യഹോവയും യിസ്രായേലും തമ്മിലുള്ള ബന്ധം ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തിനു സദൃശമാണ്. യഹോവ എന്റെ ഇടയനാകുന്നു എന്നു ദാവീദ് പറയുന്നു (സങ്കീ. 23:1). ആസാഫിന്റെ സങ്കീര്‍ത്തനത്തില്‍ യഹോവയായ ദൈവത്തെ സംബോധന ചെയ്യുന്നതു ''ആട്ടിന്‍കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ'' എന്നാണ് (സങ്കീ. 80:1). യഹോവ ഒരു ഇടയനെപ്പോലെ തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തില്‍ എടുത്തു മാര്‍വ്വിടത്തില്‍ ചേര്‍ത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും'' എന്നു യെശയ്യാപ്രവാചകനും (40:11) പ്രസ്താവിച്ചു. പുതിയനിയമത്തില്‍ ക്രിസ്തുവിനും സഭയ്ക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ കര്‍ത്താവുപയോഗിച്ച സാദൃശ്യങ്ങളിലൊന്നാണ് ഇടയനും ആടുകളും. സഭാപരിപാലനത്തെക്കുറിക്കുന്ന പ്രയോഗമാണ് ഇടയപരിപാലനം. ദൈവത്തിന്റെ ജനം ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവരാണ്. അവര്‍ ദൈവത്തിന്റെ ആട്ടിന്‍കൂട്ടമാണ്. അവര്‍ ദൈവത്തിനു വിശുദ്ധജനമായി ജീവിക്കണമെന്നതാണു ദൈവകല്പന. അന്യദേവന്മാരെ നീക്കിക്കളഞ്ഞു സത്യദൈവത്തെ മാത്രം ആരാധിച്ചു വിശുദ്ധിയോടെ ജീവിക്കാനാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതാണ് ഉല്പ. 35:1-15 - ല്‍ കാണുന്നത്. ''നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ'' (സങ്കീ. 95:6,7). ഹൃദയം കഠിനപ്പെടുത്താതെ ദൈവത്തിന്റെ പ്രവൃത്തികളെ ഓര്‍ത്തു നന്ദിയോടെ ജീവിക്കേണ്ട ജനമാണ് ദൈവജനം. അവര്‍ പുതിയനിയമത്തില്‍ ക്രിസ്തുവിന്റെ ആട്ടിന്‍കൂട്ടമാണ്. ഈ ആട്ടിന്‍കൂട്ടത്തിനു ചില പ്രത്യേകതകളുണ്ട്.
1. ക്രിസ്തുവിന്റെ ശബ്ദം കേള്‍ക്കുന്ന ദൈവജനം (യോഹ. 10:1-6)
യേശുക്രിസ്തു നല്ല ഇടയനാണ് (യോഹ. 10:11). ഈ നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ കൊടുക്കുന്നു. ആടുകള്‍ അവന്റെ ശബ്ദം കേള്‍ക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുന്നു. ''ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കുണ്ട്; അവയെയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍കൂട്ടവും ഒരിടയനും ആകും (യോഹ. 10:16). യെഹൂദന്മാരില്‍നിന്നും ജാതികളില്‍നിന്നും വിളിച്ചുവേര്‍തിരിക്കപ്പെട്ട സഭയാണ് ആട്ടിന്‍കൂട്ടം. ഇടയന്‍ എന്ന നിലയില്‍ ക്രിസ്തുവിനു മൂന്നു പ്രത്യേക വിശേഷണങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്. നല്ല ഇടയന്‍ (യോഹ. 10:14,15), വലിയ ഇടയന്‍ (എബ്രാ. 13:20), ഇടയശ്രേഷ്ഠന്‍ (1പത്രൊ. 5:4). ഇടയന്റെ ശബ്ദം കേള്‍ക്കുന്നവരാണ് ദൈവജനം. ദൈവശബ്ദം നിരന്തരം കേള്‍ക്കാന്‍ നമുക്കു കാതുണ്ടാകണം. അതുകൊണ്ടാണു ക്രിസ്തു പലപ്പോഴും 'ചെവിയുള്ളവന്‍ കേള്‍ക്കട്ടെ' എന്നു പറഞ്ഞത്. യേശുവിന്റെ വചനം കേട്ടു അതില്‍ നിലനില്‍ക്കുന്നവരാണ് ഈ ആട്ടിന്‍കൂട്ടത്തിലെ ആടുകള്‍ (ലൂക്കൊ. 6:46,47). തന്നെ സ്‌നേഹിക്കുന്നവര്‍ തന്റെ കല്പന അനുസരിക്കുമെന്നാണ് അവിടുന്ന് പറഞ്ഞത് (യോഹ. 14:15,23, 15:10, 1യോഹ. 5:3).
2. ക്രിസ്തുവിനെ അറിഞ്ഞ് അനുഗമിക്കുന്ന ദൈവജനം (യോഹ. 10:4)
അവിടുത്തെ ശബ്ദം കേള്‍ക്കുക മാത്രമല്ല അതറിഞ്ഞു അനുഗമിക്കാന്‍ ഇടയന്‍ പ്രബോധിപ്പിക്കുന്നു. യേശുവിന്റെ ശബ്ദം അറിയുന്നവര്‍ യേശുവിനെ പിന്‍ഗമിക്കും. ദൈനംദിനം അവിടുത്തെ പിന്‍ഗമിച്ചുകൊണ്ടുള്ള ഒരു ജീവിതശൈലിയായിരിക്കണം ഈ ആട്ടിന്‍കൂട്ടത്തിനുള്ളത്. യേശുവിനെ അനുഗമിക്കാന്‍ വന്നുകൂടിയ ജനത്തോടു യേശു ആഹ്വാനം നല്കി (മത്താ. 11:28,29, മര്‍ക്കൊ. 1:17).
3. അന്യോപദേശങ്ങളെ വിട്ടു മാറിനടക്കുന്ന ദൈവജനം (യോഹ.10:5)
ഇടയനെ അനുഗമിക്കുന്ന ആട്ടിന്‍കൂട്ടം അന്യരുടെ ശബ്ദത്തിന്റെ പുറകേ പോകുന്നില്ല. കാരണം അവര്‍ നല്ലഇടയന്റെ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളു. അന്യരുടെ ശബ്ദം അറിയായ്കകൊണ്ട് അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകുന്നു. ലോകത്തിന്റെ പ്രലോഭനങ്ങള്‍ പലതാണ്. ജോണ്‍ബനിയന്റെ പരദേശി മോക്ഷയാത്രയില്‍ പറയുന്നതുപോലെ തെറ്റായുള്ള വഴികളും തെറ്റായ ഇടയന്മാരും പലതാണ്. എന്നാല്‍ ഈ ജീവിതയാത്രയില്‍ മറ്റു ശബ്ദം കേള്‍ക്കാതിരിക്കാനും ക്രിസ്തുവിനെ മാത്രം പിന്‍പറ്റാനുമുള്ള ഒരു മുന്നറിയിപ്പാണ് ഇവിടെ നല്കുന്നത്. ദൈവജനം നല്ല ഇടയന്റെ ശബ്ദംകേട്ടു അനുഗമിക്കുമ്പോള്‍ മാത്രമാണ് ''ഒരു ഇടയനും ഒരു ആട്ടിന്‍കൂട്ടവും'' എന്ന കര്‍ത്താവിന്റെ ദര്‍ശനം സാക്ഷാത്ക്കരിക്കപ്പെടുന്നത് (യോഹ. 10:16).