യേശുക്രിസ്തു വഴിയും സത്യവും ജീവനുമാണ് (യോഹ. 14:6). അതുപോലെ യേശുവിന്റെ വചനവും സത്യമാണ് (യോഹ. 17:17). ദൈവത്തിന്റെ വഴിയില്‍ നടക്കുക എന്നത് സത്യത്തില്‍ നടക്കുകയാണ്. സങ്കീ. 86:11-ല്‍ സങ്കീര്‍ത്തനക്കാരന്റെ പ്രാര്‍ത്ഥന ഇതുതന്നെയാണ്. ''യഹോവേ നിന്റെ വഴി എനിക്കു കാണിച്ചു തരേണമേ, എന്നാല്‍ ഞാന്‍ നിന്റെ സത്യത്തില്‍ നടക്കും''. ഞാന്‍ നിന്റെ സത്യത്തിന്റെ വഴിയെ തെരഞ്ഞെടുത്തിരിക്കുന്നു (119:30). സത്യം എന്നാല്‍ ദൈവം തന്നെയാണ്. ''ഭഗത് സത്യം ജഗത് മിഥ്യ'' എന്നാണ് ഉപനിഷത് സൂക്തം. ദൈവം മാത്രമാണ് സത്യം. ഛാന്ദോഗ്യോപനിഷത് സത്യം എന്ന പദത്തെ വര്‍ണ്ണങ്ങളായി തിരിച്ച് ഓരോ വര്‍ണ്ണത്തിനും പ്രത്യേകം അര്‍ത്ഥം നല്‍കുന്നു.
താനി ഹ വാ ഏതാനി ത്രീണി അക്ഷരാണി
'സതീയം' ഇതി തദ് യത് സത് തദമൃതം;
അഥ യത് 'തീ' തത്മര്‍ത്യം,
അഥ യത് 'യം' തേന ഉഭേ യച്ഛതി,
തസ്മാത് യം അഹരഹര്‍വാ ഏവം വിത് സ്വര്‍ഗ്ഗം ലോകമേതി.
സത്യം എന്നാല്‍ 'സ', 'തീ', 'യം' എന്ന മൂന്നക്ഷരങ്ങളാണ്. അവ സത് എന്നത് അമൃതമാണ്. തീ മര്‍ത്യമാണ്. യം എന്നത് രണ്ടിനേയും കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് യം എന്നു പറയപ്പെട്ടതിനെ അറിയുന്നവന്‍ നിത്യവും സ്വര്‍ഗ്ഗലോകം പ്രാപിക്കുന്നു. ചുരുക്കത്തില്‍ സത്യം എന്നത് ദൈവത്തിന്റെ രക്ഷയുടെ പദ്ധതിയായി നാം മനസ്സിലാക്കുന്നു. ഋഗ്വേദം 1.164.46-ല്‍ ''ഏകം സത് വിപ്രാ ബഹുധാ വദന്തി'' എന്ന് രേഖപ്പെടുത്തുന്നു. അതായത്, ഏകമായ സത്യത്തെ വിപ്രന്മാര്‍ പലവിധത്തില്‍ പറയുന്നു. സത്യം ദൈവം തന്നെയാണ്. സകാരം അമര്‍ത്യമാണ്. തകാരം മര്‍ത്യമാണ്. യം രണ്ടിനേയും നിയമനം ചെയ്യുന്നു (8:3,5). എബ്രായഭാഷയില്‍ 'ഏമെത്' എന്ന പദമാണ് സത്യം. മൂന്നക്ഷരങ്ങള്‍ ഇതിലുണ്ട്. ആലേഫ്, മേം, തൗ ഇവ മൂന്നും അക്ഷരമാലയിലെ ഒന്നാമത്തെയും നടുവിലത്തെയും ഒടുവിലത്തെയും അക്ഷരങ്ങളാണ്. അതായത്, ആയിരുന്നവനും, ഇപ്പോള്‍ ഉള്ളവനും, വരുവാനുള്ളവനും (യെശ. 44:6, 41:4, പുറ. 3:14). ദൈവം സത്യമായതുകൊണ്ട് (റോമ. 3:4) ദൈവത്തിന്റെ വചനങ്ങളും സത്യമാണ് (യോഹ. 17:17, സങ്കീ.19:9, 119:160, ദാനി. 8:26, 10:1,21). ഈ സത്യത്തിനു സാക്ഷിനില്‌ക്കേണ്ടതിനു ഞാന്‍ വന്നു എന്നാണ് കര്‍ത്താവ് പീലാത്തോസിനോടു പറഞ്ഞത് (യോഹ. 18:37). എന്റെ വചനത്തില്‍ നിലനില്ക്കുമെങ്കില്‍ എന്റെ ശിഷ്യരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുമെന്നു യേശു പറഞ്ഞു (യോഹ. 8:31,32). ദൈവത്തിന്റെ മറ്റൊരു വാക്കാണ് സത്യം.
1. സത്യമായ ക്രിസ്തുവില്‍ വിശ്വസിക്കുക (യോഹ. 17:6-19)
സത്യമായ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെയാണ് നിത്യജീവന്‍ ലഭിക്കുന്നത് (യോഹ. 20:31). യേശുവില്‍ വിശ്വസിക്കുക എന്നതുപോലെ തന്നെ അവിടുത്തെ വചനത്തില്‍ വിശ്വസിക്കുകയെന്നതും പ്രധാനമാണ്. കാരണം അവിടുത്തെ വചനം സത്യമാണ് (യോഹ. 17:17). ഈ വചനത്താലാണ് നാം ശുദ്ധീകരിക്കപ്പെടുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കുകയെന്നതാണ് ക്രിസ്തീയതയുടെ പ്രഥമപടി.
2. സത്യമായ വചനത്തില്‍ വിശ്വസിക്കുക (സങ്കീ.119:89-96, പുറ. 34:1-9)
സത്യമായ ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്ക്കുക എന്നതാണ് ക്രിസ്തീയജീവിതത്തിന്റെ രണ്ടാമത്തെ പടി. കാരണം ദൈവത്തിന്റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു (സങ്കീ. 119:89). ദൈവം തന്റെ വചനം മോശെക്കു നല്കി (പുറ. 34:1-9). മോശെ അതു ദൈവജനത്തിനു നല്കി. ദൈവവചനത്തിലൂടെയാണ് നാം വളര്‍ത്തപ്പെടേണ്ടത്. ഇതാണ് ആഴത്തില്‍ക്കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ട പണി (ലൂക്കൊ. 6:48).
3. സത്യമായ ക്രിസ്തുവില്‍ വളരുക (എഫെ. 4:7-16)
ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ തന്നില്‍ വളരേണ്ടതാണ്. ക്രിസ്തീയജീവിതത്തില്‍ വളരുന്ന അനുഭവമുണ്ട് - ക്രിസ്തു എന്ന തലയോളം വളരുന്ന അനുഭവം (എഫെ. 4:15). ആത്മീയജീവിതത്തില്‍ വളര്‍ച്ച അനിവാര്യമാണ് (ഗലാ. 4:1, എബ്രാ. 5:11-14). സത്യമായ ക്രിസ്തുവില്‍ വളരാനായാണ് ക്രൈസ്തവസഭയില്‍ പല ശുശ്രൂഷകള്‍ ദൈവം നല്കിയിരിക്കുന്നത് - അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഉപദേഷ്ടാക്കന്മാര്‍, ഇടയന്മാര്‍ (എഫെ. 4:11). ഇങ്ങനെ സഭയുടെ കൂട്ടായ്മയിലൂടെ നിരന്തരം നാം ക്രിസ്തുസ്‌നേഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കണം.