''സ്വര്‍ഗ്ഗരാജ്യം കടലിലിടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം'' (മത്താ. 13:47) ഇതാണ് കര്‍ത്താവ് പറഞ്ഞ ഉപമ. ദൗത്യം എല്ലാവര്‍ക്കുവേണ്ടിയുമുള്ളതാണ്. അതെല്ലായിടത്തുനിന്നും എല്ലായിടത്തേക്കും വ്യാപരിക്കുന്നു. കാരണം സുവിശേഷം എല്ലാവര്‍ക്കുമുള്ളതാണ്. അന്ധകാരത്തില്‍നിന്നു നമ്മെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചിരിക്കുന്നത് ദൈവത്തിന്റെ സല്‍ഗുണങ്ങളെ ഘോഷിക്കാനാണെന്നാണു വി.പത്രൊസ് രേഖപ്പെടുത്തുന്നത്. കാള്‍ ബാര്‍ത്ത് എന്ന ദൈവശാസ്ത്രജ്ഞന്‍ പറഞ്ഞു: ''മിഷന്‍ ദൈവത്തിന്റേതാണ്'' (Missio Dei = Mission belongs to God). ''ഏറ്റവും വലിയ മിഷണറിയായ ദൈവം തന്റെ സ്വന്തപുത്രനെ തന്നെ യാഗമായിത്തീരാന്‍ മിഷണറിയായി ലോകത്തിലേക്കു അയച്ചു''. അയയ്ക്കുന്ന ദൈവത്തെ വേദപുസ്തകത്തില്‍ കാണുന്നു. ദൈവം തന്റെ വാക്കു (ശബ്ദം, വചനം) അയച്ചു ലോകത്തെ സൃഷ്ടിച്ചു; തന്റെ ആത്മാവിനെ അയച്ചു സൃഷ്ടിയെ നവീകരിച്ചുകൊണ്ടിരിക്കുന്നു; തന്റെ ജനത്തെ അയച്ചു പ്രസംഗിപ്പിച്ചുകൊണ്ടിരിക്കുന്നു. മിഷനുവേണ്ടി സഭയെ ഒരുക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ നാമത്തെ ജാതികളുടെ ഇടയില്‍ ഘോഷിക്കണം എന്നതു പഴയനിയമത്തിലുമുള്ള ഒരു ചിന്തയായിരുന്നു. ''സകലജാതികളുമായുള്ളോരേ, ജയഘോഷത്തോടെ ആര്‍ക്കുവിന്‍'' (സങ്കീ. 47:1). ആസാഫ് പറയുന്നു: ''സൂര്യന്റെ ഉദയം മുതല്‍ അസ്തമയം വരെ ദൈവം ഭൂമിയെ വിളിക്കുന്നു'' (സങ്കീ. 50:1). ദൗത്യനിര്‍വ്വഹണത്തിനുവേണ്ടിയുള്ള ഈ വിളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആയിരുന്ന സമൂഹത്തെയാണ് അത്ഭുതപ്രകാശത്തിലേക്കു വിളിച്ചത്. ലോകത്തിന്റെ വെളിച്ചമായ കര്‍ത്താവ് (യോഹ. 8:12) വിളിക്കപ്പെട്ടവരേയും ലോകത്തിന്റെ വെളിച്ചമാക്കിവച്ചു (മത്താ. 5:14). ജനമല്ലാതിരുന്നവരെ ജനമാക്കി. കരുണ ലഭിക്കാത്തവര്‍ കരുണ ലഭിച്ചവരായിത്തീര്‍ന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരുജാതിയാക്കി. വിശുദ്ധ വംശവും സ്വന്തജനവുമായി. രാജകീയപുരോഹിതവര്‍ഗ്ഗമായി. എന്നാല്‍ ഈ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം വളരെ പ്രസക്തമാണ്. ''വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിക്കണം''. ഇന്നും പല കാരണങ്ങളാല്‍ അന്ധകാരത്തിലായിരിക്കുന്നവരെ സത്യവെളിച്ചത്തിലേക്കു കൊണ്ടുവരണം. നാമും നമ്മുടെ സമൂഹവും ജനമല്ലാതിരുന്നവരാണ്. പലകാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്നവരും ആയിരുന്നു. എന്നാല്‍ ത്യാഗവീരന്മാരായ മിഷണറിമാര്‍ നമുക്കു പഠിപ്പു നല്കി, പള്ളി നല്കി, ഒരു പേരു നല്കി. അങ്ങനെ നാം ഒരു ജനമായിത്തീര്‍ന്നു. സുവിശേഷത്തിന്റെ ഈ ദീപം ഇന്നു നമ്മുടെ കരങ്ങളിലാണ്. ഭാരതത്തിലെ, സുവിശേഷം കേള്‍ക്കാത്ത കോടിക്കണക്കിനു ജനത്തോടു സുവിശേഷം പറയേണ്ട വലിയ ഉത്തരവാദിത്വം നമ്മില്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്നു.
1. കെരീത്തുതോട്ടില്‍നിന്നു സാരെഫാത്തിലേക്ക് (1 രാജാ. 17:1-16)
ഏലീയാവ് കെരീത്തുതോട് വറ്റിയപ്പോള്‍ സാരെഫാത്തിലേക്കു യാത്ര ചെയ്യുന്നു. കെരീത്തുതോട്ടില്‍ അത്ഭുതകരമായി തീറ്റിപ്പോറ്റപ്പെട്ട ഏലിയാവ് അവിടത്തെ വെള്ളം വറ്റിയപ്പോള്‍ സാരെഫാത്തിലേക്കു പോയി. അവിടെയും ദൈവം അദ്ദേഹത്തിലൂടെ പ്രവര്‍ത്തിക്കുന്നു. സുവിശേഷം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. യേശുക്രിസ്തുവിന്റെ ഉപമയിലും ഇതു വ്യക്തമാകുന്നു. മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിക്കേണ്ടതിനായി വീട്ടുടമസ്ഥന്‍ പുറപ്പെട്ടു. മൂന്നു മണിക്കും ആറു മണിക്കും ഒമ്പതു മണിക്കും ഒടുവില്‍ പതിനൊന്നു മണിക്കും വേലക്കാരെ വിളിക്കുന്നതായിട്ടാണ് യേശുക്രിസ്തുവിന്റെ ഉപമയില്‍ പറയുന്നത്. പതിനൊന്നു മണിക്കും ചന്തയില്‍ കുറേപ്പേര്‍ മിനക്കെട്ടു നില്ക്കുന്നു. ഒരു പണിയും ചെയ്യാതെ നില്ക്കുന്നു എന്നര്‍ത്ഥം. ഞങ്ങളെ ആരും വിളിച്ചിട്ടില്ല എന്നാണ് അവരുടെ പ്രതികരണം (മത്താ.20:7). എന്നാല്‍ ''നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍'' എന്ന് അവരോടു വീട്ടുടമസ്ഥന്‍ പറയുന്നു. ആര്‍ക്കും ദൈവവിളിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. സത്യം അറിഞ്ഞവന്‍ അതു പറയാതിരുന്നാല്‍ അതു പാപമാണ് (ലേവ്യ. 5:1). ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള സ്ഥലങ്ങളിലല്ല, അറിവു കിട്ടിയിട്ടില്ലാത്തവര്‍ കാണണം, കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കണം എന്ന അടിസ്ഥാനത്തിലാണ് വി.പൗലൊസ് സുവിശേഷം പ്രസംഗിച്ചിരുന്നതെന്ന് അദ്ദേഹം തന്റെ ശുശ്രൂഷാരീതിയെക്കുറിച്ചു പറയുന്നു (റോമ. 15:20,21). 'നല്ല വാര്‍ത്ത' എന്നാണ് സുവിശേഷം എന്ന വാക്കിന്റെ അര്‍ത്ഥം. വാര്‍ത്ത എന്നതു പുതിയ അറിവ് എന്നര്‍ത്ഥം (News= New information). ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരെ രക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്ത വാര്‍ത്തയാകുന്നത് അതു പുതുതായി അറിയിക്കുമ്പോഴാണ്. ഒരേ കാര്യം പിന്നെയും പിന്നെയും പറഞ്ഞാല്‍ അതു വാര്‍ത്തയാകില്ല. യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവ് വാര്‍ത്തയാകുന്നത് ഇതിനെക്കുറിച്ചു കേള്‍ക്കാത്തിടത്തു മാത്രമാണ്. എല്ലാവര്‍ക്കും വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ പോയി പ്രസംഗിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകൊണ്ടും വിഭവങ്ങള്‍ കൊണ്ടും ഈ വേലയുടെ പങ്കാളികളായി നില്ക്കണമെന്നത് ഒരു ദൈവകല്പനയാണ്. ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴികയില്ല.
2. യെരൂശലേമില്‍നിന്നു വിജാതീയരിലേക്ക് (ഗലാ. 2:1-10)
യെരൂശലേമിലെ മാളികമുറിയില്‍ ലഭിച്ച നിയോഗം അപ്പൊസ്തലന്മാരെ വിജാതീയരുടെ അടുക്കലേക്ക് സുവിശേഷവുമായി എത്തിക്കാനിടയായി. പരിച്ഛേദനക്കാരുടെയിടയില്‍ പത്രൊസിനോടുകൂടെ വ്യാപരിച്ച ദൈവം പൗലൊസിനോടുകൂടെ വിജാതീയര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു (ഗലാ. 2:7-9). ദൈവത്തിനു മുഖപക്ഷമില്ല. ജാതികളുടെ ഇടയില്‍ പൗലൊസും പരിച്ഛേദനക്കാരുടെ ഇടയില്‍ പത്രൊസും ശുശ്രൂഷ ചെയ്തു. യേശുക്രിസ്തുവിനെ കര്‍ത്താവെന്നു ഹൃദയംകൊണ്ടു വിശ്വസിച്ചു വായ് കൊണ്ടു ഏറ്റുപറഞ്ഞാല്‍ രക്ഷിക്കപ്പെടുമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അതാണ് നാം വിശ്വസിക്കുന്നതും. എന്നാല്‍ ഇവിടെ ചില ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ''അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും? ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും?'' (റോമ. 10:14,15). അതായതു രക്ഷിക്കപ്പെടാനായി ജനം വിശ്വസിക്കണം. വിശ്വസിക്കാനായി അവര്‍ കേള്‍ക്കണം. കേള്‍ക്കാനായി ആരെങ്കിലും പ്രസംഗിക്കണം. പ്രസംഗിക്കാനായി ആരെങ്കിലും പോകണം. പോകാനായി ആരെങ്കിലും അയയ്ക്കണം. ഒന്നാംനൂറ്റാണ്ടിലെ സഭ ഒരുമിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പൗലൊസിനെയും ബര്‍ന്നബാസിനെയും വേലക്കായിട്ട് വേര്‍തിരിക്കാന്‍ പരിശുദ്ധാത്മാവ് നിര്‍ദ്ദേശം നല്കിയപ്പോള്‍ സഭയാണ് അവരെ അയച്ചത് (അ.പ്ര. 13:1-3). നാമാണ് അയയ്‌ക്കേണ്ടത്. വെറും പ്രാര്‍ത്ഥനയാല്‍ മാത്രമല്ല നമ്മുടെ കൈത്താങ്ങല്‍കൊണ്ടും സാമ്പത്തികസഹായംകൊണ്ടും നമുക്കുവേണ്ടി പോകുന്നവരെ സുവിശേഷം പ്രസംഗിക്കാനായി അയയ്ക്കണം. രാജ്യത്തിന്റെ സുവിശേഷം സകലജാതികളും കേള്‍ക്കണം. അപ്പോള്‍ കര്‍ത്താവിന്റെ വരവാകും (മത്താ. 24:14).
3. സഭയില്‍നിന്നു എല്ലായിടത്തേക്കും (മത്താ. 13:47-52)
ദൈവസഭയ്ക്കു ലഭിച്ച ഈ ദൗത്യം ഇന്ന് എല്ലായിടത്തേക്കും വ്യാപിക്കുന്നു. കാരണം ദൈവരാജ്യം എല്ലാവരെയും പ്രതിനിധീകരിക്കുന്നതാണ് (മത്താ. 13:47,48). എന്നാല്‍ ദൈവികദൗത്യത്തിനു മനുഷ്യന്റെ പങ്കാളിത്തം ആവശ്യമാണ്. ദൈവം സര്‍വ്വശക്തനും സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനിയും സര്‍വ്വത്തിന്റെയും ഉടമസ്ഥനുമാണെങ്കിലും ദൈവികദൗത്യം പൂര്‍ത്തീകരിക്കാന്‍ മനുഷ്യന്റെ പങ്കാളിത്തം ചോദിക്കുന്നതായി നമുക്കു കാണാം. ലോകം മുഴുവന്‍ സൃഷ്ടിച്ച ദൈവം ഒരിക്കല്‍ നോഹയോടു പെട്ടകം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. പെട്ടകത്തെക്കൂടി ഉണ്ടാക്കാന്‍ ദൈവത്തിനു കഴിയും. എന്നാല്‍ മനുഷ്യരെ രക്ഷിക്കുന്ന ദൈവികപദ്ധതിയില്‍ മനുഷ്യന്റെ പങ്കാളിത്തം ആവശ്യമാണെന്ന് ദൈവം ഇവിടെ ഓര്‍പ്പിക്കുകയാണ്. സമാഗമനകൂടാരം ഉണ്ടാക്കാന്‍ ദൈവം മോശെയോടു പറഞ്ഞു (പുറ. 25:1,2). സമാഗമനകൂടാരത്തിന്റെ പണിക്കായി വേണ്ടതിലധികവും ജനം നല്കി (പുറ. 36:5,6). ദൈവാലയം പണിയാന്‍ ശലോമോനെ ദൈവം നിയോഗിച്ചു. പുരുഷാരത്തോടു സംസാരിക്കാന്‍ പത്രൊസിന്റെ പടക് യേശുക്രിസ്തുവിന് ആവശ്യമായിരുന്നു (ലൂക്കൊ. 5:1-11). ദൈവാലയ പ്രവേശനത്തിനായി യെരൂശലേമിലേക്കു പോകാന്‍ ഗ്രാമത്തിലെ കഴുതക്കുട്ടിയെ യേശുവിന് ആവശ്യമായിരുന്നു (ലൂക്കൊ. 19:29-35). ആയിരക്കണക്കിനു ജനത്തെ പോഷിപ്പിക്കാന്‍ അഞ്ച് അപ്പവും രണ്ടു മീനും നല്കുന്ന ഒരു കുട്ടിയെ ദൈവത്തിന് ആവശ്യമായിരുന്നു (യോഹ. 6:1-14). സാധുവായ വിധവയുടെ രണ്ടു കാശിനെ യേശുക്രിസ്തു അഭിനന്ദിച്ചു (ലൂക്കൊ. 21:1-4). ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത് ഒന്നാണ് : ദൈവികദൗത്യത്തിനു മനുഷ്യന്റെ പങ്കാളിത്തം ആവശ്യമുണ്ട്. ദൈവവേലയ്ക്കായി സാമ്പത്തികസഹായം ചെയ്ത മക്കെദോന്യസഭയെ വി.പൗലൊസ് പ്രശംസിക്കുന്നു. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നുവെന്ന് (2കൊരി. 9:7) അദ്ദേഹം പഠിപ്പിക്കുന്നു. സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും സമര്‍പ്പണത്തോടെ കൊടുക്കുകയും ചെയ്ത സഭയാണ് ഒന്നാം നൂറ്റാണ്ടിലെ സഭ. അതാണ് അന്നു സഭ വളരാനുള്ള കാരണം. ജനം രക്ഷിക്കപ്പെട്ടു ദിനംപ്രതി സഭയോടു ചേര്‍ന്നുകൊണ്ടിരുന്നു.