പ്രപഞ്ചത്തിലെ മഹാസംഭവങ്ങളിലൊന്നാണ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനം. യേശുവിനെ സംബന്ധിച്ചിടത്തോളം പുനരുത്ഥാനം ഒരനിവാര്യതയാണ്. ക്രൂശില്‍ മരിച്ച വ്യക്തി ഒരിക്കലും രക്ഷകനാകുകയില്ല. ക്രിസ്തു ഉയിര്‍ത്തെഴുന്നേല്ക്കാതിരുന്നുവെങ്കില്‍ യെഹൂദന്മാരുടെ പരിഹാസം സാര്‍ത്ഥകമാകുമായിരുന്നു. ''ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കില്‍ തന്നെത്താന്‍ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചു പറഞ്ഞു'' (ലൂക്കൊ. 23:35). യായീറോസിന്റെ മകള്‍, നയീനിലെ വിധവയുടെ മകന്‍, ലാസര്‍ എന്നിവരെ യേശു ഉയിര്‍പ്പിച്ചു. ഇവ പുനര്‍ജ്ജീവപ്രാപ്തിയല്ലാതെ പുനരുത്ഥാനമായിരുന്നില്ല. സാധാരണ മനുഷ്യരെപ്പോലെ അവര്‍ മരണത്തിനു വീണ്ടും വിധേയരായി. എന്നാല്‍ ക്രിസ്തുവാകട്ടെ നിദ്ര കൊണ്ടവരില്‍നിന്നും ആദ്യഫലമായി ഉയിര്‍ത്തെഴുന്നേറ്റു (1കൊരി. 15:20). ഉയിര്‍ത്ത യേശു പല സ്ഥലങ്ങളില്‍ വച്ചു പലര്‍ക്കും പ്രത്യക്ഷനായി (1കൊരി. 15:4-8). നാല്‍പതുദിവസം ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ടു താന്‍ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളിലൂടെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുത്തു (അ.പ്ര.1:3). ഭാരതത്തിലെ അപ്പൊസ്തലന്‍ എന്നറിയപ്പെട്ട സാധുസുന്ദരസിംഗിനെ പോലുള്ള പലര്‍ക്കും യേശുവിന്റെ ഇതുപോലുള്ള പ്രത്യക്ഷതകള്‍ ഉണ്ടായതായി പറയപ്പെടുന്നു. ഉയിര്‍ത്തെഴുന്നേറ്റ യേശുദര്‍ശനം നല്‍കിയവരെ ശക്തീകരിക്കുകയും അവിടുത്തെ ശുശ്രൂഷക്കായി ഒരുക്കുകയും ചെയ്തു. ഭയം മാറിയവരായി പുതിയശക്തി പ്രാപിച്ച് അവര്‍ ക്രിസ്തുസാക്ഷ്യം വഹിച്ചു.
1. യാക്കോബിനു ലഭിച്ച ശാക്തീകരണം (ഉല്പ. 28:10-22)
യാക്കോബിനു ദൈവത്തിന്റെ ദൂതന്‍ പ്രത്യക്ഷപ്പെടുകയും പെനിയേലില്‍വച്ചുതന്നെ അനുഗ്രഹിക്കുകയും ചെയ്തു (ഉല്പ. 32:22-32). അങ്ങനെ യാക്കോബ് യിസ്രായേലായി. അതുപോലെ സഹോദരനെ പേടിച്ചു ഓടിപ്പോകുന്ന യാക്കോബിനു ദൈവം ബെഥേലില്‍ വച്ചു ദര്‍ശനം നല്‍കുന്നു. ദൈവത്തിന്റെ ദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്വര്‍ഗ്ഗത്തോളം എത്തുന്ന ഒരു കോവണി അദ്ദേഹം കാണുന്നു. ആ ദര്‍ശനത്തില്‍നിന്നു ലഭിക്കുന്ന ശക്തിയോടെയാണ് യാക്കോബ് തുടര്‍ന്നു യാത്ര ചെയ്തത്. ആ യാത്ര ഒരു വലിയ ജനസമൂഹത്തിന്റെ യാത്രയായിരുന്നു - യിസ്രായേലിന്റെ യാത്ര. ഇന്നും ഉയിര്‍ത്തെഴുന്നേറ്റ യേശു നല്‍കുന്ന ശക്തി ഇതുപോലെ നമുക്കും ഒരു ജനമായി യാത്രചെയ്യാന്‍ സഹായിക്കും.
2. യൂത്തിക്കൊസിനു ലഭിച്ച ശാക്തീകരണം (അ.പ്ര. 20:7-12)
മരിച്ചുപോയ യൂത്തിക്കൊസിനെ പൗലൊസ് ഉയിര്‍പ്പിച്ചു. അതു ത്രോവാസിലെങ്ങും വലിയ ഉണര്‍വ്വിനു കാരണമായി. പൗലോസിന്റെ ത്രോവാസിലെ പ്രസംഗം കേട്ടു രാത്രിയില്‍ ഗാഢനിദ്ര വന്ന യൂത്തിക്കൊസ് വീണു മരിച്ചു. പൗലോസ് ഇറങ്ങിപ്പോയി അവന്റെ മേല്‍ വീണു തഴുകി ജീവനിലേക്കു കൊണ്ടുവന്നു. വീണുപോകുന്നതിനെ എഴുന്നേല്‍പ്പിക്കുകയും ജീവന്‍ പോകുന്നതിനെ ജീവിപ്പിക്കുകയും ചെയ്യുന്ന ശക്തിയാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നമുക്കു നല്‍കുന്നത്. ജീവിതത്തിലെ പല വെല്ലുവിളികളാല്‍ ക്ഷീണിച്ചു തളര്‍ന്നുപോകുന്ന അവസ്ഥകളില്‍ അവിടുന്നു നമ്മെ ഇന്നും ബലപ്പെടുത്തി എഴുന്നേല്പിക്കുന്നു. അതാണ് യേശു തരുന്ന ശാക്തീകരണം.
3. മറിയയ്ക്കു ലഭിച്ച ശാക്തീകരണം (യോഹ. 20:11-18)
തന്റെ സഹോദരന്മാരോടു ഉയിര്‍പ്പിനെക്കുറിച്ചു പറയാന്‍ നല്‍കുന്ന ശാക്തീകരണമാണ് യേശു മറിയയ്ക്കു നല്‍കിയത് (യോഹ. 20:17). പിതാവ് തന്നെ അയച്ചതുപോലെ യേശു ശിഷ്യന്മാരെയും അയച്ചു. പാപങ്ങള്‍ ക്ഷമിക്കാനും നിലനിര്‍ത്താനും ഉയിര്‍ത്തെഴുന്നേറ്റ യേശു തരുന്ന ശക്തി അവിടുത്തെ സാക്ഷിയായിത്തീരാനുള്ളതാണ് (അ.പ്ര. 1:8). ഉയിര്‍ത്ത കര്‍ത്താവിനാലുള്ള ഈ ശാക്തീകരണം നാം എന്നും അനുഭവിക്കേണ്ടതാണ്.