ഗൃഹകാര്യങ്ങള്‍ ക്രമീകരിക്കുന്ന വ്യക്തിയാണ് കാര്യവിചാരകന്‍ (2രാജാ. 11:18, എസ്ഥേ. 3:9, യെഹെ. 44:14, ലൂക്കൊ. 8:3). കാര്യവിചാരകന്‍ കുടുംബത്തിലെ വ്യക്തിയല്ല. മറിച്ചു നിയമിക്കപ്പെടുന്നവനാണ്. പ്രാചീനകാലത്ത് അടിമകളെയും സ്വാതന്ത്ര്യം നേടിയ അടിമകളെയും ഈ ജോലിയില്‍ നിയമിച്ചിരുന്നു. അബ്രഹാമിന്റെ കാര്യവിചാരകന്‍ ദമ്മേശെക്കുകാരനായ എല്യേസര്‍ (ഉല്പ. 15:2) ആയിരുന്നു. യോസേഫിന്റെ ഗൃഹവിചാരകനെക്കുറിച്ചും ഉല്പത്തിയില്‍ പറഞ്ഞിട്ടുണ്ട് (43:19, 44:1,4). രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകല വസ്തുവകകള്‍ക്കും നാല്ക്കാലികള്‍ക്കും മേല്‍വിചാരകന്മാരെ ദാവീദു നിയമിച്ചു (1ദിന. 28:1). തിര്‍സ്സരാജധാനി വിചാരകനായിരുന്നു അര്‍സ്സ (1രാജാ. 16:9). ഹെരോദാവിന്റെ കാര്യവിചാരകനായിരുന്നു കൂസ (ലൂക്കൊ. 8:3). ലൂക്കൊ. 16-ല്‍ ക്രിസ്തു പറഞ്ഞ ഉപമയില്‍ കാര്യവിചാരകത്വത്തെ സംബന്ധിക്കുന്ന മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
- കാര്യവിചാരകന്‍ വിശ്വസ്തനായിരിക്കണം.
- കാര്യവിചാരകന്‍ കണക്കു ഏല്പിക്കാന്‍ ബാധ്യസ്ഥനാണ്. ഏതു സമയവും അവനോടു കണക്കു ചോദിക്കാം.
- കാര്യനിര്‍വ്വഹണത്തില്‍ അവിശ്വസ്തത കാണപ്പെടുന്ന സമയം അവനെ കാര്യവിചാരകത്വത്തില്‍നിന്നും നീക്കിക്കളയും (ലൂക്കൊ. 16:1-4).
ക്രിസ്ത്യാനി ക്രിസ്തുവിന്റെ ഭവനത്തിന്റെ കാര്യവിചാരകനായി നിയമിക്കപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിക്കു ദൈവത്തോടുള്ള കാര്യവിചാരകത്വത്തിന്റെ കടപ്പാടിനെ പൗലൊസ് അപ്പൊസ്തലന്‍ മൂന്നുപ്രാവശ്യം ഊന്നിപ്പറയുന്നുണ്ട് (1കൊരി. 4:1,2, തീത്തൊ. 1:7). ഗൃഹവിചാരകന്മാരുടെ പ്രധാനഗുണം വിശ്വസ്തതയാണ്. ലഭിച്ച ദൈവകൃപയ്ക്കനുസരിച്ച് അന്യോന്യം ശുശ്രൂഷിക്കാന്‍ പത്രൊസ് അപ്പൊസ്തലനും ഉപദേശിക്കുന്നു (1പത്രൊ. 4:10).
ക്രിസ്തീയ ആത്മീയത നല്കലിന്റെ ആത്മീയതയാണ് (Spirituality of Giving). യഥാര്‍ത്ഥ സ്‌നേഹം അളക്കുന്നതു വാങ്ങലിലല്ല നല്കുന്നതിലാണ് (Real Love is to give not to gain). യേശുക്രിസ്തു തന്റെ വരവിന്റെ ഉദ്ദേശത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു. ''മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനുമാണു വന്നത്'' (മത്താ. 20:28). വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്നു കര്‍ത്താവ് പഠിപ്പിച്ചുവെന്നാണ് അപ്പൊസ്തലനായ പൗലൊസ് പറയുന്നത് (അ.പ്ര. 20:35). മറുവിലയായി തന്നെത്താന്‍ കൊടുക്കാന്‍ യേശുക്രിസ്തു വന്നു. അതായതു നമുക്കായി നല്കപ്പെട്ടു. പകരം ഇച്ഛിക്കാതെ കടം കൊടുക്കുക (മത്താ. 5:42, ലൂക്കൊ. 6:30-35) എന്നാണു കര്‍ത്താവു പഠിപ്പിച്ചത്. ആര്‍ക്കെങ്കിലും എന്തെങ്കിലും നല്കുമ്പോള്‍ മറ്റുള്ളവരില്‍നിന്നു പ്രശംസിക്കപ്പെടാനായി നല്കരുത് എന്നാണ് കര്‍ത്താവ് ഉപദേശിച്ചത് (മത്താ. 6:1-4). മനുഷ്യര്‍ കാണേണ്ടതിനു നിങ്ങളുടെ നീതിയെ അവരുടെ മുമ്പില്‍ ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍, അല്ലാഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല. ആകയാല്‍ ഭിക്ഷ കൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിക്കാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുത്. അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി. നീയോ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു വലങ്കൈചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയരുത്. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും (മത്താ. 6:1-4).
1. നഷ്ടം നോക്കാതെ സന്തോഷത്തോടെ കൊടുക്കുക (2 കൊരി.8:1-15)
പലവിധങ്ങളിലാണ് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനു സഹായം നല്കുന്നത്. നേതാവ് അണികള്‍ക്കു നല്കുന്നു, അപ്പന്‍ മക്കള്‍ക്കു നല്കുന്നു, അമ്മ മക്കള്‍ക്കു നല്കുന്നു, യജമാനന്‍ അടിമയ്ക്കു നല്കുന്നു, വല്യേട്ടന്‍ അനുജനു നല്കുന്നു. ഇതൊന്നുംതന്നെ കര്‍ത്താവ് ഉദ്ദേശിച്ച നല്കലില്‍ വരുന്നില്ല. കര്‍ത്താവ് ഉദ്ദേശിച്ച നല്കല്‍ അടിമ യജമാനനു നല്കുന്നതാണ്. അതില്‍ ഒരു പ്രശംസയും അടിമ പ്രതീക്ഷിക്കുന്നില്ല. ഒരു അടിമയെപ്പോലെ - വേലക്കാരനെപ്പോലെ - ദാസനെപ്പോലെ നല്കാനാണ്. മക്കെദോന്യ സഭ ഒരു ദരിദ്ര സഭയായിരുന്നിട്ടും വിശുദ്ധന്മാരുടെ ആവശ്യത്തിനുള്ളതു പ്രാപ്തിപോലെയും പ്രാപ്തിക്കപ്പുറവും നല്കി. അതിനെ പൗലൊസ് പ്രശംസിക്കുന്നു (2കൊരി. 8,9). സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നുവെന്നു പൗലൊസ് പഠിപ്പിച്ചു (2കൊരി. 9:7).
2. സഹോദരനു നല്കുക (ഉല്പ. 13:8-18)
സ്വയം നല്കാനാണ് ക്രിസ്തീയ ആത്മീയത ആഹ്വാനം ചെയ്യുന്നത് (ലൂക്കൊ. 17:5-10, ഫിലി. 2:7, മത്താ. 20:28). എളിയവര്‍ക്കായി നല്കാന്‍, ദൈവവേലയ്ക്കായി നല്കാന്‍, ഒരു എളിയ സഹോദരനോ സഹോദരിക്കോ നല്കാന്‍ ആഹ്വാനം നല്കുന്ന ആത്മീയത. ഇവിടെ സാമ്പത്തികസഹായങ്ങളും മറ്റു ഭൗതികസഹായങ്ങളും മാത്രമല്ല; മനസ്സിലൊരിടം (Space) നല്കാനും ആഹ്വാനം ഉണ്ട്. പല ചിന്തകളാലും നമ്മുടെയൊക്കെ മനസ്സ് നിറയപ്പെട്ടിരിക്കുന്നു. ഇതാണു വിത്തുവിതയ്ക്കുന്നവന്റെ ഉപമയില്‍ കര്‍ത്താവ് പറയുന്നത്. ഒരു ഇടം ഉള്ള ഹൃദയമാണു നല്ല നിലം. അവിടെ മാത്രമേ മുപ്പതും അറുപതും നൂറും മേനി ഫലമുള്ളൂ. പലതിനാലും നിറയപ്പെട്ട ഹൃദയത്തില്‍ മറ്റുള്ളവര്‍ക്കായി ഒരു ഇടം നല്കാന്‍ കഴിയുന്നില്ല. കാര്യവിചാരകത്വം ദൈനംദിന ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിലും പ്രകടിപ്പിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചു പ്രായഭേദമെന്യേ കുടുംബബന്ധങ്ങളില്‍ ഇതു പ്രകടമായേ തീരൂ. അബ്രഹാമും ലോത്തും തമ്മില്‍ പിരിഞ്ഞപ്പോള്‍ ലോത്ത് നല്ല പ്രദേശം തിരഞ്ഞെടുത്തു. എന്നാല്‍ 'നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ട് പൊയ്‌ക്കൊള്ളാം നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ട് പൊയ്‌ക്കൊള്ളാം' എന്നായിരുന്നു അബ്രഹാമിന്റെ നിലപാട്. ലോത്ത് അബ്രഹാമിനെ വിട്ടുപിരിഞ്ഞശേഷം ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു എന്നാണ് തിരുവചനം പറയുന്നത് (ഉല്പ. 13:14). അബ്രഹാം കാണുന്ന ഭൂമിയൊക്കെയും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സന്തതികള്‍ക്കുമായും നല്കപ്പെട്ടു.
3. പ്രശംസനീയമായ നല്കല്‍ (മര്‍ക്കൊ. 14:3-11)
കര്‍ത്താവിനുവേണ്ടി ചെയ്യുന്നതൊക്കെയും മാനിക്കപ്പെടും. മനുഷ്യരുടെ മുമ്പില്‍ വിമര്‍ശിക്കപ്പെട്ടാലും അത് കര്‍ത്താവിങ്കല്‍ ചെയ്ത നല്ല പ്രവൃത്തിയാണെന്നു പ്രശംസിക്കപ്പെടും. ഒരു സ്ത്രീ ബേഥാന്യയിലെ ശീമോന്റെ വീട്ടില്‍ ഒരു വെങ്കല്‍ഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലം പൊട്ടിച്ചു യേശുവിന്റെ തലയില്‍ ഒഴിച്ചു. ഇതിനെ യേശു പ്രശംസിക്കുന്നു. അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയാണ് ചെയ്തത് (മര്‍ക്കൊ. 14:6). കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കു മനുഷ്യന്റെ പങ്കാളിത്തം ആവശ്യമാണെന്നതിന്റെ തെളിവാണ് ഈ പ്രശംസ. വില കണക്കാക്കാതെ നല്കണമെന്നതിന്റെ ദൃഷ്ടാന്തമാണ്.