Sermon Outlines
Create Account
1-800-123-4999

വൈദികവിദ്യാഭ്യാസം : വിശ്വസ്തരെ ഉരുവാക്കല്‍

Monday, 08 July 2019 04:23
Rate this item
(0 votes)

ജൂലൈ 14
വൈദികവിദ്യാഭ്യാസഞായര്‍
Theological Education Sunday


വൈദികവിദ്യാഭ്യാസം : വിശ്വസ്തരെ ഉരുവാക്കല്‍
Theological Education: Making of the Faithful


പഴയനിയമം        യോശു. 4:1-9
സങ്കീര്‍ത്തനം         1
ലേഖനം                1 തിമൊ. 6:11-16
സുവിശേഷം         മത്താ. 13:1-9


ധ്യാനവചനം: വിശ്വാസത്തിന്റെ നല്ലപോര്‍ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്‍ക; അതിനായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ (1തിമൊ. 6:12).


ദൈവത്തിന്റെ ഗൃഹവിചാരകര്‍ വിശ്വസ്തരായിരിക്കണം (1കൊരി. 4:2). വിശ്വസ്തത ആത്മാവിന്റെ ഫലമാണ് (ഗലാ. 5:22). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ നാമും വിശ്വസ്തരായിരിക്കാന്‍ ഉപദേശമുണ്ട് (എബ്രാ. 3:2-5). വിശ്വസ്തരായ വേലക്കാര്‍ അഥവാ കാര്യവിചാരകന്മാര്‍ ഉണ്ടാകണമെന്നതു യേശുവിന്റെ പഠിപ്പിക്കലില്‍ ആവര്‍ത്തിച്ചു കാണുന്നതാണ്. വി.പൗലൊസും വിശ്വസ്തവേലക്കാരെ അന്വേഷിക്കുന്നതായി കാണുന്നു (2തിമൊ. 2:2). ദൈവവചനം പഠിച്ചു വൈദികശുശ്രൂഷയിലാകുന്ന ആള്‍ വിശ്വസ്തതയോടെ ആ ശുശ്രൂഷ നിര്‍വ്വഹിക്കേണ്ടതാണ്. യോര്‍ദ്ദാന്‍ കടന്നുവന്ന യിസ്രായേല്‍ ജനം ദൈവത്തിന്റെ വിശ്വസ്തതയെ എന്നും ഓര്‍ക്കാനായി ചെയ്ത ഒരു കാര്യമാണ് യോശു. 4:1-9 -ല്‍ കാണുന്നത്. ദൈവവചനം പഠിക്കണമെന്നുള്ളതു ദൈവത്തിന്റെ ഒരു കല്പനയാണ് (ആവര്‍. 6:6-8, യോശു. 1:8). ''എന്റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും'' (യോഹ. 8:31). ''നിലനില്ക്കുക'' (Abiding) എന്നതിന് 'അനുസരിക്കുക', 'പരിശീലിക്കുക', 'പ്രായോഗികമാക്കുക' എന്നൊക്കെ അര്‍ത്ഥമുണ്ട്. അവിടുത്തെ വചനം പഠിച്ചാല്‍ മാത്രം പോരാ, അനുസരിക്കണം. കേള്‍ക്കുക മാത്രം ചെയ്തു നിങ്ങളെത്തന്നെ ചതിക്കരുതെന്നാണു യാക്കോബ് പഠിപ്പിച്ചത് (യാക്കോ. 1:22). ''എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?'' (ലൂക്കൊ. 6:46,47). യേശുവിന്റെ വചനം അനുസരിക്കുന്നതു പ്രായോഗികമല്ലെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ സാധു സുന്ദര്‍സിങ് പറഞ്ഞതുപോലെ അതൊരു ഏണിയില്‍ കയറുന്നതുപോലെയാണ്. ഒന്നാംപടിയില്‍ കയറുമ്പോള്‍ അടുത്തപടിയില്‍ കയറാന്‍ കഴിയും. താഴെനിന്ന് അവസാനത്തെ പടിയില്‍ ഒരുമിച്ചു കയറാന്‍ കഴിയുകയില്ലല്ലോ. അനുസരണം - പടിപടിയായി. അങ്ങനെ, ''ക്രിസ്തുവെന്ന തലയോളം വളരാന്‍ ഇടയാക്കുന്നു. യേശുവിന്റെ ഉയിര്‍പ്പിനുശേഷം അപ്പൊസ്തലന്മാരെ ദൗത്യം നല്കി അയയ്ക്കുമ്പോള്‍ നല്കിയ ആജ്ഞ സുവ്യക്തമാണ്. ''ഞാന്‍ നിങ്ങളോടു കല്പിച്ചതൊക്കെയും പഠിപ്പിച്ചുകൊണ്ടു ശിഷ്യരാക്കുക'' (മത്താ. 28:18-20). ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ പഠിച്ചവനാണു ശിഷ്യന്‍. തിരുവചനത്തില്‍ നിലനില്ക്കുന്നതിനെക്കുറിച്ചുള്ള ചില വചനങ്ങള്‍ ശ്രദ്ധിക്കാം.


1. ദൈവവചനം പഠിക്കണം (സങ്കീ. 1)
ദൈവവചനം പഠിക്കണമെന്നതാണ് അടിസ്ഥാനപരമായി സങ്കീ. 1 നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ദൈവവചനം രാപ്പകല്‍ ധ്യാനിക്കണമെന്നത് യിസ്രായേല്‍ ജനത്തിന് ഒരു പ്രധാന ഉപദേശമായിരുന്നു (സങ്കീ. 1, യോശു. 1:8). തിന്മയുടെ സ്വഭാവത്തില്‍നിന്നു സമൂഹത്തെ വേര്‍തിരിക്കുന്നത് ദൈവവചനത്തിന്റെ ശക്തിയാണ് (സങ്കീ. 1:1-3, 119:11). ഇങ്ങനെ ദൈവവചനാധിഷ്ഠിതമായ വിശ്വസ്തരെ സൃഷ്ടിക്കുന്ന ഒരു ശുശ്രൂഷയാണ് വൈദികവിദ്യാഭ്യാസം.


2. വിശ്വസ്തരുടെ രൂപീകരണം (1തിമൊ. 6:11-16)
ലുസ്ത്രയിലെ തിമൊഥെയൊസിനെ വിശ്വാസത്തില്‍ വളര്‍ത്തിയത് അമ്മയായ യൂനീക്കയും വല്യമ്മയായ ലോവീസുമായിരുന്നു (2തിമൊ. 1:5, 3:15). അമ്മ യഹൂദ്യസ്ത്രീയും അപ്പന്‍ യവനനുമായിരുന്നു. മിഷണറിപ്രവര്‍ത്തനത്തിനു സമര്‍ത്ഥനും നല്ലസാക്ഷ്യമുള്ളവനുമായതുകൊണ്ടു തിമൊഥെയൊസിനെ കൂട്ടാന്‍ പൗലൊസ് തീരുമാനിച്ചപ്പോള്‍ അദ്ദേഹം പരിച്ഛേദന ഏറ്റിട്ടില്ലെന്നറിഞ്ഞ് അവിടെയുള്ള യഹൂദന്മാരെയോര്‍ത്തു പൗലൊസ് തിമൊഥെയൊസിനെ പരിച്ഛേദന കഴിപ്പിച്ചു (അ.പ്ര. 16:3). തുടര്‍ന്നു തിമൊഥെയൊസിന്റെമേല്‍ കൈവച്ച് അവനെ ശുശ്രൂഷയ്ക്കു വേര്‍തിരിച്ചു (1തിമൊ. 4:14, 2തിമൊ. 1:6). അങ്ങനെ തിമൊഥെയൊസ് പൗലൊസിന്റെ സന്തതസഹചാരിയായിത്തീര്‍ന്നു. അവരും ശീലാസും ലൂക്കൊസും ഫിലിപ്പിയയിലേക്കു യാത്രയായി (അ.പ്ര. 16:12). മകന്‍ അപ്പനു ചെയ്യുന്നതുപോലെ സുവിശേഷഘോഷണത്തില്‍ തിമൊഥെയൊസ് പൗലൊസിനെ സേവചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട് (ഫിലി. 2:22). ഫിലിപ്പിയസഭയെ സഹായിക്കാന്‍ വേണ്ടി തിമൊഥെയൊസിനെയും ശീലാസിനെയുമാണ് പൗലൊസ് അവിടെ വിട്ടത് (അ.പ്ര. 17:14). തുടര്‍ന്ന് അവര്‍ അഥേനയില്‍ ഒന്നിച്ചുചേരുകയും തിമൊഥെയൊസ് തെസ്സലൊനിക്യയിലേക്കു പോകുകയും ചെയ്തു (1തെസ്സ. 3:2). തെസ്സലൊനിക്കയില്‍നിന്നും തിമൊഥെയൊസ് കൊരിന്തിലേക്കു വന്നു പൗലൊസിനോടു ചേര്‍ന്നു പ്രവര്‍ത്തിച്ചു. കൊരിന്തില്‍നിന്നും തെസ്സലൊനിക്യര്‍ക്കെഴുതിയ രണ്ടു ലേഖനങ്ങളിലും തിമൊഥെയൊസിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട് (1തെസ്സ. 1:1, 2തെസ്സ. 1:1). തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഒരുരേഖയുമില്ല. മക്കെദോന്യ, അഖായ, യെരൂശലേം, റോം എന്നീ സ്ഥലങ്ങളുള്‍ക്കൊള്ളുന്ന ദീര്‍ഘയാത്രയ്ക്ക് ഒരുങ്ങിയ പൗലൊസ് തിമൊഥെയൊസിനെ മുന്‍കൂട്ടി മക്കെദോന്യയിലേക്കു അയച്ചു (അ.പ്ര. 19:22). മുന്‍പു ക്രമീകരിച്ചതനുസരിച്ചു തിമൊഥെയൊസ് പൗലൊസിനെ കണ്ടുമുട്ടി (1കൊരി. 16:10). കൊരിന്ത്യര്‍ക്കുള്ള രണ്ടാംലേഖനമെഴുതുമ്പോള്‍ തിമൊഥെയൊസ് പൗലൊസിനോടൊപ്പം ഉണ്ടായിരുന്നു (2കൊരി . 1:1). റോമാലേഖനത്തില്‍ റോമിലെ പരിചിതര്‍ക്കു തിമൊഥെയൊസ് വന്ദനം ചൊല്ലുന്നുണ്ട് (റോമ. 16:21). അതിനാല്‍ അപ്പോള്‍ പൗലൊസിനോടൊപ്പം തിമൊഥെയൊസ് ഉണ്ടായിരുന്നുവെന്നു മനസ്സിലാക്കാം. കൊരിന്തില്‍നിന്നാണ് റോമര്‍ക്കു ലേഖനമെഴുതിയത്. ഫിലിപ്പിയര്‍, കൊലൊസ്യര്‍, ഫിലേമോന്‍ എന്നീ ലേഖനങ്ങളെഴുതുമ്പോഴും തിമൊഥെയൊസ് പൗലൊസിനോടുകൂടെയുണ്ടായിരുന്നു (ഫിലി. 1:1, 2:19, കൊലൊ. 1:1, ഫിലേ. 1:1). രണ്ടാംപ്രാവശ്യം തടവിലായപ്പോള്‍ തിമൊഥെയൊസിനെ കാണാന്‍ പൗലൊസ് ആഗ്രഹം പ്രകടിപ്പിച്ചു (2തിമൊ. 4:9,21). തിമൊഥെയൊസ് തടവില്‍നിന്നു ഇറങ്ങിയതിനാല്‍ അദ്ദേഹം തടവില്‍ പൗലൊസിനെ ശുശ്രൂഷിച്ചുവെന്നു ചിലര്‍ അനുമാനിക്കുന്നു (എബ്രാ. 13:21). വളരെ വിപുലമായ ശുശ്രൂഷയായിരുന്നു തിമൊഥെയൊസിനു നല്കിയിരുന്നത് - ആജ്ഞാപിക്കണം, ഉപദേശിക്കണം (1തിമൊ. 4:12), പ്രബോധിപ്പിക്കണം (1തിമൊ. 5:1), മൂപ്പന്മാര്‍ക്കെതിരെ അന്യായമെടുക്കണം, എല്ലാവരും കേള്‍ക്കെ ശാസിക്കണം (5:19,20), ധനസംബന്ധമായ കാര്യങ്ങള്‍ ക്രമീകരിക്കണം (5:3-10), അദ്ധ്യക്ഷന്മാരെ നിയോഗിക്കണം (1തിമൊ. 3:1-13) - ഇങ്ങനെ പലതും. പൗലൊസിന്റെ അന്ത്യവാക്കുകളില്‍ തിമൊഥെയൊസിനെ വീണ്ടും കാണാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട് (2തിമൊ. 4:9:21). ഈ ആഗ്രഹം സാധിക്കാന്‍ തിമൊഥെയൊസിനു കഴിഞ്ഞോ എന്നറിയില്ല. പാരമ്പര്യമനുസരിച്ച് എഫെസോസിലെ ബിഷപ്പായി തുടര്‍ന്ന തിമൊഥെയൊസ് ഡൊമീഷ്യന്റെയോ നെര്‍വ്വയുടെയോ കാലത്തു രക്തസാക്ഷിയായെന്നു കരുതപ്പെടുന്നു. പൗലൊസിന്റെ ആത്മീയപുത്രനായ തിമൊഥെയൊസിന്റെ ആത്മീയജീവിതത്തിന്റെ പരിപോഷണത്തെക്കുറിച്ചാണ് 1തിമൊ. 6:11-16 -ല്‍ കാണുന്നത്. നിഷ്‌കളങ്കനും നിരപവാദ്യനുമായി ക്രിസ്തുസേവ ചെയ്യാന്‍ തിമൊഥെയൊസിനെ പൗലൊസ് പ്രബോധിപ്പിക്കുന്നു.


3. ദൈവവചനത്തിന്റെ വളര്‍ച്ച (മത്താ. 13:1-9)
വൈദികവിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തിയിലേക്കും തുടര്‍ന്നു അതൊരു സമൂഹത്തിലേക്കും ദൈവവചനത്തിന്റെ പ്രവൃത്തി വികസിക്കുന്നതാണു നാം കാണുന്നത്. അങ്ങനെ അതു മുപ്പതും അറുപതും നൂറുംമേനി ഫലം കായ്ക്കും. തന്മൂലം ദൈവരാജ്യദര്‍ശനമുള്ള സമൂഹം ഉടലെടുക്കുന്നു. ദൈവത്തോടും ദൈവവചനത്തോടും ദൈവസഭയോടും വിശ്വസ്തതയുള്ളവരെ ഉരുവാക്കാന്‍ വൈദികവിദ്യാഭ്യാസം സഹായിക്കും.

Menu