ഗുരുവിന്റെ ഉപദേശം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശിഷ്യന്‍. പഠിക്കുക എന്നര്‍ത്ഥമുള്ള മന്തനോ എന്ന ധാതുവില്‍നിന്നാണ് മതീറ്റീസ് (ശിഷ്യന്റെ ഗ്രീക്ക് ശബ്ദം) വന്നത്. യവനദാര്‍ശനികരും എബ്രായറബ്ബിമാരും ധാരാളം ശിഷ്യന്മാരെ ചേര്‍ത്തു പഠിപ്പിച്ചിരുന്നു. ശിഷ്യന്റെ പ്രധാന കര്‍മ്മം എന്താണെന്നു യെശയ്യാ പ്രവാചകന്‍ (50:4) വ്യക്തമാക്കുന്നു. 'തളര്‍ന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങാന്‍ അറിയേണ്ടതിനു യഹോവയായ കര്‍ത്താവ് എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു. അവന്‍ രാവിലെതോറും എന്നെ ഉണര്‍ത്തുന്നു. ശിഷ്യന്മാരെപ്പോലെ കേള്‍ക്കേണ്ടതിനു അവന്‍ എന്റെ ചെവി ഉണര്‍ത്തുന്നു''. ഉപദേശം സ്വീകരിക്കുന്നവനാണു ശിഷ്യന്മാര്‍ - യോഹന്നാന്‍ സ്‌നാപകന്റെ ശിഷ്യന്മാര്‍ (മത്താ. 9:14, യോഹ. 1:35), പരീശന്മാരുടെ ശിഷ്യന്മാര്‍ ( മത്താ. 22:16, മര്‍ക്കൊ. 2:18, ലൂക്കൊ. 5:33), മോശെയുടെ ശിഷ്യന്മാര്‍ (യോഹ. 9:28). ആദിമക്രിസ്ത്യാനികളുടെ പ്രധാന പേര് ശിഷ്യന്മാര്‍ എന്നായിരുന്നു. അപ്പൊസ്തലപ്രവൃത്തികളില്‍ മാത്രം ഈ പേരു മുപ്പതു പ്രാവശ്യം കാണാം. ശിഷ്യരാക്കുക എന്നതാണ് യേശുവിന്റെ മഹാ ആജ്ഞയിലെ പ്രധാന സന്ദേശം (മത്താ. 28:19). ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികള്‍ വെറും വിശ്വാസികള്‍ എന്നല്ല പ്രത്യുത ശിഷ്യന്മാര്‍ എന്നറിയപ്പെട്ടിരുന്നു (അ.പ്ര. 6:1, 20:30). യേശുവിന്റെ പരസ്യശുശ്രൂഷാകാലത്ത് അവിടുത്തെ പിന്തുടരാനും യേശുവില്‍നിന്നു പഠിക്കാനും വലിയ ഒരു കൂട്ടം ശിഷ്യര്‍ ഉണ്ടായിരുന്നു.
1. ശിഷ്യരാകാനുള്ള യോഗ്യത (യോഹ. 1:35-42)
യേശുവിന് പല മേഖലകളില്‍ ശിഷ്യന്മാരുണ്ടായിരുന്നു. തന്റെ അനുയായികളായിത്തീര്‍ന്ന യെഹൂദന്മാരും (യോഹ. 6:66, ലൂക്കൊ. 6:17) രഹസ്യ ശിഷ്യന്മാരും (യോഹ. 19:38) അപ്പൊസ്തലന്മാരും (മത്താ. 10:1, ലൂക്കൊ. 22:11) ഇതിലുള്‍പ്പെടുന്നു. യേശുവിന്റെ ശിഷ്യരാകാനുള്ള ചില യോഗ്യതകള്‍ അവിടുന്നു നിര്‍ദ്ദേശിച്ചു - വചനം അനുസരിക്കണം (യോഹ. 8:31, 13:35, 15:8), യേശുവില്‍ വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യണം(അ.പ്ര. 6:1,2,7, 14:20,22,28, 15:10, 19:1). യോഹന്നാന്റെ ശിഷ്യനായിരുന്ന അന്ത്രെയാസ് യേശുവിന്റെ ശിഷ്യനായിത്തീര്‍ന്നു. അടുത്തദിവസം അദ്ദേഹം പോയി തന്റെ സഹോദരനായ ശിമോന്‍ പത്രൊസിനെയും കൂട്ടികൊണ്ടുവന്നു. അങ്ങനെ പത്രൊസും യേശുവിന്റെ ശിഷ്യനായി. 'വന്നുകാണുക' എന്നാണ് യേശു അന്ത്രെയാസിനെ വിളിച്ചത് (യോഹ. 1:39). യേശുവില്‍നിന്നു പഠിക്കുന്നവനാണ് ശിഷ്യന്‍. തന്റെ ഉപദേശങ്ങളെക്കുറിച്ച് കര്‍ത്താവ് പല പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. പഴയനിയമത്തിലെ മത ആചാരങ്ങളില്‍നിന്നും വ്യത്യസ്തമായിട്ട് ''നിങ്ങള്‍ ഇങ്ങനെ കേട്ടിട്ടുണ്ട്; ഞാന്‍ നിങ്ങളോടു ഇങ്ങനെ പറയുന്നു'' എന്ന് ഗിരിപ്രഭാഷണത്തില്‍ മാത്രം ആറു പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നു (മത്താ. 5:22,28,32,34,39,44) ഇങ്ങനെ പുതുക്കി നല്കിയ വചനങ്ങളായതുകൊണ്ടാണ് ഇതു പുതിയ നിയമമായത്. യേശുവിനു മുമ്പുള്ള വെളിപ്പാടുകളും തിരുവെഴുത്തുകളും ഭാഗികങ്ങളും (എബ്രാ.1:1,2, മത്താ. 5:17, ഗലാ. 3:23-26) അതിനു ശേഷമുള്ളതെല്ലാം സന്ദര്‍ഭോചിത വ്യാഖ്യാനങ്ങളുമാണെന്നാണ് വേദശാസ്ത്രജ്ഞന്മാരുടെ പക്ഷം. അപ്പൊസ്തലന്മാരുടെ ഉപദേശങ്ങളെല്ലാം തന്നെ യേശുക്രിസ്തുവിന്റെ ഉപദേശങ്ങളുടെ വ്യാഖ്യാനങ്ങളായി മാത്രമേ കാണാന്‍ കഴിയൂ. യേശുതന്നെ പറയുന്നുണ്ട് ''പരിശുദ്ധാത്മാവ് സ്വയമായി ഒന്നും പറയാതെ ഞാന്‍ പറഞ്ഞത് നിങ്ങളെ ഓര്‍മ്മിപ്പിക്കും'' (യോഹ.16:13,14). ‘Discipline’ എന്ന വാക്കില്‍നിന്നാണ് ‘Disciple’ ഉണ്ടായത്. ശിക്ഷണം ലഭിക്കുന്നവനാണ് ശിഷ്യന്‍. യേശു ഗുരുവില്‍നിന്നും ശിക്ഷണം പ്രാപിച്ച ശിഷ്യനായിത്തീരണം.
- എന്റെ വചനത്തില്‍ നിലനില്ക്കുവിന്‍ (യോഹ. 8:31,32)
- ആകാശവും ഭൂമിയും ഒഴിഞ്ഞു പോയാലും എന്റെ വചനം മാറിപ്പോകുന്നില്ല (മത്താ. 24:30)
- നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു? എന്റെ അടുക്കല്‍ വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവന്‍ എല്ലാം ഇന്നവനോടു തുല്യന്‍ എന്നു ഞാന്‍ കാണിച്ചുതരാം (ലൂക്കൊ. 6:46,47)
- എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്‌നേഹിക്കും; ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്നു അവനോടുകൂടെ വാസം ചെയ്യും (യോഹ. 14:23)
- അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു; സത്യം അവനില്‍ ഇല്ല (1യോഹ. 2:4)
2. പുതിയനിയമസഭയിലെ ശിഷ്യര്‍ (റോമ. 16:3-16)
പുതിയനിയമസഭയില്‍ പുരുഷന്മാരും സ്ത്രീകളും അടങ്ങിയ അനേകര്‍ ക്രിസ്തുശിഷ്യരായിരുന്നതായി റോമ. 16:3-16 -ല്‍ നിന്നു മനസ്സിലാക്കാം. അവിടുത്തെ വചനത്തില്‍ നിലനില്ക്കുന്നവര്‍ക്കെല്ലാം ക്രിസ്തുശിഷ്യരായിത്തീരാം. ''എന്റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും'' (യോഹ. 8:31). ''നിലനില്ക്കുക'' (Abiding) എന്നതിന് 'അനുസരിക്കുക', 'പരിശീലിക്കുക', 'പ്രായോഗികമാക്കുക' എന്നൊക്കെ അര്‍ത്ഥമുണ്ട്. മുമ്പു പറഞ്ഞതുപോലെ, അവിടുത്തെ വചനം പഠിച്ചാല്‍ മാത്രം പോരാ, അനുസരിക്കണം. കേള്‍ക്കുക മാത്രം ചെയ്തു നിങ്ങളെതന്നെ ചതിക്കരുതെന്നാണ് യാക്കോബ് പഠിപ്പിച്ചത് (യാക്കോ.1:22). ''എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?'' (ലൂക്കൊ. 6:46,47). യേശുവിന്റെ വചനം അനുസരിക്കുന്നത് പ്രായോഗികമല്ലെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ സാധു സുന്ദര്‍സിങ് പറഞ്ഞതുപോലെ അതൊരു ഏണിയില്‍ കയറുന്നതുപോലെയാണ്. ഒന്നാംപടിയില്‍ കയറുമ്പോള്‍ അടുത്തപടിയില്‍ കയറാന്‍ കഴിയും. താഴെനിന്ന് അവസാനത്തെ പടിയില്‍ ഒരുമിച്ചു കയറാന്‍ കഴിയില്ലല്ലോ. അനുസരണം - പടിപടിയായി. അങ്ങനെ, ''ക്രിസ്തുവെന്ന തലയോളം വളരാന്‍ ഇടയാക്കുന്നു. ക്രിസ്തുവിന്റെ വചനം അനുസരിക്കുന്നവനാണ് അവിടുത്തെ ശിഷ്യനായിത്തീരുന്നത്.
3. ശിഷ്യരാക്കാനുള്ള തയ്യാറെടുപ്പ് (1രാജാ. 19:11-21)
ഏലീയാവിനുശേഷം ദൈവം എലീശായെ തിരഞ്ഞെടുത്തു. ഏലീയാവു തന്റെ പുതപ്പു എലീശായുടെ മേല്‍ ഇട്ടു. താന്‍ കാളയെ വിട്ടു ഏലീയാവിന്റെ പിന്നാലെ ഓടി. കാലക്രമേണ അദ്ദേഹം ഏലീയാവിന്റെ ശിഷ്യനാവുകയും തുടര്‍ന്നു പ്രവാചകനായിത്തീരുകയും ചെയ്തു (1രാജാ. 19:11-21). ലൂക്കൊ. 14:25-34-ല്‍ കാണുന്നത് ശിഷ്യനായിരിക്കാനുള്ള പ്രധാനപ്പെട്ട മറ്റൊരു യോഗ്യതയാണ്. സ്വയത്യാഗത്തിന്റെ ഇതേ ഉപദേശം മറ്റു സുവിശേഷകന്മാരും എഴുതുകയുണ്ടായി. മത്താ.10:37-39, മര്‍ക്കൊ. 8:34-38, ഗോതമ്പു മണി നിലത്തുവീണു ചാവുക (യോഹ. 12:24) എന്നു യേശു പറഞ്ഞത് യോഹന്നാനും റിപ്പോര്‍ട്ടു ചെയ്തു. ക്രിസ്തുശിഷ്യനാകാനുള്ള ഒരു പ്രധാന യോഗ്യത ഇതുതന്നെയാണ്. എലീശ, ഏലീയാവിന്റെ അഭിഷേകത്തിനായി ആഗ്രഹിച്ചു പോകുമ്പോള്‍ പഠിക്കുന്നത് അതാണ്. അവിടെ എലീശയുടെ ഇഷ്ടമല്ല, ഏലീയാവു പോകുന്നിടത്തു പോകാന്‍ എലീശ തയ്യാറാകുന്നു. (2രാജാ. 2:1-15). 'ഞാനോ കുറയേണം അവനോ വളരേണം' എന്ന യോഹന്നാന്റെ സമീപനം പോലെ (യോഹ. 3:30) തന്നെത്താന്‍ ത്യജിക്കുന്നവനാണ് ക്രിസ്തുശിഷ്യന്‍. ശിഷ്യത്വത്തിന്റെ മറ്റൊരു പ്രധാന യോഗ്യത ആത്മാവിന്റെ ഫലമുള്ളവരായിത്തീരുക എന്നതാണ് യോഹ. 15:8. ഫലം നമ്മുടെ പ്രവര്‍ത്തികളെ കാണിക്കുന്നു. ഫലത്താല്‍ തിരിച്ചറിയാമെന്നാണ് ഗിരിപ്രഭാഷണത്തിലൂടെയും പഠിക്കുന്നത് (മത്താ. 7:16-20). മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്ക്കുവിന്‍ എന്നാണ് യോഹന്നാന്‍ സ്‌നാപകന്റെ പ്രസംഗം (ലൂക്കൊ. 3:8, മത്താ. 3:8). മാനസാന്തരത്തിന്റെ പ്രവൃത്തികള്‍ എന്നര്‍ത്ഥം. യാക്കോബ് അപ്പൊസ്തലനും ഈ വിഷയം ആവര്‍ത്തിച്ചു പറയുകയുണ്ടായി (യാക്കോ. 3:12). ശിഷ്യന്മാരുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും അവിടുന്നു പറയുന്നുണ്ട് (യോഹ. 15:16). പോയി ഫലം കായ്ക്കാനും ആ ഫലം നിലനില്ക്കാനും തെരഞ്ഞെടുത്തിരിക്കുന്നു. പ്രായോഗികജീവിതത്തിലെ പ്രവൃത്തികള്‍ തന്നെയാണ് ഫലം (ഗലാ. 5:22,23). ആത്മാവിന്റെ ഒന്നാമത്തെ ഫലം സ്‌നേഹമാണ്. തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുമ്പോഴാണ് നാം ക്രിസ്തുശിഷ്യരായിത്തീരുന്നത് (യോഹ. 13:34,35). മറ്റെല്ലാ യോഗ്യതകളെക്കാളും വളരെ ശക്തമായ ഒരു യോഗ്യതയാണിത്. കാരണം ഇതില്‍ സമ്പൂര്‍ണ്ണ തിരുവചനവും അടങ്ങിയിരിക്കുന്നു (ഗലാ. 5:14). തമ്മില്‍ തമ്മില്‍ സ്‌നേഹിക്കാനുള്ള മാതൃകകൂടി നമുക്കുണ്ട്. അത് ഗുരു തന്നെയാണ്. ''ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ''. യോഹന്നാന്റെ ഒന്നാംലേഖനത്തില്‍ യോഹന്നാന്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട് (1യോഹ. 4:20). രണ്ടു കല്പനകള്‍ പ്രധാനമാണെന്നു പറഞ്ഞ കര്‍ത്താവ് ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു ഒരു കല്പന തരുന്നു എന്നു പറഞ്ഞിട്ടാണ് ഈ കല്പന നല്കിയിരിക്കുന്നത്. ക്രിസ്തു നമ്മെ സ്‌നേഹിച്ചതുപോലെ പരസ്പരം സ്‌നേഹിക്കുമ്പോഴാണ് നാം ക്രിസ്തുശിഷ്യരായിത്തീരുന്നത്.