Sermon Outlines
Create Account
1-800-123-4999

ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കല്‍

Monday, 03 June 2019 04:06
Rate this item
(2 votes)

ജൂണ്‍ 9
പരിസ്ഥിതിഞായര്‍
Environment Sunday


ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കല്‍
Nurturing God’s Creation


പഴയനിയമം    ഉല്പ. 1:28-31
സങ്കീര്‍ത്തനം     104:1-23
ലേഖനം            വെളി. 22:1-5
സുവിശേഷം     ലൂക്കൊ. 1:22-31


ധ്യാനവചനം: നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു (വെളി. 22:2).


സൃഷ്ടിസംഭവത്തില്‍ അഞ്ചുദിവസംകൊണ്ടു ദൈവം എല്ലാം സൃഷ്ടിക്കുകയും ഒടുവില്‍ ആറാംദിവസം മനുഷ്യനെ സൃഷ്ടിക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. മനുഷ്യനെ സൃഷ്ടിച്ചശേഷം ദൈവം അവനെ കൂട്ടിക്കൊണ്ടുപോയി ഏദെന്‍ തോട്ടം മുഴുവന്‍ കാണിച്ചു. അതിനുശേഷം ദൈവം അവന് ഒരു ജോലി കൊടുത്തു. ഉല്പ.2:15 തോട്ടത്തില്‍ വേല ചെയ്യണം അതിനെ കാക്കണം. പിന്നെ ദൈവം വിശ്രമിച്ചു. കാക്കുന്നത് അഥവാ പരിപാലിക്കുന്നത് ദൈവമാണ്. ആ ജോലിയാണ് ദൈവം മനുഷ്യനു കൊടുത്തത്. അതായത്, ഭൂമിയെയും അതിലുള്ളതിനെയൊക്കെയും കാക്കുവാന്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനെക്കുറിച്ചുള്ള ഈ ദൈവികോദ്ദേശ്യം ബൈബിളില്‍ ആകമാനം നമുക്കു കാണാം. നീണ്ട വര്‍ഷങ്ങള്‍ അടിമത്തത്തിലായിരുന്ന ജനത്തെ വിടുവിക്കാന്‍ ദൈവം മോശെയെ തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹത്തോട് ദൈവം പറഞ്ഞതിന്റെ ആകെത്തുകയും അതായിരുന്നു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് അപ്പൊസ്തലനായ പത്രൊസിനോട് പറഞ്ഞതും അതുതന്നെ. 'തന്റെ ആടുകളെ പരിപാലിക്ക' (യോഹ. 21:16). ഇടയനില്ലാത്ത ആടുകളെപ്പോലെ ചിന്നിചിതറിയവരായി ജനത്തെ കണ്ടപ്പോള്‍ കര്‍ത്താവ് മനസ്സലിയുന്നതായി (മത്താ. 9:35-38) രേഖപ്പെടുത്തിയിരിക്കുന്നു. അപ്പോഴാണ് തന്റെ ശിഷ്യന്മാരെ പ്രേക്ഷിതദൗത്യത്തിനായി ക്രിസ്തു ആദ്യമായി അയയ്ക്കുന്നത്. സമാധാനം പ്രസംഗിക്കണം, രോഗികളെ സൗഖ്യമാക്കണം, ഭൂതങ്ങളെ പുറത്താക്കണം തുടങ്ങിയ ദൗത്യങ്ങളും അവരെ ഏല്പിക്കുന്നു. പഴയപുതിയ നിയമങ്ങളുടെ ആകെത്തുകയും ആ തിരുവെഴുത്തുകളുടെ ആത്മാവും തിരിച്ചറിഞ്ഞാല്‍ മനുഷ്യജീവിതത്തിന്റെ ദൈവികോദ്ദേശ്യം ഒന്നുതന്നെയാണെന്ന് മനസ്സിലാവും.


1. മനുഷ്യസൃഷ്ടിയുടെ ഉദ്ദേശ്യം (ഉല്പ. 1:28-31)
മനുഷ്യസൃഷ്ടിയുടെ ഉദ്ദേശ്യത്തെക്കുറിച്ചു പൗലൊസ് വ്യക്തമാക്കുന്നുണ്ട്. എഫെ. 2:10 നാം അവന്റെ കൈപ്പണിയായി സല്‍പ്രവൃത്തികള്‍ക്കായിട്ട് ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു. മറ്റുള്ളവരെ കാത്തുപരിപാലിക്കുന്ന സല്‍പ്രവൃത്തികള്‍ ചെയ്യാന്‍ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ആ വചനത്തിനുമുമ്പ് വേറൊരു 'പ്രവൃത്തി' യെക്കുറിച്ചും പൗലൊസ് പറയുന്നുണ്ട്. അതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാണ്. അതായതു മതാചാരങ്ങളുടെ പ്രവൃത്തി. യഹൂദ മതാചാരപ്രകാരം അനേകം പ്രവൃത്തികളുണ്ടായിരുന്നു. അഗ്രചര്‍മ്മ പരിച്ഛേദന, യാഗങ്ങള്‍, ഉത്സവആചാരങ്ങള്‍, ശുദ്ധീകരണനിയമങ്ങള്‍ ഇങ്ങനെ എത്രയെത്ര പ്രവൃത്തികള്‍. ഈ പ്രവൃത്തികളിലൂടെ ആരും രക്ഷിക്കപ്പെടുന്നില്ല എന്നാണ് പൗലൊസ് പഠിപ്പിച്ചത്. എന്നാല്‍ ദൈവത്തിന്റെ കൃപയാല്‍ യേശുക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുന്ന മനുഷ്യര്‍ക്കു വ്യക്തമായ ഉത്തരവാദിത്വങ്ങള്‍ ദൈവം നല്കിയിട്ടുണ്ട്. അതാണ് എഫെ. 2:10-ല്‍ കണ്ടത്. സല്‍പ്രവൃത്തികള്‍ക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന വചനം. ഈ സല്‍പ്രവൃത്തികള്‍ മുന്‍സൂചിപ്പിച്ചതുപോലെ പരസ്പരം കരുതലിന്റെയും പരിപാലനത്തിന്റെയും സ്‌നേഹത്തിന്റെയും കാക്കുന്നതിന്റെയും പ്രവൃത്തികളാണ്. എന്നാല്‍ ഇവിടെ ഓരോരുത്തരും അവരവരുടെ ഏദെന്‍ തോട്ടത്തിന്റെ പരിധി തിരിച്ചറിയണമെന്നുമാത്രമേയുള്ളു.


മനുഷ്യനു ദൈവം നല്കിയിരിക്കുന്ന ഏദെന്‍തോട്ടം ഒന്നാമത് അവന്റെ കുടുംബമാണ്. കുടുംബത്തിലെ ബന്ധങ്ങള്‍ക്കു വലിയ പ്രാധാന്യം ക്രിസ്തു നല്കുന്നു. കുടുംബാംഗങ്ങളെ പരസ്പരം പരിപാലിക്കാന്‍, സ്‌നേഹിക്കാന്‍, കരുതാന്‍ ആഹ്വാനം നല്കുന്ന ഒരു ചിന്ത ഇവിടെയുണ്ട്. പ്രത്യേകിച്ചു ഭാര്യാഭര്‍ത്തൃബന്ധത്തില്‍, മക്കളും മാതാപിതാക്കളുമായുള്ള ബന്ധത്തില്‍, സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഇതു ദൃശ്യമാണ്. ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ച് ഒരുമിച്ചു കൂടി ദൈവത്തെ ആരാധിക്കുന്ന സഭയാണ് രണ്ടാമത്തെ ഏദെന്‍. വിശ്വാസികളില്‍ പരസ്പരമുള്ള ബന്ധത്തിലും ഈ പരിപാലനവും സ്‌നേഹവും കരുതലും ദൃശ്യമാകേണ്ടതാണ്. പിന്നെയും ഏദെന്‍തോട്ടത്തിന്റെ അതിര്‍ വലുതാകുന്നു. അതു സമൂഹമാണ്. എല്ലാവരും അടങ്ങുന്ന സമൂഹം. അവിടെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരും സ്‌നേഹിക്കപ്പെടാതെ പോകുന്നവരും രോഗികളും വിശക്കുന്നവരും നഗ്നരും അനാഥരും വിധവയും മാത്രമല്ല ശത്രുക്കളും അടങ്ങിയിരിക്കുന്നു. ഈ സമൂഹത്തെയും പരിപാലിക്കാനും സ്‌നേഹിക്കാനും ദൈവികോദ്ദേശ്യം മനുഷ്യരെക്കുറിച്ചുണ്ട്. ഒടുവിലായി മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും ചെടികളും എല്ലാമടങ്ങുന്ന ഈ വലിയ പരിസ്ഥിതിയും പ്രകൃതിയും മനുഷ്യന്റെ ഏദെനാണ്. അതിനെയും പരിപാലിക്കാനുള്ള ദൗത്യം മനുഷ്യനുണ്ട് എന്നുവേണം മനസ്സിലാക്കാന്‍. വാടിക്കരിഞ്ഞുനില്ക്കുന്ന ഒരു വൃക്ഷത്തിനു വെള്ളമൊഴിക്കുന്നതും ഭൂമിക്കാവശ്യമായ വെള്ളം സംരക്ഷിക്കുന്നതും ഭൂമിയെ മലിനപ്പെടുത്താതിരിക്കുന്നതും അമിതമായ രാസവസ്തുക്കളുടെ ആക്രമണത്തില്‍നിന്നും പ്രകൃതിയെ സംരക്ഷിക്കുന്നതുമൊക്കെ ഒരുതരം പരിപാലനം എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് പ്രസംഗിക്കേണ്ടത് പരിസ്ഥിതിവാദികള്‍ മാത്രമല്ല പ്രത്യുത പ്രസംഗിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ആത്മീയരാണ് - ക്രിസ്തീയ ആത്മീയത അനുഭവിക്കുന്നവര്‍. ഏറ്റവും കുറഞ്ഞത് ക്രിസ്തീയ ആത്മീയതയില്‍ ഒരു നനവു ലഭിച്ചവരെങ്കിലും ഈ ദൈവികോദ്ദേശ്യങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ ഭൂമിയിലെ ദൈവരാജ്യത്തിന്റെ സാന്നിധ്യം ശക്തമായി മനുഷ്യര്‍ അനുഭവിക്കുമായിരുന്നു. എല്ലാവരും അവരെക്കുറിച്ചുള്ള ഈ ദൈവേഷ്ടം തിരിച്ചറിയാന്‍ ഒരു രൂപാന്തരം തന്നെ അവരവരുടെ ജീവിതങ്ങളില്‍ നടക്കണമെന്നാണ് പൗലൊസിന്റെ ഭാഷ്യം. ഈ ദൈവഹിതം നന്മയും പൂര്‍ണ്ണതയുമുള്ളതാണ്.


2. സൃഷ്ടിയെ യേശുവിലൂടെ വീണ്ടെടുത്തു (ലൂക്കൊ. 1:22-31)
യേശുക്രിസ്തുവിന്റെ ജനനത്തിലൂടെ സൃഷ്ടിക്ക് ഒരു വീണ്ടെടുപ്പുണ്ടായി. അതു സ്‌നേഹത്തിലൂടെയുള്ള വീണ്ടെടുപ്പാണ്. ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കാന്‍ നമുക്കു കഴിയുന്നത് ഈ സ്‌നേഹത്തിന്റെ ഉപദേശം നാം തിരിച്ചറിയുമ്പോഴാണ്. ക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ അവസാനനാളുകളില്‍ എത്തിയപ്പോള്‍ അവിടുന്നു ശിഷ്യന്മാര്‍ക്ക് ഒരേയൊരു കല്പന നല്കുന്നു. യോഹ. 13:34,35 'നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കേണം എന്നു പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കേണം എന്നു തന്നേ. നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്നു എല്ലാവരും അറിയും'. പരസ്പരം സ്‌നേഹിക്കുക എന്നതാണ് എല്ലാ കല്പനകളുടെയും സംക്ഷിപ്തം. എന്നാല്‍ ഈ സ്‌നേഹത്തിന് ഒരു മാതൃകയും കൂടെ നല്കപ്പെട്ടിരിക്കുന്നു. അത് ക്രിസ്തുവാണ്. ക്രിസ്തു സ്‌നേഹിച്ചതുപോലെ. ക്രിസ്തു മനുഷ്യനെ സ്‌നേഹിച്ചതുപോലെ പരസ്പരം സ്‌നേഹിച്ചുകൊണ്ട് ആ സ്‌നേഹത്താലുള്ള സല്‍പ്രവൃത്തി ചെയ്തു മനുഷ്യജീവിതത്തിന്റെ ദൈവികോദ്ദേശ്യം പൂര്‍ത്തീകരിക്കേണ്ടതാണ്.


ക്രിസ്തുവിന്റെ ഭൗതികസഹോദരനായിരുന്ന യാക്കോബ് എഴുതിയ പുസ്തകമാണ് പുതിയനിയമചരിത്രത്തില്‍ ആദ്യം എഴുതപ്പെട്ട പുസ്തകം. യാക്കോബിന്റെ ലേഖനം. സ്വന്തസഹോദരന്റെ ശുശ്രൂഷാകാലങ്ങളില്‍ യാക്കോബ് അദ്ദേഹത്തെ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദര്‍ശനം ലഭിച്ചാണ് അദ്ദേഹം ക്രിസ്തുവിനെ വിശ്വസിക്കുന്നത്. ക്രിസ്തുവിനെ വിശ്വസിച്ച യാക്കോബ് സഹോദരന്റെ കഴിഞ്ഞനാളുകളിലെ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചു മനസ്സിലാക്കിയിരുന്നു. ഇപ്പോള്‍ യാക്കോബ് ഇപ്രകാരം പറയുന്നു: പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായ ഏറ്റവും നല്ല മതം (ഭക്തി) അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നുകാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതുമാകുന്നു (യാക്കോ. 1:27). ഈ ചിന്തകളെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാവുന്നു. മുകളില്‍ പറഞ്ഞതെല്ലാം ഒന്നുതന്നെ. പരസ്പരം പരിപാലിക്കാനും കാക്കാനും സ്‌നേഹിക്കാനും കരുതാനും വേണ്ടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.


3. പുതിയ സൃഷ്ടി (വെളി. 22:1-5)
പൂര്‍ണ്ണതയില്‍ സൃഷ്ടിക്കപ്പെട്ട ഏദെന്‍തോട്ടം ഒടുവില്‍ പൂര്‍ണ്ണതയില്‍ തന്നെ നിലനില്ക്കുമെന്നുള്ളതാണ് വെളിപ്പാടു പുസ്തകം അവസാന അധ്യായം നല്കുന്ന സന്ദേശം. നന്മ തിന്മകളെ തിരിച്ചറിയുന്ന അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നു പാപം ചെയ്ത മനുഷ്യനു ജീവവൃക്ഷത്തിന്റെ ഫലം തിന്ന് എന്നെന്നേക്കും ജീവിക്കാന്‍ പ്രത്യാശ നല്കിക്കൊണ്ടാണു വേദപുസ്തകം അവസാനിക്കുന്നത്. 12 വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം നല്കുന്ന ജീവവൃക്ഷം അവിടെ ഉണ്ടത്രെ. ''യാതൊരു ശാപവും ഇനി ഉണ്ടാകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതില്‍ ഇരിക്കും, അവന്റെ ദാസന്മാര്‍ അവനെ ആരാധിക്കും, അവര്‍ അവന്റെ മുഖം കാണും, അവന്റെ നാമം അവരുടെ നെറ്റിയില്‍ ഇരിക്കും, ഇനി രാത്രി ഉണ്ടാകയില്ല...'' (വെളി. 22:3,4).

Menu