ഉയിര്‍ത്ത കര്‍ത്താവ് തന്റെ അപ്പൊസ്തലന്മാരെ ശുശ്രൂഷയ്ക്കായി ആജ്ഞാപിച്ച് അയയ്ക്കുന്നു. ഉയിര്‍പ്പിനുമുമ്പും ഇതുപോലെ അവിടുന്നു ശിഷ്യന്മാരെ വേലക്കായി നിയോഗിച്ചിട്ടുണ്ട്. ഈ നിയോഗത്താലാണ് ക്രിസ്തീയസമൂഹംതന്നെ രൂപപ്പെട്ടതും വികസിച്ചതും. നിയോഗിക്കുക, ആജ്ഞാപിക്കുക, ചുമതലപ്പെടുത്തുക ഇങ്ങനെ ഈ വാക്കു മാറിമാറി വേദപുസ്തകത്തില്‍ പ്രയോഗിച്ചിട്ടുണ്ട് (ഉല്പ. 26:4, പുറ. 6:13, 1രാജാ. 14:6, ഹഗ്ഗാ. 1:12, അ.പ്ര. 7:53, റോമ. 16:24, 1ശമു. 15:1, 2ശമു. 15:25, ദാനി. 2:24, ഹബ. 1:12, അ.പ്ര. 15:22). ശിഷ്യന്മാരെ പല ഘട്ടങ്ങളിലായി കര്‍ത്താവ് ശുശ്രൂഷയ്ക്കു നിയോഗിക്കുന്നതായി കാണുന്നു. ഉയിര്‍പ്പിനു മുമ്പും ഉയിര്‍പ്പിനു ശേഷവുമുള്ള നിയോഗമായി ഇതിനെ മനസ്സിലാക്കുന്നു (pre-resurrection and post-resurrection commissioning). പിതാവ് അയച്ചതുപോലെ പുത്രനും അയയ്ക്കുന്നു. യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പുതിയനിയമസഭയിലും ഈ നിയോഗം ദൃശ്യമാണ് (അ.പ്ര. 13:1-3).
1. ക്രിസ്തീയസ്വഭാവത്തിനുള്ള നിയോഗം (1 തിമൊ. 4:6-16)
വി.പൗലൊസും ബര്‍ന്നബാസും അന്ത്യൊക്ക്യാസഭയില്‍വച്ചു ദൈവശുശ്രൂഷക്കായി നിയോഗിക്കപ്പെട്ടു (അ.പ്ര. 13:1-3). തുടര്‍ന്നു വി.പൗലൊസ് പലസ്ഥലങ്ങളിലായി പലരെയും ശുശ്രൂഷക്കായി നിയോഗിച്ചിട്ടുണ്ട്. 1 തിമൊ. 4:6-16 -ല്‍ തിമൊഥെയൊസിനെ നല്ല ശുശ്രൂഷകനാകാന്‍ നിയോഗിക്കുന്നു. ക്രിസ്തീയസ്വഭാവം പ്രാപിക്കാനായി നല്കുന്ന ഉപദേശമാണ് 1തിമൊ.4:6-16-ല്‍ കാണുന്നത്. ഇത്തരം സ്വഭാവമാണ് മറ്റുള്ളവരെ ക്രിസ്തുവിലേക്കു ആകര്‍ഷിക്കുന്നത്. ക്രിസ്തുവിന്റെ പത്രമായി (2കൊരി. 3:3) നമ്മെ നിയോഗിച്ചിരിക്കുന്നു. കേരളത്തെ അറിയാത്ത ഒരാള്‍ കേരളത്തെ അറിയുന്നത് കേരളത്തിന്റെ പത്രം വായിച്ചിട്ടാണ്. അതുപോലെ യേശുവിനെ അറിയാത്ത ഒരാള്‍ യേശുവിനെ അറിയേണ്ടത് യേശുവിന്റെ പത്രം വായിച്ചിട്ടാണ്. യേശുവിന്റെ പത്രം നമ്മുടെ ജീവിതശൈലിയാണ്. ഇങ്ങനെ ഒരു ക്രിസ്തീയസ്വഭാവം ഉണ്ടാകാനായുള്ള നിയോഗമാണ് ഉയിര്‍ത്ത ക്രിസ്തു നല്കുന്നത്.
2. അയയ്ക്കപ്പെടുന്ന നിയോഗം (യോഹ. 20:19-23)
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. ''പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു'' (യോഹ. 20:22) എന്നു പറഞ്ഞ് അവരുടെമേല്‍ ഊതി പരിശുദ്ധാത്മാവിനെ നല്കി അയച്ചു. പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ ശക്തി പ്രാപിച്ചിട്ട് എന്റെ സാക്ഷികള്‍ ആകുവിന്‍ (അ.പ്ര.1:8) എന്നു മറ്റൊരു സന്ദര്‍ഭത്തിലും പറഞ്ഞു. ഇവിടെ ഒരു കാര്യം പ്രസ്താവ്യമാണ്. യോഹന്നാന്‍ പറയുന്നതനുസരിച്ച് ഇവരെ ഏല്പിക്കുന്ന ദൗത്യം എല്ലാവര്‍ക്കും പാപമോചനം നല്കാനാണ്. ''ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു'' (യോഹ. 20:23). ലോകത്തിനു ക്ഷമ അത്യാവശ്യമാണ്. എല്ലാവരോടും ക്ഷമിക്കുക. അഥവാ ക്ഷമനല്കുക. സ്‌നേഹത്തിന്റെ മറ്റൊരു ഭാവം. ക്രിസ്തു പ്രത്യക്ഷപ്പെടുന്നിടത്ത് കൈയും വിലാപ്പുറവും കാണിക്കുന്നു - മുറിപ്പാടുകള്‍ (ലൂക്കൊ. 24:40, യോഹ. 20:27). ദൈവം തന്റെ പുത്രനെ അയച്ചപ്പോള്‍ ലോകത്തില്‍നിന്നു തനിക്കു ലഭിച്ച മുറിവുകളാണിവ. പിതാവ് പുത്രനെ അയച്ചതുപോലെ തന്നെയാണു പുത്രനും നമ്മെ അയയ്ക്കുന്നതെന്ന് ഇവിടെ സ്മരിക്കണം. മത്തായി പറയുന്ന മഹാആജ്ഞ മറ്റൊന്നാണ് (മത്താ. 28,19,20) - യേശുക്രിസ്തു പഠിപ്പിച്ചതൊക്കെ അനുസരിക്കത്തക്കവിധം പഠിപ്പിച്ചുകൊണ്ടു സകലജാതികളെയും ശിഷ്യരാക്കുക. മര്‍ക്കൊസ് പറയുന്നതു വേറൊന്നാണ് - സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുക (മര്‍ക്കൊ. 16:15). എന്തായാലും ദൗത്യനിര്‍വ്വഹണം സഭയുടെ പ്രധാന ലക്ഷ്യമാകേണ്ടതാണ്.