Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു

Monday, 14 September 2015 04:24
Rate this item
(0 votes)

സെപ്റ്റംബര്‍ 20

അന്തര്‍ദേശീയ സമാധാനദിനം

എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു

My Peace I Give to You

സെഖ. 8:12-19                 സങ്കീ. 119:161-176

റോമ. 5:1-5                      യോഹ. 16:16-33

ധ്യാനവചനം: നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു (യോഹ-16:33).

സമാധാനപ്രഭുവായ ക്രിസ്തു നല്‍കുന്ന വാഗ്ദത്തം അവിടുത്തെ സമാധാനം തന്നെയാണ്. പഴയനിയമത്തില്‍ സമാധാനം എന്നര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന എബ്രായ പദം ശാലോം ആണ്. ഈ പദത്തിനു സ്വാസ്ഥ്യം, പൂര്‍ണ്ണത, ക്ഷേമം തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. മറ്റൊരാളിന്റെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും (ഉല്പ-43:27, പുറ-4:18, ന്യായാ-19:20) മറ്റൊരാളുമായി രഞ്ജനത്തിലാണെന്നതു സൂചിപ്പിക്കുമ്പോഴും ശാലോം ഉപയോഗിക്കുന്നു (1രാജാ-5:12). അതുപോലെ ശാരീരികമായി സുരക്ഷയ്ക്കും സമാധാനം എന്നു പറയുന്നുണ്ട് (സങ്കീ-4:8). സമാധാനം ദൈവത്തിന്റെ ദാനമാണ്, ആത്മാവിന്റെ ഫലമാണ് (ഗലാ-5:22). മശിഹായുടെ വാഴ്ച സമാധാനത്തിന്റെ കാലമാണ് (യെശ-2:2,4; 11:1-9, ഹഗ്ഗാ-2:7-9). പ്രതികൂലസാഹചര്യങ്ങളിലും പതറാതെ നില്‍ക്കുന്ന സന്തോഷമായ മാനസിക അവസ്ഥയാണു സമാധാനം. തമ്മില്‍ സമാധാനമായിരിപ്പിന്‍ (1തെസ്സ-5:13), കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകലമനുഷ്യരോടും സമാധാനമായിരിക്കുവിന്‍ (റോ-12:18). സമാധാനത്തോടിരിപ്പിന്‍ എന്നാല്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും (2കൊരി-13:11). സമാധാനത്തില്‍ ജീവിക്കാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു (1കൊരി-7:15). അന്യോന്യം സമാധാനമുള്ളവരായിരിപ്പിന്‍ (മര്‍-9:50) എന്നൊക്കെ പുതിയനിയമം നമ്മെ പഠിപ്പിക്കുന്നു. യുദ്ധവും ഭിന്നതയും അടിമത്തവും വര്‍ഗ്ഗീയകലാപങ്ങളും രാഷ്ട്രീയവിപ്ലവങ്ങളും നടക്കുന്ന ഒരു കാലഘട്ടത്തിലാണു പാലസ്തീന്‍ ജനതയോടു ക്രിസ്തു ഇപ്രകാരം പറഞ്ഞത്: ''സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവമക്കള്‍ എന്നു വിളിക്കപ്പെടും'' (മത്താ-9:5). സമാധാനസന്ദേശത്തിലൂടെ എങ്ങനെ സംഘര്‍ഷനിവാരണം നടത്താന്‍ കഴിയുമെന്നാണ് ഈ സന്ദേശത്തിലൂടെ ചിന്തിക്കേണ്ടത്. 

1. സമാധാനപ്രഭുവായ ദൈവം പഴയനിയമത്തില്‍ (സെഖ-8:12-19)

യിസ്രായേല്‍ ഗൃഹത്തോടു സമാധാനനിയമം ചെയ്യുന്ന ദൈവകല്പനകളാണ് സെഖ-8:12-19 കാണുന്നത്. മശിഹാ സമാധാനപ്രഭുവാണ് (യെശ-9:6). സമാധാനം ഘോഷിക്കുന്നവനും പ്രസിദ്ധമാക്കുന്നവനും മശിഹയാണ് (യെശ-52:7). അവിടുന്നു പൂര്‍ണ്ണസമാധാനത്തില്‍ കാക്കും (യെശ-26:3). പഴയനിയമത്തില്‍ ദൈവത്തെ സമാധാനം നിയമിക്കുന്നവനായും അതു നിവര്‍ത്തിക്കുന്നവനായും കാണുന്നു (യെശ-26:12). സമാധാനനിവാസത്തില്‍ പാര്‍പ്പിക്കുന്നതും അവസാനം വരാത്ത സമാധാനം തരുന്നവനും കര്‍ത്താവത്രെ (യെശ-32:18, 9:7). യെരുശലേമിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പഴയനിയമം ആഹ്വാനം തരുന്നു (സങ്കീ-122:6, 120:6,7). ദൈവം മനുഷ്യനോടു ഒരു സമാധാന നിയമം ചെയ്യുമെന്നു പ്രവാചകന്മാരിലൂടെ സംസാരിച്ചിരിക്കുന്നു (യെഹ-37:26). ഈ സമാധാന നിയമം മാറാത്തതായി നിലനില്‍ക്കുമെന്നു യെശയ്യാവും പറയുന്നു (യെശ-54:10). ദൈവത്തില്‍ ആശ്രയം വയ്ക്കുന്നവനു പൂര്‍ണ്ണസമാധാനമുണ്ടെന്ന തിരുവചനം ഇവിടെ സ്മരിക്കേണ്ടതാണ് (യെശ-26:3). ദൈവത്തിന്റെ ന്യായപ്രമാണത്തോടു പ്രിയമുള്ളവര്‍ക്കാണു മഹാസമാധാനമുള്ളതെന്നും അവര്‍ക്കു വീഴ്ചക്കു സംഗതിയേതുമില്ലെന്നും തിരുവചനം പറയുന്നു (സങ്കീ-119:165). അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടാന്‍ സെഖര്യാവ് ആഹ്വാനം നല്‍കുന്നു (സെഖ-8:19).

2.  യേശു സമാധാനപ്രഭു (യോഹ-16:16-33, റോമ-5:1-5)

എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു എന്നാണു ക്രിസ്തു നല്‍കിയ വാഗ്ദത്തം (യോഹ-14:27). യേശുക്രിസ്തുവായ സമാധാനപ്രഭു തന്നെയാണു നമുക്കു മാതൃകയാകേണ്ടത് (യെശ-9:6, മീഖാ-4:1-8). യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട് എന്നു പൗലൊസ് ആവര്‍ത്തിച്ചു പറയുന്നു (റോ-5:1, എഫെ-2:14-17). യേശുക്രിസ്തു തരുന്ന സമാധാനം ലോകം തരുന്ന സമാധാനം പോലെയല്ല. അതു നിത്യമാണ്. സകലബുദ്ധിയേയും കവിയുന്നതാണ്(യോഹ-14:27, ഫിലി-4:6, മത്താ-10:13). ഇതിനൊരു ഉത്തമ ഉദാഹരണം ക്രിസ്തു തന്നെയാണ്. തിരമാലയും കൊടുങ്കാറ്റും അടിക്കുമ്പോഴും പടകില്‍ സുഖമായി ഉറങ്ങുന്ന സമാധാനം! അതിദാരുണമായി വേദനപ്പെടുമ്പോള്‍ ക്രൂശില്‍ അനുഭവിക്കുന്ന സമാധാനം. ഇതാണ് തുടര്‍ന്നുവന്ന സ്‌തെഫാനൊസിനെപ്പോലെയുള്ള രക്തസാക്ഷികള്‍ക്കും അനുഭവിക്കാന്‍ ഇടയായത്. സമീപത്തും അകന്നും ഇരുന്നവരെ ഒന്നാക്കിത്തീര്‍ക്കുകയും ആ ഒന്നായ മനുഷ്യസമൂഹത്തെ ദൈവത്തോടു നിരപ്പിക്കുകയും ചെയ്ത ക്രിസ്തുവിന്റെ സമാധാനത്തിന്റെ പ്രവൃത്തിയാണ് അനുരഞ്ജനത്തിന് ഏറ്റവും വലിയ ഉദാഹരണം (എഫെ-2:14-18, കൊലൊ-1:20). ഇതുപോലെ പലകാരണങ്ങളാല്‍ അകന്നിരിക്കുന്നവര്‍ ക്രിസ്തുവിലൂടെ ഒന്നായിത്തീര്‍ന്നു ദൈവത്തോടുള്ള സമാധാനം അനുഭവിക്കാന്‍ ഇടയാകണം. യേശുക്രിസ്തുവിന്റെ ക്രൂശാണ് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ഏറ്റവും വലിയ മാതൃക. 

3. വചനം നല്‍കുന്ന സമാധാനം (സങ്കീ-119:161-170)

ദൈവത്തിന്റെ ന്യായപ്രമാണത്തോടു പ്രിയമുള്ളവര്‍ക്കു മഹാസമാധാനം ഉണ്ട് (സങ്കീ-119:165). ദൈവത്തിന്റെ വചനം നല്‍കുന്ന പ്രത്യാശയും സമാധാനവും വലുതാണ്. ആശീര്‍വാദം നല്കുന്നതു സമാധാനം ആശംസിക്കുകയാണ് 'സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ' (1തെസ്സ-5:23). പാപിയായ മനുഷ്യനു ദൈവത്തോടു നിരപ്പു പ്രാപിക്കേണ്ടതിനു പാപത്തിന്റെ ശത്രുത മാറ്റേണ്ടതാണ്. ക്രിസ്തുവിന്റെ യാഗത്താലാണ് ഈ ശത്രുത മാറി ദൈവത്തോടു സമാധാനം പ്രാപിക്കുന്നത് (റോമ-5:1, കൊലൊ-1:20). നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി (യെശ-53:5). ക്രിസ്തുവാണ് നമ്മുടെ സമാധാനം (എഫെ-2:14). ദൈവസമാധാനം സകലബുദ്ധിയെയും കവിയുന്നതാണ് (ഫിലി-4:7). അന്യോന്യം സമാധാനത്തില്‍ കഴിയുന്നതിനു വിശ്വാസികള്‍ ശ്രമിക്കേണ്ടതാണ് (റോമ-14:19, 1കൊരി-14:33).

 

Menu