ഒക്‌ടോബര്‍ 25
സഭ : നവീകരിക്കപ്പെട്ടതും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും
Church: Reformed and Reforming
ആവര്‍. 26:4-11 സങ്കീ. 109:21-31
അ.പ്ര. 2:43-47 മത്താ. 13:33-35
ധ്യാനവചനം: നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിന്നും തന്നിട്ടുള്ള എല്ലാ നന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം (ആവര്‍-26:11).
നവീകരിക്കപ്പെട്ടതും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സമൂഹമാണു ദൈവസഭ. തിരുവചനത്തിലൂടെയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെയും ദൈനംദിനം സഭ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എപ്പോഴൊക്കെ ആദ്ധ്യാത്മികതക്കു മൂല്യച്യുതി സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പ്രവാചകന്മാരിലൂടെയും രാജാക്കന്മാരിലൂടെയും പുരോഹിതന്മാരിലൂടെയും യിസ്രായേലിനെ നവീകരിച്ചുകൊണ്ടിരുന്നതായി രേഖകള്‍ ഉണ്ട്. ഹിസ്‌കിയാവും യോശീയാവും ഏലിയാവും ശമുവേലും ഇതിനുദാഹരണങ്ങളാണ്. സഭയെ നവീകരിക്കാനും ഉണര്‍ത്താനും ദൈവം പല മുഖാന്തിരങ്ങളെ ഉപയോഗിക്കുന്നു. 'ഉണരുക' എന്നുള്ളത് ആവര്‍ത്തിച്ചു പറയുന്ന ഒരു ഉപദേശവുമാണ്. നവീകരണത്തിനുള്ള ഒരു ഉപദേശമായി നമുക്കിതു ചിന്തിക്കാം. പാപത്തിനെതിരെ നീതിക്കു നിര്‍മ്മദരായി ഉണരണം (1കൊരി-15:34). സമയത്തെക്കുറിച്ച് ഉണരണം (റോ-13:11). പിശാചിനെതിരായി അവന്റെ പ്രവര്‍ത്തികള്‍ക്കെതിരായി ഉണരണം (1പത്രൊ-5:8). ചാവാറായ ശേഷിപ്പുകള്‍ക്കായി ഉണരണം (വെളി-3:2,3). ദുരുപദേശങ്ങള്‍ക്കെതിരെ ഉണരണം (അ.പ്ര-20:30,31). കര്‍ത്താവിന്റെ വരവിനുവേണ്ടി ഉണരണം (മത്താ-24:42, 25:13, 26:38, 26:42). ഇങ്ങനെ നവീകരിക്കപ്പെട്ട സഭ ഉണര്‍ത്തപ്പെട്ട സഭയായിരിക്കും.
1. നല്‍കുന്ന സന്തോഷം (ആവര്‍-26:1-11)
ആദ്യഫലം ദൈവത്തിനു കൊടുക്കാനായി നല്‍കുന്ന ഈ വേദഭാഗത്തില്‍ അതിന്റെ ഉപസംഹാരം പ്രാധാന്യമര്‍ഹിക്കുന്നു: നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും നല്‍കിയിട്ടുള്ള എല്ലാ നന്മയിലും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കണം (ആവര്‍-26:11). ദൈവത്തിനു നല്‍കുമ്പോള്‍ ഉണ്ടാകുന്ന ഒരു ആത്മസംതൃപ്തിയാണ് ഇവിടെ ദൃശ്യമാകുന്നത്. നവീകരിക്കപ്പെട്ട സഭ നല്‍കുന്ന സഭയായിരിക്കും. നല്‍കുന്നതില്‍ സന്തോഷിക്കുന്ന സഭയായിരിക്കും. കാരണം വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്നാണു ക്രിസ്തു പഠിപ്പിച്ചത് (അ.പ്ര-20:35).
2. കരുതലും പങ്കുവയ്ക്കലും (അ.പ്ര-2:243-47)
പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ആദ്യനൂറ്റാണ്ടിലെ സഭ പരസ്പരം കരുതുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന അംഗങ്ങളുടെ കൂട്ടമായിരുന്നു. അവര്‍ ഒരുമിച്ചിരുന്നു സകലവും പൊതുവക എന്നു എണ്ണി. ജന്മഭൂമികളും വസ്തുക്കളും വിറ്റു. ഓരോരുത്തര്‍ക്കും ആവശ്യമുള്ളതുപോലെ എല്ലാവര്‍ക്കും പങ്കിട്ടു. ഹൃദയപരമാര്‍ത്ഥതയോടെ ദൈവാലയത്തില്‍ കൂടിവന്നു ഭക്ഷണം കഴിച്ചു കൂട്ടായ്മ ആചരിച്ചു. നവീകരിക്കപ്പെട്ട സഭ കരുതുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന സഭയായിരിക്കും.
3. പുളിച്ചമാവിന്റെ ഉപമ (മത്താ-13:33-35)
മത്തായി 13-ല്‍ യേശു ദൈവരാജ്യത്തെക്കുറിച്ചു എട്ടു ഉപമകള്‍ പറയുന്നു. ഒരു സ്ത്രീ മൂന്നു പറ മാവില്‍ കുറച്ചു പുളിച്ചമാവു എടുത്തു വച്ചു. പുളിച്ച മാവ് എല്ലാം പുളിച്ചു തീര്‍ന്നു. സ്വയം പുളിക്കുകയും എല്ലാറ്റിനെയും പുളിപ്പിക്കുകയും ചെയ്യുന്ന അനുഭവമാണ് ഇവിടെ പ്രകടമാകുന്നത്. ഒരു വ്യക്തിയിലുള്ള നവീകരണാനുഭവം മറ്റുള്ളവരിലേക്കും പകരപ്പെടുന്നു. അങ്ങനെ സഭ മുഴുവനുമായി നവീകരിക്കപ്പെടുന്നു. നവീകരണാനുഭവമുള്ളവര്‍ ഭൂമിയുടെ ഉപ്പായും ലോകത്തിന്റെ വെളിച്ചമായും പുളിമാവായും സമൂഹത്തെ മുഴുവനും സ്വാധീനിക്കുന്നു.