നവംബര്‍ 30
ക്രിസ്തുവിന്റെ വരവിനുവേണ്ടിയുള്ള ആനന്ദപൂര്‍ണ്ണമായ പ്രതീക്ഷ
Joyful expectation of Christ’s coming
യിരെ. 33:10-16സങ്കീ. 68:11-20
1 തെസ്സ. 3:6-13ലൂക്കൊ. 1:39-45
ധ്യാനവചനം: നിന്റെ വന്ദനസ്വരം എന്റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്റെ ഗര്‍ഭത്തില്‍ ആനന്ദം കൊണ്ടു തുള്ളി (ലൂ-1:44).
കര്‍ത്താവായ യേശുക്രിസ്തുവിന്റെ ആഗമനം ലോകത്തിന് പ്രതീക്ഷയും സമാധാനവും പകര്‍ന്നു. യേശുക്രിസ്തുവിന്റെ ആഗമനത്തെക്കുറിച്ച് പ്രവാചകന്മാര്‍ സംസാരിച്ചുകൊണ്ടിരുന്നു (അ.പ്ര-3:18,10:43; ലൂ-24:44,46,47; യോഹ-5:33). യേശുവിന്റെ ജനനം, യേശുവിന്റെ പ്രവര്‍ത്തനം, യേശുവിന്റെ പുനരുത്ഥാനം, യേശുവിന്റെ രണ്ടാംവരവ് ഇവയെല്ലാം പഴയനിയമപ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മശിഹായുടെ ആഗമനത്തെ യിസ്രായേല്‍ ജനത കാത്തിരുന്നു. ക്രിസ്തുവിന്റെ ജനനത്തെ ആഘോഷിക്കാന്‍ ഒരുക്കപ്പെടുന്ന നാം ക്രിസ്തുവിന്റെ ആഗമനം ഒരു ആനന്ദകരമായ പ്രതീക്ഷയായിരുന്നുവെന്ന് അറിയുന്നത് നല്ലതാണ്. ഇതില്‍ ഒന്നാമത്, ക്രിസ്തുവിന്റെ ആഗമനത്തില്‍ നാം എടുക്കേണ്ട പുതിയ തീരുമാനങ്ങളെക്കുറിച്ച് ധ്യാനിക്കുന്നു. രണ്ടാമത്, മാനുഷിക ബന്ധങ്ങളിലും മാനുഷികമായ ആഗമനങ്ങളിലും ലഭിക്കുന്ന പരിശുദ്ധാത്മ നിറവും സന്തോഷവും ചര്‍ച്ച ചെയ്യുന്നു. ഒടുവില്‍ ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ചും ധ്യാനിക്കുന്നു.
1.ക്രിസ്തുവിന്റെ ആഗമനം : ആനന്ദകരമായ അനുഭവം (യിരെ-33:10-16, 1തെസ്സ-3:6-11)
ക്രിസ്തുവിന്റെ ആഗമനം ലോകത്തിനു മുഴുവന്‍ ആനന്ദം നല്‍കുന്നതാണ്. ദാവീദിന് നീതിയുള്ളോരു മുളയായ ക്രിസ്തു വെളിപ്പെടും എന്നത് യിസ്രായേലിന് ഏറെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണ്. അവരോട് അരുളിച്ചെയ്ത നല്ല വചനം നിവര്‍ത്തിക്കുന്ന കാലം വരുമെന്നാണ് (യിരെ-33:10-16) യിരെമ്യാവ് പ്രവചിച്ചത്. അന്നു യെരുശലേമിന്റെ ഭയം മാറിപ്പോകും. ക്രിസ്തുവിന്റെ ആഗമനത്തെക്കുറിച്ചുള്ള ഒരു പ്രവചനമായി ഇതിനെ കാണുന്നു. ക്രിസ്തുവിന്റെ ആഗമനം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. പ്രതീക്ഷയറ്റവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. തെസ്സലോനിക്യ സഭയില്‍ നിന്നു വന്ന തിമൊഥെയൊസ് അവരെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പൗലൊസിനോടു പറഞ്ഞത് അദ്ദേഹത്തിന് ആശ്വാസമായി തീര്‍ന്നു. അവര്‍ കര്‍ത്താവില്‍ നിലനില്ക്കുുന്നു എന്ന വാര്‍ത്ത പൗലൊസിനെ സന്തോഷിപ്പിച്ചു. അദ്ദേഹത്തെ വീണ്ടും ജീവിപ്പിച്ചു (1തെസ്സ-3:6-13). തിമൊഥെയൊസിന്റെ വരവ് പൗലൊസിനും സഭയ്ക്കും ആശ്വാസമായി തീര്‍ന്നതുപോലെ നമ്മുടെ ബന്ധങ്ങളും സന്ദര്‍ശനങ്ങളും ക്രിസ്തുവിന്റെ സ്‌നേഹവും ആശ്വാസവും പകരുവാന്‍ കാരണമാകണം.
2.ക്രിസ്തുവിന്റെ ആഗമനം : പരിശുദ്ധാത്മാവിലുള്ള ആനന്ദം
ലൂക്കൊ-1:39-45-ല്‍ മറിയയും എലീശബെത്തും തമ്മില്‍ കണ്ടുമുട്ടുന്ന സംഭവത്തെ രേഖപ്പെടുത്തിരിക്കുന്നു. മറിയ നസ്രത്തില്‍നിന്നു യാത്ര ചെയ്ത് യഹൂദ്യ പട്ടണത്തിലെ സെഖര്യാവിന്റെ വീട്ടിലെത്തി എലീശബെത്തിനെ കണ്ടു. മറിയയുടെ സന്ദര്‍ശനം എലീശബെത്തിന്റെ ഉള്ളില്‍ ആനന്ദം ഉളവാക്കി. എലീശബെത്ത് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു (ലൂ-1:41). എലീശബെത്തിന്റെ ഗര്‍ഭത്തിലുണ്ടായിരുന്ന പൈതല്‍ ആനന്ദം കൊണ്ടു തുള്ളി (ലൂ-1:44). ക്രിസ്തുവിന്റെ ആഗമനത്തെ ആഘോഷിക്കുവാന്‍ നാം ഒരുങ്ങുമ്പോള്‍ ഇതുപോലുള്ള അനുഗ്രഹിക്കപ്പെട്ട സുഹൃദ്ബന്ധങ്ങളും സന്ദര്‍ശനങ്ങളും ഉളവാക്കുന്ന ആനന്ദത്തെയും ധ്യാനിക്കേണ്ടതാണ്. രണ്ടു കുടുംബങ്ങള്‍ ഒരുമിച്ചു കാണുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം. രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന പരിശുദ്ധാത്മനിറവ്. ഇത്തരമുള്ള അനുഭവങ്ങള്‍ ദൈവം നമുക്കു നല്കട്ടെ.
3.ക്രിസ്തുവിന്റെ പുനരാഗമനം : നിത്യമായ ആനന്ദം (1തെസ്സ-3:13-18)
കര്‍ത്താവിന്റെ ജനനത്തെ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യമാണ് ക്രിസ്തുവിന്റെ പുനരാഗമനം. കര്‍ത്താവായ യേശുക്രിസ്തു തന്റെ സഭയെ ചേര്‍ക്കുവാന്‍ പിന്നെയും വരുമെന്നുള്ളതാണ് ക്രിസ്തീയവിശ്വാസികളുടെ ഏറ്റവും വലിയ പ്രത്യാശ. 1തെസ്സ-3:13-18, 4:16-18, 5:1-3 വാക്യങ്ങളില്‍ ക്രിസ്തുവിന്റെ രണ്ടാംവരവിനെ വി.പൗലൊസ് വ്യാഖ്യാനിക്കുന്നു. കര്‍ത്താവായ യേശു മദ്ധ്യാകാശത്തില്‍ പിന്നെയും വരുമെന്നും അന്ന് പ്രതിഫലം നല്‍കുമെന്നും സഭ വിശ്വസിക്കുന്നു (അ.പ്ര-1:11, വെളി-1:7, 2കൊരി-5:10). അപ്പൊസ്തല വിശ്വാസപ്രമാണത്തിലും നിഖ്യാ വിശ്വാസപ്രമാണത്തിലും സഭ അത് ഏറ്റുപറയുന്നു. ക്രിസ്തുവിന്റെ ആഗമനത്തിന്റെ ധ്യാനങ്ങള്‍ ക്രിസ്തുമസ് ആഘോഷത്തോടെ തീര്‍ന്നുപോകേണ്ടതല്ല. പ്രത്യുത ദൈനംദിനം അവിടത്തെ വരവിനുവേണ്ടി കാത്തിരിക്കുവാന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍
നിത്യമാം പ്രഭാതശോഭിതത്തിന്‍ നാള്‍
പാര്‍ത്തലേ രക്ഷപ്പെട്ടോരക്കരെകൂടി ആകാശേ
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും
പ്രാര്‍ത്ഥന
എല്ലായിടത്തും എല്ലാക്കാലത്തുമുള്ളവനായ ദൈവമേ, തന്റെ പുത്രനില്‍ സന്തോഷവും പ്രത്യാശയും സമാധാനവും വീണ്ടെടുപ്പും കണ്ടെത്തുന്നവനേ, രക്ഷയുടെ പൂര്‍ത്തീകരണത്തിനായി പ്രാര്‍ത്ഥിക്കുവാനും കാത്തിരിക്കുവാനും ഞങ്ങളെ സഹായിക്കുകയും ഞങ്ങളുടെ ജീവകാലമൊക്കെയും അങ്ങയുടെ രക്ഷയുടെ സന്തോഷത്തില്‍ നിലനില്‍ക്കുവാന്‍ കൃപ ചെയ്യുകയും ചെയ്യുമാറാകേണമേ. ഇങ്ങനെ നമ്മുടെ കര്‍ത്താവായ യേശു തന്റെ സകല വിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയില്‍ ഞങ്ങള്‍ അങ്ങയുടെ മുമ്പാകെ അനിന്ദ്യരും വിശുദ്ധരുമായി കാണപ്പെടുകയും ചെയ്യുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍
-
പള്ളീലച്ചന്മാര്‍ താമസിക്കുന്ന ഒരു തെരുവായിരുന്നു. വൃദ്ധനായൊരച്ചന്‍ രാവിലെ ഒരു ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ''മാനസാന്തരപ്പെടുവിന്‍, പുതിയവഴിയിലൂടെ സഞ്ചരിക്കുവിന്‍....'' ബൈക്കില്‍ വന്നൊരു ചെറുപ്പക്കാരന്‍ ആ ബോര്‍ഡ് കണ്ട് വായില്‍ തോന്നിയ മുഴുവന്‍ ചീത്തയും വിളിച്ച് ബൈക്ക് റൈസ് ചെയ്ത് മുന്നോട്ടു കുതിച്ചു. സെക്കന്റുകള്‍ക്കു ശേഷം അത് പുഴയില്‍ വീഴുന്ന ശബ്ദം കേട്ട് അച്ചനോര്‍ത്തു : കഷ്ടമായിപ്പോയി, പാലം തകര്‍ന്നിരിക്കുകയാണെന്ന് എഴുതിവെച്ചാലും മതിയായിരുന്നു. ശകലം ആഡംബരം കൂടിപ്പോയോ എന്നൊരു സംശയം!