ദൈവത്താല്‍ സ്ഥാപിതമായതും ദൈവത്താല്‍ നിര്‍ദ്ദേശിക്കപ്പെട്ടതുമാണ് വിവാഹവും കുടുംബവും. മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ലെന്നും ഞാന്‍ അവനു തക്കതായൊരു തുണയെ ഉണ്ടാക്കിക്കൊടുക്കുമെന്നും ദൈവം പറഞ്ഞു (ഉല്പ. 2:18). സ്‌നേഹത്തിന്റെ ഈടുറപ്പുള്ള കുടുംബജീവിതമാണ് വിവാഹത്തിലൂടെ ലഭിക്കേണ്ടത്. ഉല്പത്തി പുസ്തകത്തില്‍ ഒന്നാം ആദാമിന്റെ വിവാഹത്തോടുകൂടി ആരംഭിക്കുന്ന ഈ പ്രക്രിയ വെളിപ്പാടില്‍ ഒടുക്കത്തെ ആദാമിന്റെ വിവാഹത്തോടുകൂടെ സമാപിക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെയും (യിരെ. 3, യെഹെ. 16, ഹോശേ.1-3), ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെയും (എഫെ. 5:22,23) പ്രതിബിംബമാണു വിവാഹം. വിവാഹം എല്ലാവര്‍ക്കും മാന്യമായിരിക്കണമെന്ന് അപ്പൊസ്തലന്‍ പഠിപ്പിച്ചു. ബഹുമാനത്തോടും വിശുദ്ധിയോടും കൂടിയാണ് ഈ ബന്ധത്തിലേക്കു പ്രവേശിക്കേണ്ടത്. പരസ്പരം ബഹുമാനിക്കുന്നതോടൊപ്പം ദൈവത്തോടുള്ള ബഹുമാനവും ഭയവും വളരെ പ്രധാനപ്പെട്ടതാണ്. ഭാരതീയ മതവിശ്വാസപ്രകാരം ഒരു പുരുഷന്റെ ആയുസ്സില്‍ അവന്‍ നാല് ആശ്രമങ്ങളിലൂടെ കടന്നുപോകുന്നു. ഇതിനെ പുരുഷാശ്രമധര്‍മ്മം എന്നാണു വിളിക്കുന്നത്. ബ്രഹ്മചര്യാശ്രമം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥാശ്രമം, സന്യാസാശ്രമം. ആദ്യത്തെ 25 വയസ്സില്‍ ദൈവചിന്തയിലും വേദപഠനത്തിലും ശാസ്ത്രാന്വേഷണത്തിലും ഒരു ഗുരുവിന്റെ കീഴില്‍ ഗുരുകുലത്തില്‍ ആയിരിക്കുന്ന കാലഘട്ടമാണ് ബ്രഹ്മചര്യാശ്രമം. അടുത്ത 25 വര്‍ഷം കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചു സമൂഹത്തിനുവേണ്ടി നന്മ ചെയ്തുകൊണ്ടു സാമൂഹികചിന്തകളോടെ ജീവിക്കേണ്ട കാലഘട്ടമാണ്. ഇതാണു ഗൃഹസ്ഥാശ്രമം. ഗൃഹസ്ഥാശ്രമത്തിലേക്കു പ്രവേശിക്കുന്ന ചടങ്ങാണു വിവാഹം. ഗൃഹസ്ഥാശ്രമം പരസ്പരം ഗ്രഹിക്കുന്ന - തിരിച്ചറിയുന്ന കാലഘട്ടമാണ്. വിവാഹം എന്ന ചടങ്ങിലൂടെ ഗൃഹത്തിലേക്കു പ്രവേശിക്കുന്നു. ഗൃഹത്തിനു കുടുംബമെന്നും ഭവനമെന്നും ചിന്തിക്കാം. കുടുംബം എന്ന ആശയവുമായി അടുത്തുവരുന്ന എബ്രായ പദമാണ് ബെയ്ത്ത് (വീട്). കുടുംബം (സങ്കീ. 68:6), വീട് (1ദിന.13:14), ഭവനം (2ദിന. 35:5-12) എന്നിങ്ങനെ ബെയ്ത്ത് എന്ന പദത്തെ മലയാളത്തില്‍ പല രീതികളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒരു വീട്ടില്‍ താമസിക്കുന്നവരെയും ഒരു വലിയ സമൂഹത്തെയും മുഴുവന്‍ യിസ്രായേലിനെയും ബെയ്ത്ത് എന്നു പറഞ്ഞിട്ടുണ്ട്. ഉദാഹരണം യിസ്രായേല്‍ ഗൃഹം (യെശ. 5:7). സമൂഹത്തിന്റെ അടിസ്ഥാനഘടകമാണു കുടുംബം. വേദപുസ്തകപ്രകാരം കുടുംബം ദൈവത്താല്‍ സ്ഥാപിതമാണ്. മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ട ദൈവം മനുഷ്യനെ കുടുംബത്തിലാക്കുകയും കുടുംബബന്ധത്തെയും വിവാഹ ഉടമ്പടിയേയും സ്ഥാപിക്കുകയും ചെയ്തു. വിവാഹജീവിതം ധന്യമാകാനായി ഒരു കുടുംബത്തിലുണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം സ്‌നേഹമാണ്. ഇങ്ങനെ ദൈവത്തെ ഭയപ്പെട്ട് അവിടുത്തെ വഴികളില്‍ നടക്കുന്നവന്റെ കുടുംബത്തിന്റെ പ്രത്യേകതയാണ് സങ്കീ. 128-ല്‍ കാണുന്നത്. വിവാഹത്തിന്റെ വേദപുസ്തകപരമായ ഉദ്ദേശ്യങ്ങള്‍ പലതാണ്.
1. വിവാഹം - ദൃഢമായ കൂട്ടുകെട്ടിന് (ഉല്പ. 29:1-20)
വിവാഹത്തിന്റെ പ്രധാന ഉദ്ദേശ്യം കൂട്ടുകെട്ടാണ് - companionship. വേദപുസ്തകം പഠിപ്പിക്കുന്നതു ബന്ധങ്ങളുടെ ആത്മീയതയാണ്. കാരണം ബന്ധങ്ങളാണ് നമ്മെ പൂര്‍ണ്ണവ്യക്തിയാക്കുന്നത്. എന്നാല്‍ സുസ്ഥിരമായ കുടുംബബന്ധത്തിനു വ്യവസ്ഥകളില്ലാത്ത സ്‌നേഹം അനിവാര്യമാണ്. യാക്കോബ് റാഹേലിനെ സ്‌നേഹിച്ചു. അവന്‍ അവളെ സ്‌നേഹിച്ചതുകൊണ്ട് ഏഴ് വര്‍ഷം അല്പകാലം പോലെ തോന്നി (ഉല്പ. 29:20). കുടുംബബന്ധങ്ങളിലുണ്ടാകേണ്ട ഈ സ്‌നേഹം - പ്രണയം വളരെ പ്രധാനപ്പെട്ടതാണ്.
2. വിവാഹം - വര്‍ദ്ധിച്ചുപെരുകാനായി (എബ്രാ. 13:1-6)
ആണും പെണ്ണുമായി ദൈവം അവരെ സൃഷ്ടിച്ചു, ദൈവം അവരെ അനുഗ്രഹിച്ചു. നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുക്കളുടെമേലും വാഴുവിന്‍ എന്നു കല്പിച്ചു (ഉല്പ. 1:28). അതുകൊണ്ടാണു വിവാഹം മാന്യവും കിടക്ക നിര്‍മ്മലവുമാകട്ടെയെന്നു അപ്പൊസ്തലന്‍ പഠിപ്പിച്ചത്. അതേസമയം, എല്ലാവര്‍ക്കും മാന്യമായിരിക്കേണ്ട ഒരു മാതൃകാബന്ധമാണ് വിവാഹം. ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ പുരുഷന്‍ ഭാര്യയെ സ്‌നേഹിക്കണം. സഭ ക്രിസ്തുവിനു കീഴ്‌പ്പെട്ടിരിക്കുന്നതുപോലെ ഭാര്യ ഭര്‍ത്താവിനെ ബഹുമാനിക്കണം. ഇങ്ങനെ പരസ്പരം കീഴ്‌പ്പെടുന്ന ഒരു കീഴ്‌വഴക്കമനോഭാവമാണ് ആരോഗ്യകരമായ കുടുംബജീവിതത്തിനു വേണ്ടത് (എഫെ.5:21-32).
3. വിവാഹം - പൂര്‍ണ്ണതയ്ക്കായി (മത്താ. 19:3-9)
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന്റെ സാദൃശ്യത്തില്‍ അവനെ സൃഷ്ടിച്ചു - ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. സൃഷ്ടിച്ചനാളില്‍ അവരെ അനുഗ്രഹിക്കുകയും അവര്‍ക്കു ആദാമെന്നു പേരിടുകയും ചെയ്തു (ഉല്പ. 5:1,2). നരനില്‍ നിന്നെടുത്തതുകൊണ്ടു അവള്‍ക്കു നാരി എന്നു പേരിട്ടു (ഉല്പ. 2:23,24). വിവാഹത്തിലൂടെ ഇരുവരും ഒരു ദേഹമായിത്തീരുന്നു. ഇത് ഉല്പത്തി മുതലുള്ള വ്യവസ്ഥയാണ് (ഉല്പ. 2:24,25). അവര്‍ വേര്‍പിരിയാന്‍ പാടില്ല. ഇരുവര്‍ ചേര്‍ന്നതാണ് ആദാം (ഉല്പ. 5:1,2). ഒടുവില്‍ അവരെ രണ്ടായി വേര്‍തിരിച്ചെങ്കിലും ദൈവം പിന്നെയും അവരെ ഒന്നാക്കിത്തീര്‍ത്തു. കുടുംബജീവിതത്തിലുണ്ടാകേണ്ട ഐക്യവും പൂര്‍ണ്ണതയുമാണ് ഇവിടെ പ്രസ്താവ്യം. ഇങ്ങനെ മനുഷ്യന്‍ പൂര്‍ണ്ണനാകുന്നത് - പുരുഷനും സ്ത്രീയും - വിവാഹത്തിലൂടെയാണ്.
4. വിവാഹം - ദുര്‍ന്നടപ്പ് ഒഴിവാക്കാന്‍ (1കൊരി. 7:2)
''...ദുര്‍ന്നടപ്പ് നിമിത്തം ഓരോരുത്തനു സ്വന്തഭാര്യയും ഓരോരുത്തിക്ക് സ്വന്തഭര്‍ത്താവും ഉണ്ടായിരിക്കട്ടെ. ഭര്‍ത്താവ് ഭാര്യയ്ക്കും ഭാര്യ ഭര്‍ത്താവിനും കടപ്പെട്ടിരിക്കുന്നതു ചെയ്യട്ടെ'' (1കൊരി. 7:2). സാന്മാര്‍ഗ്ഗിക ജീവിതം നയിക്കാനും നിയന്ത്രണാതീതമായ സാമൂഹികപ്രതിബദ്ധതയുള്ള ജീവിതം നയിക്കാനുമാണ് മനുഷ്യനു വിവാഹവും കുടുംബവും നിശ്ചയിച്ചിരിക്കുന്നത്. കുടുംബത്തിലൂടെയാണ് പരസ്പരം കീഴ്‌പ്പെടാനും കടപ്പെടാനും പഠിക്കുന്നത് (എഫെ. 5:25, തിത്തൊ. 2:4,5).
5. വിവാഹം - ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്താന്‍ (എഫെ. 5:21-32)
'ദൈവവും യിസ്രായേലും തമ്മിലുള്ള ബന്ധത്തെ ഭാര്യാഭര്‍ത്തൃബന്ധമായി വ്യാഖ്യാനിച്ചിട്ടുണ്ട്. അതുപോലെ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം പഠിപ്പിക്കാനും കുടുംബബന്ധത്തെ അടയാളപ്പെടുത്തുന്നു (എഫെ. 5:32, വെളി. 19:7-9, 21:1,2). ഓരോ വിവാഹവും നമ്മെ ഓര്‍പ്പിക്കുന്നതു കുഞ്ഞാടിന്റെ വിവാഹമായിരിക്കട്ടെ. കര്‍ത്താവ് വരും മണവാളനും മണവാട്ടിയും ഒരുമിച്ചു വാഴും. ഇതു പീഡിപ്പിക്കപ്പെട്ടിരുന്ന സഭയ്ക്കുള്ള വലിയ പ്രത്യാശയായിരുന്നു.