Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

സ്‌നാനം : ക്രിസ്തുവിനോടുകൂടെ മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുക

Monday, 10 August 2015 04:36
Rate this item
(0 votes)

ആഗസ്റ്റ് 16

സ്‌നാനം : ക്രിസ്തുവിനോടുകൂടെ മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുക

Baptism : Dying and Rising up with Christ

ഉല്പ. 7:11-24           സങ്കീ. 29

റോമ. 6:1-14              യോഹ. 12:20-26

ധ്യാനവചനം: അങ്ങനെ നാം അവന്റെ മരണത്തില്‍ പങ്കാളികളായി തീര്‍ന്ന സ്‌നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാല്‍ ജീവിച്ചു എഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിനു തന്നെ (റോമ-6:4).

ക്രിസ്തുവിനോടു കൂടെ മരിച്ചു അടക്കപ്പെട്ടു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ അടയാളമാണു സ്‌നാനം. വിശുദ്ധ സ്‌നാനശുശ്രൂഷയിലൂടെ ദൈവത്തിന്റെ മക്കളായി തീരുകയും നാം ക്രിസ്തുസഭയില്‍ ചേര്‍ക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ക്രൈസ്തവ അനുഷ്ഠാനങ്ങളിലൊന്നാണു സ്‌നാനം. ബപ്റ്റിസ്‌മോസ് എന്ന ഗ്രീക്ക് വാക്കിന്റെ തര്‍ജ്ജമയാണു സ്‌നാനം. യഹൂദന്മാരുടെയിടയില്‍ ആചാരമായ ശുദ്ധീകരണം അഥവാ കഴുകല്‍ നിലനിന്നിരുന്നു. പുരോഹിതന്മാര്‍ മാത്രമല്ല വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയും ശുദ്ധീകരണത്തിനു വിധേയമാക്കിയിരുന്നു (പുറ-19:10-14, ലേവ്യ-8:6, മര്‍-7:3,4, എബ്രാ-9:10) ഇവിടെയെല്ലാം 'ബപ്റ്റിസോ' എന്ന ക്രിയാധാതു ഉപയോഗിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ ആഗമനം അറിയിച്ചുകൊണ്ടു ക്രിസ്തുവിനു പാതയൊരുക്കാനായി അനുതാപപ്രസംഗം നടത്തിയ യോഹന്നാനാല്‍ നടത്തപ്പെട്ട സ്‌നാനം യഹൂദ്യമായിരുന്നു. മാനസാന്തരപ്പെട്ട് ഒരു ധാര്‍മ്മികജീവിതം നയിക്കുവാന്‍ തീരുമാനിച്ചവര്‍ അന്നു യോഹന്നാനാല്‍ സ്‌നാനമേറ്റു. എന്നാല്‍ ക്രിസ്തു സ്‌നാനമേറ്റതു പാപപരിഹാരത്തിനായിരുന്നില്ല, പ്രത്യുത താന്‍ പൂര്‍ണ്ണമനുഷ്യനാണെന്നു വെളിപ്പെടുത്താനായിരുന്നു. അതുകൊണ്ടാണ് ''ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം'' (മത്താ-3:15) എന്നു ക്രിസ്തു പറഞ്ഞത്. അനുഷ്ഠാനപരമായ നീതിയാണ് ഇവിടെ വിവക്ഷിതം. മശിഹായുടെ ദൗത്യത്തിലേയ്ക്കു പരസ്യമായി പ്രവേശിക്കുന്നതിന്റെ അടയാളമായിട്ടാണു ക്രിസ്തു സ്‌നാനം സ്വീകരിച്ചത്. 

1.  പെട്ടകത്തില്‍ അല്പജനം : സ്‌നാനത്തിന്റെ അടയാളം (ഉല്പ-7:11-24)

നോഹയുടെ കാലത്തുള്ള ജലപ്രളയത്തില്‍ പെട്ടകത്തിലൂടെ 'അല്പജനം' രക്ഷപ്പെട്ടതു സ്‌നാനത്തിന്റെ ഒരു അടയാളമായിട്ടാണു പത്രൊസ് രേഖപ്പെടുത്തുന്നത് (1പത്രൊ-3:19-21). ആ പെട്ടകത്തില്‍ അല്പജനം എന്നുവച്ചാല്‍ എട്ടു പേര്‍ വെള്ളത്തില്‍ കൂടെ രക്ഷ പ്രാപിച്ചു. അതു സ്‌നാനത്തിനു ഒരു മുന്‍കുറി എന്നു അദ്ദേഹം പറയുന്നു. സ്‌നാനം ജഡത്തിന്റെ അഴുക്കു കളയുന്ന സാധാരണ കുളിയല്ല. ദൈവത്തോടുള്ള നല്ല മനഃസാക്ഷിക്കുള്ള അപേക്ഷയായിട്ടാണു യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ നമ്മെ രക്ഷിക്കുന്നത്. അതുപോലെ യിസ്രായേല്‍ജനം ചെങ്കടലിലൂടെ കടന്നു മോശെയോടു ചേര്‍ന്നതു സമുദ്രത്തിലുള്ള സ്‌നാനം എന്നു വി.പൗലൊസും ചിന്തിക്കുന്നു (പുറ-14:15-31, 1കൊരി-10:1,2). ജലപ്രളയം ഭൂമിയെ ശുദ്ധീകരിക്കാന്‍ വേണ്ടിയായിരുന്നു. ചെങ്കടലിലൂടെയുള്ള പ്രയാണം യിസ്രായേലിനു ഫറവോനില്‍നിന്നും ശാശ്വതമായ വിമോചനവും നല്‍കി. ഇതുപോലെ സ്‌നാനവും ഒരു പുതിയ ബന്ധത്തിലേയ്ക്കും ക്രിസ്തുവിന്റെ ശരീരമായ സഭയിലേയ്ക്കും ഒരു വ്യക്തിയെ ചേര്‍ക്കുന്നതിന്റെ അടയാളമായിരിക്കുന്നു. 

2. ക്രിസ്തുവിനോടു കൂടെ മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുക (റോമ-6:9-14)

യേശുക്രിസ്തുവിനോടു ചേരുവാനാണു നാം സ്‌നാനം ഏല്‍ക്കുന്നത്. അതായതു തന്റെ മരണത്തില്‍ പങ്കാളികളാകുന്നു. മാത്രമല്ല സ്‌നാനത്താല്‍ ക്രിസ്തുവിനോടുകൂടെ കുഴിച്ചിടപ്പെടുകയും തന്നോടു ജീവിച്ചെഴുന്നേറ്റു പിതാവിന്റെ മഹിമയാല്‍ ക്രിസ്തുവിന്റെ പുതുക്കത്തില്‍ നടക്കുകയും ചെയ്യണം. സ്‌നാനത്തെക്കുറിച്ചു അപ്പൊസ്തലന്മാര്‍ പറയുന്നതു ഇപ്രകാരമാണ് : ക്രിസ്തുവിനോടു ചേരുന്നു (ഗലാ-3:27), സഭയോടു ചേരുന്നു - ക്രൈസ്തവസമൂഹത്തോടു ചേരുന്നു (അ.പ്ര-2:41, 1കൊരി-12:12,13), ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളില്‍ പങ്കാളികളാകുന്നു (റോ-6:3-5, കൊലൊ-2:12), പരിശുദ്ധാത്മാവ് എന്ന ദാനം പ്രാപിക്കുന്നു (അ.പ്ര-2:38), ദൈവത്തോടു നല്ല മനസ്സാക്ഷിക്കായിട്ടുള്ള അപേക്ഷ അര്‍പ്പിക്കുന്നു (1പത്രൊ-3:21, തീത്തോ-3:6,7).

3.  സ്വയം ത്യജിക്കുവാന്‍ ആഹ്വാനം (യോഹ-12:20-26)

ഗോതമ്പുമണിയായി നിലത്തു വീണു ചാകാനും അങ്ങനെ വളരെ ഫലം കൊടുക്കാനും ക്രിസ്തു ആഹ്വാനം ചെയ്യുന്നു. ഇഹലോകത്തില്‍ തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതിനെ കളയുന്നു, ജീവനെ പകക്കുന്നവന്‍ അതിനെ നിത്യജീവന്നായി സൂക്ഷിക്കും (യോഹ-12:25) എന്നാണ് ഈ പശ്ചാത്തലത്തില്‍ ക്രിസ്തു പഠിപ്പിച്ചത്. ക്രൂശ് എടുത്തുകൊണ്ടു തന്നെ അനുഗമിക്കാനും ഒരു ക്ഷണം ഇവിടെ ഉണ്ട്. സ്‌നാനത്തിലൂടെ ക്രിസ്തുവിന്റെ പാതയെ അനുഗമിക്കുവാനാണു നാം തീരുമാനിക്കേണ്ടത്.

 

Menu