ധ്യാനവചനം:
സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു (മത്താ-15:28).
പാപത്തെ വെറുക്കുകയും പാപിയെ സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവികസ്വഭാവമാണ് യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയില്‍ ദര്‍ശിക്കുന്നത്. ''പാപികളുടെയും ചുങ്കക്കാരുടെയും സ്‌നേഹിതന്‍'' എന്ന് അവിടുന്ന് അറിയപ്പെട്ടു (മത്താ-11:19). മനുഷ്യനോടുള്ള ദൈവസ്‌നേഹമാണ് ക്രിസ്തുവിന്റെ ഈ സ്വഭാവത്തിലൂടെ നാം കാണുന്നത്. എല്ലാവരെയും തന്നിലേയ്ക്ക് വിളിച്ച ക്രിസ്തു മനുഷ്യനെ തന്നിലേയ്ക്ക് അടുപ്പിക്കുകയും സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടാണ് ക്രിസ്തീയ ആത്മീയതയെ ഉള്‍ക്കൊള്ളലിന്റെയും സഹനത്തിന്റെയും ആത്മീയത എന്ന് പറയുന്നത്. വഴിതെറ്റിപോയ മനുഷ്യവര്‍ഗ്ഗത്തെ അവിടുത്തെ മക്കളും പ്രിയമക്കളുമായി മടക്കിവരുത്തി സ്വീകരിക്കുന്ന ദൈവികസ്വഭാവം പഴയനിയമത്തിലും കാണാന്‍ സാധിക്കും. അതിനു പ്രധാന ഉദാഹരണമാണ് ഹോശേയയുടെ പുസ്തകം. കനാന്യ സ്ത്രീയുടെ അപേക്ഷ കേള്‍ക്കുന്ന ക്രിസ്തുവും (മത്താ-15:21-28) മോഷ്ടാവായിരുന്ന ഒനേസിമോസ് എന്ന അടിമയെ സഹോദരനായി സ്വീകരിക്കാന്‍ പറയുന്ന വി.പൗലൊസിന്റെ ലേഖനവും (ഫിലേമോന്‍) ഇത്തരുണത്തില്‍ സ്മരിക്കാവുന്നതാണ്.
1. സ്വീകരിക്കുന്ന ദൈവിക സ്വഭാവം: ഹോശേയയുടെ കഥയില്‍ (ഹോശേ-2:14-23)
ചെറിയ പ്രവാചകന്മാരില്‍ ആദ്യത്തെ പ്രവാചകനായ ഹോശേയയുടെ കഥ വിചിത്രമാണ്. ഉസിയാവ്, യോഥാം, ആഹാസ്, ഹില്കിയാവ് എന്നീ യഹൂദാരാജാക്കന്മാരുടെ കാലത്ത് അതായത് യിസ്രായേല്‍ രാജാവായ യോവാശിന്റെ മകനായ യെരോബെയാമിന്റെ കാലത്താണ് ഹോശേയ പ്രവചിക്കുന്നത്. പ്രവാചകന്റെ കാലത്ത് യിസ്രായേല്‍ സാമ്പത്തിക ഭദ്രത കൈവരിച്ചിരുന്നു. യെരോബയാം രണ്ടാമന്റെ ഭരണം യിസ്രായേലിനെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ കാലമായിരുന്നു. വാണിജ്യത്തിന്റെ വികാസം നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് വഴി തെളിച്ചു. ഇടത്തരം കച്ചവടക്കാരുടെ ജീവിതവും വളര്‍ന്നുവന്നു. എന്നാല്‍ സമ്പത്തിന്റെ വളര്‍ച്ച മതപരമായ അധഃപതനത്തിനും അപചയത്തിനും കാരണമായി. അതില്‍ ദുഃഖിതനായ പ്രവാചകന്‍ സ്വന്തം കുടുംബജീവിതത്തിലൂടെ ദൈവികസന്ദേശം ജനത്തെ അറിയിക്കുകയാണ്. പരസംഗം ചെയ്യുന്ന ഭാര്യയേയും പരസംഗത്തില്‍ ജനിച്ച മക്കളെയും സ്വീകരിക്കാന്‍ (1:2) ദൈവം പ്രവാചകനോട് കല്പിച്ചു. അതനുസരിച്ച് അദ്ദേഹം ദിബ്ലയീമിന്റെ മകളായ ഗോമരിനെ സ്വീകരിച്ചു. അവളില്‍ പ്രവാചകന് യിസ്രെയേല്‍ (ദൈവം വിതയ്ക്കും) എന്നും, ലോ-അമ്മീ (എന്റെ ജനമല്ല) എന്ന രണ്ടു പുത്രന്മാരും ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എ മകളും ജനിച്ചു (1:4,6,9). മൂന്നാം അധ്യായത്തില്‍ അദ്ദേഹം പിന്നെയും ഒരു വ്യഭിചാരിണിയെ സ്‌നേഹിക്കാന്‍ ദൈവം പറയുന്നു. അതനുസരിച്ച് ഹോശേയ ഒരു വ്യഭിചാരിണിയെ വിലയ്ക്ക് വാങ്ങി അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പരിപാലിക്കുന്നു (3:1-3). എന്നാല്‍ ഈ പ്രവൃത്തികള്‍ക്ക് പ്രതീകാത്മക വ്യാഖ്യാനവും നല്‍കിയിട്ടുണ്ട്. ഇത് ദൈവവുമായുള്ള ബന്ധം വിട്ടുപോയ യിസ്രായേലിന്റെ ചിത്രമാണ്. വിശ്വസ്തനായ ദൈവം അവിശ്വസ്തയായ യിസ്രായേലിനെ സ്വീകരിച്ചു. ഹോശേയ പ്രവചനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ക്രിസ്തുവും ഉദ്ധരിച്ചിട്ടുണ്ട് (ഹോശേ-11:1, 6:6 - മത്താ-9:13, 12:7, ഹോശേ-10:8- ലൂ-23:30). മനുഷ്യനോടുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹമാണ് ഹോശേയ പ്രവചനത്തിന്റെ വിഷയം. പാപിയായ മനുഷ്യനെ സ്വീകരിക്കുന്ന ദൈവികസ്വഭാവം.
2. സ്വീകരിക്കുന്ന സ്വഭാവം : കനാന്യ സ്ത്രീയുടെ കഥയില്‍ (മത്താ-15:21-28)
യേശുക്രിസ്തുവിന്റെ അടുക്കല്‍ തന്റെ മകളുടെ സൗഖ്യം പ്രതീക്ഷിച്ചുകൊണ്ട് വരുന്ന കനാന്യസ്ത്രീയുടെ സംഭവമാണ് മത്താ-15:21-28-ല്‍ കാണുന്നത്. അവളുടെ വിശ്വാസത്തെ ''നിന്റെ വിശ്വാസം വലിയതു'' എന്നു യേശു പ്രശംസിക്കുതായി കാണുന്നു. ഹാമിന്റെ നാലാമത്തെ പുത്രനും നോഹയുടെ പൗത്രനുമാണ് കനാന്‍. നോഹ കനാനെ ശപിച്ചു (ഉല്പ-9:18,22-27) കനാന്യരുടെ അതിര്‍ സീദോന്‍ തുടങ്ങി ഗെരാര്‍ വഴിയായി ഗസ്സാ വരെയും സോദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശ വരെയുമായിരുന്നു (ഉല്പ-10:19, 12:5, 13:12, സംഖ്യ-13:17-21, 34:1,2) യഹൂദന്മാര്‍ കനാന്യരെ പൊതുവെ വിജാതീയരായും ശപിക്കപ്പെട്ടവരായും കരുതിയിരുന്നു. ഫിനീഷ്യയില്‍ പ്രത്യേകിച്ചും സിറിയ പാലസ്തീനില്‍ പൊതുവെയും പാര്‍പ്പുറപ്പിച്ച 11 ജാതികള്‍ കനാന്റെ സന്തതികളായിരുന്നു (ഉല്പ-10:11-19). ഈ ദേശത്തുനിന്നാണ് യേശുവിന്റെ അടുക്കലേയ്ക്ക് ഒരു സ്ത്രീ മകളുടെ സൗഖ്യത്തിനുവേണ്ടി എത്തിച്ചേരുന്നത്. മര്‍-7:24-30 -ല്‍ ഈ സ്ത്രീ ഒരു യവനസ്ത്രീയാണെന്ന് രേഖപ്പെടുത്തുന്നു (ഗ്രീക്ക് വനിത). ഫിനിഷ്യര്‍ സ്വയം വിളിച്ചിരുന്നത് കനാന്യരെന്നാണ്. യേശുവിന്റെ ശുശ്രൂഷാകാലത്ത് സോരും സീദോനും ഉള്‍പ്പെട്ട ഫിനിഷ്യ (ഫൊയിനീക്ക്യ) റോമന്‍ പ്രവിശ്യയായ സുറിയയുടെ ഭാഗമായിരുന്നു. അതുകൊണ്ട് ഇവിടത്തുകാരെ സുറോ-ഫൊയിനീക്യര്‍ എന്നു പറയുമായിരുന്നു. ഈ യവനസ്ത്രീയുടെയും ദൈവവിശ്വാസത്തെ ക്രിസ്തു സ്വീകരിച്ചു. മുന്‍വിധികളില്ലാതെ മറ്റു സമൂഹങ്ങളിലുള്ളവരിലും ദൈവവിശ്വാസത്തെ ദര്‍ശിക്കുവാന്‍ നമുക്കും സാധിക്കണം.
3. സ്വീകരിക്കുന്ന സ്വഭാവം: ഒനേസിമോസിന്റെ കഥയില്‍ (ഫിലേ-1-21)
കൊലോസ്യസഭയിലെ ഒരു അംഗമാണ് ഫിലേമോന്‍. ഒരു മോഷ്ടാവും (വാക്യം 18) ഒളിച്ചോടിയവനുമായ ഒനേസിമോസ് റോമില്‍ വച്ച് പൗലൊസിന്റെ അടുക്കല്‍ എത്തുകയും ഒരു ക്രിസ്ത്യാനിയായി തീരുകയും ചെയ്തു. ഫിലേമോനും ഒനേസിമോസും തമ്മില്‍ അനുരഞ്ജനമുണ്ടാക്കുക എന്നതാണ് ലേഖനത്തിന്റെ പ്രധാന ഉദ്ദേശം. ഒനേസിമോസിന്റെ തെറ്റുകള്‍ ക്ഷമിച്ച് ഒരു സഹോദരനെ പോലെ ചേര്‍ത്തുകൊള്ളാന്‍ പൗലൊസ് ഫിലേമോനോട് ആവശ്യപ്പെടുന്നു. എന്തെങ്കിലും കടംപെട്ടിട്ടുണ്ടെങ്കില്‍ തന്റെ പേരില്‍ കണക്കിട്ടുകൊള്ളുവാന്‍ പൗലൊസ് പറയുന്നു. ഈ സംഭവം ദൈവത്തിന്റെ സ്വീകരിക്കുന്ന സ്വഭാവത്തെ വെളിപ്പെടുത്തുന്നു. ''നീ എന്നെ കൂട്ടാളി എന്നു കരുതുന്നുവെങ്കില്‍ അവനെ എന്നെപ്പാലെ ചേര്‍ത്തുകൊള്ളുക, അവന്‍ അല്പകാലം വേര്‍പെട്ടുപോയത് അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിനായിരിക്കും. അവന്‍ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരന്‍ തന്നേ (ഫിലേ-15-17). ഒനേസിമോസിനെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവന്നത് പൗലൊസ് ആയതുകൊണ്ട് പൗലൊസിന്റെ ആത്മീയമകന്‍ എന്നാണ് ഒനേസിമോസിനെ വിളിക്കുന്നത്. ഒനേസിമോസ് എന്ന വാക്കിന്റെ അര്‍ത്ഥം 'പ്രയോജനമുള്ളവന്‍' എന്നാണ്. ഫിലേമോന് പൗലൊസ് എഴുതിയ ഈ ലേഖനം കൊണ്ട് ഒനേസിമോസിനെ സ്വീകരിക്കാന്‍ ഫിലേമോന്‍ തീരുമാനിച്ചു. ക്രമേണ സഭയുടെ നേതൃത്വത്തിലേയ്ക്ക് ഒനേസിമോസ് എത്തിച്ചേര്‍ന്നു എന്നാണ് പാരമ്പര്യം പറയുന്നത്. സ്വീകരിക്കുന്ന ക്രിസ്തുവിന്റെ സ്വഭാവം നാമാണ് സമൂഹത്തില്‍ വെളിപ്പെടുത്തേണ്ടത് എന്നാണ് ഫിലേമോന്റെ ലേഖനം നമ്മെ പഠിപ്പിക്കുന്നത്.
പ്രാര്‍ത്ഥന
കാരുണ്യവാനായ ദൈവമേ, നീതിയോടും ന്യായത്തോടും സ്‌നേഹത്തോടും കരുണയോടും വിശ്വസ്തതയോടുംകൂടെ ഞങ്ങളോട് ഒരു ഉടമ്പടി സ്ഥാപിച്ചവനായുള്ളോവേ, ഞങ്ങള്‍ വഴിതെറ്റിപ്പോയെങ്കിലും ഞങ്ങളെ സ്വീകരിക്കുകയും മടക്കിവരുത്തുകയും ചെയ്യുമാറാകേണമേ എന്ന് അപേക്ഷിക്കുന്നു. ഞങ്ങള്‍ അവിടുത്തെ മക്കളും അവിടു് ഞങ്ങളുടെ സംരക്ഷകനും വീണ്ടെടുപ്പുകാരനുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍
- ആദ്യമായി ഒരു വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കുന്ന കുട്ടി അമ്മയോട് ചോദിച്ചു: എന്തുകൊണ്ടാണ് വധു വെള്ളവസ്ത്രം ധരിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസത്തിലാണ് വെള്ളവസ്ത്രം ധരിക്കുന്നതെന്ന് അമ്മ അവളെ പറഞ്ഞു മനസ്സിലാക്കി. അല്പനിമിഷം ആലോചിച്ചശേഷം കുട്ടി പിന്നെയും ചോദിച്ചു: വരന്‍ എന്തിനാണ് കറുത്ത കോട്ട് ഇട്ടിരിക്കുത്. അയാളുടെ സന്തോഷങ്ങള്‍ മരിക്കുന്ന ദിവസമാണോ ഇന്ന്?!
- അച്ചന്‍ പ്രസംഗിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഒരു മനുഷ്യന്‍ എഴുന്നേറ്റ് നടന്ന് പുറത്തേക്കു പോയി. ഇത് പലതവണ ആവര്‍ത്തിച്ചപ്പോള്‍ അയാളുടെ ഭാര്യയോട് അച്ചന്‍ പരാതിപ്പെട്ടു. അവര്‍ പറഞ്ഞു ''അച്ചനോടുള്ള വിരോധം കൊണ്ടല്ല, എന്റെ ഭര്‍ത്താവിന് ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന രോഗം ഉള്ളതാ''.