രക്ഷയുടെ പ്രത്യാശ
Hope of Salvation
സെഫ. 3:14-20 സങ്കീ. 43
2 പത്രൊ. 3:8-13 മത്താ- 1:18-23
ധ്യാനവചനം: അവള്‍ ഒരു മകനെ പ്രസവിക്കും; അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു (മത്താ-1:21).
കര്‍ത്താവായ യേശുക്രിസ്തുവിലൂടെ മനുഷ്യന്‍ അനുഭവിച്ച രക്ഷയുടെ പ്രത്യാശയ്ക്കായി നമുക്കു ദൈവത്തിന് നന്ദി പറയാം. സോറ്റീറിയ എന്ന ഗ്രീക്ക് പദത്തെയാണ് രക്ഷ എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്നത്. പുതിയനിയമത്തില്‍ രക്ഷകൊണ്ട് ഉദ്ദേശിക്കുന്നത് പാപത്തിന്റെ ശക്തിയില്‍നിന്നും അധികാരത്തില്‍നിന്നുമുള്ള വിടുതലാണ്. യേശുവിനെ സൊറ്റീറിയോന്‍ എന്നു രണ്ടു സ്ഥാനങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട് (ലൂ-2:31, 3:6). ശിശുവായ യേശുവിനെ കൈയില്‍ വഹിച്ചുകൊണ്ട് നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ എന്നു ശിമ്യോന്‍ പറയുന്നു. ക്രിസ്തുവിനെ രക്ഷാനായകന്‍ എന്നു വിളിച്ചിരിക്കുന്നു (എബ്രാ-2:10). ദേശീയ വിമോചനത്തിനും രക്ഷ എന്ന വാക്ക് ഉപയോഗിച്ചു കാണുന്നുണ്ട് (ലൂ-1:69-71, അ.പ്ര-7:25). സെപ്റ്റ്വജിന്റില്‍ അനുബന്ധപദങ്ങളിലായി ഏകദേശം 483 പ്രാവശ്യം സൊറ്റീറിയ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. രക്ഷയുടെ പ്രത്യാശയാണ് ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. പുതിയനിയമത്തില്‍ പറയുന്ന രക്ഷ എന്ന ചിന്ത പല സ്ഥലങ്ങളിലും കാണുന്നു.
-
ക്രിസ്തു എന്ന രക്ഷ (ലൂ-2:31, എബ്രാ-2:10)
-
ആത്മരക്ഷ. ഒരു വ്യക്തി പാപത്തിന്റെ ശിക്ഷയില്‍നിന്നു യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ പ്രാപിക്കുന്ന മുക്തിയാണിത് (റോ-8:10, എഫെ-2:4-8)
-
പ്രാണന്റെ രക്ഷ അഥവാ ദേഹിയുടെ രക്ഷ (2പത്രൊ-1:9)
-
ശരീരത്തിന്റെ രക്ഷ അഥവാ തേജസ്‌കരണം (റോ-13:11)
-
സമ്പൂര്‍ണ്ണ രക്ഷ (എബ്രാ-11:40, 1തെസ്സ-5:23)
രക്ഷയുടെ പ്രത്യാശയെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ ഒന്നാമത് രക്ഷിക്കുന്ന യഹോവ എന്ന ചിന്ത അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രണ്ടാമത്, യേശുക്രിസ്തുവിന്റെ കൃപയാല്‍ ലഭിക്കുന്ന ആത്മരക്ഷയെക്കുറിച്ചും ഇവിടെ ചര്‍ച്ച ചെയ്യുന്നു. ഒടുവില്‍ മനുഷ്യവര്‍ഗ്ഗത്തിനും സകലചരാചരങ്ങള്‍ക്കും ലഭിക്കുന്ന രക്ഷയുടെ പൂര്‍ണ്ണതയെക്കുറിച്ചും ധ്യാനിക്കുന്നു.
1.രക്ഷിക്കുന്ന യഹോവ (സെഫ-3:14-25)
സെഫ-3:14-20-ല്‍ രക്ഷിക്കുന്ന വീരനായ യഹോവയെക്കുറിച്ച് സെഫന്യാവു പറയുന്നു: ''നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു. മുടന്തി നടക്കുന്നതിനെ ഞാന്‍ രക്ഷിക്കും; ചിതറിപ്പോയതിനെ ശേഖരിക്കും; ലജ്ജിച്ചവരെ ഞാന്‍ പ്രശംസയും കീര്‍ത്തിയും ആക്കിവയ്ക്കും (സെഫ-3:17-19). രക്ഷ ദൈവത്തില്‍ നിന്നാണ് വരുന്നത്. അതു കൃപയാല്‍ നാം അനുഭവിക്കുന്നു. അതുകൊണ്ടാണ് അവന്‍ എന്റെ ''മുഖപ്രകാശരക്ഷ'' എന്നു സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞത് (സങ്കീ-43:5). രക്ഷിക്കുന്ന യഹോവ എന്ന ചിന്ത ബൈബിളില്‍ പല സ്ഥലങ്ങളിലും കാണുന്നു. വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്ന സങ്കീര്‍ത്തനക്കാരന്‍ ഒടുവില്‍ ആശ്വാസം പ്രാപിക്കുന്നത് അതു പറഞ്ഞിട്ടാണ്. ദൈവത്തില്‍ പ്രത്യാശ വയ്ക്കുക അവിടുന്നാണ് എന്റെ രക്ഷ (സങ്കീ-43:5).
2.യേശുക്രിസ്തു തരുന്ന രക്ഷയുടെ പ്രത്യാശ (മത്താ-1:18-23)
മനുഷ്യരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കുന്നതുകൊണ്ടാണ് യേശു എന്ന പേര്‍ വിളിക്കപ്പെട്ടത് (മത്താ-1:21). വിശ്വാസത്താലാണ് ഈ രക്ഷ പ്രാപിക്കുന്നത് (1പത്രൊ-3:9). രക്ഷ ദൈവത്തിന്റെ കൃപാദാനമാണെന്നു പൗലൊസ് വ്യാഖ്യാനിക്കുന്നു (എഫെ-2:8). പാപം മൂലം ദൈവത്തില്‍ നിന്ന് അകന്നുപോയ മനുഷ്യവര്‍ഗ്ഗത്തെ ദൈവത്തോട് നിരപ്പിക്കുവാന്‍വേണ്ടി അവിടുന്നു സൗജന്യമായി മനുഷ്യന് നല്‍കുന്ന അര്‍ഹതയാണ് കൃപ. കൃപയാലാണ് നാം രക്ഷിക്കപ്പെടുന്നത് (എഫെ-2:8, റോ-5:8, 5:20). ആ കൃപയുടെ ഏറ്റവും ഉന്നതമായ ഭാവമാണ് ക്രൂശില്‍ ദര്‍ശിക്കുന്നത്. സ്വന്തം പുത്രനെ നമുക്ക് ഏല്‍പ്പിച്ചുതന്നുവെങ്കില്‍ അവനോടുകൂടെ സകലവും തരാതിരിക്കുമോ (റോ-8:32). ഈ രക്ഷ ഒരു വ്യക്തി പ്രാപിക്കുന്നത് വെറും വിശ്വാസത്താലാണ്. അങ്ങനെ കാണാതെ വിശ്വസിച്ചുകൊണ്ട് വിശ്വാസത്തിന്റെ അന്ത്യമായ ആത്മരക്ഷ പ്രാപിക്കും എന്നു വി.പത്രൊസും പറയുന്നു.
3.രക്ഷയുടെ പൂര്‍ണ്ണത (2പത്രൊ-3:8-13)
കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെക്കുറിച്ചുള്ള പ്രത്യാശയാണ് ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന്. യേശുവിന്റെ വരവിന്‍ നാളില്‍ തന്റെ വൃതന്മാരെ ഭൂമിയുടെ അറുതി മുതല്‍ ആകാശത്തിന്റെ അറുതി വരെ നാലുദിക്കില്‍ നിന്നും കൂട്ടിച്ചേര്‍ക്കും എന്നു യേശു പറഞ്ഞു (മര്‍-13:27). തനിക്കായി കാത്തുനില്‍ക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ പാപം കൂടാതെ രണ്ടാമത് പ്രത്യക്ഷമാകും എന്ന് അപ്പൊസ്തലന്‍ രേഖപ്പെടുത്തുന്നു (എബ്രാ-9:28). മുന്‍ സൂചിപ്പിച്ചതുപോലെ വി.പത്രൊസും ക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കല്‍ മനുഷ്യന് ലഭിക്കാന്‍ പോകുന്ന രക്ഷയുടെ പൂര്‍ണ്ണതയെ വിശദമാക്കുന്നുണ്ട് (1പത്രൊ-1:11,12, 2പത്രൊ-3:8-13). അന്നാണ് നമ്മുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ നിത്യമായി തുടയ്ക്കപ്പെടുന്നത്. മരണവും ദുഃഖവും മുറവിളിയും കഷ്ടതയും മാറിപ്പോകുന്നത്, ഒന്നാമത്തേത് കഴിഞ്ഞു സകലവും പുതുതാക്കപ്പെടുന്നത് (വെളി-21:4,5).
ഇത്ര മഹത്വമുള്ള പദവിയെ
ഇപ്പുഴുക്കള്‍ക്കരുളാന്‍ പാത്രതയേതുമില്ല
നിന്റെ കൃപ എത്ര വിചിത്രമഹോ
പ്രാര്‍ത്ഥന
സര്‍വ്വശക്തനായ ദൈവമേ, ഞങ്ങളുടെ വീണ്ടെടുപ്പുകാരനായുള്ളോവേ, ഞങ്ങളുടെ രക്ഷണ്യപ്രത്യാശയേ, ഒരു പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും പ്രതീക്ഷയില്‍, ഞങ്ങളുടെ രക്ഷിതാവായ നിന്നിലാശ്രയിക്കുകയും ഞങ്ങളോടൊപ്പമുള്ള ഇമ്മാനുവേലായി കൈക്കൊണ്ട് നിന്നോടൊപ്പം നടക്കുകയും ചെയ്തുകൊണ്ട് വിശുദ്ധവും ദൈവികവുമായ ഒരു ജീവിതം നയിക്കുവാനുള്ള ജ്ഞാനം ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങനെ നീ ഞങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയെ തിരിച്ചറിയുവാന്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ പ്രകാശിതമാകുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍