സൃഷ്ടിയുടെ കാലം മുതല്‍ കുടുംബത്തെ സൃഷ്ടിച്ചവനും, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബങ്ങള്‍ക്കും കാരണമായവനും ദൈവമാണ്. കുടുംബം ദൈവത്തിന്റെ ദാനമാണ്. ഈ വര്‍ഷത്തിന്റെ അവസാന നാളുകളിലേയ്ക്ക് നാം എത്തി നില്‍ക്കുമ്പോള്‍ ദൈവം നമുക്ക് കുടുംബങ്ങളിലൂടെ നല്‍കിയ നന്മകളെ ഓര്‍ക്കാനും, കുടുംബ ബന്ധങ്ങളെ ക്രിസ്തുവില്‍ ഉറപ്പിക്കാനും നമുക്ക് ശ്രമിക്കാം.
1.ക്രിസ്തുകേന്ദ്രിത കുടുംബം : കുടുംബമായി ദൈവത്തെ സേവിക്കുക (യോശു-24:14-22)
യോശുവയുടെ കുടുംബത്തിന്റെ തീരുമാനം പ്രസിദ്ധമാണ്; ''ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ സേവിക്കും'' (യോശു-24:15). ദൈവത്തെ സേവിക്കുന്ന കുടുംബം നിലനില്‍ക്കും. ''ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് ജീവിക്കും'' എന്ന പഴഞ്ചൊല്ല് ഇവിടെ സ്മരണീയമാണ്. ദൈവത്തിന്റെ ദാനമായ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അതൊരു ക്രിസ്തു കേന്ദ്രിത കുടുംബമായിരിക്കണം. കുടുംബമായി പ്രാര്‍ത്ഥിക്കുക, കുടുംബമായി ആരാധിക്കുക, കുടുംബമായി സഭായോഗത്തില്‍ പങ്കെടുക്കുക ഇവ പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം കുടുംബത്തിന്റെ നാഥനും തലയും ക്രിസ്തുവാണ് (എഫെ-3:14).
2.സ്‌നേഹകേന്ദ്രിത കുടുംബം (എഫെ-3:14-21)
കുടുംബ ബന്ധങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്‌നേഹമാണ് (1കൊരി-13). കുടുംബത്തിന്റെ നാഥന്‍ പിതാവായ ദൈവമാണെന്ന് പൗലൊസ് പറയുന്നു. അവിടെ സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്തെന്ന് സകലവിശുദ്ധന്മാരോടും കൂടെ ഗ്രഹിച്ച് സ്‌നേഹം എന്തെന്ന് അറിയുവാനായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ആ ഭാഗം അദ്ദേഹം നിര്‍ത്തുന്നത് (എഫെ-3:17-19). കുടുംബബന്ധത്തിലെ സ്‌നേഹത്തിന്റെ ആവശ്യം വി.പൗലൊസ് ആവര്‍ത്തിക്കുന്നുണ്ട് (എഫെ-5:23-25). ക്രിസ്തു മനുഷ്യനെ സ്‌നേഹിച്ചതു പോലെ ഭാര്യാഭര്‍ത്താക്കന്മാര്‍ സ്‌നേഹിക്കണം. ക്രിസ്തു സ്‌നേഹിച്ചത് നന്മ സ്വഭാവം കണ്ടിട്ടല്ല (റോ-5:8). തിന്മയുടെ സ്വഭാവം കാണുമ്പോഴും സ്‌നേഹിക്കണം എന്നതാണ് ഇവിടത്തെ ഉപദേശം. അതാണ് സ്‌നേഹത്തിന്റെ ആഴം.
3.കുടുംബങ്ങളുടെ കുടുംബത്തെ അറിയുക (മര്‍-3:31-35)
ക്രിസ്തുകേന്ദ്രിത കുടുംബമായി നാം മാറുമ്പോള്‍ അത് സ്‌നേഹ കേന്ദ്രിതമായിരിക്കും. കുടുംബങ്ങള്‍ സ്‌നേഹത്താല്‍ നയിക്കപ്പെടുമ്പോള്‍ 'ഞാനും എന്റെ കുടുംബവും' എന്ന ചിന്തയില്‍ ഉപരി കുടുംബങ്ങളുടെ കുടുംബത്തെ കാണുവാന്‍ നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടും. കുടുംബ ബന്ധങ്ങള്‍ക്ക് ക്രിസ്തു വില കൊടുത്തപ്പോള്‍ തന്നെ ആ അതിര്‍വരമ്പുകള്‍ വിശാലമാകുന്നതും നാം കാണുന്നു: ''ആരാണ് എന്റെ സഹോദരന്മാര്‍? ആരാണ് എന്റെ സഹോദരിമാര്‍ - ഇതാ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവര്‍ തന്നേ. സ്വാര്‍ത്ഥചിന്തകള്‍ക്ക് ഇവിടെ വലിയ സ്ഥാനമില്ല. എന്റെ കുടുംബം എന്നതിലുപരി ഞങ്ങളുടെ കുടുംബങ്ങള്‍ എന്ന ചിന്ത പ്രബലമാകുന്നു. കാരണം കുടുംബങ്ങളെല്ലാം ദൈവത്തിന്റെ ദാനമാണ്.
അനുഗ്രഹത്തിന്‍ അധിപതിയേ
അനന്തകൃപ പെരും നദിയേ
അനുദിനം നിന്‍ പദം ഗതിയേ
അടിയനു നിന്‍ കൃപ മതിയേ
പ്രാര്‍ത്ഥന
സകല കുടുംബങ്ങളെയും ചമച്ചവനേ, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബങ്ങള്‍ക്കും പേര്‍ വരുവാന്‍ കാരണമായോനേ, ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും അങ്ങയെമാത്രമേ സേവിക്കുക്കുകയുള്ളു എന്നു പ്രതിജ്ഞയെടുക്കുവാനുള്ള വിവേകം ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങനെ ഞങ്ങള്‍ അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ ഭവനത്തിലെ അംഗങ്ങളായി എന്നേക്കും നിലനില്‍ക്കുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍