്നതു ശ്രദ്ധേയമാണ് (സങ്കീ.118:17). ''ജീവനുള്ളവനെ നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതു എന്ത്? അവന്‍ ഇവിടെ ഇല്ല ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു'' (ലൂക്കൊ. 24:5,6) ഇങ്ങനെയാണ് ലൂക്കൊസ് രേഖപ്പെടുത്തുന്നത്. യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം എന്നാണ് വി.പൗലൊസിന്റെ വാദം (1കൊരി. 15:14). യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പാണ് ക്രിസ്തീയവിശ്വാസത്തിന്റെ പ്രധാനമായ അടിസ്ഥാനം. ഈ ഉയിര്‍പ്പിന്‍ ദിവസത്തെ ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പു തരുന്ന ചില സന്ദേശങ്ങള്‍ നാം ഓര്‍ത്തിരിക്കുന്നതു നല്ലതാണ്.
1. സമൂഹത്തിനു ലഭിക്കുന്ന അനന്തമായ രൂപാന്തരം (2 ശമു. 22:1-20)
യിസ്രായേലിനു ദൈവം തന്റെ സകലശത്രുക്കളുടെ കയ്യില്‍നിന്നും ശൗലിന്റെ കയ്യില്‍നിന്നും വിടുവിച്ചപ്പോള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു ദാവീദ് ആലപിച്ച സംഗീതമാണ് 2ശമു. 22. ദൈവം അവസ്ഥകള്‍ക്കു രൂപാന്തരമുണ്ടാക്കുന്നു. പുതിയ പ്രഭാതം നല്‍കുന്നു. കാരണം അവിടുന്നു ശൈലവും കോട്ടയും രക്ഷകനും പാറയും പരിചയും കൊമ്പും ഗോപുരവും സങ്കേതവും ആകുന്നു. ഉയരത്തില്‍നിന്നു കൈനീട്ടി പിടിക്കുകയും പെരുവെള്ളത്തില്‍നിന്നു വലിച്ചെടുക്കുകയും ചെയ്യുന്ന ദൈവം. അതാണ് മരണാനന്തരം ലഭിക്കുന്ന ആത്യന്തിക ജയം.
2. ക്രിസ്തു നല്‍കുന്ന രൂപാന്തരം (മര്‍ക്കൊ. 16:1-11)
ദൈവപുതന്രായ യേശുവിനു മരിക്കാന്‍ കഴിയില്ല. എന്നാല്‍ യേശു മരിച്ചതുകൊണ്ടു നാം മനസ്സിലാക്കുന്നത് അവിടുന്നു നൂറുശതമാനം മനുഷ്യനുമായിരുന്നുവെന്നാണ് - നൂറുശതമാനം അവിടുന്നു ദൈവമായിരുന്നതുപോലെ. യേശുവിന്റെ ക്രൂശുമരണവും ഉയിര്‍പ്പും നമ്മോടു സംസാരിക്കുന്നതും നാം മനുഷ്യരായിത്തീരാനാണ്. സമ്പൂര്‍ണ്ണമനുഷ്യരായിത്തീരാന്‍. എന്നാല്‍ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പാണ് അനന്തമായ രൂപാന്തരത്തിന്റെ ഏറ്റവും വലിയ മാതൃക. മരിച്ചത് ഉയിര്‍ക്കുന്നു. മൂടിവയ്ക്കപ്പെട്ടതു തുറക്കപ്പെടുന്നു. ദുഃഖിച്ചും കരഞ്ഞും കൊണ്ടിരുന്നവരോടു യേശുവിന്റെ ഉയിര്‍പ്പിന്‍ സന്ദേശം അറിയിച്ചു (മര്‍ക്കൊ. 16:10). അവിടുന്ന് ജീവനോടിരിക്കുന്നു എന്നു പറഞ്ഞു. അസാധ്യം എന്നു ചിന്തിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവനാണു ദൈവം. അവസാനിക്കാത്ത രൂപാന്തരമാണ് ഉയിര്‍പ്പിലൂടെ നമുക്കും ലഭിക്കുന്നത്.
3. നിത്യമായുണ്ടാകുന്ന രൂപാന്തരം (1 കൊരി. 15:20-28)
കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റതിലൂടെ നീതിയും സത്യവും ധര്‍മ്മവും സ്‌നേഹവും എന്നായാലും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നു നാം മനസ്സിലാക്കുന്നു. ദൈവികസ്വഭാവത്തെ ആര്‍ക്കും നിത്യമായി അടക്കിവയ്ക്കാന്‍ കഴിയില്ല. അതു ഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യും. അതുപോലെ യേശു ഉയിര്‍ത്തതുപോലെ നാമും ഉയിര്‍ക്കും എന്നതാണ് അടിച്ചമര്‍ത്തപ്പെട്ട ഒന്നാംനൂറ്റാണ്ടിലെ ചെറിയ വിശ്വാസസമൂഹത്തിനു നല്കിയ പ്രത്യാശ. അതുകൊണ്ടു പീഡനങ്ങളിലൂടെ അവര്‍ വളര്‍ന്നു. യേശുവിനെ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ചവന്റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നുവെങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍ നിന്നുയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തങ്ങളുടെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും (റോമ. 8:11) എന്ന പ്രതീക്ഷ അവര്‍ക്കുണ്ടായി. മരണമെന്ന ശത്രു ഒടുവിലായി നീങ്ങിപ്പോകുമ്പോള്‍ അനന്തമായ രൂപാന്തരം നടക്കും (1കൊരി. 10:26).
ഈസ്റ്റര്‍
ക്രിസ്തുവിനു വളരെമുമ്പുതന്നെ ഈസ്റ്റര്‍ എന്ന പേരില്‍ ആഘോഷിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു ഉത്സവം നിലനിന്നിരുന്നു. ഇതിന്റെ പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. അത്ഭുതകരമായ വലിപ്പമുള്ള ഒരു മുട്ട ആകാശത്തില്‍നിന്നു യൂഫ്രട്ടീസ് നദിയില്‍ പതിച്ചുവത്രെ. മത്സ്യങ്ങള്‍ ഇതിനെ ഉരുട്ടി കരയില്‍ വച്ചു. പ്രാവുകള്‍ അതിന് അടയിരിക്കുകയും അതില്‍നിന്ന് അസ്തരാത്ത് (Astarte or Ishtar, the goddess of Easter) എന്ന ദേവി പുറത്തുവരികയും ചെയ്തു. അസ്തരാത്തിന്റെ മറ്റൊരു വാക്കാണ് ഈസ്റ്റര്‍. ഈസ്തര്‍ എന്ന ഒരു ബാബിലോണിയ ദേവിയും ഉണ്ടായിരുന്നു. സ്വര്‍ഗ്ഗരാജ്ഞി എന്നാണ് ഇതിന്റെ അര്‍ത്ഥം (Ishtar = Queen of Heaven A Babylonian goddess) ഈ ദേവിയുടെ പേരിലുള്ള ഉത്സവമാണ് ഈസ്റ്റര്‍ ഉത്സവമായി ആഘോഷിക്കപ്പെട്ടിരുന്നത്. എബ്രായര്‍ക്ക് അസ്തരാത്ത് ദേവിയും അവരോടുള്ള ആരാധനയും അറപ്പായിരുന്നു (1ശമു. 7:13, 1രാജാ.11:5,33, 2രാജാ. 23:13, യിരെ. 7:18, 44:18).