Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

വിമോചിപ്പിക്കുന്ന ക്രിസ്തു

Friday, 28 March 2014 04:08
Rate this item
(0 votes)

മാര്‍ച്ച് 30
വിമോചിപ്പിക്കുന്ന ക്രിസ്തു
പുറ. 3:1-10    സങ്കീ. 82
ഗലാ. 5:1-12    ലൂക്കൊ. 13:10-17

ധ്യാനവചനം:

സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി. ആകയാല്‍ അതില്‍ ഉറെച്ചുനില്പിന്‍. അടിമ നുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുത് (ഗലാ-5:1).

വിമോചനദാതാവായ ദൈവം അടിമത്തത്തില്‍ നിന്നും ബലഹീനതയുടെ നുകങ്ങളില്‍ നിന്നും മനുഷ്യനെ വിടുവിച്ച് നടത്തുന്നു. ദൈവം നല്‍കുന്ന വിമോചനം ആത്മീകം മാത്രമല്ലെുന്നും ശാരീരികവും മാനസികവും ആത്മീകവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിമോചനം വേദപുസ്തകത്തില്‍ ദര്‍ശിക്കാവുന്നതുമാണെന്ന് വിമോചന ദൈവശാസ്ത്രം വിശ്വസിച്ചു. 1971-ല്‍ പെറൂവിയന്‍ പുരോഹിതനായ ഗസ്റ്റാവോ ഗറ്റീയെരസ് എഴുതിയ 'വിമോചന ദൈവശാസ്ത്രം' ദൈവശാസ്ത്രമേഖലയെ വളരെ സ്വാധീനിച്ചു. അന്യായമായ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള മോചനം എന്ന ചിന്ത യേശുക്രിസ്തുവിന്റെ ഉപദേശങ്ങളില്‍ അടിസ്ഥാനപ്പെടുത്തി വാര്‍ത്തെടുത്തപ്പോഴുണ്ടായ ഈ പുതിയ ദൈവശാസ്ത്രമേഖല മറ്റു പല ദൈവശാസ്ത്ര വാതിലുകളും തുറക്കുവാന്‍ ഇടയാക്കി. 1950-60 കളില്‍ ലാറ്റിന്‍ അമേരിക്കയിലെ കത്തോലിക്കാസഭയില്‍ രൂപംകൊണ്ട വിമോചനദൈവശാസ്ത്രം എന്ന ചിന്ത ഒടുവില്‍ അന്തര്‍ദേശീയവും അന്തര്‍സഭാപരവുമായിത്തീര്‍ന്നു. നമ്മുടെ കഷ്ടതകള്‍ കാണുകയും നിലവിളികള്‍ കേള്‍ക്കുകയും ചെയ്യുന്ന ദൈവം നമ്മുടെ അടിമത്തത്തിന്റെയും ബലഹീനതയുടെയും നുകങ്ങളില്‍നിന്ന് നമ്മെ വിടുവിക്കും എന്നതാണ് നമ്മുടെ പ്രതീക്ഷ.

1.    വിമോചനദാതാവിന്റെ വെളിപ്പെടല്‍ പുറ-3:1-10

നീണ്ട 430 വര്‍ഷം മിസ്രയീം അടിമത്തത്തിലായിരുന്ന യിസ്രായേല്‍ജനം ദൈവത്തോട് വിമോചനത്തിനായി നിലവിളിച്ചു. ദൈവം ഒരു വിമോചകനെ അവര്‍ക്കായി അയച്ചു. പ്രകൃത്യതീതമായ അത്ഭുതങ്ങളിലൂടെയും ശക്തമായ മോശെയുടെ പ്രവചന ശബ്ദത്തിലൂടെയും യിസ്രായേല്‍ ജനം വിമോചിപ്പിക്കപ്പെട്ടു. ലോകചരിത്രത്തിലെ ആദ്യത്തെ വിമോചനസമരമായി പുറപ്പാട് പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളിലെ ചരിത്രം നിലനില്ക്കുന്നു. 'എന്റെ ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുപോകുക' എന്ന ദൈവശബ്ദം ഇന്ന് സഭയോടുള്ള ഒരു സന്ദേശമായി നമുക്കു കാണാവുന്നതാണ്. അടിമവേല നിമിത്തമുള്ള ജനത്തിന്റെ നെടുവീര്‍പ്പും നിലവിളിയും ദൈവം കേള്‍ക്കുകയും അവരോടുള്ള തന്റെ നിയമത്തെ ഓര്‍ക്കുകയും ചെയ്തു (പുറ-2:23-25, 3:10). മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട ദൈവം മോശെയെ ഏല്‍പ്പിക്കുന്നത് ഒരു വിമോചന ശുശ്രൂഷയാണ്.

2.    വിമോചനം : ക്രിസ്തുവിന്റെ ശുശ്രൂഷയില്‍ (ലൂ-13:10-17)

ക്രിസ്തുവിന്റെ നസ്രത്തിലെ പ്രഖ്യാപിതനയം സുവ്യക്തമാണ് (ലൂ-4:18,19). ബദ്ധന്മാരെ വിടുവിക്കുക, പീഡിതന്മാരെ വിടുവിച്ച് അയക്കുക, കര്‍ത്താവിന്റെ പ്രസാദവര്‍ഷം പ്രസംഗിക്കുക ഇവിടെയെല്ലാം ധ്വനിക്കുന്നത് ഒരുതരത്തിലെ വിമോചനം തന്നെയാണ്. ഒരു ശബ്ബത്തില്‍ പതിനെട്ട് വര്‍ഷമായി രോഗാത്മാവ് ബാധിച്ചിരുന്ന സ്ത്രീയെ സൗഖ്യമാക്കുന്ന ക്രിസ്തുവിന്റെ ശുശ്രൂഷ കാണാം. അവരിലുള്ള രോഗബന്ധനം ക്രിസ്തു അഴിച്ചു (ലൂ-13:14). എല്ലാ തിന്മകളുടെ ബന്ധനങ്ങളെയും അഴിക്കുന്ന ക്രിസ്തുസ്വഭാവമാണ് ഇവിടെ വെളിപ്പെടുന്നത്. പല കാരണങ്ങളാല്‍ നിവര്‍ന്നു നടക്കുവാന്‍ കഴിയാതെ കൂനരായി പോകുന്ന സമൂഹത്തെ അവിടുന്നു നിവര്‍ത്തുന്നു. അങ്ങനെ ജനമല്ലാതിരുന്നവര്‍ ജനമാകുന്നു. അസമത്വവും അടിച്ചമര്‍ത്തലും പാര്‍ശ്വവത്കരണവും മനുഷ്യരെ കൂനരാക്കുന്നു. തല നിവര്‍ത്തി നടക്കുവാന്‍ കഴിയാതെ പോകുന്ന മനുഷ്യസമൂഹത്തിന് ഇവിടെ വിമോചനത്തിന്റെ സന്ദേശം അത്യാവശ്യമാണ്.

3.    വിമോചനത്തില്‍ ജീവിക്കുക (ഗലാ-5:1-12)

ന്യായപ്രമാണത്തിന്റെ ആചാരങ്ങള്‍ പലതും ദുരാചാരങ്ങളായി മാറി. ക്രമേണ വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളായി മാറി. സദുദ്ദേശത്തോടെ നല്‍കപ്പെട്ട പല കല്പനകളും ബന്ധനങ്ങളായി മാറി. ഇത്തരുണത്തില്‍ അതിനെതിരെ ശബ്ദിക്കുന്ന ഒരു വിപ്ലവ അപ്പൊസ്തലനായി നാം പൗലൊസിനെ കാണുന്നു. നിത്യനിയമമെന്ന് ധരിച്ചിരുന്ന പരിച്ഛേദന പോലും ത്യജിച്ചു കളയാന്‍ വിജാതീയരോട് വി.പൗലൊസ് ഉപദേശിച്ചു. ഒരു കല്പനയും ബന്ധനമായിക്കൂടാ. സ്‌നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമാണ് കാര്യം. സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി. ആ സ്വാതന്ത്ര്യത്തില്‍ നാം ജീവിച്ച് ദൈവസ്വാതന്ത്ര്യത്തെ ആഘോഷമാക്കണം. എന്നാല്‍ ഈ സ്വാതന്ത്ര്യം ഭൗതികകാര്യങ്ങള്‍ക്ക് ദുര്‍വിനിയോഗം ചെയ്യപ്പെട്ടുകൂടാ (ഗലാ-5:13). ന്യായപ്രമാണത്തിന്റെയും മതത്തിന്റെയും നൂലാമാലകളില്‍നിന്ന് ക്രിസ്തു വരുത്തിയ സ്വാതന്ത്ര്യത്തിന്റെ ഐശ്വര്യം ആസ്വദിക്കുവാനായി വി.പൗലൊസ് ഇവിടെ ആഹ്വാനം നല്‍കുന്നു. അത് നാം പ്രാപിക്കുന്നത് വെറും വിശ്വാസത്താലാണത്രേ.

പ്രാര്‍ത്ഥന

വിമോചകനായ ദൈവമേ, ഞങ്ങളുടെ കഷ്ടതകള്‍ കാണുകയും നിലവിളി കേള്‍ക്കുകയും ചെയ്യുന്നവനായുള്ളോവേ, അടിമത്തത്തിന്റെയും ബലഹീനതയുടെയും നുകങ്ങളില്‍നിന്ന് ഞങ്ങളെ വിടുവിക്കേണമേ. അങ്ങനെയായാല്‍ മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റ് യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്‌നേഹത്തില്‍ നിന്നു നമ്മെ വേര്‍പിരിക്കുവാന്‍ കഴിയുകയില്ലല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തു വഴി ഞങ്ങളപേക്ഷിക്കുന്നു.ആമേന്‍

  •  മത്തായിയും അന്തോണിയും ഷാപ്പിലിരുന്ന് വിശാലമായി കള്ളു കുടിച്ചു. ഷര്‍'ട്ട് അഴിച്ചുവച്ചായിരുന്നു കുടി. കുടി കഴിഞ്ഞപ്പോള്‍ അടിയായി. അന്തോണിയെ വെല്ലുവിളിച്ചു കൊണ്ട് മത്തായി പുറത്തിറങ്ങി നടന്നു. ഷര്‍'ട്ടിട്ടപ്പോള്‍ തലതിരിഞ്ഞും പോയി. വഴിയേ ഒരു തോട്ടില്‍ വീണ മത്തായി എഴുന്നേല്ക്കാനാവാതെ ഉരുണ്ടു മറിഞ്ഞു. പിന്നാലെ വന്ന അന്തോണി അതു കണ്ടു.  ''അയ്യോ എന്റെ മത്തായി നിനക്കെന്തുപറ്റി?''     മത്തായിയെ പിടിച്ചു കയറ്റിനോക്കുമ്പോള്‍, അയ്യോ കഷ്ടം മത്തായിയുടെ തല തിരിഞ്ഞു പോയിരിക്കുന്നു! പിന്നെ താമസിച്ചില്ല; അന്തോണി ആ തല പിരിച്ച് ബട്ടന്‍സുളള വശത്തേക്ക് തിരിച്ചു വച്ചു.
  • സഭാ ആരാധന കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അച്ചനോട് പറഞ്ഞു ''താങ്കള്‍ ആല്‍ബര്‍'ട്ട് ഐന്‍സ്റ്റീനെക്കാള്‍ മഹാനാണ്. അച്ചന് ആത്മാഭിമാനം തോന്നി. ഒരാഴ്ചയോളം അച്ചന്‍ അതിനെ പറ്റി ചിന്തിച്ചുകൊണ്ടിരുന്നു. തന്നോടു തന്നെ മതിപ്പു തോന്നി. അടുത്ത ഞായറാഴ്ച അച്ചന്‍ ആ ചെറുപ്പക്കാരനോട് ചോദിച്ചു. എന്തിനാണ് താങ്കള്‍ അങ്ങനെ പറഞ്ഞത്. ചെറുപ്പക്കാരന്‍: ''അച്ചോ ഐന്‍സ്റ്റീന്‍ സംസാരിക്കുന്നതിന്റെ പത്തിലൊന്ന് കാര്യങ്ങള്‍ മാത്രമേ ലോകത്തിന് മനസ്സിലായിരുന്നുള്ളു. എന്നാല്‍ അച്ചന്‍ സംസാരിക്കുന്നത് ഈ ലോകത്തിലുള്ള ആര്‍ക്കും മനസ്സിലാകുന്നില്ല''.

Menu