Sermon Outlines
Create Account
1-800-123-4999

പരിശുദ്ധാത്മാവേ വന്നു ഞങ്ങളെ സ്വതന്ത്രരാക്കണമേ

Monday, 03 June 2019 03:50
Rate this item
(2 votes)

ജൂണ്‍ 9
പെന്തെക്കൊസ്തുഞായര്‍
Pentecost Sunday


പരിശുദ്ധാത്മാവേ വന്നു ഞങ്ങളെ സ്വതന്ത്രരാക്കണമേ
Come Holy Spirit Set Us Free


പഴയനിയമം   യെശ. 61:1-11
സങ്കീര്‍ത്തനം   107:31-43
ലേഖനം          അ.പ്ര. 2:1-13
സുവിശേഷം   ലൂക്കൊ. 4:16-21


ധ്യാനവചനം : പെന്തെക്കൊസ്തുനാള്‍ വന്നപ്പോള്‍ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവര്‍ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്കു പ്രത്യക്ഷമായി അവരില്‍ ഓരോരുത്തന്റെ മേല്‍ പതിഞ്ഞു (അ.പ്ര. 2:1-3).


1991 ഫെബ്രുവരി 7 മുതല്‍ 20 വരെ അഖിലലോകസഭാകൗണ്‍സി (WCC) ലിന്റെ ഏഴാമതു സമ്മേളനം ആസ്‌ട്രേലിയയിലെ കാന്‍ബറയില്‍ നടന്നു. അന്നത്തെ ജനറല്‍ സെക്രട്ടറി റവ.ഡോ. എമിലോ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ആ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത പ്രധാനവിഷയം ''പരിശുദ്ധാത്മാവേ വരണമേ, സകലസൃഷ്ടികളേയും പുതുക്കണമേ'' എന്നതായിരുന്നു (Come Holy Spirit, Renew the whole Creation). റവ.ഡോ.എമിലോ കാസ്‌ട്രോ (1927-2013) ഒരു സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞനും മെഥഡിസ്റ്റ് സഭയുടെ പാസ്റ്ററും WCC യില്‍ ഏകദേശം 20 വര്‍ഷം നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു അനുഗ്രഹീത വ്യക്തിയായിരുന്നു. ലാറ്റിന്‍അമേരിക്കയില്‍ വിശ്വവിഖ്യാത ദൈവശാസ്ത്രജ്ഞനായ കാള്‍ബാര്‍ത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്നു എമിലോ. WCC യുടെ ചരിത്രത്തില്‍ ആദ്യമായാണ് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഒരു വിഷയം (Pneumatological study) 1991-ല്‍ പ്രധാന പഠനവിഷയമാക്കിയത്. പരിശുദ്ധാത്മാവിനെക്കുറിച്ചു സഭകള്‍ ബോധവാന്മാരാകാനും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും തെറ്റായ പഠിപ്പിക്കലുകളും മാറാനും വേണ്ടിയുള്ള ഒരു ശ്രമമായിരുന്നു ഈ സമ്മേളനം.


ത്രിത്വത്തില്‍ ഒരുവനായ ദൈവം തന്നെയാണ് പരിശുദ്ധാത്മാവ് (യോഹ. 4:24, 2കൊരി. 3:17). പരിശുദ്ധാത്മാവ് വെറും ഒരു ശക്തിയല്ല; പ്രത്യുത, ശക്തിയുള്ള വ്യക്തിയാണ് (അ.പ്ര. 1:8). ബൈബിളിന്റെ ഒന്നാം പുസ്തകം മുതല്‍ പരിശുദ്ധാത്മാവിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിയും. എന്നാല്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തതകള്‍ ദൃശ്യമാണ്. പഴയനിയമകാലത്തു തെരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും പ്രവാചകന്മാരുടേയുംമേല്‍ മാത്രമേ പരിശുദ്ധാത്മാവ് വന്നിരുന്നുള്ളു. എന്നാല്‍ അന്ത്യകാലത്ത് - അതായത് - ഇക്കാലത്ത്, പെന്തക്കോസ്തുനാളിനുശേഷം (അ.പ്ര. 2) എല്ലാവരുടെമേലും ദൈവം തന്റെ ആത്മാവിനെ പകരാന്‍ തുടങ്ങി (അ.പ്ര. 2:17, യോവേല്‍ 2:28, യെശ. 28:2).


ദൈവത്തിന്റെ എല്ലാ സ്വഭാവങ്ങളും പരിശുദ്ധാത്മാവിലും കാണാന്‍ കഴിയും. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ദൈവം ആണെന്നു പറയാന്‍ കാരണം. പരിശുദ്ധാത്മാവു നമ്മെ സ്വതന്ത്രരാക്കുന്നു. പരിശുദ്ധാത്മാവുള്ളേടത്തു സ്വാതന്ത്ര്യമുണ്ട് (2കൊരി. 3:17). എല്ലാതരത്തിലുള്ള ബന്ധനങ്ങളില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണു വേദപുസ്തകം വാഗ്ദാനം ചെയ്യുന്നത്. 'കദോഷ് റൂവഹ്' എന്ന് എബ്രായഭാഷയിലും 'പ്ന്യൂമാഹഗിയൊന്‍' എന്ന് ഗ്രീക്കിലും പരിശുദ്ധാത്മാവ് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തില്‍ ആത്മവാചിയായ റൂവഹ് 378 തവണയും, പുതിയ നിയമത്തില്‍ പ്ന്യൂമാ 379 തവണയും പ്രയോഗിച്ചിട്ടുണ്ട്. റൂവഹ് വിഭിന്നാര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചു കാണുന്നു. ദൈവികശക്തി അഥവാ പ്രകൃത്യതീതമായ ശക്തി എന്നീ അര്‍ത്ഥങ്ങളിലാണ് ഇതുപയോഗിച്ചിരിക്കുന്നത്. അമാനുഷ കാര്യങ്ങള്‍ മനുഷ്യരെക്കൊണ്ടു ചെയ്യിപ്പിക്കാന്‍ ദൈവം അവരുടെമേല്‍ ആത്മാവിനെ (റൂവഹ്) അയച്ചു (ന്യായ. 3:10, 6:34, 11:29, 13:25, 14:6,19, 15:14, 1ശമു. 11:6). പ്രവാചകന്മാരുടെ പ്രേരകശക്തിയും ദൈവാത്മാവായിരുന്നു (സംഖ്യാ. 24:2, 1ശമു. 10:6,10, 19:20,23). എന്നാല്‍ പരിശുദ്ധാത്മാവ് വെറും ശക്തിയല്ല. ആളത്തമുള്ള ശക്തിയാണ്. പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയായിട്ടാണ് വേദപുസ്തകം ചൂണ്ടിക്കാണിക്കുന്നത്. ശക്തിയുള്ള വ്യക്തി, കാര്യസ്ഥന്‍ (പാരക്ലീറ്റൊസ്). ഇതൊരു പുല്ലിംഗനാമമാണ്.


1. പരിശുദ്ധാത്മാവ് സ്വതന്ത്രമാക്കുന്നു (യെശ. 61:1-11)
പരിശുദ്ധാത്മാവ് വിമോചിപ്പിക്കുന്നവനാണ്. ബദ്ധന്മാര്‍ക്കു വിടുതലും കുരുടന്മാര്‍ക്കു കാഴ്ചയും പീഡിതന്മാര്‍ക്കു സ്വാതന്ത്ര്യവും നല്‍കുന്നതാണ് പരിശുദ്ധാത്മാവ് വരുത്തുന്ന സ്വാതന്ത്ര്യം. യേശുക്രിസ്തുവിന്റെ ശുശ്രൂഷ ആരംഭിക്കുമ്പോള്‍ അവിടുന്ന് നസ്രത്തില്‍ പ്രസംഗിച്ചു തുടങ്ങിയത് ഇതാണ്. അതുകൊണ്ടാണ് ലൂക്കൊ. 4:18,19 നസ്രത്തിലെ പ്രഖ്യാപിതനയം എന്നു പറയുന്നത് (Nasareth Manifesto). ഈ സ്വാതന്ത്ര്യം സമഗ്രവും സമ്പൂര്‍ണ്ണവുമാണ്. അതായത് ആത്മീകവും ഭൗതികവും സാമൂഹികവുമായ സ്വാതന്ത്ര്യം.


2. സ്വതന്ത്രമാക്കാന്‍ സ്വതന്ത്രരാക്കുന്നു (അ.പ്ര. 2:1-13)
പരിശുദ്ധാത്മാവു നമ്മെ സ്വതന്ത്രരാക്കുന്നതു മറ്റുള്ളവരെയും നാം ഈ സ്വാതന്ത്ര്യത്തിലേക്കു നയിക്കാനാണ്. പെന്തെക്കോസ്തു നാളില്‍ ജനങ്ങളുടെ മേല്‍ പകര്‍ന്ന പരിശുദ്ധാത്മാവ് ഒരുതരത്തില്‍ അവരെ പുതിയ സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങളിലേക്കു നയിക്കുകയായിരുന്നു. കാലങ്ങളായി കാത്തിരുന്ന പ്രവാചക ശബ്ദത്തിന്റെ പൂര്‍ത്തീകരണമായിരുന്നു അത് (യോവേ. 2:28, യെശ. 28:2-6). അന്നു യെരൂശലേമില്‍ ഉടലെടുത്തത് ഒരു പുതിയ കൂട്ടായ്മയായിരുന്നു - ക്രൈസ്തവസഭ. 120 പേരില്‍ ആരംഭിച്ച് ഇന്നു ലോകം മുഴുവനും വ്യാപിച്ചു ജനസമൂഹമായി അതു മാറി. ഈ സമൂഹം പോയിടത്തെല്ലാം വിമോചനത്തിന്റെ കാഹളശബ്ദമുയര്‍ന്നു. അവരില്‍ വ്യാപരിച്ച ആത്മാവാണ് അതിനു കാരണം.


3. യേശുക്രിസ്തുവിലുള്ള പരിശുദ്ധാത്മാവ് (ലൂക്കൊ. 4:16-21)
''...കര്‍ത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാല്‍ അവന്റെ ആത്മാവ് എന്റെ മേലുണ്ട്'' ഇതായിരുന്നു യേശുക്രിസ്തുവിന്റെ നസ്രത്തിലെ പ്രഖ്യാപിതനയത്തിന്റെ ഒരു പ്രധാനഭാഗം. തന്റെ ജനനം മുതല്‍ ഉയിര്‍പ്പു വരെ യേശുക്രിസ്തുവില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്.

 

  1. യേശു പരിശുദ്ധാത്മാവിനാല്‍ ജനിച്ചു (ലൂക്കൊ. 1:26-38)
  2. യേശു ചെറുപ്പത്തിലേ പരിശുദ്ധാത്മാവിനാല്‍ ബലപ്പെട്ടു വളര്‍ന്നു (ലൂക്കൊ. 2:40)
  3. യേശു പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടു ശുശ്രൂഷ ആരംഭിച്ചു (അ.പ്ര. 4:27, 10:38, ലൂക്കൊ. 4:18, എബ്രാ. 1:9)
  4. ശുശ്രൂഷയ്ക്കുമുമ്പു പരീക്ഷിക്കപ്പെടാന്‍ പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെട്ടു (ലൂക്കൊ. 4:1, മത്താ. 4:1)
  5. പരിശുദ്ധാത്മാവിനാല്‍ ശുശ്രൂഷ ചെയ്തു (അ.പ്ര. 10:38, മര്‍ക്കൊ. 5:30, ലൂക്കൊ. 5:17, 10:21)
  6. പരിശുദ്ധാത്മാവിനാല്‍ ക്രൂശുമരണത്തിനായി ഏല്പിച്ചു (എബ്രാ. 9:14)
  7. പരിശുദ്ധാത്മാവിനാല്‍ ഉയിര്‍ത്തെഴുന്നേറ്റു (റോമ. 8:11, സങ്കീ. 16:10, എഫെ. 1:19,20, യോഹ. 10:18)


യോഹന്നാന്‍സ്‌നാപകന്‍ യേശുവിനെ പരിചയപ്പെടുത്തിയതുതന്നെ 'പരിശുദ്ധാത്മാവിനാല്‍ സ്‌നാനപ്പെടുത്തുന്നവന്‍' എന്നാണ് (ലൂക്കൊ. 3:16, അ.പ്ര. 11:16). മശീഹാ എന്ന എബ്രായ വാക്കിന്റെ അര്‍ത്ഥം അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണ്. അതാണ് മലയാളത്തില്‍ ക്രിസ്തു. ഗ്രീക്കില്‍ ക്രിസ്റ്റോസ്. ലത്തീനില്‍ ക്രിസ്റ്റസ്.


യേശുവും പരിശുദ്ധാത്മാവും ത്രിത്വത്തിലെ രണ്ടു വ്യക്തികളാണെങ്കിലും യേശു നൂറുശതമാനം മനുഷ്യനും നൂറുശതമാനം ദൈവവുമായിരുന്നുവെന്നാണ് സഭയുടെ വിശ്വാസം. ശിശുവായിരുന്നപ്പോഴേ പരിശുദ്ധാത്മാവില്‍ ബലപ്പെട്ടിരുന്നെങ്കിലും (ലൂക്കൊ. 2:40) പിതാവായ ദൈവം യേശുവിനെ തന്റെ മുപ്പതാംവയസില്‍ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു (അ.പ്ര. 10:38). ''പരിശുദ്ധാത്മാവിനെക്കുറിച്ച് 12 പ്രസംഗങ്ങള്‍'' - 12 Sermons on the Holy Spirit എന്ന റവ.സി.എച്ച്. സ്പര്‍ജന്റെ പുസ്തകത്തില്‍ അദ്ദേഹം ഇപ്രകാരം പറയുന്നു : ''ദൈവപുത്രനായ യേശുവിനു പരിശുദ്ധാത്മാവിന്റെ നിറവ് ആവശ്യമായിരുന്നെങ്കില്‍ ബലഹീനമനുഷ്യരായ നമുക്കത് എത്ര അധികം ആവശ്യമായിരിക്കുന്നു''.


അനേക ആത്മാക്കളെ നേടാന്‍ ശക്തമായി പ്രവര്‍ത്തിച്ച ജോര്‍ജ്ജ് വൈറ്റ്ഫീല്‍ഡ് (1714-1770) എന്ന ആംഗ്ലിക്കന്‍ പട്ടക്കാരന്‍ പരിശുദ്ധാത്മനിറവില്‍ ശുശ്രൂഷിച്ച ആളായിരുന്നു. അനേകരെ കര്‍ത്താവിലേക്കു കൊണ്ടുവന്ന മെഥഡിസ്റ്റ് സഭയുടെ സ്ഥാപകനും ആംഗ്ലിക്കന്‍ സഭാപട്ടക്കാരനുമായിരുന്ന ജോണ്‍വെസ്ലി (1703-1791) ആത്മനിറവില്‍ ശുശ്രൂഷ ചെയ്തയാളായിരുന്നു. 'പ്രസംഗകരുടെ പ്രഭു' - Prince of preachers എന്ന് എക്കാലവും അറിയപ്പെട്ടിരുന്ന സി.എച്ച്. സ്പര്‍ജന്‍ (1834-1892) 38 വര്‍ഷം ബാപ്റ്റിസ്റ്റ് സഭയുടെ അച്ചന്‍ ആയിരുന്നു. പരിശുദ്ധാത്മാവിന്റെ നിറവ് പ്രാപിക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രിഗേഷണല്‍ ചര്‍ച്ചിലെ വികാരിയായിരുന്ന ഡി.എല്‍. മൂഡിയും (1837-1899) അമേരിക്കന്‍ പ്രസ്ബിറ്റീരിയന്‍ സഭയിലെ അച്ചനായിരുന്ന ചാള്‍സ് ഫിന്നിയുമൊക്കെ (1792-1875) ലക്ഷക്കണക്കിന് ആത്മാക്കളെ ക്രിസ്തുവിനുവേണ്ടി ആദായപ്പെടുത്തിയ പട്ടക്കാരായിരുന്നു. അതേസമയം പരിശുദ്ധാത്മനിറവില്‍ ശുശ്രൂഷിച്ചവരും. ഡി.എല്‍.മൂഡി പരിശുദ്ധാത്മാവിനെക്കുറിച്ചു സ്ഥിരമായി പ്രസംഗിക്കുമായിരുന്നുവത്രേ.

Menu