ആരാധനയില്‍ ദൈവം വെളിപ്പെടുന്നു - വ്യത്യസ്തരീതികളില്‍. രണ്ടോ മൂന്നോ പേര്‍ കൂടുന്നിടത്ത് അവിടുന്ന് ആഗതനാകുന്നു (മത്താ. 18:20). സത്യമായി ആരാധിക്കുന്നവര്‍ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണമെന്നതു യേശുക്രിസ്തുതന്നെ പറഞ്ഞ പ്രസ്താവനയാണ്. ആരാധന അര്‍പ്പിക്കേണ്ടതു ദൈവത്തിനാണ്. ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും ഭക്തിയുടെയും പ്രകടനമാണ് ആരാധന. ദൈവത്തിനു ദൈവികമഹത്വവും ബഹുമാനവും അര്‍പ്പിക്കുന്നതാണത്. എബ്രായയിലും ഗ്രീക്കിലും ഒന്നിലധികം പദങ്ങള്‍ ആരാധനയെ കുറിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. എബ്രായഭാഷയില്‍ ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ളതു ഷാഹാഹ് ആണ്. 'നമസ്‌കരിക്കുക' (ഉല്പ.18:2) എന്നാണ് ഇതിന് അര്‍ത്ഥം. ഈ പദം നൂറ്റിഎഴുപതോളം പ്രാവശ്യം പഴയനിയമത്തിലുണ്ട്. സാഗദ്, ല്ഹാറ്റ്‌സിവാഹ് എന്നീ പദങ്ങളും ഉപയോഗിച്ചു കാണുന്നുണ്ട്. ഗ്രീക്കില്‍ ഏറ്റവും അധികം പ്രയോഗിച്ചിട്ടുള്ള പദം പ്രൊസ്‌കുനെയോ (പ്രൊസ്+കുനെയോ) ആണ്. കുനെയോ എന്ന ക്രിയാധാതുവിന്റെ അര്‍ത്ഥം 'ചുംബിക്കുക' എന്നാണ്. ദൈവത്തെയും (മത്താ. 4:10, യോഹ. 4:21-24, 1കൊരി. 14:25, വെളി. 4:10,5:14,7:11) ക്രിസ്തുവിനെയും (മത്താ. 2:2,8,11, 8:2, 9:18, 14:33, 15:25, 20:20, 28:9,17, യോഹ. 9:38, എബ്രാ. 1:6) ആരാധിക്കുന്നതിനെയും, മനുഷ്യനെയും (മത്താ. 18:26) മഹാസര്‍പ്പത്തെയും (വെളി. 13:4) മൃഗത്തെയും (വെളി. 13:4,8,12,14:9,11) മൃഗത്തിന്റെ പ്രതിമയേയും (വെളി.13:15, 14:11, 16:2) ദുര്‍ഭൂതങ്ങളെയും (വെളി. 9:20), വിഗ്രഹങ്ങളെയും (അ.പ്ര. 7:43) നമസ്‌കരിക്കുന്നതിനെയും കുറിക്കാന്‍ ഈ ക്രിയാപദം ഉപയോഗിച്ചിരിക്കുന്നു. 'ബഹുമാനിക്കുക' എന്ന അര്‍ത്ഥത്തിലുള്ള മറ്റൊരു പദമാണു സെബോമായ് (മത്താ. 15:9, മര്‍ക്കൊ.7:7, അ.പ്ര.18:13, 19:27). മതപരമായ ശുശ്രൂഷയേയും ഉപാസനയേയും വ്യക്തമാക്കാന്‍ വിരളമായി പ്രയോഗിച്ചിട്ടുള്ള ഗ്രീക്ക് പദമാണു ലാട്രുവോ (ഫിലി.3:3, അ.പ്ര.7:42, 24:14, എബ്രാ.10:2). യാതൊരു പ്രേരണയും കൂടാതെ സ്വമേധയാ ആരാധിക്കുന്നതിന് എതെലോത്രീസ്‌ക്കെയാ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് (കൊലോ.2:23). മനുഷ്യവര്‍ഗ്ഗത്തോളം പഴക്കമുള്ളതാണ് ആരാധന. കൈയീന്റെയും ഹാബേലിന്റെയും ചരിത്രം മുതല്‍ അതു കാണുന്നു. ആദാമിന്റെ കൊച്ചുമകനായ ഏനോശിന്റെ കാലം മുതല്‍ യഹോവയുടെ നാമത്തില്‍ ആരാധന തുടങ്ങി (ഉല്പ. 4:26). നോഹ ഹോമയാഗങ്ങള്‍ അര്‍പ്പിച്ചു (ഉല്പ. 6:9, 8:20). തുടര്‍ന്ന് ഇടയന്മാരായിരുന്ന അബ്രഹാമും സന്തതികളും കൂടാരം അടിച്ച ഇടങ്ങളിലെല്ലാം യഹോവയുടെ നാമത്തില്‍ യാഗപീഠം നിര്‍മ്മിച്ച് ആരാധിച്ചു (ഉല്പ.12:7, 13:4,18). യാഗപീഠങ്ങള്‍ വളരെ ലഘുവായിരുന്നു. കല്ലും മണ്ണുമായിരുന്നു നിര്‍മ്മാണവസ്തുക്കള്‍. വളര്‍ത്തുമൃഗങ്ങളില്‍പ്പെട്ട ശുദ്ധിയുള്ളവയെ യാഗപീഠങ്ങളില്‍ അര്‍പ്പിച്ചു. അര്‍പ്പണങ്ങളെല്ലാം ഹോമയാഗങ്ങളായിരുന്നു. യിസഹാക്കിനെ യാഗം കഴിക്കാന്‍ കൊണ്ടുപോകുന്നതിലൂടെ മനുഷ്യന്റെ ഹൃദയത്തിലെ ഭക്തിയാണു പ്രധാനമെന്നും യാഗമൃഗം വെറും പ്രതീകമാണെന്നും വ്യക്തമായി (ഉല്പ.22:12,13). യാക്കോബും ദൈവത്തെ ആരാധിച്ചു (ഉല്പ.28:18, 35:14). തുടര്‍ന്നു യിസ്രായേല്‍ ഒരു രാഷ്ട്രമായിക്കഴിഞ്ഞപ്പോള്‍ മതപരമായ കാര്യങ്ങള്‍ക്കു പ്രത്യേക ക്രമീകരണം ആവശ്യമായി വന്നു. അങ്ങനെ മോശെയുടെ ന്യായപ്രമാണത്തില്‍ യാഗങ്ങള്‍ക്കു പ്രത്യേകമായ ചട്ടങ്ങളും വിധികളും നല്‍കപ്പെട്ടു. എന്നാല്‍ ദൈവത്തോടുള്ള ഹൃദയംഗമായ സ്‌നേഹത്തില്‍നിന്നും ഭക്തിയില്‍നിന്നും ഉടലെടുക്കേണ്ടതാണ് ആരാധനയെന്നു പ്രവാചകന്മാര്‍ മുഖാന്തരം ഇടയ്ക്കിടെ ജനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. നമ്മുടെ ആരാധനകളും അങ്ങനെ ആകാന്‍ ഇടയാകട്ടെ.
1. ശലോമോന്റെ ആരാധന (1 രാജാ. 8:22-30)
ശലോമോന്റെ ആരാധനയില്‍ ദൈവം വെളിപ്പെട്ടു. ഒന്നാംദേവാലയം ശലോമോന്‍ പ്രതിഷ്ഠിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുന്നതാണ് 1 രാജാ. 8:22-30 - ല്‍ കാണുന്നത്. ദൈവത്തിന്റെ ആലയം സകലജനതയ്ക്കുമുള്ള പ്രാര്‍ത്ഥനാലയമാണ് (യെശ. 56:7, മത്താ. 21:13, മര്‍ക്കൊ. 11:17, ലൂക്കൊ. 19:46). അതുകൊണ്ടാണ് പ്രാര്‍ത്ഥനാസമയത്ത് അപ്പൊസ്തലന്മാര്‍ ദേവാലയത്തിലേക്കു പോയത് (അ.പ്ര. 3:1). ആലയത്തിലെ പ്രാര്‍ത്ഥനകളെ ദൈവം ശ്രദ്ധിക്കുന്നു. ആരാധനയുടെ പ്രധാന ഭാഗവും പ്രാര്‍ത്ഥനയാണല്ലോ. പ്രാര്‍ത്ഥനകേള്‍ക്കുന്ന ദൈവത്തിന്റെ വെളിപ്പാട് ആരാധനയില്‍ നമുക്കുണ്ടാകണം.
2. വിശുദ്ധന്മാരുടെ ആരാധന (വെളി. 14:1-7)
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും വിശുദ്ധന്മാര്‍ ദൈവത്തെ ആരാധിക്കുന്ന വിവിധ വെളിപ്പാടുകള്‍ വെളിപ്പാടു പുസ്തകത്തില്‍ കാണുന്നു. അതിലൊന്നാണ് വെളി. 14:1-7. യേശുക്രിസ്തുവിന്റെ വെളിപ്പാടാണ് ഈ പുസ്തകമെങ്കിലും (വെളി. 1:1) പിതാവായ ദൈവമാണ് ഈ പുസ്തകത്തിന്റെ കേന്ദ്രം. വെളിപ്പാടുകള്‍ നല്കപ്പെടുന്നതും അവിടെനിന്നാണ്. അതായത് ആരാധനയില്‍ പിതാവായ ദൈവം മഹത്വപ്പെടണം.
3. സുനഗോഗിലെ ആരാധന (മര്‍ക്കൊ. 3:1-6)
സുനഗോഗിലെ ആരാധനയില്‍ ദൈവം വെളിപ്പെട്ടു. വരണ്ടകയ്യുള്ള മനുഷ്യന്‍ സൗഖ്യം പ്രാപിച്ചു. ശബത്ത് നാളായതുകൊണ്ട് അവനെ യേശു സൗഖ്യമാക്കുമോ എന്നു കുറ്റം കണ്ടുപിടിക്കേണ്ടതിനു ചിലര്‍ നോക്കിക്കൊണ്ടിരുന്നു. എന്നാല്‍ യേശു അവനെ പരസ്യമായി സൗഖ്യമാക്കി. ശബത്തില്‍ നന്മ നടക്കണം. ആരാധനയില്‍ നന്മയാണു വെളിപ്പെടേണ്ടത്. കാരണം മനുഷ്യന്‍ ശബത്തു നിമിത്തമല്ല ശബത്തു മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്. അങ്ങനെ മനുഷ്യപുത്രന്‍ ശബത്തിനും കര്‍ത്താവാകുന്നു (മര്‍ക്കൊ. 2:27,28). ആരാധനയില്‍ രോഗികള്‍ സൗഖ്യം പ്രാപിക്കണം. ബന്ധനസ്ഥര്‍ വിടുവിക്കപ്പെടണം.