പൊരുള്‍ തിരിച്ചുതരാതെ തിരുവചനം ഗ്രഹിക്കാന്‍ കഴിയുന്നില്ല. ഷണ്ഡന്‍ പറഞ്ഞ ഈ അപേക്ഷയില്‍ ഫിലിപ്പൊസ് തിരുവചനം അദ്ദേഹത്തിനു വ്യാഖ്യാനിച്ചുകൊടുത്തു. അതുപോലെ കര്‍ത്താവായ യേശുക്രിസ്തു എമ്മാവുസ്സിലേക്കു പോകുന്ന ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചുകൊടുത്തു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനോടാപ്പെം നടക്കാനും തിരുവെഴുത്തുകളെ വ്യാഖ്യാനിക്കപ്പെട്ടു മനസ്സിലാക്കാനും നമുക്കു സാധിക്കണം. യേശു തിരുവെഴുത്തുകളെക്കുറിച്ചു സംസാരിക്കുന്നു. മോശെ തുടങ്ങി സകലപ്രവാചകന്മാരില്‍നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു. അതുപോലെ മറ്റൊരിക്കല്‍ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുമ്പോള്‍ മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എഴുതിയിരുന്നതു വ്യാഖ്യാനിച്ചു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിനു അവരുടെ ബുദ്ധിയെ തുറന്നു (ലൂക്കൊ. 24:44,45). ഇന്നത്തെ സാഹചര്യത്തിലും ഒരു തിരുവചന പുനര്‍വായന ആവശ്യമായിരിക്കുന്നു. പുനര്‍വായനയില്‍ പ്രധാനമായും ഏഴു കാര്യങ്ങള്‍ നടക്കണമെന്നാണു ഗവേഷണവായനയെ (research reading)ക്കുറിച്ചു പഠനം നടത്തുന്നവര്‍ പറയുന്നത്. ഇതിനെ ഇംഗ്ലീഷില്‍ Seven Rs എന്നു പറയുന്നു. വായന (read), പുനര്‍വായന (reread), പ്രതിഫലനം (reflect), ബന്ധിപ്പിക്കല്‍ (relate), ആരായുക (refer), യുക്തിപൂര്‍വ്വം വിവേചിക്കുക (reasoning), രേഖപ്പെടുത്തുക (record). ദൈവവചനം വായിക്കുമ്പോഴും ഈയൊരു അന്വേഷണം നല്ലതാണ്. അക്ഷരങ്ങളുടെ പുറകിലെ ആത്മാവിനെ തിരിച്ചറിയാന്‍ ഈവഴികള്‍ ഇടയാക്കും. കാരണം അക്ഷരം കൊല്ലുന്നു ആത്മാവ് ജീവിപ്പിക്കുന്നു എന്നാണല്ലോ. രീതിശാസ്ത്രത്തില്‍ ഗ്രന്ഥം (text) വായിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലവും (context)പഠിക്കണമെന്നു പറയാന്‍ കാരണം അതാണ്. മാറ്റമില്ലാതെ ഇന്നും ജീവിക്കുന്ന അനന്യനായ ക്രിസ്തു നമ്മോടു പല രീതികളില്‍ സംസാരിക്കുമ്പോള്‍ അതു ശ്രദ്ധിക്കാനും തിരിച്ചറിയാനും ഇന്നത്തെ സാഹചര്യത്തിനനുസൃതമായ ഒരു പുനര്‍വായന ദൈവവചനവ്യാഖ്യാനത്തില്‍ ആവശ്യമാണ്.
1. തിരുവചന പുനര്‍വായന രൂപാന്തരം നല്‍കുന്നു (2 ദിന. 34:29-33)
എട്ടു വയസ്സായപ്പോള്‍ രാജാവായ ആളാണ് യോശീയാവ് എന്ന യെഹൂദാ രാജാവ്. തന്റെ വാഴ്ചയുടെ 18-ാം ആണ്ടില്‍ ദൈവാലയത്തില്‍ അറ്റകുറ്റ പണികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം കണ്ടെത്തി. അതു രാജാവിന്റെ കൈയില്‍ സമര്‍പ്പിച്ചു. രാജാവിന്റെ സെക്രട്ടറി ശാഫാന്‍ അതു രാജാവിനെ വായിച്ചു കേള്‍പ്പിച്ചു. ന്യായപ്രമാണത്തിലെ വാക്കുകളെ കേട്ടിട്ടു രാജാവ് വസ്ത്രം കീറി. തുടര്‍ന്നു രാജ്യം മുഴുവനും യഹോവയിങ്കലേക്കു തിരിയാന്‍ ഈ സംഭവം കാരണമായിത്തീര്‍ന്നു. രാജ്യത്തിനുതന്നെയുണ്ടായ ഒരു രൂപാന്തരമാണ് തുടര്‍ന്നു സംഭവിക്കുന്നത്. തിരുവചനപാരായണവും പുനഃപാരായണവും സമൂഹത്തെ രൂപാന്തരത്തിലേക്കു നയിക്കുന്നു.
2. തിരുവചന പുനര്‍വായന ക്രിസ്തുദര്‍ശനം നല്‍കുന്നു (ലൂക്കൊ. 24:13-27)
മുന്‍ സൂചിപ്പിച്ചതുപോലെ യരുശലേമില്‍നിന്ന് എമ്മവൂസിലേക്കു ക്ലെയോപ്പാവും മറ്റൊരാളും യാത്ര ചെയ്യുമ്പോള്‍ ഉയിര്‍ത്ത കര്‍ത്താവും കൂടെ അവരോടൊപ്പം നടന്നു. ക്രിസ്തു ആണെന്ന് അറിയാതെ അവര്‍ നടക്കുന്നുവെങ്കിലും ഒടുവില്‍ അവര്‍ യേശുവിനെ തിരിച്ചറിയുന്നു. യേശു അവര്‍ക്കു തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചു കൊടുക്കുന്നു. അവര്‍ പോകുന്ന ഗ്രാമത്തോടടുത്തപ്പോള്‍ ക്രിസ്തു മുന്നിലേക്കു നടക്കുന്ന ഭാവം കാണിച്ചു. അപ്പോള്‍ അവര്‍ പറയുന്ന ഒരു അഭ്യര്‍ത്ഥന ശ്രദ്ധേയമാണ്: ''ഞങ്ങളോടുകൂടെ പാര്‍ക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ'' (ലൂക്കൊ. 24:29). കര്‍ത്താവ് അവരോടൊപ്പം പോകുകയും അവരുടെ ആത്മീയക്കണ്ണുകളെ തുറക്കുകയും ചെയ്തു. തിരുവചനപുനര്‍വായന നമ്മുടെ ആത്മീയക്കണ്ണുകളെ തുറന്നു ക്രിസ്തുദര്‍ശനം ഉണ്ടാക്കുന്നു.
3. തിരുവചന പുനര്‍വായന ദൃഢവിശ്വാസം നല്‍കുന്നു (അ.പ്ര. 8:26-40)
എത്യോപ്യ രാജ്ഞിയുടെ ഷണ്ഡന്‍ യരുശലേമിലേക്ക് ആരാധിക്കാന്‍ വന്നതാണ്. മടങ്ങിപ്പോകുമ്പോള്‍ യെശയ്യാ പ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു. ഫിലിപ്പൊസ് അതു വ്യാഖ്യാനിച്ചു കൊടുത്തു. ഷണ്ഡനു രൂപാന്തരമുണ്ടാകുന്നു. തിരുവചനത്തിന്റെ പുനര്‍വായന ഇവിടെ ഒരു വ്യക്തിയെ രൂപാന്തരപ്പെടുത്തുകയും ക്രിസ്തുവിശ്വാസത്തിലേക്കു കൊണ്ടുവരികയും ചെയ്തു.