ധ്യാനവചനം: ''മനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്. അങ്ങനെ മനുഷ്യപുത്രന്‍ ശബ്ബത്തിനും കര്‍ത്താവ് ആകുന്നു'' (മര്‍-2:27,28)
ഉല്‍പ്പത്തിയിലെ സൃഷ്ടിയുടെ കഥയില്‍ ദൈവം ആറുദിവസംകൊണ്ട് വ്യത്യസ്തമായും മനോഹരമായും പ്രപഞ്ചത്തെ സൃഷ്ടിച്ച് ഉറപ്പിച്ചശേഷം തന്റെ സകല പ്രവൃത്തികളില്‍നിന്നും നിവൃത്തനായി ഏഴാംദിവസം സ്വസ്ഥമായിരുന്നു. അങ്ങനെ അവിടുന്ന്‍ ശബത്തിനെ അനുഗ്രഹിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. സൃഷ്ടിയുടെ കാലത്തു ശബ്ബത്ത് വ്യവസ്ഥാപിതമായി. തുടര്‍ന്നു യഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിനവും ആരാധനാദിവസവുമായി അതു മാറി. സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത് ദൈവം ഏഴാം ദിവസമായ ശബ്ബത്തിനെ വിശുദ്ധീകരിക്കുന്നതോടുകൂടെയാണ് (ഉല്പ-2:3). ഉല്പത്തി പുസ്തകത്തില്‍ ശബ്ബത്തിനെക്കുറിച്ച് ഏറെ പരാമര്‍ശങ്ങള്‍ ഇല്ല. എന്നാല്‍ പ്രളയത്തോടുള്ള ബന്ധത്തില്‍ ഏഴുദിവസം വീതമുള്ള കാലയളവിനെക്കുറിച്ച് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് (ഉല്പ-7:4,10, 8:10,12). പുറ-16:21-30 ന് മുമ്പ് ശബ്ബത്ത് പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. യിസ്രായേല്യര്‍ സീനായ് പര്‍വ്വതത്തില്‍ എത്തുന്നതിനു മുമ്പ് സീന്‍ മരുഭൂമിയില്‍ വച്ച് ദൈവം അവര്‍ക്ക് മന്ന നല്‍കി. ആറാമത്തെ ദിവസം പതിവില്‍ ഇരട്ടിയാണ് നല്‍കിയത്. ഏഴാം ദിവസം ജോലി ചെയ്യാതെ വിശ്രമമായി ആചരിക്കുവാനാണ് അപ്രകാരം ചെയ്തത് (പുറ-16:23). തുടര്‍ന്ന്‍ സീനായില്‍ വച്ച് പത്ത് കല്പനകള്‍ നല്‍കി (പുറ-20:1-17). അതില്‍ ഏഴാം ദിവസം ശബ്ബത്തായി ആചരിക്കണമെന്ന്‍ നാലാം കല്പനയില്‍ നിര്‍ദ്ദേശം നല്‍കി (പുറ-20:8). സൃഷ്ടിപ്പിന്റെ ഏഴാംദിവസം ദൈവം നിവര്‍ത്തനായി ആ ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു എതാണ് ശബ്ബത്ത് ആചരിക്കുവാനുള്ള കാരണമായി പറഞ്ഞിരിക്കുത്. തുടര്‍ന്ന്‍ പഴയനിയമത്തില്‍ കാലാകാലങ്ങളില്‍ ശബ്ബത്തിനെക്കുറിച്ച് അനേക പരാമര്‍ശങ്ങള്‍ കാണുവാന്‍ കഴിയും. പ്രവാചകന്മാര്‍ ശബ്ബത്തിനെ ഉന്നതമായി കരുതി. ശബ്ബത്തിനെ ജനം അശുദ്ധമാക്കിയ പാപം പ്രവാചകന്മാര്‍ ഏറ്റുപറഞ്ഞു (യെശ-56:2,4, 58:13, യിരെ-17:21-27, യെഹെ-20:12-24). മന:പൂര്‍വ്വം ശബ്ബത്ത് ലംഘിക്കുന്നവന് മരണശിക്ഷ പ്രഖ്യാപിച്ചിരുന്നു (സംഖ്യ-15:32-36). ശബ്ബത്തിന് ഒരു യിസ്രായേല്യന്‍ തീ കത്തിക്കുവാന്‍പോലും പാടില്ല. ശബ്ബത്ത് ലംഘിച്ച് തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നെഹെമ്യാവ് കര്‍ശന നടപടികള്‍ എടുക്കുകയും അവരെ ശാസിക്കുകയും ചെയ്തു (നെഹെ-13:15-22). എന്നാല്‍ ശബ്ബത്ത് വെറുമൊരു ആചാരമായി മാറിയപ്പോള്‍ ക്രിസ്തു അതിനെ എതിര്‍ക്കുന്നു. ശബ്ബത്ത് മനുഷ്യര്‍ക്കു വേണ്ടിയാണെുന്നും, മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് ശബ്ബത്തിനെക്കുറിച്ചുള്ള കല്പനകള്‍ക്കുമേല്‍ പ്രാമുഖ്യം നല്‍കണമെുന്നും യേശു പഠിപ്പിച്ചു (മത്താ-12:1-14, മര്‍-2:23-36, ലൂ-6:1-11, യോഹ-5:1-18). തുടര്‍ന്ന്, യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഴ്ചയുടെ ഒന്നാം ദിവസമാക്കി ആചരിച്ചു വന്നതിനാല്‍ ഞായറാഴ്ച ദിവസങ്ങളില്‍ ക്രൈസ്തവര്‍ ആരാധനയ്ക്കായി കൂടിവന്നു തുടങ്ങി. ഞായറാഴ്ചയെ അവര്‍ കര്‍ത്തൃദിവസമെന്ന് വിളിച്ചു. ഞായറാഴ്ച ദിവസം ധര്‍മ്മശേഖരം കൊണ്ടുവരുന്നതിന് പൗലൊസ് കൊരിന്തിലെ ക്രിസ്ത്യാനികളോട് നിര്‍ദ്ദേശിച്ചു (1കൊരി-16:2).
1. ദൈവത്തിന്റെ സൃഷ്ടി (സങ്കീ-8)
ദൈവത്തിന്റെ സൃഷ്ടിയുടെ പൂര്‍ത്തീകരണമായി ശബ്ബത്ത് നില്‍ക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയുടെ വൈഭവത്തെ ഓര്‍ത്ത് നന്ദി പറയാം. ദാവീദ് പറയുന്നതുപോലെ ''ഞങ്ങളുടെ കര്‍ത്താവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു(സങ്കീ-8:1-9). തന്റെ സൃഷ്ടിയുടെ കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തമുള്ളവനായി ദൈവം ഇന്നും ആകാശത്തിലെ പറവകളേയും, വയലിലെ പുല്ലിനേയും, പുഷ്പത്തേയും കാക്കുന്നുണ്ടെങ്കില്‍ (മത്താ-6:25-34) നമ്മെയും എത്ര അധികമായി പുലര്‍ത്തുവാന്‍ ശക്തനാണെന്ന് ഓര്‍ത്ത് ആ ദൈവകൃപയില്‍ ശരണപ്പെടാം. മനുഷ്യനെ ദൈവം തന്നേക്കാള്‍ അല്പം മാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിക്കുകയും ദൈവത്തിന്റെ കൈകളുടെ പ്രവൃത്തികള്‍ക്ക് അധിപതിയാക്കുകയും ചെയ്തതില്‍ നിന്നും ശബ്ബത്തും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാണെുള്ളത് വ്യക്തമാകുന്നു. കാരണം വിശ്രമമില്ലാത്തവനാണ് വിശ്രമം ആവശ്യം. എന്നാല്‍ മുന്‍ സൂചിപ്പിച്ചതുപോലെ ശബ്ബത്ത് ഒരു മതാചാരമായി മാറിയപ്പോഴാണ് ക്രിസ്തു അതിനെ വിമര്‍ശിച്ചത്.
2. ശബത്ത് മനുഷ്യനുവേണ്ടി (മര്‍-2:23-28)
യെഹൂദാമതം ശബ്ബത്തിനെ വെറുമൊരു മതാചാരമായി കണ്ടപ്പോള്‍ ശബ്ബത്തിന്റെ യഥാര്‍ത്ഥ ദൈവ ഉദ്ദേശ്യം ക്രിസ്തു പഠിപ്പിക്കുന്നു. ''മനുഷ്യന്‍ ശബത്ത് നിമിത്തമല്ല ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്. അങ്ങനെ മനുഷ്യപുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു'' (മര്‍-2:27,28). അതുകൊണ്ട് ക്രിസ്തു മനഃപൂര്‍വ്വം ശബ്ബത്ത് ദിവസം രോഗികളെ സൗഖ്യമാക്കുന്നു (മത്താ-12:1-14, മര്‍-2:23-3:6, ലൂ-6:1-11, യോഹ-5:1-18). മനുഷ്യനോടുള്ള സ്‌നേഹത്തിനും കരുണയ്ക്കും മുന്‍സ്ഥാനം നല്‍കിയ പുതിയനിയമം ശബ്ബത്തും മാനവികതയെക്കാള്‍ വലുതല്ലെന്ന് പറയുതാണിവിടെ. ശബ്ബത്തിനെ ഓര്‍ത്തുകൊണ്ട് ദൈവത്തെ ആരാധിക്കാന്‍ നാം കൂടിവരുമ്പോള്‍ നമ്മുടെ കൂട്ടായ്മകളും ആരാധനകളും പരസ്പര സ്‌നേഹത്തിനും കരുണയ്ക്കും സഹനത്തിനും മുന്‍സ്ഥാനം നല്‍കാന്‍ ക്രിസ്തു നല്‍കുന്ന സന്ദേശമാണ് ഇവിടെ പ്രകടമാകുന്നത്.
3. നിത്യതയെന്ന ശബ്ബത്ത് (എബ്രാ-4:2-13, യെശ-65:17-25)
ദൈവത്തിന്റെ സൃഷ്ടിയുടെ പൂര്‍ണ്ണതയില്‍ കരച്ചിലും നിലവിളിയുമില്ലാത്ത ഒരു നിത്യത അവിടുന്ന് സൃഷ്ടിക്കുന്നുവെന്ന് നമുക്കു കാണാം. (യെശ-65:17-25, വെളി-21:1-5). അന്നു ദൈവം നമ്മുടെ കണ്ണില്‍നിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല, ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തതു കഴിഞ്ഞുപോയി; സിംഹാസനത്തില്‍ ഇരിക്കുവന്‍: ''ഇതാ ഞാന്‍ സകലവും പുതുതാക്കുന്നു എന്നു അരുളിചെയ്യുന്നു'' എന്നതാണ് ഓരോ ക്രിസ്ത്യാനിയുടേയും ഏറ്റവും വലിയ പ്രത്യാശയായിരിക്കേണ്ടത്. ഈ ശബ്ബത്തിനെക്കുറിച്ചാണ് എബ്രായലേഖനത്തിലും വായിക്കുന്നത്. ദൈവത്തിന്റെ ജനത്തിന് ഒരു ശബ്ബത്ത് അനുഭവം ശേഷിച്ചിരിക്കുന്നു (എബ്രാ-4:9).
പ്രാര്‍ത്ഥന :
സ്രഷ്ടാവായ ദൈവമേ, തേജസ്സോടും മഹിമയോടും കൂടെ സകലത്തെയും സൃഷ്ടിച്ചശേഷം, തന്റെ സകലപ്രവൃത്തികളില്‍ നിന്നും നിവര്‍ത്തനായി, ശബ്ബത്തിനെ അനുഗ്രഹിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തവനായുള്ളോവേ, ശബ്ബത്താചരിക്കുതിലൂടെ, സ്രഷ്ടാവായ അങ്ങയുടെ ജനത്തോടൊപ്പം വസിക്കുന്ന അങ്ങയുടെ സൃഷ്ടിയുടെ നന്മകളെ ഓര്‍ക്കുവാനും മഹത്വപ്പെടുത്തുവാനുമുള്ള ഒരു അവസരത്തെ ഞങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുതിനാല്‍ സ്‌തോത്രം ചെയ്യുന്നു. അങ്ങനെ സകലസൃഷ്ടിയും സമാധാനത്തിലും വിശുദ്ധിയിലും നിറയപ്പെടുകയും ഞങ്ങള്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും അനുഭവിക്കുന്നവരായിത്തീരുകയും ചെയ്യുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തു വഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍.