Sermon Outlines
Create Account
1-800-123-4999

പട്ടത്വശുശ്രൂഷ : ക്രിസ്തുവിന്റെ സൗരഭ്യവാസന

Monday, 22 July 2019 05:08
Rate this item
(4 votes)

ജൂലൈ 28
പട്ടത്വശുശ്രൂഷ : ക്രിസ്തുവിന്റെ സൗരഭ്യവാസന
Ordained Ministry: Fragrance of Christ


പഴയനിയമം   പുറ. 29:1-9
സങ്കീര്‍ത്തനം    99
ലേഖനം           എഫെ. 5:1-14
സുവിശേഷം    ലൂക്കൊ. 10:1-11


ധ്യാനവചനം: കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാല്‍ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിനു വേലക്കാരെ അയക്കേണ്ടതിനു അപേക്ഷിപ്പിന്‍ (ലൂക്കൊ. 10:2).


കൊയ്ത്തു വളരെയുണ്ടു വേലക്കാര്‍ ചുരുക്കമെന്നു കര്‍ത്താവ് അരുളിച്ചെയ്തു (ലൂക്കൊ. 10:2). സുവിശേഷം സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ജനങ്ങളെ കണ്ടാണ് കര്‍ത്താവ് ഇങ്ങനെ പ്രസ്താവിച്ചത് (മത്താ. 9:37,38, യോഹ. 4:35). എന്നാല്‍ ഇവിടെ വിശ്വസ്തതയോടെ ദൈവശുശ്രൂഷ ചെയ്യുന്ന വേലക്കാരെയാണ് ആവശ്യം. പട്ടത്വശുശ്രൂഷ പഴയനിയമകാലം മുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് പത്രൊസിനെ ഏല്പ്പിക്കുന്നത്: ''എന്റെ കുഞ്ഞാടുകളെ മേയ്ക്ക, എന്റെ ആടുകളെ പാലിക്ക, എന്റെ ആടുകളെ മേയിക്ക'' (യോഹ. 21:15-17) എന്നാണ്. വിശ്വസ്തതയോടെ അജപാലന ശുശ്രൂഷചെയ്യുന്ന ഇടയന്മാര്‍ക്ക് ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷനാകുമ്പോള്‍ തേജസ്സിന്റെ വാടാത്ത കിരീടം ലഭിക്കും എന്ന വാഗ്ദത്തവും നല്കപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ കാവല്‍ക്കാരനാണ് ഇടയന്‍. അവര്‍ക്കെതിരെ വരുന്ന വാള്‍ കണ്ടിട്ടു കാഹളം ഊതി ജനത്തെ ഓര്‍മ്മപ്പെടുത്തേണ്ട ദൗത്യമാണു നല്കപ്പെട്ടിരിക്കുന്നത് (യെഹെ. 33:1-3). അധര്‍മ്മത്തിലും അക്രമത്തിലും അഴിമതിയിലും തിന്മയുടെ മറ്റു വിവിധ പ്രകടനങ്ങളിലും കഴിയുന്ന സമൂഹം പലകാരണങ്ങളാല്‍ ചൂഷണത്തിനു വിധേയപ്പെടുകയും പല തിന്മകള്‍ക്ക് ഇരകളായിത്തീരുകയും ചെയ്യുമ്പോള്‍ അവരെ സത്യത്തിലേക്കും ധര്‍മ്മത്തിലേക്കും അങ്ങനെ ദൈവരാജ്യത്തിന്റെ പങ്കാളികളാക്കിത്തീര്‍ക്കാന്‍ കഴിയുന്ന ശക്തമായ നേതൃത്വം നല്കുന്ന ഇടയന്മാരെ ദൈവം വിളിക്കുന്നു. സഭയുടെ വളര്‍ച്ചയ്ക്കായി വിശ്വസ്തയോടും സന്തോഷത്തോടുംകൂടെ ദൈവവചനാടിസ്ഥാനത്തില്‍ നല്ല മാതൃകയായി ശുശ്രൂഷ ചെയ്യാന്‍ ലഭിക്കുന്ന ആഹ്വാനമാണു തിരുവചനത്തില്‍ കാണുന്നത്. പഴയനിയമത്തില്‍ പുരോഹിതന്‍ ജനങ്ങള്‍ക്കുവേണ്ടി പക്ഷവാദം ചെയ്യുകയും അതിനുവേണ്ടിയുള്ള യാഗകര്‍മ്മാദികള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. ജനത്തിനുവേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നതും പ്രായശ്ചിത്തമായി നില്ക്കുന്നതും പുരോഹിതനായിരുന്നു. അങ്ങനെ ദൈവത്തോടു ജനത്തെ നിരപ്പിക്കുന്ന ശുശ്രൂഷ അവര്‍ നിര്‍വ്വഹിച്ചു. പൗരോഹിത്യ ശുശ്രൂഷ ക്രിസ്തുവിന്റെ സൗരഭ്യവാസനയുടെ ശുശ്രൂഷയാണ്.


1. പഴയനിയമത്തിലെ പൗരോഹിത്യവും പട്ടത്വവും (പുറ. 29:1-9)
പഴയനിയമത്തില്‍ പൗരോഹിത്യശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കുന്നതു വളരെ പ്രധാനപ്പെട്ട ഒരുക്കത്തോടുകൂടിയാണ്. കാരണം ദൈവത്തിന്റെ മുമ്പില്‍ മനുഷ്യന്റെ പ്രതിനിധിയായി നില്ക്കുന്നവനാണ് പുരോഹിതന്‍. ദൈവികനിയമം മനുഷ്യന്‍ ലംഘിച്ചു എന്ന തോന്നല്‍ മനുഷ്യഹൃദയങ്ങളെ മഥിക്കുന്നതുകൊണ്ടു ദൈവത്തെ നേരിട്ടു സമീപിക്കാന്‍ മനുഷ്യന്‍ ധൈര്യപ്പെടുന്നില്ല. ഇവിടെയാണ് തങ്ങളെക്കാള്‍ സ്വീകാര്യനായ ഒരു വ്യക്തിയുടെ ഇടപെടല്‍ അവര്‍ ആഗ്രഹിക്കുന്നത്. പ്രസ്തുത വ്യക്തി മുഖാന്തരം തങ്ങളുടെ പ്രാര്‍ത്ഥനകളും സ്‌തോത്രവും യാഗങ്ങളും അവര്‍ ദൈവത്തിന് അര്‍പ്പിക്കുന്നു. ഇങ്ങനെ പുരോഹിതന്‍ ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ പ്രതിനിധിയായും മനുഷ്യനോടുള്ള ദൈവത്തിന്റെ പ്രതിനിധിയായും മാറി. അഹരോന്റെ പുത്രന്മാരെ പുരോഹിതന്മാരായി ദൈവം തിരഞ്ഞെടുത്തു (പുറ. 6:18,20, 28:1). എന്നാല്‍ ഇവരില്‍ അബീഹൂവും നാദാബും അന്യാഗ്നി യാഗപീഠത്തില്‍ കൊണ്ടുവന്നതു നിമിത്തം സന്തതിയില്ലാതെ മരിക്കേണ്ടിവന്നു (ലേവ്യ. 10). അങ്ങനെ അഹരോന്റെ മറ്റു രണ്ടു പുത്രന്മാരായ എലെയാസെരും ഈഥാമാരും പുരോഹിതന്മാരായി. പുരോഹിതശുശ്രൂഷയ്ക്കായി അഹരോനെയും പുത്രന്മാരെയും ഒരുക്കുന്നതാണ് പുറപ്പാട് 29:1-9 -ല്‍ കാണുന്നത്. പുറപ്പാട് 28 -ല്‍ പുരോഹിത ശുശ്രൂഷയ്ക്കായുള്ള നിയമങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവര്‍ യഹോവയ്ക്കു വിശുദ്ധരായിരിക്കണം (പുറ. 28:36). ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) അവരുടെ ഹൃദയത്തില്‍ ഇരിക്കണം. നീതിയും ന്യായവും അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കേണ്ടവരാണവര്‍. കാരണം അവര്‍ ക്രിസ്തുവിനു സൗരഭ്യവാസനയാണ്.


2. പുതിയനിയമത്തില്‍ പട്ടത്വശുശ്രൂഷയിലെ മാതൃക (എഫെ. 5:1-14)
പുതിയനിയമപ്രകാരം അഹരോന്‍ ക്രിസ്തുവിനു ഒരു നിഴല്‍ മാത്രമാണ്. പാപത്തിനു പൂര്‍ണ്ണമായി പ്രായശ്ചിത്തം ചെയ്തു മനുഷ്യനു നിത്യരക്ഷ പ്രദാനം ചെയ്യാന്‍ ദൈവം ക്രിസ്തുവിനെ നിയമിച്ചു (എബ്രാ. 5:5-10). യേശുക്രിസ്തുവിന്റെ പൗരോഹിത്യം മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം ഉള്ളതാണ് (എബ്രാ. 5:6, 6:20, 7:21, സങ്കീ. 110:4). മശീഹയുടെ പ്രതിരൂപമായ മല്ക്കീസേദെക് ഒരു രാജപുരോഹിതന്‍ ആയിരുന്നു. അഹരോന്യ പൗരോഹിത്യത്തെ അതിശയിക്കുന്ന ഒന്നാണു മല്ക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള യേശുക്രിസ്തുവിന്റെ പൗരോഹിത്യം.

 

  1. അതു ദൈവത്തിന്റെ ആണയിലധിഷ്ഠിതമാണ് (എബ്രാ. 7:20-22).
  2. നിത്യനായ ക്രിസ്തുവില്‍ സമ്മുഖമാക്കപ്പെട്ടതുകൊണ്ട് അതു ശാശ്വതമാണ് (എബ്രാ. 7:23-25).
  3. അഹരോന്റെ പുത്രന്മാരെപ്പോലെ സ്വന്തപാപത്തിനു പ്രായശ്ചിത്തം കഴിക്കാന്‍ ആവശ്യമില്ലാത്ത ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയില്‍ അതു നിലനില്ക്കുന്നു (എബ്രാ. 7:26-28).
  4. ഈ പൗരോഹിത്യം സാക്ഷാല്‍ കൂടാരമായ സ്വര്‍ഗ്ഗത്തില്‍ തുടരുന്നു (എബ്രാ. 8:1-7).
  5. ദൈവത്തിന്റെ വാഗ്ദാനമായ പുതിയനിയമത്തിന്റെ നിറവേറലാണിത് (എബ്രാ. 8:8-13).
  6. അവിടെ യാഗാനുഷ്ഠാനങ്ങള്‍ ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. ഒരിക്കലെന്നേക്കുമായി അര്‍പ്പണം പൂര്‍ത്തിയായിരിക്കുന്നു (എബ്രാ. 7:27, 9:12).
  7. പാപം നീക്കാന്‍ കഴിയാത്ത കാളകളുടെയും ആടുകളുടെയും രക്തമല്ല യേശുവിന്റെ രക്തമാണ് അര്‍പ്പിക്കപ്പെട്ടത് (എബ്രാ. 10:4,10).
  8. അതിലൂടെ പുരോഹിതന്മാര്‍ക്കു മാത്രമല്ല എല്ലാ ക്രിസ്ത്യാനികള്‍ക്കും പൂര്‍ണ്ണവും നിരന്തരവുമായ പ്രവേശനം സിദ്ധിച്ചു (എബ്രാ.10:11-22).
  9. അതിന്റെ വാഗ്ദാനങ്ങളും പ്രതീക്ഷകളും ദൈവത്തിന്റെ വിശ്വസ്തതയിലും ക്രിസ്തുവിന്റെ പുനരാഗമനത്തിലും ഉറപ്പിക്കപ്പെട്ടിരിക്കുന്നു (എബ്രാ. 9:28, 10:23).
  10. പൂര്‍ണ്ണമായ പാപക്ഷമ. നീതിപ്രവൃത്തികള്‍ക്കും സ്‌നേഹപ്രയത്‌നത്തിനും ഉത്തേജനം നല്കുന്നു (എബ്രാ. 10:19-25).


ഈ വിശ്വാസത്തിലാണ് നവീകരണകാലത്തു പ്രൊട്ടസ്റ്റന്റുസഭ രൂപീകൃതമായപ്പോള്‍ സാര്‍വ്വലൗകിക പൗരോഹിത്യത്തെ അവര്‍ ഏറ്റുപറഞ്ഞത് (Universal Priesthood). ക്രിസ്തുവിന്റെ ശരീരമായ സഭ പുരോഹിതരാജ്യമായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ പൗരോഹിത്യത്തിനുള്ള രണ്ടു കടമകളെ പത്രൊസ് ചൂണ്ടിക്കാണിക്കുന്നു. 1. യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മീയയാഗം കഴിക്കുക (1പത്രൊ. 2:5). 2. അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചവന്റെ സദ്ഗുണങ്ങളെ ഘോഷിക്കുക (1പത്രൊ. 2:9). രാജകീയപുരോഹിതവര്‍ഗ്ഗം എന്ന ആശയത്തെ വെളിപ്പാടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ സഭയെ പിതാവായ ദൈവത്തിനു രാജ്യവും പുരോഹിതന്മാരും ആക്കിയെന്നു കാണുന്നു (വെളി. 1:6, 5:10, 20:6). അവര്‍ ഭൂമിയില്‍ വാഴുന്നു (വെളി. 5:10). അതുകൊണ്ടു പുരോഹിതശുശ്രൂഷയില്‍ നമുക്കു മാതൃക യേശുതന്നെയാണ്. അവിടുന്ന് നമ്മെ സ്‌നേഹിച്ചു നമുക്കുവേണ്ടി തന്നെത്താന്‍ ദൈവത്തിനു സൗരഭ്യവാസനയായിത്തീര്‍ന്നു (എഫെ. 5:2). അതുകൊണ്ട് അവിടുത്തെ അനുകരിക്കാനാണ് എഫെ. 5:1-14 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആട്ടിന്‍കൂട്ടത്തിനു മാതൃകകളായിത്തീര്‍ന്നുകൊണ്ട് അധ്യക്ഷത ചെയ്യാനും ഇടയശ്രേഷ്ഠനെ അനുകരിക്കാനും വി.പത്രൊസും ശുശ്രൂഷകന്മാരെ ഓര്‍മ്മിപ്പിക്കുന്നു (1പത്രൊ. 5:1-5).


3. പട്ടത്വശുശ്രൂഷയിലെ വെല്ലുവിളികള്‍ (ലൂക്കൊ. 10:1-11)
ദൈവികശുശ്രൂഷയില്‍ അനേകവെല്ലുവിളികളുമുണ്ട്. ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ അയയ്ക്കുന്നുവെന്നാണ് കര്‍ത്താവ് ഇതിനെക്കുറിച്ചു പറഞ്ഞത്. ഇവിടെ പാമ്പിനെപ്പോലെ ബുദ്ധിയും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിക്കണം. ഈ ശുശ്രൂഷയില്‍ ദൈവരാജ്യം പ്രസംഗിക്കപ്പെടണം. രോഗികള്‍ സൗഖ്യം പ്രാപിക്കണം. കുടുംബങ്ങള്‍ക്കു സമാധാനം ഉണ്ടാകണം. ഈ ശുശ്രൂഷയാണ് കര്‍ത്താവും അപ്പൊസ്തലന്മാരും ചെയ്തത്.

Menu