ദൈവത്തില്‍ പ്രകടമാകുന്ന കൂട്ടായ്മയുടെ ദര്‍ശനം നമ്മുടെ മുറിവേറ്റ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും വിഭാഗീയതക്കെതിരെ പ്രചോദനം ഉള്‍ക്കൊള്ളുന്നതിനും ഇടയാക്കും. ത്രിയേകദൈവമായി സദാകാലവും ജീവിക്കുന്ന ദൈവത്തെ സ്തുതിക്കാനുള്ള ആഹ്വാനമാണിവിടെ നല്കപ്പെടുന്നത്. ത്രിത്വത്തില്‍ സ്ഥിതിചെയ്യുന്ന സര്‍വ്വശക്തനും സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനിയുമായ ദൈവത്തെ നമുക്കു സ്തുതിച്ച് ആരാധിക്കാനുള്ള ആഹ്വാനം. Tres, Unitas എന്നീ രണ്ടു ലത്തീന്‍ പദങ്ങളില്‍നിന്നു രൂപം കൊണ്ടതാണ് Trinity എന്ന ഇംഗ്ലീഷ്പദം (ത്രിത്വം). അതായത് ത്രിയേകത്വം എന്നാണ് വാച്യാര്‍ത്ഥം. ത്രിത്വം എന്ന പദത്തിനു ''മൂന്ന് എന്നുള്ള അവസ്ഥ'' എന്നു വ്യവഹരിക്കുന്നു. ത്രിയേകത്വം ഒരു നിഗൂഢ വിഷയമായി മനസ്സിലാക്കുന്നു. യുക്തിവൈഭവത്താല്‍ അറിയാനോ വ്യാഖ്യാനിക്കാനോ അത്ര എളുപ്പമല്ല. ത്രിത്വത്തെക്കുറിക്കുന്ന 'ട്രയാസ്' എന്ന ഗ്രീക്കുപദം ആദ്യമായി പ്രയോഗിച്ചത് അന്ത്യോക്യയിലെ തെയോഫിലൊസ് ആയിരുന്നു. തുടര്‍ന്ന് തെര്‍ത്തുല്യന്‍, അത്തനേഷ്യസ്, അഗസ്ത്യന്‍ എന്നീ സഭാപിതാക്കന്മാര്‍ ത്രിത്വത്തെ വ്യക്തമായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ത്രിയേകത്വോപദേശത്തില്‍ അവര്‍ മൂന്ന് അടിസ്ഥാനപ്രമേയങ്ങള്‍ അവതരിപ്പിച്ചു.
- ദൈവം ഏകനാണ്
- പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്
- പിതാവും പുത്രനും പരിശുദ്ധാത്മാവും വിഭിന്ന ആളത്തങ്ങളാണെങ്കിലും അവരില്‍ വ്യാപരിക്കുന്ന ആത്മാവ് ഒന്നാണ് - ആ ആത്മാവാണ് ദൈവം. അതുകൊണ്ട് ആത്മാവില്‍ അവര്‍ ഒന്നാണ്. (യോഹ. 4:24, 2കൊരി. 3:17).
ത്രിത്വം പഴയനിയമത്തില്‍
- ഉല്പത്തിയിലെ സൃഷ്ടിയുടെ കഥയില്‍ ഏലോഹീം ബഹുവചനമായിട്ട് ഉപയോഗിച്ചിരിക്കുന്നു. ഉല്പ. 1:2,3 നാം, നമ്മുടെ സ്വരൂപം ഉല്പ. 1:26.
- പരിശുദ്ധാത്മാവിനെക്കുറിച്ചും, പുത്രനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളും കാണാം. (യെഹ. 11:2, 42:1, 61:1, 53:1-5, യോഹ. 2:28, യെശ. 32:15, യെഹ.36:26,27)
ത്രിത്വം പുതിയനിയമത്തില്‍
- യോഹന്നാന്റെ പ്രസംഗത്തില്‍ മശിഹയെ വിശ്വസിക്കാന്‍ പറഞ്ഞു, പരിശുദ്ധാത്മാവിനാലുള്ള സ്‌നാനത്തിന് ആഹ്വാനം നല്കി (മത്താ. 3:11)
- ഗബ്രിയേല്‍ദൂതന്റെ മറിയയോടുള്ള സന്ദേശത്തില്‍ (ലൂക്കൊ. 1:35)
- യേശുവിന്റെ സ്‌നാനസമയത്ത് ദൈവികത്രിത്വം സ്പഷ്ടമായി വെളിപ്പെട്ടതായി വിശ്വസിക്കുന്നു (മത്താ.3:16,17). പുത്രന്‍ സ്‌നാനപ്പെട്ടു. പിതാവ് സ്വര്‍ഗ്ഗത്തില്‍നിന്നു സംസാരിക്കുന്നു. പരിശുദ്ധാത്മാവ് ഇറങ്ങിവരുന്നു.
- യേശുവിന്റെ ഉപദേശത്തില്‍ - (യോഹ.14:7-9,16.) അതായത് ദൈവമായ പിതാവ് പുത്രനെ അയച്ചു. ദൈവപുത്രന്‍ പരിശുദ്ധാത്മാവിനെ അയച്ചു.
- യേശുവിന്റെ മഹാനിയോഗത്തില്‍ - (മത്താ. 28:18-20)
- അപ്പൊസ്തലന്മാരുടെ ഉപദേശത്തില്‍ - (അ.പ്ര.2:33, 1കൊരി.12:4-6, 1പത്രൊ.1:2)
- സഭയുടെ ആശീര്‍വാദം - (2കൊരി.13:14)
- നിഖ്യാവിശ്വാസപ്രമാണത്തില്‍. എ.ഡി 375-ല്‍ അത്തനേഷ്യസിന്റെ നേതൃത്വത്തില്‍ ഇതു സഭയുടെ വിശ്വാസമായി പ്രഖ്യാപിക്കപ്പെട്ടു. പില്ക്കാലത്തു ജോണ്‍കാല്‍വിന്‍ തുടങ്ങിയവര്‍ വളരെ വിശദമായി ഇതിനെ പുനരാഖ്യാനം ചെയ്തിട്ടുണ്ട്.
1. ത്രിത്വം അബ്രഹാമിന്റെ മുമ്പില്‍ (ഉല്പ. 18:1-15)
അബ്രഹാമിനു മമ്രേയുടെ തോപ്പില്‍വച്ചു ദൈവം മൂന്നു പുരുഷന്മാരുടെ രൂപത്തില്‍ പ്രത്യക്ഷനായി. 'ഞാന്‍', 'ഞങ്ങള്‍' എന്നീ പദങ്ങള്‍ മാറിമാറി ഏകലിംഗമായും ബഹുലിംഗമായും ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ദൈവം ത്രിത്വത്തില്‍ ഏകനാണെന്നുള്ള വെളിപ്പെടലായി ഈ പ്രത്യക്ഷതയെ കാണുന്നവരുണ്ട്. ത്രിത്വത്തിന്റെ ഈ പ്രത്യക്ഷത അബ്രഹാമിന് ഒരു അനുഗ്രഹമായിത്തീര്‍ന്നു. സോദോം ഗോമോരയും സന്ദര്‍ശിക്കപ്പെട്ടു. ദൈവത്തിന്റെ ഏകത്വം വിവക്ഷിക്കുന്നത് ദൈവം ഏകനാണെന്നും ദൈവത്തിന്റെ പ്രകൃതി അവിഭക്തവും അവിഭാജ്യവും ആണെന്നും അത്രേ. പഴയനിയമവും പുതിയനിയമവും ഒരുപോലെ അതു സാക്ഷ്യപ്പെടുത്തുന്നു (ആവര്‍. 4:35,39, 1രാജാ. 8:60, യെശ. 45:5, മര്‍ക്കൊ. 12:29-32, യോഹ. 17:3, 1കൊരി. 8:4,5,6, 1തിമൊ. 2:5). ദൈവം ഒരു ദൈവം എന്നല്ല ഏകദൈവം എന്നത്രേ. അതിനാല്‍ ദൈവം നിസ്തുല്യനാണ് (പുറ. 15:11, സെഖ. 14:9). അനന്തവും സമ്പൂര്‍ണ്ണവുമായ സത്ത ഒന്നേ ആകാവൂ ഒന്നിലധികം സത്തയെക്കുറിച്ചുള്ള ധാരണ സത്യവിരുദ്ധവും അയുക്തികവുമാണ്. ദൈവത്തിന്റെ പ്രകൃതിയെക്കുറിച്ചു ആവര്‍. 6:4-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ''യിസ്രായേലേ കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നേ:'' (മര്‍ക്കൊ. 12:29, യാക്കോ. 2:19). ദൈവത്തെ വിഭജിക്കാന്‍ സാധ്യമല്ല. മനുഷ്യനു ഭൗതികവും അഭൗതികവുമായ അംശങ്ങളുണ്ട്. എന്നാല്‍ ദൈവം ആത്മാവാകുന്നു. ഏകത്വം എന്നത് ഏകകം അല്ലാത്തതുകൊണ്ട് ഏകത്വം ത്രിത്വത്തിന്റെ ആശയത്തിനു വിരുദ്ധമല്ല. ദൈവത്തിന്റെ ഏകത്വം ആളത്തത്തിന്റെ സവിശേഷകതകളെ ദൈവികഭാവത്തില്‍ നിലനില്ക്കാന്‍ അനുവദിക്കുന്നു. ദൈവിക സത്തയ്ക്കുള്ളിലുള്ള സത്തയെ ത്രിത്വത്തിന്റെ മൂന്നു ആളത്തങ്ങളും വേര്‍പെടുത്തുന്നില്ല.
2. ത്രിത്വം യേശുവിന്റെ സ്‌നാനത്തില്‍ (മര്‍ക്കൊ 1:1-11)
യേശുക്രിസ്തുവിന്റെ സ്‌നാനത്തില്‍ ത്രിയേക ദൈവത്തിന്റെ പരാമര്‍ശമുണ്ട്. പിതാവായ ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു സംസാരിക്കുന്നു: ''നീ എന്റെ പ്രിയപുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു''. പുത്രനായ യേശു സ്‌നാനപ്പെടുന്നു. പരിശുദ്ധാത്മാവാം ദൈവം പ്രാവിന്റെ രൂപത്തില്‍ പുത്രന്റെ മേല്‍ വരുന്നു.
3. ത്രിത്വം സഭയുടെ ആശീര്‍വാദത്തില്‍ (2 കൊ. 13:5-14)
കൊരിന്ത്യസഭയ്ക്കു പൗലൊസ് ആശീര്‍വാദം നല്കുന്നത് ത്രിയേക ദൈവത്തിന്റെ നാമത്തിലാണ്. പിതാവായ ദൈവത്തിന്റെ സ്‌നേഹവും പുത്രനായ ദൈവത്തിന്റെ കൃപയും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും. ഇവിടെ പറയുന്ന കൂട്ടായ്മ (Koinonia) എന്നതു ദൈവത്തോടുള്ള നിരന്തര സംസര്‍ഗ്ഗത്തെയാണു കാണിക്കുന്നത്. Fellowship, Partnership എന്നൊക്കെ ഇതിനെ സംഗ്രഹിച്ചിരിക്കുന്നു. ഈ കൂട്ടായ്മയാലാണു ദൈവം സഭയെ ജീവിപ്പിച്ചു നയിച്ചുകൊണ്ടിരിക്കുന്നത്.