Sermon Outlines
Create Account
1-800-123-4999

ക്രിസ്തുമസ് : കൃപമേല്‍ കൃപ

Monday, 23 December 2019 09:20
Rate this item
(1 Vote)

ഡിസംബര്‍ 25
ക്രിസ്തുമസ്
Christmas


ക്രിസ്തുമസ് : കൃപമേല്‍ കൃപ
Christmas: Grace upon Grace


പഴയനിയമം      ആവര്‍. 6:1-9
സങ്കീര്‍ത്തനം    20
ലേഖനം              എഫെ. 2:4-9
സുവിശേഷം     മത്താ. 2:13-23


ധ്യാനവചനം: കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു (എഫെ. 2:8).


കൃപമേല്‍ കൃപയുടെ ആഘോഷമാണ് ക്രിസ്തുമസ്. മോശെ മുഖാന്തരം ന്യായപ്രമാണം ലോകത്തില്‍ വന്നു. എന്നാല്‍ യേശുക്രിസ്തു മുഖാന്തരം കൃപയും സത്യവും ലോകത്തിലേക്കു വന്നു. അതു കൃപമേല്‍ കൃപയായി നമുക്കു ലഭിച്ചിരിക്കുന്നു (യോഹ. 1:16,17). പഴയനിയമത്തില്‍ കൃപ ഇല്ലാതിരുന്നുവെന്ന് ഇതിന് അര്‍ത്ഥമില്ല. എന്നാല്‍ അന്നു ചിലര്‍ മാത്രം ഇത് അനുഭവിച്ചിരുന്നു. എന്നാല്‍ ക്രിസ്തുവിലൂടെ ഉദിച്ച രക്ഷാകരമായ ദൈവകൃപ സാര്‍വ്വലൗകികമായി (തീത്തൊ. 2:11). ന്യായപ്രമാണത്തിനു മുന്‍പും കൃപ നിലവിലുണ്ടായിരുന്നു. ഉദാഹരണമായി നോഹയ്ക്കു ലഭിച്ച കൃപ (ഉല്പ. 6:8). സ്വന്തജനമായി യിസ്രായേലിനെ തിരഞ്ഞെടുത്ത ദൈവത്തിന്റെ കൃപ (ആവര്‍. 7:7,8). എന്നാല്‍ ന്യായപ്രമാണം കൃപയെ ദുര്‍ബലമാക്കുന്നില്ല (ഗലാ. 3:17-19). കൃപ സൗജന്യമാണ്. കൃപ കാണിക്കാന്‍ ദൈവം നിര്‍ബന്ധിക്കപ്പെട്ടതല്ല, മറിച്ചു സൗജന്യമായി ചെയ്തതാണ്. ദൈവത്തിനെതിരെയുള്ള നമ്മുടെ പാപം സ്വയം ഏറ്റെടുത്തുകൊണ്ടു ദൈവം മനുഷ്യന് അനുകൂലമായിത്തീര്‍ന്നു, അതാണു കൃപ. ന്യായപ്രമാണവും കൃപയും പൗലൊസിന്റെ എഴുത്തുകളിലെ ഒരു പ്രമുഖ വിഷയമാണ് (റോമ. 5:1, 15:17, 8:1,2, എഫെ.2:8,9, ഗലാ. 5:4,5). വിശ്വാസികള്‍ക്കെല്ലാം ദൈവം രക്ഷ നല്‍കുന്നത് കൃപ എന്ന തന്റെ സ്വഭാവത്തിലൂടെയാണ്. അതുകൊണ്ടാണ് ക്രിസ്തുമസ് നാളില്‍ നാം കൃപയെക്കുറിച്ചു ധ്യാനിക്കുന്നത്.


1. മരണത്താഴ്‌വരയിലെ ദൈവകൃപ (മത്താ. 2:13-23)
യെരൂശലേമില്‍നിന്നു യോസേഫ് മറിയയേയും മകനെയും കൂട്ടി ഈജിപ്റ്റിലേക്കു ഓടിപ്പോകേണ്ടിവന്നു. ഏകദേശം 750 കി.മീ. ദൂരമാണ് അവര്‍ യാത്ര ചെയ്യേണ്ടിവന്നത്. അതും ദുര്‍ഘടമായ പാതകളിലൂടെ. യെരൂശലേം മുതല്‍ മിസ്രയീം വരെയുള്ള വഴി മരുഭൂപ്രദേശമാണ്. വലിയ കുന്നുകളും മലകളും നിര്‍ജ്ജനമായ താഴ്‌വരകളും താണ്ടി അവര്‍ യാത്ര ചെയ്തു. ഈ യാത്രയെക്കുറിച്ചു പല പാരമ്പര്യങ്ങളുമുണ്ട്. മരണത്തെ മുഖാമുഖമായി കണ്ടുകൊണ്ടാണ് ഈ വിശുദ്ധകുടുംബം യാത്ര ചെയ്തത്. എന്നാല്‍ ദൈവം മരണത്താഴ്‌വരയിലും തന്റെ കൃപ അവരോടു കാണിച്ചു. യേശുവിന്റെ ജനനത്തിനു ശേഷം ഹെരോദാവില്‍നിന്നുണ്ടായ ഭീഷണിയില്‍നിന്നു രക്ഷപ്പെടാന്‍ ദൈവം യോസേഫിനോടു സംസാരിച്ചു. അങ്ങനെ അവര്‍ മിസ്രയീമിലേക്കു പോയി. ദൈവത്തിന്റെ ദൂതന്‍ മിസ്രയീമില്‍വച്ചു യോസേഫിനു പിന്നെയും പ്രത്യക്ഷനായി. അങ്ങനെ അവന്‍ യിസ്രായേലിലേക്കു തിരികെ വന്നു. എന്നാല്‍ പിന്നെയും അവര്‍ക്കു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായി. യോസേഫും മറിയയും യേശുവിനെയും കൂട്ടി ഗലീലപ്രദേശത്തുപോയി നസ്രത്തില്‍ പാര്‍ത്തു. തുടരെ ലഭിക്കുന്ന ദര്‍ശനങ്ങള്‍, സ്വപ്നങ്ങള്‍ ഇവയിലൂടെ നടത്തപ്പെടുന്ന വിശുദ്ധകുടുംബം. ദൈവത്തിന്റെ നടത്തിപ്പാണ് നാം അവിടെ കാണുന്നത്.

2. സര്‍വ്വലോകത്തിനും ലഭിച്ച കൃപ (എഫെ. 2:4-9)
ക്രിസ്തുമസ് സര്‍വ്വലോകത്തിനും ലഭിച്ച കൃപയാണ്. കര്‍ത്താവായ യേശുക്രിസ്തുവിലൂടെ മനുഷ്യനു നല്‍കിയ അനുപമമായ വീണ്ടെടുപ്പിന്റെ അടിസ്ഥാനം ദൈവകൃപയാണ് (എഫെ. 2:4,5). നാം പാപികളായിരിക്കുമ്പോള്‍ തന്നെ ക്രിസ്തു നമ്മെ സ്‌നേഹിച്ചു (റോമ. 5:6,8). ക്രിസ്തുവിലൂടെ ദൈവം നമ്മെ തന്നോടു നിരപ്പിച്ചു. അതുകൊണ്ടാണ് ദൈവം അനുകൂലമെങ്കില്‍ നമുക്കു പ്രതികൂലം ആര്‍? (റോമ. 8:31,32) എന്നു പറയുന്നത്. രക്ഷിക്കപ്പെടുന്നത് കൃപയാലാണ് (എഫെ. 2:8). ക്രിസ്തീയ ജീവിതത്തില്‍ നിലനില്‍ക്കുന്നതും ദൈവകൃപയാലാണ് (അ.പ്ര. 11:23, 20:32, 2കൊരി. 9:14). വീഴാതവണ്ണം കാത്തുകൊള്ളപ്പെടുന്നതും കൃപയാണ്. താഴ്മയുള്ളവര്‍ക്കു ദൈവം പ്രത്യേകം കൃപ നല്‍കുന്നു (1പത്രൊ. 5:5, യാക്കോ. 4:6). പുതിയനിയമ ലേഖനങ്ങളുടെ ഒടുവില്‍ എഴുത്തുകാര്‍ വായനക്കാര്‍ക്ക് ദൈവകൃപ ആശംസിക്കുന്നതായും കാണാം. ചില ലേഖനങ്ങളുടെ ആരംഭത്തിലും ഈ ആശംസകള്‍ കാണുന്നു.

3. കൃപയിലേക്കു മറ്റുള്ളവരേയും ക്ഷണിക്കാം (സങ്കീ. 20)
''ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു. ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കുന്നു'' (സങ്കീ. 20:7). നമ്മുടെ കഴിവുകള്‍ക്കു പരിമിതികളുണ്ട്. എന്നാല്‍ ആത്യന്തികമായി ജയം നല്‍കേണ്ടതു ദൈവമാണ്. കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു. ജയമോ യഹോവയുടെ കൈവശത്തിരിക്കുന്നു (സദൃ. 21:31). ഈ ദൈവകൃപ മറ്റുള്ളവരെയും അറിയിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് ആട്ടിടയന്മാരെ അറിയിച്ചത് ഇപ്രകാരമാണ് : ''സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു'' (ലൂക്കൊ. 2:10). ക്രിസ്തുവിന്റെ ജനനം കഴിഞ്ഞിട്ടു രണ്ടായിരം വര്‍ഷത്തിലധികമായി. എന്നാല്‍ സര്‍വ്വജനതയ്ക്കും സന്തോഷമുണ്ടാകാന്‍ ഈ സന്ദേശം അവരിലെത്തിക്കേണ്ട ഒരു ദൗത്യത്തെക്കൂടി ഈ ക്രിസ്തുമസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം അറിഞ്ഞതുപോലെ സര്‍വ്വജനവും യേശുവിനെ അറിയണം. ഇന്ത്യയിലെ 6 ലക്ഷം ഗ്രാമങ്ങളില്‍ 4 ലക്ഷത്തോളം ഗ്രാമങ്ങളിലുള്ളവര്‍ ഇനിയും ഈ മഹാസന്തോഷം അറിയേണ്ടവിധത്തില്‍ അറിയാത്തവരാണ്. അതറിയിക്കാനുള്ള വലിയ ദൗത്യം നമുക്കുണ്ട്. ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ളയിടത്തിലല്ല അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവര്‍ കേള്‍ക്കും, കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും എന്ന് എഴുതിയിരിക്കുന്നതുപോലെയത്രെ സുവിശേഷം അറിയിക്കാന്‍ അഭിമാനിക്കുന്നത് എന്നാണ് വി.പൗലൊസ് പറഞ്ഞത് (റോമ.15:20,21). സുവിശേഷം കേട്ടിട്ടുള്ള ആസ്യയിലും ബിഥുന്യയിലും സുവിശേഷം അറിയിക്കാന്‍ പൗലൊസ് ശ്രമിച്ചപ്പോള്‍ ആത്മാവ് അദ്ദേഹത്തെ തടുത്തു എന്ന് ലൂക്കൊസ് പറയുന്നു. എന്നാല്‍ രാത്രിയില്‍ അദ്ദേഹം ഒരു സ്വപ്നം കാണുന്നു. അതാണ് മക്കദോന്യയിലുള്ള വിളി. മക്കദോന്യ യൂറോപ്പിലാണ്. മക്കദോന്യയില്‍ അന്നു സുവിശേഷം എത്തിയിട്ടില്ല. അങ്ങനെ പൗലൊസ് മക്കദോന്യയിലേക്കു പോയി. സുവിശേഷം എത്താത്തിടത്ത് രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടണം (മത്താ.23:14). എന്നാലേ ഇതു സര്‍വ്വജനത്തിനും ഉണ്ടാകേണ്ട മഹാസന്തോഷമായി മാറൂ. സകലസൃഷ്ടിയോടും സകലജനതയോടും (മര്‍ക്കൊ.16:15, മത്താ.28:18-20). ഇതാണ് ക്രിസ്തു പറഞ്ഞ മഹാആജ്ഞയിലെ സന്ദേശം. കൃപയിലേക്കു മറ്റുള്ളവരെയും ക്ഷണിക്കുന്ന നിമിഷങ്ങളായി ക്രിസ്തുമസ് മാറട്ടെ.

Menu